Total Pageviews

Sunday, November 29, 2020

ഒരു ജോർജ്ജിയൻ വീരഗാഥ

  ഒരു ജോർജ്ജിയൻ വീരഗാഥ


****************************

കൂട്ടുകാരുടെ കൂടെ ഫാമിലി ട്രിപ്പ് പോകുന്നതും സ്കൂളിൽ സ്കൂൾ പിള്ളേരെ യും കൊണ്ട് പിക്നിക്  പോകുന്നതും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ടെന്നറിയാമോ? മിക്കവാറും നടക്കുന്ന ആദ്യത്തെ ചർച്ചയിൽ തന്നെ അടിയാവും. ഓരോരുത്തർക്കും ഓരോ തരം ആഗ്രഹങ്ങൾ ആവും.. പിള്ളേർ ഊട്ടി വേണോ കൊടൈക്കനാൽ വേണോ എന്ന് പറഞ്ഞു തർക്കിക്കുമ്പോൾ വലിയവർ യൂറോപ്പ് വേണോ ഏഷ്യൻ രാജ്യം വേണോ എന്നും മഞ്ഞ് കാണണോ വസന്തം കാണണോ എന്നും പറഞ്ഞു തർക്കിക്കും. എല്ലാം ഒരു വിധം പറഞ്ഞു കോംപ്ലിമെൻ്റ്സ് ആക്കിയാലോ, പുതിയ വിഷയം എന്തെങ്കിലും ഉടനേ വരും.

ഞങ്ങളും മറ്റ് മൂന്ന് പ്രവാസി കുടുംബ കൂട്ടുകാരും ചേർന്നാണ് ജോർജിയ എന്ന കുഞ്ഞു രാജ്യം കാണാൻ പോയത് ഇങ്ങനെ  പല നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ്.  ഒരു കൂട്ടർക്ക് മഞ്ഞ് കാണാൻ ആഗ്രഹം,  വേറൊരു കൂട്ടർക്ക് അത്ര കൂടിയ തണുപ്പ് വേണ്ട, ഇനിയൊരു കൂട്ടർക്ക് എല്ലാം കൂടി മൂന്ന് ദിവസമേ ലീവുള്ളു.. ആണുങ്ങൾക്ക് എല്ലാവർക്കും ചിലവാക്കേണ്ട ബജെറ്റിൽ മാത്രം ഒരുമ. ഞങ്ങൾ പെൺ പ്രജകൾ എവിടെ പോകാനും അര മണിക്കൂർ മുൻപേ തയ്യാർ. 

അപ്പോ ഇതെല്ലാം കൂടി കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി. 

അബുദാബിയുടെ കണ്ണിലുണ്ണി കളായ നസീം മാഷ്, ഷംന അവരുടെ മക്കൾ, ദുബായ് നഗരത്തിൻ്റെ ഓമനകൾ ആയ ഷിജു, വന്ദന അവരുടെ മകൾ, ഈ മഹാ നഗരത്തിലെ അറിയപ്പെടുന്ന റേഡിയോ സെലിബ്രിറ്റി ആയ ഷാബു, അനസൂയ അവരുടെ മക്കൾ, പിന്നെ എൻ്റെ സ്വന്തം കെട്ടിയോൻ ,മക്കൾ പിന്നെ ഞാൻ . ഇത്രയും പേരാണ് കഥാപാത്രങ്ങൾ. 

വളരെ ശാന്തമായ ഒരു ചെറിയ രാജ്യമാണ് ജോർജ്ജിയ. എനിക്ക് അവിടത്തെ ഏറ്റവും പ്രത്യേകത തോന്നിയ ഒരു പ്രതീകമാണ് ജോർജ്ജിയ യുടെ അമ്മ എന്നറിയപ്പെടുന്ന ഒരു വലിയ പ്രതിമ.ഒരു കയ്യിൽ വീഞ്ഞും മറ്റെ കയ്യിൽ വാളും പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീ രൂപമാണ് അത്. സുഹൃത്തുക്കളോട് സൗഹൃദവും ശത്രുക്കളോട് കാഠിന്യവും കാണിക്കുന്ന അവരുടെ സംസ്കാരം ആണത്രേ അത് പ്രതിനിധാനം ചെയ്യുന്നത്. ഈ രണ്ട് ഭാവങ്ങളും ഒരേ സമയം ഞങ്ങൾക്ക് അവിടെ കാണാൻ ഉള്ള സാഹചര്യം ഉണ്ടായി. 

പെട്ടെന്നുള്ള യാത്ര ആയ കാരണം അവിടെ ചെന്നിട്ടുള്ള യാത്ര ഏർപ്പാടുകൾ ഒന്നും ഇവിടെ,അതായത്, ദുബൈ യില് നിന്ന് ചെയ്തിരുന്നില്ല.അതൊക്കെ അവിടെ ചെന്ന് റെഡി ആക്കാം എന്ന് ഞങ്ങളുടെ നസീം മാഷ് ഉറപ്പ് തന്നു. മാഷിൻ്റെ പരിചയക്കാർ ആരൊക്കെയോ കഴിഞ്ഞ മാസം ജോർജിയ പോയി വന്നതാ.. പിന്നെന്ത് വേണം? പൊതുവേ എല്ലാ ഗ്രൂപ്പിലും ടൂർ മുഴുവൻ ആസൂത്രണം ചെയ്യുന്ന എൻ്റെ കെട്ടിയോൻ വിഷമത്തോടെ സമ്മതം മൂളി. 

ഒരുപാട് തരത്തിലെ കൂട്ടുകാർ ഒന്നിച്ച് കൂടി യാത്ര ചെയ്യുന്നതിൻ്റെ രസം ഒന്ന് വേറെ തന്നെ ആണ്. കുറെ കുട്ടികളെ ഒക്കെ ഒന്നിച്ച് കാണുമ്പോൾ ഞാൻ ഇടക്കിടെ സ്കൂൾ അന്തരീക്ഷത്തിൽ ആയി പോകും. ഇടക്കിടെ സ്ക്കൂളിലെ  ഓർമയിൽ പിള്ളേരുടെ അറ്റെൻഡൻസ് ഒക്കെ എടുക്കാൻ തുടങ്ങും. ലൈൻ ആയിട്ട് നടക്കൂ എന്നൊക്കെ  പറയാൻ തോന്നും . പിന്നെ ഓർമ വരും, അയ്യോ ഇതിനൊക്കെ ചോദിക്കാനും പറയാനും ആള് കൂടെയുണ്ടല്ലോ എന്ന്. പിന്നെ ചമ്മൽ മറച്ചു മിണ്ടാതെ നടക്കും

അങ്ങനെ ഞങ്ങളെല്ലാവരും ആഘോഷമായി "ബിലിസി" നഗരത്തിൽ ചെന്നിറങ്ങി. ആദ്യ ദിവസം യാത്രയുടെ ക്ഷീണം കാരണം അന്ന് കറക്കം ഒന്നും പ്ലാനില്ല.. പിന്നീടുള്ള രണ്ട് ദിവസത്തേക്ക് നഗരം മുഴുവൻ ചുറ്റി കാണിക്കാൻ ഉള്ള വണ്ടി നസീം മാഷിൻ്റെ കൂട്ടുകാരൻ വഴി ഏർപ്പാട് ചെയ്തു വച്ചിരിക്കുകയാണ് . പക്ഷേ രാത്രി വൈകി കഴിഞ്ഞാണ് ഒരു കാര്യം ഓർമ വന്നത്. വരേണ്ട ഡ്രൈവറുടെ നമ്പർ വേണമല്ലോ. അപ്പോ തന്നെ അബുദാബിയിൽ സുഖമായി കിടന്ന് ഉറങ്ങിയ ഏതോ പാവത്തിനെ വിളിച്ചുണർത്തി നമ്പർ എടുത്തു. 

അപ്പോഴേക്കും ബിലിസിയിൽ അർദ്ധ രാത്രി ആയിക്കഴിഞ്ഞു. ഡ്രൈവറെ എങ്ങനെ വിളിക്കും? രാവിലെ വിളിച്ചാൽ മതിയാകുമോ? അപ്പോഴേക്കും വൈകില്ലെ? ആകെ സംശയങ്ങൾ ..എന്തായാലും വിളിച്ചപ്പോൾ ഫോൺ റിംഗ് ആവുന്നുണ്ട്.. ആരും എടുത്തില്ല.

കൂട്ടത്തിലെ എല്ലാവർക്കും ഒരു ചെറിയ ആശങ്ക. പരിപാടി കുളമാകുമോ? ആകെ രണ്ട് ദിവസത്തെ പ്ലാനെ ഉള്ളൂ. വണ്ടി ഇല്ലാതെ എവിടെ സ്ഥലം കാണാൻ പോകാനാണ്? ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ മൊത്തം വണ്ടിക്കാരൻ ഏറ്റു എന്നും പറഞ്ഞു കേറി പോരുകയും ചെയ്തു. 

ഇത് വരെയുള്ള പ്ലാനിങ് നടത്താൻ കഴിയാത്ത വിഷമത്തിൽ അത് വരെ പൂച്ചയെ പോലെ ഒതുങ്ങി ഇരുന്ന എൻ്റെ പ്രിയമതൻ ഉടനെ ചാടി വീണു. "നിങ്ങള് ആരും വിഷമിക്കണ്ട, നാളെ ഈ ആള് എത്തിയില്ലേൽ നമുക്ക് ഇവിടെ നിന്ന് വണ്ടി ഏർപ്പാട് ചെയ്യാം ..എന്തായാലും നമ്മൾ ദിവസം വെറുതെ കളയില്ലാ". 

ഇത് കേട്ട് നസീം മാഷ് " ശേ.. ഒരു പ്രശ്നവും ഇല്ല. ഇതിപ്പോ ഡ്രൈവർ ഉറങ്ങുന്ന നേരമല്ലെ? അതാ ഫോൺ എടുക്കാത്തത്. അതിരാവിലെ അയാള് ഉണർന്നു സർവ അപരാധങ്ങളും പൊറുത്ത് തരേണമേ, എന്നും പറഞ്ഞു ഇവിടെ ഹോട്ടലിൻ്റെ മുറ്റത്ത് വന്നു നിൽക്കും .. ആരും പേടിക്കണ്ട .. ധൈര്യമായി കിടന്ന് ഉറങ്ങിക്കൊളൂ". എന്നും പറഞ്ഞു യോഗം പിരിച്ചു വിട്ടു. എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി . 

ഞാനൊക്കെ ഏറ്റവും അതിമനോഹരമായ പ്രഭാതങ്ങൾ കാണുന്നത് ഇങ്ങനെ ഉള്ള യാത്രകൾ പോകുമ്പോഴാണ്. ഉണർന്ന ഉടനെ ജനാല തുറന്നു പുറത്തേക്കു നോക്കും. പ്രഭാത സൂര്യൻ പൊൻ കിരണങ്ങൾ നീട്ടി എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്നു നോക്കുമ്പോഴും  അവിടത്തെ കിച്ചെനിൽ കോംബ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റ് തയ്യാറായി കാണുമോ എന്നാണ് ചിന്ത... രാവിലെ ഉണർന്ന് പല്ല് ഒക്കെ തേച്ചു മുടി ഒന്ന് ചീകി ഒതുക്കി ഉടുപ്പൊക്കെ നന്നായോ എന്ന് ഉറപ്പ് വരുത്തി , പുറത്തേക്ക്  കൈ വീശി നടക്കുന്ന സുഖം .... ഹൊ ..അതിനു  വേണ്ടി കാത്തിരുന്ന് പലപ്പോഴും ഉറക്കം പോലും വരാറില്ല.. പറ്റുമെങ്കിൽ ഹോട്ടലുകാർ  തരുന്ന വെളുത്ത, ഉള്ളി തൊലി പോലെ ഉള്ള സ്‌ലിപ്പർ തന്നെ ഇടണം.. അപ്പോഴേ നമ്മൾ ഹൈ ക്ലാസ്സ് ആണെന്ന് മറ്റുള്ളവർക്ക് തോന്നൂ.. എവിടെ പോയാലും ഈ ഒരു നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ അംബാനി അദാനി ഒക്കെ ആണെന്ന് തോന്നാറില്ലേ? ഉറക്ക പിച്ചിൽ എഴുന്നേറ്റ് വരുന്ന നമ്മളെ സ്വീകരിക്കാൻ രാജാ പാർട്ട് വേഷത്തിൽ ഭക്ഷണം വിളമ്പി നിരത്തി കാത്തു നിൽക്കുന്ന വെയിറ്റർസ് അഥവാ ഒരു നേരത്തേക്ക് നമ്മുടെ സേവകർ...  

