കോവിഡാനന്തരം..
ഒന്നിച്ച് കൂടിയ നാളു മുതൽ യാത്രകൾ ജീവിതത്തിൻ്റെ ഭാഗമാണ് ഞങൾ രണ്ടാൾക്കും ... കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം കയ്യിൽ ഇരുന്നത് എല്ലാം കൂടി നുള്ളി പെറുക്കി വാങ്ങിയ ഒരു സെക്കൻ്റ് ഹാൻഡ് മാരുതി യിലാണ് പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഈ
പ്രയാണം തുടങ്ങിയത്. രണ്ട് പേരായി തുടങ്ങിയ യാത്രകൾ ഇന്ന് മുംബൈയും ഖത്തറും കടന്നു, പല തരം വാഹനങ്ങൾ എന്നത് കടന്നു ദുബൈ എന്ന മഹാ നഗരത്തിൽ എത്തിനിൽക്കുന്നു.
വളരെയധികം പ്രതീക്ഷകളോടെ യാണ് 2020- അടിപൊളി എന്നും പറഞ്ഞു ഈ വർഷം തുടങ്ങിയത്.
മാർച്ച് മാസം ആറാം തീയതി വീട്ടിൽ വന്നു കയറിയതിനു ശേഷം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അല്ലാതെ പുറത്തേക്ക് മക്കളുമായി ദൂര യാത്രക്ക് കറങ്ങാൻ ഇറങ്ങിയത് ഓഗസ്റ്റ് ലാണോ സെപ്റ്റംബറിൽ ആണോ എന്നോർമ യില്ല.. വീടിനുള്ളിൽ അടഞ്ഞു കിടന്ന ദിവസങ്ങളിൽ പത്താം നിലയിൽ നിന്ന് ഒഴിഞ്ഞു കിടക്കുന്ന ഷാർജ ദുബായ് മെയ്ൻ റോഡ് നോക്കി നിൽക്കുമ്പോൾ സത്യത്തിൽ ഒരു ഗദ്ഗദം വന്നു തൊണ്ടയിൽ കുരുങ്ങുന്ന പോലെ thonniyirinnu ആറു മണി മുതൽ രാത്രി പന്ത്രണ്ട് മണി വരെ പൂഴി നുള്ളി ഇട്ടാൽ താഴെ വീഴില്ല എന്ന തരത്തിൽ നെഞ്ചും വിരിച്ചു കിടന്ന റോഡാണ്. ഇപ്പൊ ആളൊഴിഞ്ഞ ഉത്സവ പറമ്പ് പോലെ കിടക്കുന്നത്...
"കുറച്ച് ദൂരത്തുള്ള ഖോർഫുക്കാൻ കടൽ തീരത്ത് പോകാം ,ഇത്ര ദൂരത്തിൽ ആയ കൊണ്ട് ആളുകൾ കുറവായിരിക്കും." ഞങൾ പറഞ്ഞു. വണ്ടിയിൽ നിറയെ സാനിട്ടൈസർ കുപ്പികൾ പലതരം (ഒഴിച്ചെടുക്കൻ ഉള്ളത്, സ്പ്രേ ചെയ്യാനുള്ളത്) അങ്ങനെ പലതരം സ്റ്റോക്ക് ചെയ്തു. എവിടെ ഇറങ്ങിയാലും അതിൽ കുളിച്ചെ വണ്ടിയിൽ തിരിച്ചു കയറ്റുക ഉള്ളൂ . അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുന്ന യാത്ര ആണെന്ന് എനിക്ക്
തോന്നി. മാസ്ക് ഇടാതെ ഇരുന്നാൽ റോഡിലെ ക്യാമറ വഴി ഫൈൻ വീട്ടിൽ എത്തും. ഒരു വണ്ടിയിൽ ഒരേ കുടുംബത്തിലെ അല്ലാത്ത മൂന്നിൽ കൂടുതൽ ആളുകൾ സഞ്ചരിച്ചാൽ അതിനും ഉണ്ട് സമ്മാനം, ഫൈൻ.. ഈ വാർത്ത എവിടെ നിന്നോ വായിച്ച ചെറിയ മകൾ പോലീസ് വാഹനം കണ്ടാൽ ഉടനെ കസേരയുടെ അടിയിൽ പുറകിൽ ഒളിക്കും.. "എടീ, നമ്മളൊക്കെ ഒരേ കുടുംബം ആണ്.. " മൂത്തവൾ അറിവ് പ്രകാശിപ്പിക്കും. ആര് കേൾക്കാൻ? സത്യത്തിൽ ചെറുത് ഇപ്പോഴും പോലീസിനെ കണ്ടാൽ ഒന്ന് ഒളിക്കാൻ തയ്യാറാവുന്ന പോലെ തോന്നും.
ഏകദേശം ഒന്നര മണിക്കൂർ ഡ്രൈവ് . വഴിയിൽ ഒക്കെ വണ്ടികൾ കുറവ് തന്നെ. ഞങ്ങൾക്ക് സന്തോഷം.