ഭർത്താവിനേയും മക്കളെയും വേഗത്തിൽ ഉണർത്തി ഒരുക്കി ഞാൻ വേഗം റെസ്റ്റോറൻ്റ്ലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ബാക്കി എല്ലാ പെണ്ണുങ്ങളും കുടുംബത്തോടെ എനിക്ക് മുന്നേ തന്നെ അവിടെ എത്തിക്കഴിഞ്ഞു.. ഓഹോ..അപ്പോ എല്ലാർക്കും ഈ പ്രഭാത സൂര്യൻ സെൻ്റിമെൻ്റ്സ് ഉണ്ടല്ലേ? ഞങ്ങളും കൂട്ടത്തിൽ കൂടി .

 ഞങ്ങൾ  എല്ലാവരും ആ യൂറോപ്യൻ റെസ്റ്റോറൻ്റിൽ ശാന്തമായി ഇരുന്നു കോണ്ടിനെൻ്റൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സീൻ കാണുന്ന ഒരു വെള്ളക്കാരനും ഊഹിക്കാൻ പോലും പറ്റില്ല .സാധാരണ തമ്മിൽ കാണുമ്പോൾ ആർത്തു അട്ടഹസിച്ചു ചിരിച്ചു ബഹളം വച്ചു കഞ്ഞി, കപ്പ കഴിക്കുന്ന ടീംസ് ആണ് ഇക്കൂട്ടർ എന്ന്.

ഫ്രീ ബ്രേക്ഫാസ്റ്റ് കഴിഞ്ഞതോടെ എല്ലാവരും പുറത്തേക്ക് പോകാനുള്ള തയാറെടുപ്പ് തുടങ്ങി. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും തയ്യാറായി ലോബിയിൽ എത്തി. മാന്നാർ മത്തായിയിലെ ശകുന്തളയെ കാത്ത് നിൽക്കുന്ന നാടക സംഘത്തെ പോലെ മെയ്ക്കപ്പോക്കെ ചെയ്തു വന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് തുടങ്ങി. നമ്മുടെ ശകുന്തള ആയ വണ്ടിക്കാരൻ്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.

 "ഇപ്പോഴും ഫോൺ ഓഫ് തന്നെ ." എല്ലാവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഇന്നത്തെ ദിവസം പോയികിട്ടും.

പെട്ടെന്നു എൻ്റെ പ്രിയ ഭർത്താവ് ഉറക്കെ വിളിച്ചു പറഞ്ഞു, " അര മണിക്കൂറിനകം ബസ്സ് എത്തും." .

എല്ലാവരും ഉഷാറായി. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, നസീം മാഷ് ആവേശത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി വരുന്നു. " ആ ഡ്രൈവർക്ക് വരാൻ പറ്റില്ല. അയാള് വേറെ ഒരാളെ ഏർപ്പാട് ചെയ്തിരിക്കുന്നു. വേറൊരു വണ്ടി അര മണിക്കൂർ കഴിയുമ്പോൾ എത്തും."

എൻ്റെ ഭർത്താവ്, "അറിഞ്ഞു മാഷേ.. ഞാനും ഇപ്പൊൾ മാഷ് തന്ന നമ്പറിൽ വിളിച്ചു. വണ്ടി ഉടനെ അയക്കാം എന്ന് പറഞ്ഞു."

വിഷമിച്ചു കൂനിക്കൂടി ഇരുന്ന ഞങ്ങൾ സ്ത്രീകളും പിള്ളേരും പെട്ടെന്ന് ഫോമിലായി. പറഞ്ഞ പോലെ ഏകദേശം അര മണിക്കൂർ ഒക്കെ കഴിഞ്ഞപ്പോ അതാ വന്നു നിൽക്കുന്നു ഒരു അടിപൊളി ബസ്സ്... എല്ലാവരും അപ്പൊൾ തന്നെ കയറി സീറ്റ് ഒക്കെ പിടിച്ചു. അങ്ങനെ നമ്മുടെ യൂറോപ്യൻ പര്യടനം തുടങ്ങാൻ പോകുന്നു. ബസ്സിൽ കുട്ടികളുടെയും വലിയവരുടെയും ചിരിയും കളിയും നിറഞ്ഞു.

അപ്പോഴാണ് എല്ലാവരെയും നിശ്ശബ്ദരാക്കി കൊണ്ട് ഗൈഡ് വന്നു കയറിയത്. ഒരു അടിപൊളി ജോർജ്ജിയ സുന്ദരി പെൺ കൊച്ച്. അവളുടെ കൂടെ ഒരു യുവ സുന്ദരനും ഉണ്ട്. സുന്ദരി വന്ന ഉടനെ അവളുടെ പേരൊക്കെ പറഞ്ഞു പരിചയപ്പെട്ടു. 'സാഷ'എന്നോ മറ്റോ ആയിരുന്നു അവളുടെ പേര്. ബസ്സിൻ്റെ മുൻ സീറ്റിന് അടുത്ത് നിന്ന് മുറി ഇംഗ്ലീഷിൽ അന്ന് പോകാൻ പോകുന്ന ഇടങ്ങളെ പറ്റി ഒരു വിവരണം തുടങ്ങി . പൊടുന്നനെ ആ ബസ്സിനുള്ളിൽ രണ്ട് തരം ചെറു ഗ്രൂപ്പുകൾ രൂപം കൊണ്ടു. അത് വരെ ഫോണിൽ കുത്തി കൊണ്ടിരുന്ന പുരുഷ സിംഹങ്ങൾ എല്ലാം പുള്ളിക്കാരിയുടെ നിർദേശങ്ങൾ ജാഗരൂകരായി നിവർന്നിരുന് കേൾക്കുന്നു. അത് വരെ നല്ല ആവേശത്തിൽ ആയിരുന്ന സ്ത്രീ ജനങ്ങൾ ജനലിലൂടെ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്നു. പ്രത്യക്ഷത്തിൽ ബന്ധം ഒന്നും തോന്നില്ലെങ്കിലും ഇടക്കിടെ സ്വന്തം ഭർത്താക്കന്മാരെ ഒളികണ്ണിട്ടു നോക്കുന്ന കാരണം അന്തർ ധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ.

വണ്ടി പുറപ്പെടാൻ തയ്യാറാകുന്നു. അപ്പോഴാണ് നസീം മാഷിൻ്റെ ഫോണിലേക്ക് ഒരു കോൾ. ഒരാള് വിളിച്ചു പറയുന്നു.. നിങ്ങളുടെ ബസ്സിൻ്റെ ഡ്രൈവർ ആണ് ഞാൻ. ഹോട്ടലിൻ്റെ നടയിൽ എത്തുകയാണ് എന്ന്. മാഷിൻ്റെ ഞെട്ടൽ കണ്ടു നമ്മൾ എല്ലാവരും ഞെട്ടി. "എന്ത്?" . എല്ലാവരും കയറി സീറ്റ് ഒക്കെ ഉറപ്പിച്ചത് വേറെ ആർക്കോ വേണ്ടി വന്ന ബസ്സ് ആയിരുന്നോ? അതാണോ ശെരിക്കും ഉള്ള ബസ്സ് ? ഈ വിധ ചോദ്യങ്ങൾ ഞങൾ പരസ്പരം ചോദിച്ചു . അപ്പോഴേക്കും മറ്റൊരു ബസ്സ് അവിടേക്ക് വന്നു നിന്നു. അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി വന്നു . ഇവിടെ നിന്ന് ആണുങ്ങൾ എല്ലാം കൂടി പുറത്തേക്ക് ഇറങ്ങി.

 പിന്നെ ചൂടേറിയ ചർച്ചകൾ ആയിരുന്നു പുറത്ത്. ശെരിക്കും ഉള്ള വണ്ടി രണ്ടാമത് വന്നത് തന്നെയായിരുന്നു. രാവിലെ ഡ്രൈവറെ ഫോണിൽ കിട്ടാത്ത വിഷമത്തിൽ ആരോ ഹോട്ടൽ റിസപ്ഷൻ വഴി ഒപ്പിച്ച നമ്പറിലേക്കാണ് എൻ്റെ ഭർത്താവ് വിളിച്ചതും ബുക്ക് ചെയ്തതും. പക്ഷേ പുള്ളിക്കാരൻ്റെ വിചാരം വിളിക്കുന്നത് ഫോൺ എടുക്കാത്ത ആളെ ആണ് വിളിക്കുന്നത് എന്നായിരുന്നു..

കൂലങ്കഷമായ ചർച്ചകൾ ആയിരുന്നു പിന്നീട്. ഏത് വേണം? ഏത് വേണ്ട? പറഞ്ഞു പറഞ്ഞു അവസാനം വണ്ടിക്കാർ തമ്മിൽ ചെറിയ വാക്ക് തർക്കത്തിൽ എത്തുമോ എന്ന് പോലും ഞങ്ങൾക്ക് തോന്നി. അടിപിടി ആയാൽ നമ്മുടെ നായകന്മാരും പെടും. യൂറോപ്യൻ ഫൈറ്റ് ലൈവ് ആയി കാണെണ്ടി വരുമോ? അവിടെ ആവശ്യം വന്നാൽ "ശിവനെ" എന്ന് വിളിക്കാമോ അതോ "കർത്താവേ" എന്നാണോ വിളിക്കേണ്ടത്? എൻ്റെ മനസ്സിൽ ഇങ്ങനെ ഒക്കെ ചിന്തകൾ.

അവസാനം രണ്ടാമത് വന്ന വണ്ടിയെ എന്തൊക്കെയോ പറഞ്ഞു ഒതുക്കി വിടാൻ തീരുമാനം ആയി. ആ വണ്ടി വന്ന വഴിയേ തിരിച്ചു പോകുന്നത് കണ്ട് എല്ലാവർക്കും ആശ്വാസമായി. ഒരു പ്രശ്നം ഒഴിവായല്ലോ..

ട്വിസ്റ്റ് - രണ്ടാമത് വന്ന കുറെ കൂടി വലിയ ബസ്സിനെ ഒഴിവാക്കാൻ നമ്മുടെ ഹീറോസിനെ പ്രേരിപ്പിച്ച ശക്തി  ശെരിക്കും എന്തായിരിക്കും എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.

അപ്പോഴൊക്കെ തിരികെ ഓടി വന്നു  സാഷ നൽകുന്ന വിവരണം തുടർന്ന് കേൾക്കാൻ സീറ്റ് പിടിക്കാൻ മത്സരിക്കുന്ന ഞങ്ങടെ ബോയ്സ് നേ ഓർമ വരും.. 

ഇപ്പൊ വർഷങ്ങൾ കഴിഞ്ഞ് എനിക്ക് സാഷയെ പറ്റി ഓർക്കുമ്പോൾ ജോർജ്ജിയ യുടെ അമ്മയുടെ രൂപമാണ് ഓർമ വരിക. ഒരു കയ്യിൽ വീഞ്ഞും മറു കയ്യിൽ വാളും പിടിച്ചു നിൽക്കുന്ന സുന്ദരി.. ഒരു യുദ്ധം ഒഴിവാക്കിയ സുന്ദരി ...



ശ്രീജ പ്രവീൺ .

Thursday, November 19, 2020

എന്നേം സിനെമേൽ എടുത്തായിരുന്ന്..

എന്നേം സിനെമേൽ എടുത്തായിരുന്ന്..

ഞാനും അനിയനും പഠിച്ച ശാസ്തമംഗലത്തെ പ്രൈമറി സ്കൂളിലാണ് വേണു നാഗവള്ളി യുടെ മകൻ പഠിച്ചിരുന്നത്. ആറാം ക്ലാസ്സിലെ അവധിക്കാലം. അമ്മ അച്ഛനോട് പറയുന്നത് കേട്ടു. 

"സ്കൂളിലെ മാഡം പറഞ്ഞു, പിള്ളേരെ രണ്ടു പേരെയും ഈ ശനിയും ഞായറും അവര് കൊണ്ട് പോകുമെന്ന്.. വേണു നാഗവള്ളി യുടെ ഏതോ സിനിമയിൽ കുറെ പിള്ളേരെ വേണം.. അതിനു സ്കൂളിലെ കുറച്ച് പിള്ളേരെ ആണ് കൊണ്ട് പോകുന്നത്. "

ഞാൻ മനസ്സിൽ പറഞ്ഞു, "കൊള്ളാം.. സ്കൂൾ വാർഷികങൾക്ക് എത്രയോ നാളായി മാനായും മയിലായും രാധ യായും കൃഷ്ണനായും ശകുന്തളയായും ദുഷ്യന്തനായും ഒക്കെ അഭിനയം കാഴ്ചവച്ച ഞങ്ങളെ അല്ലാതെ പിന്നെ ആരെ കൊണ്ട് പോകാനാണ്?" 

അന്ന് മുതൽ  സിനിമാ നടിയുടെ സ്റ്റൈലിൽ ആണ് എൻ്റെ നടപ്പ്. അച്ഛൻ്റെയും അമമയുടേയും മുന്നിൽ സ്റ്റൈൽ കാണിച്ചാൽ പോക്ക് തന്നെ വേണ്ടെന്ന് വച്ച് കളയും..അത് കൊണ്ട് രഹസ്യമായിട്ടാണ് അഭിനയത്തിൻ്റെ പ്രാക്ടീസ്. പാട്ട് സീൻ ആണെന്ന് അമ്മയുടെയും മാഡത്തിൻ്റെയും സംസാരം കേട്ട് പിടിച്ചു. പടത്തിൻ്റെ പേര് "സർവകലാശാല". മോഹൻ ലാലിൻ്റെ പടം ആണത്രേ. ഞങൾ അഭിനേതാക്കളെ ഒക്കെ വിളിച്ചു സീൻ എല്ലാം വിവരിച്ചു തരേണ്ടത് അല്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു."സാരമില്ല, അടുത്ത പടം മുതൽ മുഴുവൻ കഥ കേൾക്കാതെ അഭിനയം പറ്റില്ല എന്ന് പറയണം" . മനസ്സിൽ ഉറപ്പിച്ചു. 

അനിയനോട് അഭിനയത്തിൻ്റെ ചില ഭാവങ്ങൾ ചർച്ച ചെയ്യാമെന്ന് വച്ച് അടുത്തേക്ക് ചെന്നാൽ ഉടനെ , " ഡീ വാ നമുക്ക് ഫുട്ബാൾ കളിക്കാം, ക്രിക്കറ്റ് കളിക്കാം" എന്നൊക്കെ പറഞ്ഞോണ്ട് വരും .. വെറുതെ പോയി തോറ്റ് തോറ്റ് മടുക്കും. വേണ്ട.. വീണ്ടും സ്വന്തം അഭിനയ കളരിയിൽ അഭ്യാസം തുടർന്നു.

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം അടുത്തെത്തി. പാട്ട് സീനിൽ അഭിനയിക്കാൻ പല നിറത്തിലുള്ള വാലും ചിറകും ഒക്കെയുള്ള കോസ്റ്റ്യും വീട്ടിലെത്തും എന്ന് ആഗ്രഹിച്ചിരുന്ന ഞാൻ അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടി. "എന്തെങ്കിലും നല്ല ഉടുപ്പ് ഇട്ട് വരണം എന്നാണ് പറഞ്ഞിരിക്കുന്നത്. നീ ആ പിങ്ക് നിറത്തിലുള്ള പാവാടയും ഉടുപ്പും ഇട്ടാൽ മതി". അയ്യേ, ദാരിദ്ര്യം !!!  ഈ പ്രിയദർശൻ്റെ ഒക്കെ മക്കൾ ഏത് സ്കൂളിൽ ആണാവോ പഠിക്കുന്നത്? , അതൊന്നു കണ്ടു പിടിക്കേണ്ടി വരും . 

പറഞ്ഞ ദിവസം കൃത്യമായി ഞങൾ എല്ലാവരും സ്കൂളിൻ്റെ വാനിൽ ഷൂട്ടിംഗിന് പുറപ്പെട്ടു. ഏകദേശം ഇരുപത് കുട്ടികൾ ഉണ്ടായിരുന്നു കാണും . കൂടാതെ മാഡം എന്ന് ഞങൾ വിളിക്കുന്ന ഹെഡ് മിസ്ട്രസും.അന്നൊക്കെ അച്ഛനമ്മാർക്ക് അധ്യാപകരെ എത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് ഇപ്പൊൾ ആലോചിക്കുമ്പോൾ അൽഭുതം തോന്നും. നമ്മളൊക്കെ എന്ത് പരിപാടിക്കും മക്കളുടെ പുറകെ കെട്ടും കെട്ടി നടക്കുന്ന പോലെ ആയിരുന്നില്ല അന്ന്. വാനിൽ മൊത്തം ടീച്ചറും കുട്ടികളും ആഘോഷമായി ആണ് പോക്ക്.

ആദ്യ ദിവസത്തെ ഷൂട്ടിംഗ് ബീച്ചിലാണ്. അവിടെ ഞങ്ങളെയും കാത്ത് സാക്ഷാൽ വേണു നാഗവള്ളിയും പുള്ളിയുടെ ടീമും കാത്തിരിക്കുന്ന കണ്ടു് ഞാൻ കോരിത്തരിച്ചു പോയി. സിനിമയുടെ മൊത്തം കഥ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ആ ഭാവങ്ങൾ എല്ലാം കൂടി വാരി വിതറാമായിരുന്നു. ചുറ്റു പാടും ഒന്ന് നിരീക്ഷിച്ചു. മോഹൻലാലിൻ്റെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടി അവിടെ ഉണ്ട്. പ്രൊഡ്യൂസറുടെ മകനായ ആ കുട്ടിയെ പിന്നീട് പല സിനിമയിലും കണ്ടിട്ടുണ്ട്.  വേറെ നടീ നടന്മാർ ഒന്നും ഇല്ലേ? വല്ല അനാഥാലയം സീൻ ആവുമോ ദൈവമേ? കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു അംബാസഡർ കാർ വന്നു നിന്നു. അതിൽ നിന്ന് നടി ജലജ പുറത്തിറങ്ങി . കന്യാസ്ത്രീ യുടെ വേഷത്തിലാണ് ആള്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.

ബാക്കി കുട്ടികൾ ഒക്കെ കളിയും ചിരിയും ബഹളവും ആണ്. ഞാൻ ആണേൽ എന്താവും സീൻ? എന്തിനാണ് ഇവിടെ കന്യാ സ്ത്രീ? ഇത്രയും പിള്ളേർ കൂട്ടമായി നിന്നാൽ നമ്മളെ എങ്ങനെ കാണും? ഇതൊക്കെ ആലോചിച്ചു സംവിധായകനെക്കാൾ ഗഹനമായ ചിന്തയിലാണ്. 

ആദ്യ ഷോട്ട് എടുക്കാൻ കുട്ടികളെ എല്ലാവരെയും വരി വരിയായി നിറുത്തി. "ഓല ക്കാലിൽ ലെഫ്റ്റ് , ശീല ക്കാലില് റൈറ്റ്" ചോട്ടാ മോഹൻ ലാൽ പാടി കൊണ്ട് സിമ്പിൾ ആയി അഭിനയം തുടങ്ങി. കുട്ടികളോട് പട്ടാളക്കാരെ പോലെ മാർച്ച് ചെയ്യാൻ പറഞ്ഞു. നടന്നു തുടങ്ങിയപ്പോ മനസിലായി ക്യാമറയുടെ മുന്നിൽ വെറുതെ നടക്കൽ പോലും ഇത്ര ബുദ്ധിമുട്ടാണെന്ന്. എല്ലാവരും ലെഫ്റ്റ് വക്കുമ്പോ ഞാൻ റൈറ്റ് അല്ലേ വച്ചത് എന്നൊരു സംശയം വരും. ഉടനെ താഴേക്ക് നോക്കും . അപ്പോഴേക്കും എല്ലാവരും ബാക്കി എല്ലാവരും റൈറ്റ് വക്കും . പിന്നെ കൺഫ്യൂഷൻ. എങ്ങനെ എങ്കിലും നടത്തം മൊത്തം ഒപ്പിച്ചു. 

കുറെ നേരത്തെ അധ്വാനം കഴിഞ്ഞപ്പോ കുട്ടികൾക്ക് എല്ലാവർക്കും ഓരോ ഐസ് ക്രീം ആരോ കൊണ്ട് തന്നു. ആ ഭാഗം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. കൊള്ളാലോ പരിപാടി. ഇനി ഒന്ന് കൂടെ നന്നായി ഭാവങ്ങൾ വരുത്തണം ..മനസ്സിൽ ഉറപ്പിച്ചു. 

കുറെ കഴിഞ്ഞപ്പോൾ  സംവിധായകൻ എഴുന്നേറ്റ് ടീച്ചറെ അടുത്തേക്ക് വിളിച്ച് നിർദേശങ്ങൾ കൊടുത്തു. ഒന്ന് രണ്ട് പിള്ളേരെ വിളിച്ചു ജലജയുടെ അടുത്തേക്ക് നിർത്തണം . അവരെ പ്രത്യേകം എടുക്കണം . മാഡം തിരിച്ചു വന്നു ഞങ്ങടെ സ്വന്തം സൂപ്പർ സ്ററായ രാജശ്രീ വാര്യർ എന്ന രാജശ്രീ ചേച്ചിയെ വിളിച്ചു . പിന്നെ വിളിച്ച ഒന്ന് രണ്ടു പേരുകളിൽ ഞാനും !!! അപ്പോ നിങ്ങൾക്ക് മനസിലായി കാണും എൻ്റെ അഭിനയ പാടവത്തിൽ പാവത്തിന് എന്നിൽ ഉള്ള വിശ്വാസം. ഞാൻ ഹാപ്പിയായി ചാടി എണീറ്റു കൂടെ പോയി നിന്നു.

ഒരു പാട്ട്  വലിയ റെക്കോർഡിൽ ഇട്ടു. ജലജ അതിനടുത്ത് നിന്ന് കേട്ടു പഠിക്കുന്നുണ്ട്. ഈ ഷൂട്ടിംഗ് സെറ്റ് അപ്പ് മൊത്തത്തിൽ  വിചാരിച്ച പോലെ അല്ല . എൻ്റെ മനസ്സിൽ പാട്ട് ആ ഏരിയാ മൊത്തം  ഉറക്കെ കേട്ടു കൊണ്ടിരിക്കും , നമ്മൾ ചുമ്മാ അഭിനയിച്ചാൽ മതി എന്നൊക്കെയായിരുന്നു. ഇതിപ്പോ പാട്ട് കേൾക്കണം എങ്കിൽ ആ പ്ലയറിന് അടുത്ത് ചെവിയും കൊണ്ട് പോകണം. അല്ലേൽ  ഒരുമൂളൽ മാത്രമേ നമ്മുക്ക് കേൾക്കാവൂ. 

ഏതോ അസിസ്റ്റൻ്റ് ക്യാമറ മേനോൻ ഞങൾ രണ്ടു മൂന്നു ഗേൾസ് നേ വെള്ളത്തിന് അടുത്തേക്ക് കൊണ്ട് ചെന്ന് നിറുത്തി. നോക്കുമ്പോൾ ജലജ ഇങ്ങോട്ട് നടന്നു വരുന്നു. ചെറുതായി ഒന്ന് വിയർത്തു തുടങ്ങി. അസിസ്റ്റൻ്റ് പറഞ്ഞു.

"നിങ്ങള് എല്ലാവരും കടലിലേക്ക് നോക്കി വലത്തേ കൈ ചൂണ്ടണം. എന്നിട്ട് തിരിഞ്ഞു സിസ്റ്റർ വേഷത്തിലെ ജലജയെ നോക്കി ചിരിക്കണം. " ഇത്രേ ഉള്ളൂ സംഭവം. 

രാജശ്രീ ചേച്ചിയും മറ്റുള്ളവരും അപ്പോ തന്നെ വലത്തേ കൈ നീട്ടുന്നു, തിരിയുന്നു, ചിരിക്കുന്നു , ആഹാ അടിപൊളി. എനിക്ക് പെട്ടന്ന് വലത് ഏതാ ഇടത്ത് ഏതാ എന്ന് ഒരു സംശയം? ചിരിക്കാൻ മറന്ന പോലെ... എങ്ങനെ ആണ് ഞാൻ സാധാരണ ചിരിക്കാറു? പല്ല് പുറത്ത് കാണുമോ? കാണണോ? അതോ വേണ്ടെ? തിരിഞ്ഞ ശേഷമാണോ ചിരിക്കേണ്ടത്? അതോ ചിരിച്ചിട്ട് ആണോ തിരിയേണ്ടത്? ആരോടും ചോദിക്കാൻ നേരമില്ല. പറഞ്ഞു തന്ന ആൾ ഓടി പോയിക്കഴിഞ്ഞു. ഇവിടെ മറ്റുള്ള കുട്ടികൾ ഒക്കെ ഭയങ്കര അഭിനയം. ശെരിക്കും അഴകിയ രാവണനിൽ ഇന്നസെൻ്റ് നിക്കുന്ന പോലെ ഞാൻ.. കുപ്പി ക്കണക്കിന് വെള്ളം കുടിച്ചില്ല എന്ന വ്യത്യാസം മാത്രം. കൈ എങ്ങോട്ടോ പോകുന്നു , ആരെയോ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ കാണിച്ചു കൂട്ടി. 

അന്ന് രാത്രി ഉറങ്ങാൻ നേരം ആറ്റുകാൽ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചു.. നാളെ ഇങ്ങനെ ഉള്ള ക്ലോസ് അപ്പുകൾ ഉണ്ടാവല്ലെ.. പിറ്റേന്ന് എന്തായാലും കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ല. എല്ലാം കൂട്ടത്തിലെ അഭിനയം മാത്രമേ വേണ്ടി വന്നുള്ളൂ..അതിൽ തന്നെ ഒരു സീനിൽ എല്ലാവരും നിരന്ന് ഇരുന്ന ഐസ്ക്രീം കഴിക്കുന്ന സീനിൽ ആണ് എന്നെ കാണിക്കുന്നത് . അത് പിന്നെ നമുക്ക് നല്ല അഭിനയ സാധ്യത ഉള്ള വേഷം ആയതിനാൽ ഞാൻ തകർത്തു. 