"വിചാരിച്ച പോലെ തന്നെ . അവിടെങ്ങും ആരും കാണില്ല. അല്ലെങ്കിലും ദുബൈക്കാർക്ക് പോകാൻ എത്രയോ നല്ല സ്ഥലങ്ങൾ കിടക്കുന്നു .. ഇത്രയും ദൂരം ഒന്നും ആരും വരില്ല. എന്തായാലും ശുദ്ധ വായു ശ്വസിക്കാൻ സാധിക്കും. ഇത്ര നാൾ വീട്ടിൽ അടച്ചിരുന്നതാ.. ആരും ഇല്ലെങ്കിൽ മാസ്ക് ഒക്കെ ഒന്ന് ഊരി വച്ച് കുറച്ച് നേരം കാറ്റും കൊണ്ട് ഇരിക്കണം ". ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഒരിടത്തും ഇറങ്ങാതിരിക്കാൻ ഉച്ച ഭക്ഷണം ഒക്കെ കെട്ടി പൊതിഞ്ഞു കൊണ്ടാണ് പോക്ക്.. പക്ഷേ പോകുന്ന വഴിയിൽ കാണാം, ചെറിയ ചെറിയ കഫ്തേരിയകൾ ഒക്കെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സന്തോഷം തോന്നി. മനുഷ്യൻ ഏത് വിപത്തിനെയും അതിജീവിക്കും എന്നതിൻ്റെ തെളിവായി അവയൊക്കെ മാസ്‌ക്ക് അണിഞ്ഞു കാത്തിരിക്കുന്ന പോലെ തോന്നും. ആകെ മൊത്തം ഒരു പോസിറ്റിവ് എനർജി ഒക്കെ തോന്നിത്തുടങ്ങി.
ബീച്ചിന് അടുത്ത് എത്തും തോറും ഞങ്ങളുടെ എനർജി ഒന്ന് കുറഞ്ഞു തുടങ്ങി. കടൽ തീരത്തേക്ക് നീളുന്ന റോഡനിരുവശവും മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ഞങ്ങളുടെ വണ്ടി പതിയെ മുന്നിലേക്ക് നീങ്ങുന്നു. ഒരു പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം എങ്ങനെയെങ്ങിലും ഒരു പാർക്കിംഗ് ഒപ്പിച്ചു. കടൽ തീരത്തേക്ക് ഒന്ന് നോക്കിയപ്പോൾ തന്നെ സന്തോഷമായി. ദുബൈ മാത്രമല്ല, നാട്ടിൽ നിന്ന് പോലും ആളുകൾ ഫ്ലൈറ്റ് പിടിച്ച് വന്നോ എന്ന് തോന്നിപ്പിക്കുന്ന അത്രയും തിരക്ക്.. നമ്മുടെ നാട്ടിലെ മുദ്രാ വാക്യം പോലെ ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടിൽ ഇനിയും ഇനിയും ആളുകൾ വണ്ടികളിൽ വന്നു ഇറങ്ങിക്കൊണ്ടെ ഇരിക്കുന്നു. ഞാനും കെട്ടിയോനും പരസ്പരം നോക്കി.. കൊറോണ ഒക്കെ പോയോ? നമ്മൾ വായിച്ചത് ഇനി പഴയ പത്രം വല്ലതും ആയിരിക്കുമോ? അതോ നമ്മൾ ഇനി വല്ല ക്രിസ്റ്റഫർ നോളൻ പടത്തിലും കണ്ടത് ആവുമോ ഇങ്ങനെ ഒരു അസുഖം വന്നു എന്നത്? അപ്പോഴേ പറഞ്ഞതാ കണ്ട സയൻസ് ഫിക്ഷൻ പടം ഒന്നും കാണണ്ട എന്ന്. ചുരുക്കത്തിൽ അവിടെ നിന്ന് തിരിയാൻ സ്ഥലമില്ല.
കടൽ കരയിൽ നീളത്തിൽ ചെറിയ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒക്കെ ചുവന്ന നിറത്തിലെ നീളൻ റിബൺ കൊണ്ട് ഇരിക്കാൻ പാടില്ല എന്ന അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്ത് ബോട്ടിംഗ് ടിക്കറ്റ് കൗണ്ടർ..അവിടെ ആളുകൾ നീണ്ട നിരയായി നിൽക്കുന്നു. ദോഷം പറയരുത്, മാസ്ക് ഉണ്ട്. അത് മൂക്കും വായും ഒന്നിച്ച് മൂടിയിട്ടുള്ള ആളുകൾ ചുരുക്കം എന്ന് മാത്രം..സ്വാഭാവികം . മറു വശത്ത് പാരചൂട്ടിൽ കയറി വെള്ളത്തിൽ വന്നു വീഴുന്നവര്, പിന്നെ വെള്ളത്തിൽ സ്കൂട്ടർ ഓടിക്കുന്നവർ, ഒരു കാര്യവും ഇല്ലാതെ ഒരു മെലിഞ്ഞ ബനാന ബോട്ടിൽ കയറി പോകുന്നവര്. ഇവരെ കൊണ്ട് പോകുന്ന ബോട്ട് കാരൻ കുറെ നേരം കഴിഞ്ഞ് എല്ലാത്തിനെയും വെള്ളത്തിൽ തള്ളി ഇടും.. അതറിഞ്ഞു കൊണ്ടാണ് ഇവരെല്ലാം ഈ ചതിയിൽ വീഴാൻ പോകുന്നത്.. ഓ..വിഷയത്തിൽ നിന്നും മാറിപ്പോയി..