വളർന്ന ശേഷമാണ് മലയാള സിനിമയിലെ ഒരു ക്ലാസ്സിക് എന്ന് പറയാവുന്ന ഒരു പടത്തിലാണ് ഞങൾ മുഖം കാണിച്ചത് എന്ന് സത്യത്തിൽ മനസ്സിലായത്.

ക്ലൈമാക്സ്- ചുരുക്കത്തിൽ, ഞാൻ അഭിനയിക്കാത്ത സിനിമകൾ ആണ് ഞാൻ മലയാള സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്ന് നിങ്ങൾ മനസ്സിലാക്കണം .









Wednesday, November 18, 2020

മൈക്രോ പ്ലാസ്റ്റിക് എന്ന അദ്രശ്യ ശത്രു

 റോഡുകളിൽ തലങ്ങും വിലങ്ങുമായി ചീറി പാഞ്ഞു പോകുന്ന  വാഹനങ്ങളുടെ ടയർ നാം ഇടക്കിടെ മാറ്റി ഇടാറുണ്ടല്ലോ? നിരന്തരമായ ഘർഷണം മൂലം അവയ്ക്ക് തേയ്മാനം  സംഭവിക്കുന്നത്  കാരണമാണ് ഇത് വേണ്ടി വരുന്നത്. ടയറിൻ്റെ ഉരഞ്ഞു പോയ  ഭാഗങ്ങളിൽ ഉണ്ടായിരുന്ന കണികകൾ എവിടെ അപ്രത്യക്ഷമായി  എന്ന്  ചിന്തിച്ചു നോക്കിയിട്ടുണ്ടോ?അവ പ്ലാസ്റ്റിക് പൊടിയായി മൈക്രോ പ്ലാസ്റ്റിക് എന്ന രൂപം പ്രാപിച്ച് അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നു.

മനുഷ്യ ശ്വാസകോശ കലകളിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം 1990-കളിൽ ഇതിനകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. കാൻസർ രോഗികളുടെ ശ്വാസകോശ കലകളെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ, പ്ലാസ്റ്റിക് നാരുകൾ ശ്വാസകോശാർബുദത്തിന്റെ അപകടസാധ്യതക്ക് കാരണമാകുമെന്ന ആശങ്ക അന്ന് മുതലേ പ്രകടിപ്പിക്കുന്നുണ്ട്.

"മൈക്രോ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് നാരുകളെ കുറിച്ച് പ്രതിപാദിക്കുന്നതിന്  മുൻപ് നാം പ്ലാസ്റ്റിക് എന്താണ് എന്നറിയണം.നമ്മുടെ ജീവിതത്തിൽ പ്ലാസ്റ്റിക് കടന്നു വരാത്ത മേഖലകൾ വളരെ പരിമിതമാണ് .

പച്ചക്കറി , പല വ്യഞ്ജനങ്ങൾ ,പാൽ ,പാകം ചെയ്ത ഭക്ഷണം ഇങ്ങനെ എന്തും കൈ മാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ, ഒറ്റ  തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകൾ, പ്ലേറ്റുകൾ  എന്ന് വേണ്ട ടൂത്ത് ബ്രഷ്, ബക്കറ്റ്, മൊബൈൽ ഫോൺ, ടി വി , വാഹന ഭാഗങ്ങൾ ,കളിപ്പാട്ടങ്ങൾ, സിന്തറ്റിക് തുണികൾ, വൈദ്യുതി ഉൽപന്നങ്ങൾ ഇങ്ങനെ പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആവാത്ത ഒരു നിലയിലാണ് ഇന്ന് നാമെല്ലാം.

ഇത്രയധികം രീതിയിൽ ഉപയോഗിക്കാം എന്നതിനാൽ  ഇതിൻ്റെ ദോഷവശങ്ങൾ അവഗണിച്ച് കൊണ്ട് നാം പ്ലാസ്റ്റിക്   യഥേഷ്ടം നിർമ്മിക്കാനും ഉപയോഗിക്കാനും തുടങ്ങി.ഇതിൻ്റെ തുടർച്ചയെന്നോണം ലോകത്തിൻ്റെ പല ഭാഗത്തും  പ്ലാസ്റ്റിക് മാലിന്യം  ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഭരണാധികാരികൾക്ക്  തല വേദനയായി മാറി കഴിഞ്ഞു.

രസതന്ത്ര പരമായി പ്ലാസ്റ്റിക് ഒരു മനുഷ്യ നിർമിത മിശ്രിതമാണ് എന്ന് പറയാം. ക്രൂഡ് ഓയിൽ സംസ്ലേഷണത്തിൻ്റെ ഒരു ഉപോൾപ്പന്ന മായാണ്  പലപ്പോഴും പ്ലാസ്റ്റിക് നിർമ്മിക്കപ്പെടുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ പോലെ  ജൈവ മാലിന്യം അല്ലാത്തതിനാൽ അവ ഒരിക്കലും ഭൂമിയിലേക്ക് അലിഞ്ഞു ചേരുകയില്ല.

ഇങ്ങനെ അടിഞ്ഞു കൂടുന്ന ഘര മാലിന്യങ്ങൾ ചെറു പുഴകളുടെയും നദി കളുടെയും ഒക്കെ ഒഴുക്കിനെ തടസ്സപ്പെടുത്തും എന്ന് മാത്രമല്ല,കാലക്രമേണ സമുദ്ര ജലത്തെയും മലിനമാക്കും .സൂര്യ താപം , കാറ്റ് , സമുദ്രത്തിലെ ഉഷ്ണ പ്രവാഹങ്ങൾ എന്നിവ കാരണം ഈ മാലിന്യങ്ങൾ  ചെറിയ ചെറിയ കണികകൾ  അഥവാ മൈക്രോ പ്ലാസ്റ്റി ക്കുകൾ ആയിമാറും. 

ഒരു കടുക് മണിയോളം വലിപ്പമുള്ള ഈ കുഞ്ഞൻ കണികകൾ ക്ക് അഞ്ച് മില്ലി മീറ്റർ മുതൽ ഒരു മൈക്രോ മീറ്റർ വരെ വലിപ്പം ഉണ്ടാകാം . എന്നിരുന്നാലും അവയും പ്ലാസ്റ്റിക് പോലെ തന്നെ ഒരിക്കലും ഭൂമിയിലേക്ക് അലിഞ്ഞു ചേരുകയില്ല. വാഹനങ്ങളിൽ നിന്നും  പ്ലാസ്റ്റിക് നിർമാണ കമ്പനികളിൽ നിന്നും പുറത്തേക്ക് എത്തുന്ന ഈ നാരുകൾ അതിവേഗം വെള്ളത്തിൽ കലരും. പ്ലാസ്റ്റിക് ഫാക്ടറി  തൊഴിലാളികളുടെ വസ്ത്രത്തിലും ശരീരത്തിലും പറ്റി പിടിച്ച് പുറത്തേക്ക് എത്തുന്ന ഈ കണികകൾ അവർ കുളിക്കുന്നതും വസ്ത്രം കഴുകുന്നതും വഴി  വെള്ളത്തിൽ കലർന്നു ഡ്രൈനേജിലൂടെ  നദികളിലും കായലുകളും സമുദ്ര ജലത്തിലും എത്തി ചേരുന്നു . ഇങ്ങനെ പല വിധ ജല ജീവികളുടെ ശരീരത്തിലും ഈ ചെറു കണിക കളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി കഴിഞ്ഞു.

മത്സ്യം ഭക്ഷിക്കുന്നത് വഴി  ഇവ മനുഷ്യൻ്റെ ശരീരത്തിലും  എത്തുന്നു. ഇതൊന്നും കൂടാതെ നമ്മുടെ അടുക്കളയിലേക്ക്  പാൽ ,തേൻ , ഉപ്പ് എന്ന് വേണ്ട എല്ലാ ആഹാര വസ്തുക്കളും എത്തുന്നത് പ്ലാസ്റ്റിക്  പാത്രങ്ങളിൽ ആകുമല്ലോ. പോരെങ്കിൽ ഇന്നത്തെ കാലത്ത് പല വർണങ്ങളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. വലിയ തോതില്‍ ബോട്ടില്‍ഡ് വാട്ടര്‍ (കുപ്പികളില്‍ വില്‍പ്പന നടത്തുന്ന വെള്ളം) കുടിക്കുന്നവരില്‍ പ്ലാസ്റ്റിക് കണികകളുടെ അളവും ഉയര്‍ന്ന തലത്തിലായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

മനുഷ്യശരീരത്തിന് ഉള്ളിൽ കടന്നു കൂടുന്ന  മൈക്രോ പ്ലാസ്റ്റിക് പതിയെ പതിയെ പല ഭാഗങ്ങളിലായി അടിഞ്ഞു കൂടാൻ തുടങ്ങും. ഇത് കാരണം ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദ ഗതിയിൽ ആകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം. മനുഷ്യ ശരീരത്തിൽ അടിഞ്ഞു കൂടുന്ന മൈക്രോ പ്ലാസ്റ്റിക് കളെ കുറിച്ച് വേണ്ടത്ര പഠനങ്ങൾ ഈയടുത്ത കാലം  വരെയും നടന്നിട്ടില്ല എങ്കിലും, കഴിഞ്ഞ കുറെ വർഷങ്ങളായി  ശാസ്ത്ര ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മൈക്രോ പ്ലാസ്റ്റിക് ആണെന്ന് പറയാം. ഒരു ശരാശരി മനുഷ്യന്‍ പ്രതിവര്‍ഷം ഭക്ഷിക്കുന്നത് 50,000 പ്ലാസ്റ്റിക് കണികകളെന്നു പുതിയ പഠനം വിശദമാക്കുന്നു. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന അതേ അളവില്‍ തന്നെ ശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും യു കെ യിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.

 ലോകത്ത് എല്ലായിടത്തും പ്ലാസ്റ്റിക്കിൻ്റെ ഒരു  പകരക്കാരനെ  അന്വേഷിച്ചുള്ള  ഗവേഷണങ്ങൾ  തകൃതി ആയി നടക്കുന്നുണ്ട്. പ്ലാസ്റ്റിക് റീ സൈക്കിൾ ചെയ്യാനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാൻ   പല രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നതും കാണാം . ഈ ഗവേഷണങ്ങൾ ഇത്രയും വേഗം ഫല പ്രാപ്തിയിൽ എത്തട്ടെ എന്ന് നമുക്ക് ആശിക്കാം . 

അങ്ങനെ ഒരു സ്ഥിരമായ പ്രശ്ന പരിഹാരം എത്തുന്നത് വരെ നമ്മൾ  ഓരോരുത്തർക്കും നമ്മുടെ ചെറിയ പങ്ക് ഇതിലേക്ക് നൽകാൻ സാധിക്കും. 

ഒരു സാധാരണക്കാരന് എന്തൊക്കെ ചെയ്യാനാവും? 

പ്ലാസ്റ്റിക്കിന്  പകരം ഗ്ലാസ്സ് കൊണ്ട് അല്ലെങ്കിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ, ഗ്ലാസ്സുകൾ എന്നിവ  മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കാം .

അടുക്കളയിലെ പ്ലാസ്റ്റിക് സംഭരണികൾ മുഴുവനായി ഒഴിവാക്കി പഴയ കാലം പോലെ കണ്ണാടി സംഭരണികൾ ഉപയോഗിക്കാം.

 പ്ലാസ്റ്റിക്  ബാഗിന് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ തുണി സഞ്ചികൾ ഉപയോഗിക്കാം .   

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നത് കഴിയുന്നതും ഉപേക്ഷിക്കാം . അതിനു പകരം ഗ്ലാസ്സ് കൊണ്ടുള്ള  കുപ്പി കയ്യിൽ കരുതാം. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ അതാത്  മാലിന്യ  ബിനുകളിൽ നിക്ഷേപിക്കുക വഴി റീ സൈക്കിൾ ചെയ്യാനുള്ള അവസരം ഉണ്ടാക്കാം.

ഇന്ന് നാം സ്വീകരിക്കുന്ന ആരോഗ്യ ശീലങ്ങൾ ആണ് വരും തലമുറയുടെ ആരോഗ്യം നിശ്ചയിക്കുന്നത്. അതിനാൽ നമുക്കേവർക്കും ഒന്നിച്ച്  പ്ലാസ്റ്റിക് ഉണ്ടാക്കുന്ന മഹാ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ ഉള്ള മാർഗങ്ങൾ തേടാം. 




Thursday, November 12, 2020

മാസ്‌ക്കുകൾ പറയാത്തത്

നാളു കുറേ യായി കാത്തിരിപ്പ് തുടങ്ങിയിട്ട്. വെയില് കണ്ട നാള് മറന്നു. ഇവിടെ കൂടിനുള്ളിൽ ഞെങ്ങി ഞെരുങ്ങി ദിവസങ്ങൾ കഴിക്കുമ്പോഴും എന്നെങ്കിലും ഒരു നാൾ പുറം ലോകം കാണാം എന്ന പ്രതീക്ഷ കൂടെയുണ്ടായിരുന്നു. 

ഞാൻ കൂടിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കി . ഇന്നിനി വീട്ടുകാർ ആരും പുറത്തേക്ക് ഇറങ്ങും എന്ന് തോന്നുന്നില്ല. 

"ഇവരൊക്കെ എന്ത് തരം ആളുകളാണ് ? വീട്ടിനുള്ളിൽ തന്നെ അടച്ച് ഇരിപ്പാണ്. നമ്മളെ ഒന്നും ഒരു വിശ്വാസം ഇല്ല എന്നാ തോന്നുന്നേ". കൂടിനുള്ളിൽ പണ്ട് ഉണ്ടായിരുന്ന ഒരു അമ്മായി പറയുമായിരുന്നു. 

ഏറെ നാളായി കൂടെ ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞും ഇരുന്ന കൂട്ടുകാരി ഇന്നലെ പുറത്തേക്ക് പോയി .. ഭാഗ്യവതി ! വീട്ടുകാരി ഏതോ ബന്ധുവിൻ്റെ കല്യാണത്തിന് പോകാൻ ഇറങ്ങുന്നത് രാവിലെ മുതൽ കണ്ടിരുന്നു. പട്ടു സാരി, ആഭരണങ്ങൾ മെയ്ക് അപ്പ് പെട്ടി ഒക്കെ പുറത്ത് ഇരിക്കുന്നത് കണ്ട് രാത്രി തന്നെ ഞാനും കൂട്ടുകാരിയും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. വേറെ ആരും കൂടെ പോകുന്നില്ലേ? എങ്കിൽ എൻ്റെ ഊഴവും വന്നേനെ. ഞാൻ മനസ്സിൽ ഓർത്തു. കൂട്ടുകാരിക്ക് എന്തായാലും പോകാൻ പറ്റും. അവളാണ് കൂട്ടിൽ ആദ്യത്തെ ആള്.

ആടയാഭരണങ്ങൾ എല്ലാം അണിഞ്ഞു ഒരുങ്ങി വന്നു ബാഗും എടുത്ത് വീട്ടുകാരി പുറത്തേക്ക് നടന്നു. പെട്ടന്ന് അവരുടെ മകൾ " അമ്മ എങ്ങോട്ടാ പോകുന്നത്? മാസ്ക് എടുത്ത് വയ്ക്ക്" എന്നും പറഞ്ഞു ഓടി വരുന്നു. ആ കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു മാസ്കിൻ്റെ കൂട് തുറന്നു. പുറത്തെ കാറ്റ് കൂടിനുള്ളിൽ വന്നു നിറഞ്ഞു. ഞങ്ങൾ എല്ലാവരും ഒന്ന് ഉണർന്നു. വരിയിൽ ആദ്യമിരുന്ന  എൻ്റെ കൂട്ടുകാരിയെ പതിയെ എടുത്ത് മകൾ അമ്മക്ക് നീട്ടി. അവരുടെ  മുഖത്തെ മെയ്ക് അപ്പിന് ഭംഗം വരാതെ അവരുടെ ചെവികളിൽ അള്ളി പിടിച്ച് ഇരിക്കാൻ ശ്രമിക്കുന്ന കൂട്ടുകാരിയെ  നോക്കി ഞാൻ ഇരുന്നു. 

" ഞാൻ പോകട്ടെ കൂട്ടുകാരി. നിന്നെ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും പുറം ലോകം കാണാൻ ഉള്ള ആഗ്രഹം അടക്കാൻ കഴിയുന്നില്ല. യജമാനൻ്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യം എനിക്ക് വന്നു ചേർന്നിരിക്കുന്നു.എത്രയോ നാളായി നാം ഈ കൂടിനുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു. ഒരിക്കൽ എങ്കിലും ഒരു മുഖത്ത് ചേർന്നിരുന്നു കൈ വള്ളി കൊണ്ട് ചെവികളിൽ മുറുകെ പിടിച്ചു കാഴ്ചകൾ കാണാൻ നാം എന്നും ആഗ്രഹിച്ചത് അല്ലേ?  എനിക്ക് എൻ്റെ കടമ ചെയ്യാനുള്ള നേരം വന്നിരിക്കുന്നു . പോയി വരട്ടെ. " 

വീട്ടുകാരുടെ മുഖത്ത് ചേർന്നിരുന്നു പുറത്തേക്ക് പോകുന്ന അവളെ കണ്ടു് എനിക്ക് അഭിമാനം തോന്നി. "യുദ്ധം ജയിച്ചു വരൂ" എന്ന് മനസ്സ് മന്ത്രിച്ചു. 

 കൂടിനുള്ളിൽ കിടക്കുന്ന മറ്റുള്ളവരെ നോക്കി. അവരൊക്കെ ഉറക്കം തന്നെ. അല്ലെങ്കിലും ജോലി  ചെയ്യാനുള്ള ആത്മാർത്ഥത എല്ലാവർക്കും ഒരു പോലെ ആവില്ലല്ലോ. ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരിപ്പ് തുടർന്നു. 

പണ്ടൊക്കെ കൂട്ടത്തിലെ മുതിർന്നവർ ഒക്കെ ഹോസ്പിറ്റലിലും വലിയ വലിയ ഫുഡ് പ്രോസസ്സിംഗ് കമ്പനി കളിലും ആയിരുന്നു ജോലിക്ക് പോയിരുന്നത്.  ബന്ധുക്കളിൽ ചിലർ ബ്യൂട്ടി പാർലറിലും മറ്റും പണിക്ക് പോകുന്നത് കണ്ടാണ് ഞങൾ പുതിയ മാസ്‌ക് തലമുറയും വളർന്നത്. വലുതാകുമ്പോൾ എന്തെങ്കിലും പ്രശസ്തനായ ഡോക്ടറുടെ മുഖത്തെ ആഭരണം ആയി മാറി പേരെടുക്കാൻ ഒക്കെയായിരുന്നു ചെറുപ്പം മുതലേ ഉള്ള  സ്വപ്നം. 

പക്ഷേ , രണ്ടായിരത്തി ഇരുപത് എന്ന വർഷം എല്ലാം തകിടം മറിച്ചു. വലിയ ആശുപത്രികളിൽ ജോലിയും സ്വപ്നം കണ്ടിരുന്ന എൻ്റെ പല കൂട്ടുകാരും കസിൻസും ഒക്കെ വളരെ സാധാരണക്കാരുടെ വീടുകളിൽ പണിക്ക് പോയി തുടങ്ങി. ആശുപത്രികളിൽ ജോലി ചെയ്യാൻ വലിയ പണക്കാരായ എൻ നയെൻ്റി ഫൈവ് മതിയത്രെ. ഞങൾ സർജിക്കൽ കുടുംബക്കാരെ പൊതു ജനം വീട്ടിൽ പണിക്ക് വച്ചു. കൊറോണ എന്ന മഹാമാരി ഒരുപാട് മനുഷ്യരുടെ തൊഴിലും ജീവിതവും ഒക്കെ താറു മാറാക്കി എന്നൊക്കെ ആളുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. ഒരാള് പോലും ഞങൾ മാസ്കുകൾക്ക് വന്ന മൂല്യ ച്യുതി ശ്രെടിച്ചില്ല. കൂട്ടത്തിൽ ഉള്ള പലരും ചായ ക്കടകളിലും ബാറുകളിലും ഒക്കെ പണി കിട്ടി പോയി തുടങ്ങി. ഒരിക്കൽ ഒരു സർജിക്കൽ കസിൻ പറഞ്ഞത് ഓർക്കുന്നു. "ജോലി എവിടെ ആണെന്നുള്ളത് അല്ല വിഷമം. പല മനുഷ്യരും ഉപയോഗത്തിൻ്റെ ഇടയിൽ നമ്മളെ തലയിലേക്കൂം താടിയിലേക്കും ഒക്കെ പ്രതിഷ്ഠിക്കുമല്ലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ഓക്കാനം വരും " അവൻ തുടർന്നു , "നിനക്ക് അറിയാമോ?കഴിഞ്ഞ വർഷം വരെ നമ്മെ ആദരവോടെ പച്ച പെട്ടികളിൽ നിക്ഷേപിച്ച് പ്രത്യേക ഇടങ്ങളിൽ സംസ്കരിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇപ്പൊൾ നമ്മെ ചപ്പും ചവറും നിറഞ്ഞ ചളിക്കുഴികളിലേക്ക് തൂക്കി എറിയുന്നു. 
അവിടെ കിടന്ന് ഒരു  പാഴ് വസ്തുവായി എരിഞ്ഞു തീരും നമ്മൾ ". 

ഒടുവിൽ അവൻ പോയതും ഇങ്ങനെ ഒക്കെ തന്നെ... ഏതോ കല്യാണ വീട്ടിൽ പോയതാണ് അത്രെ. ആകെ പത്തിരുപത് ആളെ മാത്രമേ കൂട്ടാവൂ എന്നുണ്ടെങ്കിൽ പോലും അവിടെ ചെന്നപ്പോൾ അതിൻ്റെ ഇരട്ടിയിൽ കൂടുതൽ കൂടി നിൽക്കുന്നു. അതിഥികൾ എത്തിയ ഉടനെ മാസ്ക് ഊരി മുറ്റത്ത് നിൽക്കുന്ന ഓരോ മരത്തിൻ്റെ കൊമ്പിൽ തൂക്കി ഇടുന്നു. ചെറുക്കൻ്റെ വീട്ടുകാർക്ക് ഒരു കൊമ്പ് , പെൺ വീട്ടുകാർക്ക് മറ്റൊരു കൊമ്പ് എന്ന രീതിയിൽ . 
അവൻ്റെ കൂടെ പോയ ഒരു മാസ്ക് അമ്മാവൻ തിരികെ വന്നു പറഞ്ഞ കഥയാണ്. " അയ്യോ, അവിടത്തെ ബഹളം ഒന്നും പറയണ്ട പിള്ളേരെ. കല്യാണവും കഴിഞ്ഞ് സദ്യയും ഉണ്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും വീടെതാൻ തിടുക്കം . നേരെ മരത്തിൻ്റെ അടുത്തെത്തുമ്പോൾ അവിടെ പാരഗൺ സ്ലീപ്പർ അഴിച്ചിട്ട പോലെ എല്ലാ മാസ്കും ഒരു പോലെ. ഉടനെ അവന്മാർ എല്ലാ മാസ്‌കും തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങും . ഇതൊക്കെ കണ്ടിട്ട് ഞങൾ മാസ്കുകൾ എല്ലാം കൂട്ട ചിരിയായിരുന്നു". അമ്മാവൻ ചിരിച്ചു .
ഞാൻ ചോദിച്ചു," അവനോ? അവൻ എവിടെ പോയി?".അമ്മാവൻ്റെ ചുളിഞ്ഞ മുഖം ഒന്ന് കൂടി ചുളിഞ്ഞ പോലെ തോന്നി. " അവനെ കൊണ്ട് വന്ന ആള് വേറെ ഏതോ മാസ്ക്കും കൊണ്ടാണ് തിരിച്ചു വന്നത്. ഞാൻ പോരുമ്പോഴും അവൻ ആ മരക്കൊമ്പിൽ അയാളെയും കാത്ത് തൂങ്ങി ആടുന്നുണ്ടയിരുന്നു. " പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നാം അന്വേഷിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് . 
പിറ്റേന്ന് രാവിലെ കൂട് ആരോ അനക്കുന്ന പോലെ തോന്നി ആണ് മയക്കം വിട്ടുണർന്നത്. നോക്കുമ്പോൾ വീട്ടിലെ പെൺകുട്ടിയാണ്. അവള് വേഗത്തിൽ എന്നെ എടുത്ത് മുഖത്തേക്ക് പിടിപ്പിച്ചു . അപ്പോഴാണ് ഞാൻ ശ്രെടിച്ചത് സ്കൂൾ യൂണിഫോമിൽ ആണ് കുട്ടി. ഓ, അപ്പൊൾ എനിക്ക് സ്കൂളിൽ ആണ് ഡ്യുടി. നല്ല കാര്യം ! ജീവിതത്തിന് ഒരു അർത്ഥം കൈവരുന്ന പോലെ. 