ഇനി ഇത്തരം പണ ചിലവുള്ള പരിപാടികൾ ഒന്നും താൽപര്യം ഇല്ലാത്ത കൂട്ടരോ? അവരൊക്കെ മര തണലുകളിലും മണൽ പരപ്പിലും ചെറു ചെറു കൂട്ടങ്ങൾ ആയി നിന്ന് കൊണ്ട് കൊച്ചു വർത്തമാനം പറയുന്നുണ്ട്.ഇരിക്കാൻ അവിടത്തെ സെക്യുരിറ്റി ചേട്ടന്മാർ സമ്മതിക്കണ്ടെ..
കഥാസാരം സംഗ്രഹിച്ചു എഴുതിയാൽ, ഞാൻ കൊതിച്ചു വന്ന ശുദ്ധ വായു വിൻ്റെ കാര്യം തീരുമാനം ആയി എന്നർത്ഥം.
ഇത് വരെ വണ്ടിയും ഓടിച്ച് വന്നിട്ട് ഒരു പടം പോലും എടുത്ത് പോസ്റ്റാൻ പറ്റിയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്ത് മലയാളി ആണ് ഹേ? അവിടെ ആണേൽ എങ്ങനെ പടം എടുത്താലും
സമുദ്ര ജലത്തെ ക്കാൾ ചുറ്റിനും ഉള്ള ജന സമുദ്രം കാണും . പക്ഷേ നമ്മൾ വിടുമോ? യൂട്യൂബർ ആയ ചെറുതും ഇൻസ്റ്റഗ്രാമർ ആയ വലുതും സെൽഫി എക്സ്പർട് എന്ന് നാട്ടുകാർ വിളിക്കുന്ന ഫർത്താവും കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം ?
കുറെ നേരം അവലോകനം ചെയ്തപ്പോൾ ഒരു ചെറിയ മൂല ഞങ്ങളും കണ്ടു പിടിച്ചു. നേരെ പോയി തിരിഞ്ഞും മറിഞ്ഞും വയർ ഉള്ളിലേക്ക് പിടിച്ചും , മാസ്ക് വച്ചും, മാസ്ക് മാറ്റിയും, ഒറ്റക്കും , കൂട്ടായും ഒക്കെ കുറെ പടങ്ങൾ ഞങ്ങളും സോഷ്യൽ മീഡിയ യില് എത്തിച്ചു. പിന്നെ ഒട്ടും വൈകാതെ ഓടി വണ്ടിയിൽ കയറി അതിൽ കരുതിയിരുന്ന ആഹാരവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു.
തിരിച്ചു വരുന്ന വഴി ഞാൻ മനസ്സിലോർത്തു. രണ്ട് മഹാ യുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂവും ഒക്കെ മനുഷ്യർ
അതിജീവിച്ചത് ഇങ്ങനെ ആവണം.. കഴിവതും മുൻ കരുതലുകൾ എടുത്ത് കൊണ്ട് മാനസിക ഉല്ലാസം ഉറപ്പ് വരുത്തുന്ന യാത്രകൾ മനുഷ്യർ എല്ലാക്കാലത്തും ചെയ്തിരുന്നു കാണും.. പ്രകൃതിയുമായി ഇടപെടാതെ കോൺക്രീറ്റ് ചുമരുകൾ നോക്കി ഇരുന്ന് ഇത് വരെ ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ.
ഇനി വരുന്ന വർഷത്തിൽ എങ്കിലും കൂട്ടുകാരും കുടുംബവുമായി ദൂര യാത്രകൾ സാധിക്കും എന്ന് മനസ്സ് കൊണ്ട് ആശിക്കാം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു ഇരുണ്ട തുരങ്കത്തിൽ ആണ്.. ദൂരെയായി തുരങ്കത്തിൻ്റെ അവസാനം കാണാം...മനസ്സ് പറഞ്ഞു . "ഇരുളിൻ്റെ അങ്ങേ അറ്റത്ത് വെളിച്ചമാണ് .. അതേ , നാം അതിലേക്കുള്ള യാത്രയിലാണ് .. പ്രതീക്ഷ കൈ വിടരുത്"...
No comments:
Post a Comment