അവള് അമ്മയോട് " അമ്മെ, എനിക്ക് സമയത്ത് എത്തണം. ബോർഡ് പരീക്ഷയാണ്. വേഗം ഇറങ്ങാം. " 

"അപ്പൊൾ സാധാരണ ദിവസം പോലുമല്ല. ഈ കുട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഏതോ പരീക്ഷ എഴുതാനുള്ള ഏറ്റവും കരുത്തുറ്റ കവചം ആകാനുള്ള അവസരമാണ്". ഞാൻ മനസ്സിൽ ഓർത്തു. 

മണ്ണിൻ്റെ മണം... കുറെ നാളുകളായി വീടിൻ്റെ ഉള്ളിലെ വിവിധ കാഴ്ചകളും മണങ്ങളും മാത്രം അറിഞ്ഞ ഞാൻ ആകെ ഉന്മേഷത്തിൽ ആയി. കുട്ടിയെ സ്കൂൾ മുറ്റത്ത് ആക്കി വീട്ടുകാർ മടങ്ങി പോയി. 

അവള് വളരെ സന്തോഷത്തിൽ ആണ്. മാസങ്ങൾക്ക് ശേഷമാണ് സ്കൂളിലേക്ക് കാൽ എടുത്ത് വക്കാൻ സാധിച്ചത് . കൂട്ടുകാരെ ഒക്കെ കാണാൻ ഉള്ള ആവേശത്തിലാണ് ആൾ എന്ന് തോന്നി. " ആരെ കണ്ടാലും എന്നെ മാറ്റി വച്ച് സംസാരിക്കാതെ ഇരുന്നാൽ മതിയായിരുന്നു" , ഞാൻ വിചാരിച്ചു. മറ്റു കുട്ടികളിൽ പലരും മാസ്ക് മാറ്റിയും മറിച്ചും ഒക്കെ ഉപയോഗിക്കുന്നത് കണ്ടു
. പക്ഷേ എൻ്റെ ഉടമസഥ ഒരിക്കൽ പോലും എന്നെ സ്ഥാനം മാറ്റിയില്ല. അവളുടെ ബുദ്ധിശക്തിയിൽ എനിക്ക് അഭിമാനം തോന്നി. 
പലരും മാസ്ക് എന്ന പേരിൽ ഒരു തുണി വലിച്ചു കെട്ടിയിരിക്കുന്നു. അതിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്ന ശത്രുക്കളെ എനിക്ക് നന്നായി കാണാം. 

 പരീക്ഷാ ഹാൾ . കുട്ടിയുടെ ശ്വാസോച്ഛ്വാസവേഗത കൂടുന്നുണ്ടോ? അവള് വിയർക്കുന്നോ? ഞാൻ സംശയിച്ചു. ഒരു സ്ത്രീ വന്നു എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. എന്നിട്ട് ഒരു കെട്ട് പേപ്പറുകൾ മേശപ്പുറത്ത് വച്ചിട്ട് മാറി നിന്നു. കുട്ടികൾ ഓരോരുത്തരായി പോയി ഓരോ പേപ്പർ എടുത്തു വന്നിരിപ്പായി. ഞങ്ങളും പോയി എടുത്തു. 

പെൺകുട്ടി തിരികെ പോയിരുന്നു ഉത്തരം എഴുതി തുടങ്ങി. ഞാനും കുറെ നേരം ചുറ്റും ഒക്കെ നോക്കിയിരുന്നു. അൽപ നേരം കഴിഞ്ഞപ്പോൾ എൻ്റെ പുറത്ത് എന്തോ പറ്റി പിടിച്ചിരിക്കുന്ന പോലെ ഒരു തോന്നൽ .. ഒന്ന് സ്വയം നിരീക്ഷിച്ചു. ഒന്ന് ഞെട്ടി !! തൻ്റെ ശരീരത്തിൽ ഒട്ടി ഇരിക്കുന്ന ഒന്ന് രണ്ട് രോഗാണുക്കൾ. ഞാൻ പെൺകുട്ടിയെ ഒന്ന് നന്നായി നിരീക്ഷിച്ചു. ഇല്ല ...അവളുടെ ശരീരത്തിൽ കയറി പ്പറ്റാൻ ശത്രുവിന് കഴിഞ്ഞിട്ടില്ല . ഞാൻ ഉള്ളിടത്തോളം അവന് കഴിയില്ല. ഞാൻ ഉള്ളിൽ ഉറപ്പിച്ചു. അവന്മാർ എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാൻ സർവ ശക്തിയും സംഭരിച്ച് അവളുടെ ചെവികളും മൂക്കും ചേർത്ത് കെട്ടിപ്പിടിച്ചു. 

മൂന്ന് മൂന്നര മണിക്കൂർ കഴിഞ്ഞ് ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടി നേരെ കാത്തു നിന്നിരുന്ന കാറിലേക്ക് ചെന്ന് കയറി. അപ്പോഴേക്കും ഞാൻ തളർന്ന് കുഴഞ്ഞിരുന്നു.ഇനിയും ശത്രുക്കളെ പിടിച്ചു നിർത്താൻ കഴിയുമോ എന്ന് പോലും ഞാൻ ഭയന്നു തുടങ്ങിയിരുന്നു..

"പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു മോളെ?"  അവളുടെ അച്ഛനാണ്. 

" പരീക്ഷ നന്നായിരുന്നു അച്ഛാ. " അവളുടെ കൈ പതിയെ എൻ്റെ അടുത്തേയ്ക്ക് വരുന്നു. ഞാൻ സ്തബ്ദയായി ഒരു  നിമിഷം.. അവന്മാർ ആക്രമിക്കാൻ ഒരുങ്ങി കഴിഞ്ഞു. ഉയർന്ന് വന്ന കൈ കൊണ്ട് പെൺകുട്ടി മുടി ഒതുക്കി വച്ചു. ഞാൻ ശ്വാസം നേരെ വിട്ടു. അവള് എപ്പോഴെങ്കിലും കൈ കൊണ്ട് മാസ്കിൽ തൊടാൻ കാത്തിരിക്കുകയാണ് അവന്മാർ. 

വണ്ടി വീട്ടിൽ എത്തിയപ്പോഴേക്കും ഞാൻ വിയർത്ത് കുളിച്ചു തളർന്ന് അവശയായിരുന്നു . അച്ഛനും മകളും അകത്തേക്ക് .

"എങ്ങനെ ഉണ്ടായിരുന്നു മാസ്കിട്ട പരീക്ഷ ? " എന്ന് ചോദിച്ചു കൊണ്ട് വീട്ടുകാരി ഇറങ്ങി വന്നു. 

അകത്തേക്ക് കയറിയ ഉടനെ തന്നെ മകൾ എന്നെ അവളുടെ മുഖത്ത് നിന്നും അടർത്തിയെടുത്ത് രണ്ട് വള്ളികളും ചുരുട്ടി വീടിനുള്ളിലെ ചവറ്റു കുട്ടയിലേക്ക് കൊണ്ട് ചെന്നിട്ടു. 
പതിയെ എൻ്റെ കണ്ണുകൾ അടഞ്ഞു വരുന്നു. 

തളർന്ന് വരുന്ന കണ്ണുകൾ താനെ അടഞ്ഞു വരുന്നു.. ശരീരം ആകെ വാടി കുഴഞ്ഞിരിക്കുന്നു. അവസാനം ആയിരിക്കുന്നു. എന്നാലും സർവ ശക്തിയും സംഭരിച്ച് എന്നിൽ നിറഞ്ഞു നിൽക്കുന്ന രോഗാണുക്കളെ ഞാൻ മുറുകെ പിടിച്ചു . അവർ ഒരിക്കലും അവളെ ആക്രമിക്കാൻ പാടില്ല !!! 

ദൂരെ നിന്നും പെൺകുട്ടിയുടെ ശബ്ദം ഒഴുകി വന്നു..
"പരീക്ഷ എളുപ്പം ആയിരുന്നു അമ്മെ.. എന്നാല് ഈ മാസ്ക് ഒരു വല്ലാത്ത പരീക്ഷണം തന്നെ . ശല്യം ". 




 








Thursday, November 5, 2020

"ഹിലി ഷിലി ഹൊല"


 "ഹിലി ഷിലി ഹൊല"

പേരിടൽ രംഗത്ത് ഞാൻ തുടക്കം കുറിച്ചത് ഈ പേരുകളിലൂടെ ആണ്. മൂന്ന് നാല് വയസുള്ളപ്പോൾ എനിക്ക് ഒരേ തരത്തിലുള്ള മൂന്ന് പാവകൾ ഉണ്ടായിരുന്നു ,രണ്ട്  പെണ്ണും ഒരാണും.അവയ്ക്ക് ഞാൻ കണ്ടുപിടിച്ച പേരുകൾ ആണ് മുകളിൽ പറഞ്ഞത്. 

കുട്ടികൾക്ക് റൈമിങ് ആയ പേരുകൾ ഇടാൻ ഇന്ത്യക്കാർക്ക് ഉള്ളത്രയും കഴിവ് മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പ്രതേകിച്ചു മലയാളീസ് ആയ നമ്മക്ക്. ഒരു മൂന്ന് വയസുള്ള കുട്ടിക്ക് പോലും മക്കൾടെ പേരുകൾ ഈണത്തിൽ ഇടണം എന്ന് തോന്നുന്ന അത്രയും ആഴത്തിൽ വേരോടിയ കഴിവ്. 

എന്ത് കൊണ്ടോ ഇങ്ങനെ പേരുകളിൽ ഉള്ള കൗതുകം ഞാൻ വളരുന്നതിന് ഒപ്പം വളർന്നു. സ്കൂളിൽ എത്തിയപ്പോൾ മനസിലായി കൂട്ടുകാരിയുടെ പേര് സിന്ധു എന്നാണെങ്കിൽ പിന്നെ സന്ധ്യ എന്നൊരു സഹോദരി മസ്റ്റ് ആണ്. ദിവ്യ ഉണ്ടോ വീട്ടിൽ ദീപ ഉറപ്പായും കാണും . സുരേഷ്, രമേഷ്, ഹരീഷ് അങ്ങനെ വീട് നിറയെ   "ഇഷ്" "ഇഷ്" എന്ന ശബ്ദം കേൾക്കുന്ന രീതിയിൽ ഒരുപാട് കുട്ടികൾ ഒരേ വീട്ടിൽ വളർന്നു കൊണ്ടിരുന്നു. മിക്ക വീടുകളിലും ചെന്നാൽ , കുട്ടികൾ വരിയായി വന്നു നിന്നു സുമതി , സുഷമ, സുനന്ദ , സുമേഷ് എന്ന്  പ്രാസം ഒപ്പിച്ചു പേര് പറയുന്നത് നല്ല രസമാണ്.

പേരുകളുടെ റൈമിംഗ് ൻ്റെ സ്റ്റോക്ക് തീർന്നു വന്നപ്പോൾ നമ്മൾ പുതിയ ട്രെൻഡ് കണ്ടുപിടിച്ചു. അച്ഛൻ്റെയും അമ്മയുടെയും പേരിൻ്റെ ആദ്യാക്ഷരങ്ങൾ  തമ്മിൽ ക്രോസ്സ് ചെയ്തു  പേരുകൾ ഉണ്ടാക്കാൻ തുടങ്ങി. അതായത് , മോളിയും സൈമൺ ഉം തമ്മിൽ കല്യാണം കഴിക്കുമ്പോൾ ഓർക്കുക മക്കളുടെ പേര് ഒന്നുകിൽ  മോസി അല്ലെങ്കിൽ ഈശോ അയ്യോ സോറി സോളി  .. ഫിക്സ്, ഫിക്സ്.അങ്ങനെ പല പല  ലിബാഷ് മാരും ബിബീഷ് മാരും നമ്മുടെ സ്കൂൾ മുറ്റങ്ങളിൽ ഓടി കളിച്ചു കൊണ്ടിരുന്നു. 

ഇൻ്റർനാഷണൽ സ്കൂളിൽ ജോലി കിട്ടി പോയപ്പോഴാണ് നമ്മൾ ചുമ്മാ കൊണ്ട് നടക്കുന്ന പേരിൻ്റെ വാലിന് ഇത്രയും വിലയുണ്ട് എന്ന് എനിക്ക് പിടി കിട്ടിയത്. അവിടെ വിലാസിനി സുകുമാരൻ എന്ന പേരിലെ വിലാസിനി ക്ക് ഒരു വിലയുമില്ല.. മിസ്സ് സുകുമാരൻ എന്ന പേരിലാണ് പുള്ളിക്കാരി വിലസുന്നത് . സായിപ്പിന് ശെരിക്കും ജാതി സ്പിരിറ്റ് ഉണ്ട്  എന്ന് മനസ്സിലായ കാലം. പുരോഗമനവാദികളായി പേരിലെ വാലു മുറിച്ചു ഇനിഷ്യൽ മാത്രം കൊണ്ട് നടക്കുന്ന പല അധ്യാപകരോടും " യു ഡോണ്ട് ഹാവ് എ സർ നൈം" എന്ന് ചോദിച്ചു ചോദിച്ചു പലരും അച്ഛൻ, അമ്മ തുടങ്ങിയവരുടെ പേരുകളും കുടുംബ പേരുകളും ഇതൊന്നും പറ്റാതെ വന്നാൽ സ്ഥലപ്പേരു വരെ വാലാക്കി ഫിറ്റ് ചെയ്തു തുടങ്ങി. 

ഇങ്ങനെ ഉള്ള  പരിഷ്കാരിയാണ് എൻ്റെ കെട്ടിയോനും.സ്കൂളിലും കോളജിലും ഒക്കെ പേരിൻ്റെ കൂടെ അച്ഛൻ്റെ യും അമ്മയുടെയും പേരുകളുടെ ആദ്യാക്ഷരം കൂടെ കൊണ്ട് നടന്ന ഒരു സ്മാർട്ട് ബോയ് .. ഉയർന്ന് ഉയർന്ന് അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തിലേക്ക് ജോലി സംബന്ധമായി പോയ കാലത്താണ് പുള്ളിക്ക് ഒരു വാൽ (പേരിൽ) ഇല്ലാത്തത് കൊണ്ട് പുതിയ പേര് കിട്ടിയത്. ഒരു ദിവസം തൻ്റെ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരുന്ന നേരത്ത് അവിടേക്ക് ലാബിൻ്റെ ഹെഡ് കയറി വരുന്നു  വന്ന പാടെ പുള്ളി എല്ലാവരോടുമായി " ഐ വാണ്ട് ടു മീറ്റ്  സരോജം " എന്ന്. എല്ലാവരും തമ്മിൽ തമ്മിൽ ഒന്ന് നോക്കി. സ്വന്തം പണികൾ തുടർന്നു. ഇദേഹവും . വന്നയാൾ വിടുന്നില്ല" ഹി  ഹാസ് കം ഫ്രം മുംബൈ ബ്രാഞ്ച്" . ഇത്തവണ നമ്മുടെ ആൾ ഒന്ന് ഉണർന്നു.. ആഹാ.. നമ്മുടെ ബ്രാഞ്ചിൽ നിന്നുള്ള ആളിനെ ആണല്ലോ അന്വേഷിക്കുന്നത്.. പതിയെ നടന്നു അയാളുടെ അടുത്തേക്ക് നടന്നു ." മിസ്റ്റർ വെള്ള ക്കാരാ അവിടെ നിന്ന് വന്നേക്കുന്നത് ഞാനും വേറെ ഒരുത്തനും ആണ് ,പെണ്ണുങ്ങൾ ഒന്നും വന്നിട്ടില്ല " എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. ആള് അടുത്ത് എത്തിയതും ലാബ് ഹെഡ് ഹാപ്പിയായി. നേരെ വന്നു കൈ കൊടുത്തിട്ട് പറയുന്നു." വരണം വരണം മിസ്റ്റർ സരോജം.. ഞാൻ നിങ്ങളെ കാണാൻ ആണ് വന്നത്" എന്ന്. 

പാസ്പോർട്ടിലെ പേരു വിസ്തരിച്ച് എഴുതിയപ്പോൾ ആർ എസ് എന്ന ഇനിഷ്യൽ ആർ എന്നത് മിഡിൽ നൈമും എസ് എന്നത് ലാസ്റ്റ് നൈമും ആയി മാറി . അങ്ങനെ നിർദോഷമായ ഇനിഷ്യലിന് പിന്നിൽ ഒളിച്ചിരുന്ന പുള്ളിക്കാരൻ്റെ അമ്മയുടെ  സരോജം എന്ന പേര് പെട്ടെന്ന് കുടുംബ പേരായി രൂപാന്തരം പ്രാപിച്ചു.

 പിന്നീടങ്ങോട്ട് പുതിയ താരോദയം ആയിരുന്നു. എല്ലാ ഔദ്യോഗിക രേഖകളിലും വലിച്ചു നീട്ടി എഴുതി എഴുതി ഞങൾ മൊത്തമായും ചില്ലറയായും സരോജം കുടുംബം ആയി മാറി. ചിലപ്പോ തീരെ സമയം ഇല്ലാതെ ജോലികൾ തീർത്തു പുറത്തേക്ക് ഇറങ്ങാൻ ധൃതിയിൽ നിൽക്കുമ്പോൾ ഫോൺ റിംഗ് ചെയ്യും. പോയി എടുക്കുമ്പോൾ "സരോജം  ഉണ്ടോ ?. ഇന്ന ബാങ്കിൽ നിന്നാണ്" എന്ന കിളി നാദം കേൾക്കാം . നാട്ടിൽ ഇരിക്കുന്ന അമ്മായി അമ്മക്ക് ലോൺ കൊടുക്കാം എന്ന് പറയുന്ന ഫിലിപ്പിനോ സുന്ദരിയാണ്. പിന്നീടാണ് ഓർക്കുന്നത് "ഓ..നമ്മുടെ "മിസ്റ്റർ" സരോജം .. വിളിക്കാം വിളിക്കാം".

അക്ഷരാർത്ഥത്തിൽ അമ്മയുടെ പേരിൻ്റെ യശസ്സ് വളർത്തുന്ന സന്തോഷം ഞാൻ കാണാറുണ്ട് പുള്ളിയുടെ ഓരോ വിജയത്തിലും.പേരിലൂടെ സ്ത്രീ ശാക്തീകരണം എന്നതാണ് ഞങ്ങടെ കുടുംബ മുദ്രാവാക്യം... 

കൃതജ്ഞത - ഭർത്താവ് ഇടക്കിടെ പറയും,  അമ്മയുടെ മുഴുവൻ പേരായ സരോജിനി അമ്മ ചുരുക്കി സരോജം എന്ന് എഴുതിയത് നന്നായി അല്ലെങ്കിൽ മിസ്റ്റർ "അമ്മ" എന്ന് അറിയപ്പെട്ടേനേ എന്ന്!!! 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 







Monday, November 2, 2020

ഞങ്ങളുടെ ബംഗാളി ബാബു

 ഞങ്ങളുടെ ബംഗാളി ബാബു

രാവിലെ വീടിന്റെ വാതിലിന്റെ മുന്നിൽ പതിവില്ലാത്ത ഒരു ശബ്ദ കോലാഹലം കേട്ടാണ് ഉണർന്നത്. വല്ലപ്പോഴും കിട്ടുന്ന ഒരു ലീവ് ആണ് . പുള്ളിക്കാരൻ ടൂറിൽ ആണെങ്കിൽ ഇങ്ങനെ ഉള്ള ദിവസങ്ങൾ ഞങൾ അമ്മയും മക്കളും വയറു വിശന്നാലെ ഉണരാറുള്ളു. ശാന്ത സുന്ദരമായ ഷാർജയിലെ ഫ്ലാറ്റിന്റെ പരിസരത്ത് ഇങ്ങനെ ഉറക്കെയുള്ള സംസാരം ഒക്കെ പൊതുവേ കുറവാണ്.. മടിച്ച് മടിച്ച് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു പതിയെ വാതിലിന്റെ അടുത്ത് പോയി പുറത്തെ സൗണ്ട് ശ്രദ്ധിച്ചു. അപ്പുറത്തെ വീട്ടിലെ കോഴിക്കോട്ട് കാരി ചേച്ചിയും ഭർത്താവും ആരെയോ വഴക്ക് പറയുക ആണ്. ആ ചേട്ടൻ " തും ക്യാ കർത്താ ഹൈ"എന്നൊക്കെ ചോദിക്കുന്നുണ്ട് .. "തും കർത്താവായാൽ ഹൊ അല്ലേ" എന്ന് ഓർത്തൊണ്ട് ഞാൻ പോയി മുഖം ഒക്കെ കഴുകി വൃത്തിയായി പുറത്തേക്ക് ഇറങ്ങി. 

ഞങ്ങളുടെ വാതിലിന്റെ നേരെ വലത് വശത്താണ് ആ ചേച്ചിയുടെ വാതിൽ. ഇംഗ്ലീഷ് "എല്‍‌" എന്ന അക്ഷരം പോലെ ആണ് വാതിലുകളുടെ സ്ഥാനം . വീടിന് മുന്നിൽ നിന്ന് അവർ അപ്പോഴും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ അവർ രണ്ട് പേരും " നോക്കു ടീച്ചറെ, ഇവനെ എന്താണ് പറയേണ്ടത്? പണി ചെയ്യാൻ ഏറ്റു പോയിട്ട് ഏകദേശം രണ്ടാഴ്ച ആയി ഇങ്ങോട്ട് ഒന്ന് കേറിയിട്ട്‌. എന്നാല് മറ്റുള്ള മിക്ക വീടുകളിലും ഇവൻ പോകുന്നും ഉണ്ട് . ഞങ്ങൾ എത്ര നാളായി കാത്തിരിക്കുന്നു എന്നറിയാമോ?" അപ്പോഴാണ് ഇതിന്റെ മറു വശത്തെ ആളെ ഞാൻ നേരെ കണ്ടത്.. രണ്ടു കയ്യും കെട്ടി തലയും താഴ്ത്തി പരീക്ഷയിൽ തോറ്റു പോയ ബാക്ക്  െബഞ്ചർ ലുക്കിൽ നിക്കുന്ന ഞങ്ങടെ ബംഗാളി ബാബു !!!  അവന്റെ നില്പ് കണ്ടപ്പോൾ എന്റെ മനസ്സിൽ ഫ്ലാഷ് ബാക്ക് ചക്രം തിരിഞ്ഞു .

ദുബൈയിലെ പ്രശസ്ത വിദ്യാലയത്തിൽ ജോലി കിട്ടി വന്ന കാലത്ത് ഇവിടെ കിട്ടിയ ആദ്യത്തെ പരിചയക്കാരൻ താഴെ ഉള്ള കടയിൽ നിന്ന് സാധനം ഡെലിവറി ക്ക്‌ വന്ന ഒരു പത്ത് നാൽപ്പത് വയസുള്ള മലയാളിയാണ്. ആദ്യത്തെ പരിചയ പ്പെടൽ കഴിഞ്ഞ ഉടൻ തന്നെ ആ നിലയിലും മൊത്തം ബിൽഡിംഗിൽ തന്നെയും ഉള്ള മലയാളികൾ എത്ര, അതിൽ ഫാമിലി എത്ര, ടീച്ചർമാർ എത്ര, അതിൽ തന്നെ മിണ്ടുന്നവർ എത്ര, മിണ്ടാതവർ എത്ര എന്നിങ്ങനെ ഒരു വലിയ ലിസ്റ്റ് പുള്ളി പറഞ്ഞു തീർത്തപ്പോൾ എനിക്ക് പുള്ളിയുടെ പൊതു വിജ്ഞാനം ഏകദേശം പിടികിട്ടി.മലയാളിയുടെ സ്വകാര്യ അഭിമാനമായ ചെറിയ കുട വയർ ഒക്കെ ഉണ്ടെലും നല്ല ഇറുകിയ ടീ ഷർട്ടും ജീൻസും ഒക്കെ ഇട്ടു മുടി ഒക്കെ നീട്ടി വളർത്തി തുറന്നിട്ട് മൊത്തത്തിൽ നമ്മുടെ പഴയ അബ്ബ പാട്ടുകാരൻ ലുക്കിൽ ആണ് പുള്ളി എപ്പോഴും .അത് കൊണ്ട് തന്നെ ഞാനും മക്കളും പുള്ളിയെ റോക്ക് സ്റ്റാർ എന്നാണ് പറയുക. അഞ്ച് വർഷത്തെ പരിചയം ഉണ്ടേലും ഇന്നും അയാളുടെ ശേരിക്കുള്ള പേര് ഞങൾ ചോദിച്ചിട്ടില്ല.

പ്രൈവറ്റ് സ്കൂളിലെ , പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ ടീച്ചർ ജോലി എന്ന് പറഞ്ഞാല് പരമ സുഖം തന്നെ എന്ന് പറയുന്ന ആളുകൾ എന്തായാലും അങ്ങനെ ഉള്ള ടീച്ചർമാരെ ആരെയും ജീവനോടെ കണ്ടിരിക്കാൻ സാധ്യതയില്ല. ഞാനൊക്കെ വൈകുന്നേരം വീട് എത്തുമ്പോൾ " ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലാണ്. രാവിലെ ആറ് മണിക്ക് ഇറങ്ങി പോയാൽ തിരിച്ചെത്തുന്നത് വൈകീട്ട് അഞ്ചരയ്ക്ക്. അതിനിടയിൽ ആകെ കഴിക്കുന്നത് വയറു നിറയെ ചീത്ത വിളിയും  പച്ച വെള്ളവും മാത്രം . ഒരു മാതിരി അടിമ പണി തന്നെ.ഈയവസ്ഥയിൽ വീടെത്തുമ്പോൾ പാത്രം കഴുകാനും വീട് തൂത്തു തുടയ്ക്കാനും എങ്കിലും ആരെയെങ്കിലും വയ്ക്കാം എന്ന് ആലോചിച്ചു തുടങ്ങി. എൻസൈക്ലോപീഡിയ  റോക്ക് സ്റ്റാറിനോട് തന്നെ അന്വേഷിച്ചു.

 "നമ്മുടെ കടയിൽ തന്നെ നിക്കുന്ന ബംഗാളി ഉണ്ടല്ലോ ടീച്ചറെ.. അവനെ വിളിക്കൂ" . ഉടൻ വന്നു ഉത്തരം .

" അതല്ല.. ഞാൻ ഉദേശിച്ചത് വല്ല പെൺ പിള്ളേരും കാണില്ലേ? വേറെ എവിടെ എങ്കിലും പണിക്ക് വരുന്ന ..." ഞാൻ ചോദിച്ചു. " 

 " അയ്യോ ..അതൊന്നും കുഴപ്പമില്ല... അവൻ നല്ല വൃത്തിയും വെടിപ്പും ഒക്കെ ആണ് .. വേറെ ദുസ്വഭാവം ഒന്നും തന്നെയില്ല ...കടയിലെ ബ്രേക്ക് സമയത്ത് വേറെ പല സ്ഥലത്തും അവൻ പോകുന്നുണ്ട് .." നല്ല കടുത്ത ശുപാർശ ആണ്.. 

പിറ്റേന്ന് വൈകുന്നേരം .. ബെല്ലടി കേട്ട് പോയി തുറന്നപ്പോൾ അതാ നിൽക്കുന്നു നമ്മുടെ കഥാ പാത്രം . കണ്ടാൽ വലിയ പ്രായം തോന്നുന്നില്ല. എന്നെക്കാളും പൊക്കത്തിൽ കുറവ്. എന്ന് വെച്ചാൽ അഞ്ചടി പോലും ഇല്ല നീളം എന്നർത്ഥം . കണം കാലു വരെ മാത്രം നീളമുള്ള ഒരു പാന്റും ഏതോ കമ്പനിയുടെ ലോഗോ ഒക്കെ ഉള്ള ഒരു ടീ ഷർട്ടും ആണ് വേഷം.ആരോ കൊടുത്തത് ആവും..  ഒരു മെലിഞ്ഞുണങ്ങിയ പയ്യൻ. സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു വന്നാൽ വേണേൽ പന്ത്രണ്ടാം ക്ലാസിൽ ഇരുത്തി പഠിപ്പിക്കാം . അത്രെ ഉള്ളൂ ആള്! 

എന്തൊക്കെ ജോലി ചെയ്യണം എന്ന് ഞാൻ വിശദീകരിച്ച് കൊടുത്തു. അവൻ എല്ലാം മൂളി കേൾക്കുന്നുണ്ട്. 

ഞാൻ പറഞ്ഞു. " ദേഘോ,കാം അച്ചെ സെ കർനാ ഹൈ.. ഔർ ഹർ ദിൻ ആനാ ഹൈ.. സംജ്ജെ?" 

അതിൽ ഹര്‍ ദിൻ എന്നുള്ളത് ആയിരുന്നു അണ്ടർ ലൈൻ ചെയ്യേണ്ട വരി. അത് ഞാൻ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു. 

ഞാൻ ഇതൊക്കെ പറഞ്ഞെങ്കിലും അവൻ ആകെ ഒരൊറ്റ വരി തന്നേ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു .

"മേം ആയേഗ  ആപ്പാ"  ... ഞാൻ വരും ചേച്ചി എന്നർത്ഥം.

അങ്ങനെ അന്ന് മുതൽ ഞാനും ബംഗാളി യുടെ മുതലാളി ആയി മാറി. അവന്റെ പണി ആയുധങ്ങൾ ആയ ചൂല്, പാത്രം കഴുകുന്ന ബ്രഷ് ഒക്കെ അവൻ തന്നെ കടയിൽ നിന്ന് എടുത്ത് കൊണ്ടിങ്ങു പോരും. നമ്മുടെ കയ്യിൽ നിന്ന് കറക്ട് ആയി പൈസയും വാങ്ങി കൊണ്ട് പോകും .എന്നും ആറ് മണി ആവുമ്പോൾ കൃത്യമായി എത്തും. നേരെ പോയി അടുക്കളയിലെ പാത്രങ്ങൾ എല്ലാം കഴുകി വയ്ക്കും. എന്നിട്ട് നേരെ തൂത്ത് വൃത്തിയാക്കൽ തുടങ്ങും. സാമാന്യം വലിപ്പമുള്ള സ്വീകരണ മുറി, ഒരു നീളൻ ഇടനാഴി, ഇടത്തരം വലിപ്പമുള്ള കിടപ്പ് മുറി, അടുക്കള ഇതൊക്കെ കൂടി തൂത്ത് തുടച്ച് മിനുക്കാൻ അവന് മൊത്തം പതിനഞ്ച്, ഇരുപത് മിനുട്ട് മതി. റോക്കറ്റ് വിട്ട മാതിരി പണിയും കഴിഞ്ഞു ബക്കറ്റ് ഉം കഴുകി വച്ച് വാതിലും ചാരി ഒറ്റ പോക്കാണ് അവൻ. 

മാസാവസാനം ശമ്പളം കൊടുത്തപ്പോൾ അവൻ നിന്ന് പരുങ്ങുന്നു. 

"ഇൗ പൈസ നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ. ഞാൻ എന്റെ നാട്ടിലേക്ക് പോയിട്ട് ഇപ്പൊ രണ്ട് വർഷമായി. ഇനി അടുത്ത വർഷമേ പോകാൻ പറ്റൂ. എനിക്ക് പൈസ സൂക്ഷിച്ച് വയ്ക്കാൻ ഒരു സ്ഥലമില്ല. നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ആണ് എനിക്ക് വിശ്വാസം ."

അങ്ങനെ ഞാൻ അനൗദ്യോഗികമായി അവന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് ആയിമാറി. ഓരോ മാസവും അവനോട് ഇപ്പൊ ഇത്രയും ദിർഹം എന്റെ കയ്യിൽ ഇരിപ്പുണ്ട് കേട്ടോ എന്ന് ഞാൻ പറയും അവനോട് . അത് കേൾക്കുമ്പോൾ അഭിമാനം തുളുമ്പുന്ന ഒരു ചിരി ആണ് അവന്. 

എന്റെ നല്ല അഭിപ്രായം കേട്ടിട്ട് അപ്പുറത്തെ ചേച്ചിയും അവനെ പണിക്ക് വച്ചു. അവൻ ബഹുത് സന്തോഷത്തോടെ അവിടെയും പോയി തുടങ്ങി. ചേച്ചിക്ക് രണ്ട് ബെഡ്റൂം ഒക്കെ ഉള്ള വലിയ ഫ്ലാറ്റാണ്. അവൻ പണി എടുക്കുമ്പോൾ ചേച്ചി കൂടെ നടന്നു നന്നായി ചെക്കിങ് ഒക്കെ ചെയ്യും അല്ലാതെ  സ്കൂളിൽ നിന്ന് വന്നു മരിച്ച പോലെ ഇരിക്കുന്ന എന്നെ പോലെ അല്ല . അത് കൊണ്ട് അവിടന്ന് പതിനഞ്ച് മിനിറ്ിനുള്ളിൽ ഓടി പോകാൻ അവന് പറ്റിയിരുന്നില്ല. അത് കൊണ്ട് എല്ലാ ദിവസവും അങ്ങോട്ട് കയറില്ല. എന്നാല് അറിയിക്കുകയും ഇല്ല. കൂടുതൽ കൂടുതൽ വീടുകളിൽ പണി പിടിക്കുക എന്നതാണ് അവന്റെ രീതി. ദിവസത്തിൽ എത്ര മണിക്കൂർ ഉണ്ടെന്നോ അതിൽ എത്ര നേരം ബ്രേക്ക് കിട്ടുമെന്നോ ഒന്നും കണക്കാക്കാൻ ഉള്ള ബുദ്ധി അവന് ഉണ്ടായിരുന്നോ എന്ന് സംശയം ആണ്. 

നാട്ടിലേക്ക് പോകാനുള്ള പണം ആണ് അവൻ എന്റെ കയ്യിൽ സൂക്ഷിച്ചത്. കുറെ നാൾ കഴിഞ്ഞപ്പോൾ ബംഗ്ലാദേശിലെ ഏതോ ഗ്രാമത്തിൽ അവനെയും കാത്തിരിക്കുന്ന അവന്റെ അമ്മയും അനിയത്തിയും ഒക്കെ വാക്കുകളിലൂടെ എനിക്ക് പരിചിതം ആയിരുന്നു. അവധിക്ക് പോകാനുള്ള നാളുകൾ ആയി വന്നപ്പോൾ അവൻ നല്ല സന്തോഷത്തിൽ ആയിരുന്നു. എന്റെ കയ്യിലിരിക്കുന്ന പണം കൊണ്ട് വേണം ടിക്കറ്റ് എടുക്കാൻ. 

അവൻ ആ ചിരിയോടെ  വീണ്ടും വീടുകളിൽ നിന്ന് വീടുകളിലേക്ക് പാഞ്ഞു കൊണ്ടേ ഇരുന്നു. കിട്ടിയ ജോലികൾ പോകാതിരിക്കാൻ അവൻ സ്വയം ടൈം ടേബിൾ ഉണ്ടാക്കി കൊണ്ടിരുന്നു . പോകാത്ത വീടുകളിലെ ആളുകളെ കണ്ടാൽ ഒളിച്ചു നടക്കാനും വഴക്ക് വാങ്ങുമ്പോൾ "മേം ആയേഗാ " പറഞ്ഞു രക്ഷപ്പെടാനും അവന് നല്ല കഴിവായിരുന്നു.

കുറെ ദിവസമായി ഉള്ള മുങ്ങി നടപ്പ്  പിടിക്കപ്പെട്ട രംഗമാണ് നമ്മളാദ്യം കണ്ടത്. ചേച്ചിയും ഭർത്താവും നല്ല ചൂടിൽ തുടരുന്നു. " ടീച്ചറിന്റെ വീടിന്റെ നടയിൽ ചെരിപ്പ് കിടന്നാൽ ഞങൾ കാണും എന്ന് വിചാരിച്ചു അവൻ ഇപ്പൊ ചെരിപ്പ് ലിഫ്റ്റിന്റെ അടുത്ത് ഊരി പിടിച്ചാണ്  വരുന്നത്.. " ചേച്ചി പറയുന്നു . എനിക്ക് ചിരി പൊട്ടുന്നു. 

" പോരെങ്കിൽ അവൻ അങ്ങോട്ട് വരുന്നത് ഞങ്ങള് വാതിലിന്റെ ഹോൾ വഴി കാണാതിരിക്കാൻ ചെരിപ്പും കയ്യിൽ പിടിച്ചു ടോം ആൻഡ് ജെറിയിലെ പൂച്ച പോകും പോലെ ചുവരിൽ പറ്റി ചേർന്നാണ് നടക്കുന്നത് ." ഇത്തവണ എന്റെ സർവ നിയന്ത്രണവും കൈ വിടും എന്ന് തോന്നി.  ഇവൻ ഇത്രയൊക്കെ സാഹസികമായി മതിലിൽ ഒക്കെ പറ്റി പിടിച്ച് സ്പൈഡർ മാനേ പോലെ ആണല്ലോ ദൈവമേ എന്റെ വീട്ടിലേക്ക് വന്നിരുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് ചിരി അടക്കാൻ വയ്യാതായി.എന്നാലും കഷ്ടപ്പെട്ട് മുഖഭാവം സീരിയസ് ആക്കി അവനെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിഷ്കളങ്കമായി അവൻ  പയ്യെ പറയുന്നു " മേം ആയെഗാ." 

അവന്റെ നിൽപ്പും മട്ടും ഒക്കെ കണ്ട് ചേച്ചിയും ഭർത്താവും ഒന്ന് മയപ്പെട്ടു. ഇനി മേലാൽ എല്ലാ ദിവസവും വന്നോളാം എന്ന് കൈയ്യിൽ അടിച്ചു പ്രോമിസ് ഒക്കെ  വാങ്ങിയിട്ട് അവനോട് പോയ്ക്കൊളാൻ പറഞ്ഞു. 

അവൻ തലയും കുനിച്ചു ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു പോകുന്ന കാഴ്ച  കണ്ട് ചേച്ചി പറഞ്ഞു "അയ്യോ ...പാവം അത്രേം വഴക്ക് പറഞ്ഞത് കഷ്ടമായി.. അവൻ വിഷമിച്ചാണ് പോകുന്നത്". 

ഞാൻ അവനെ ഒന്ന് കൂടി നോക്കി.. പഞ്ചാബി ഹൗസിലെ കൊച്ചിൻ  ഹനീഫ

" കരഞ്ഞു കൊണ്ടാ പോകുന്നേ " എന്ന് പറയുമ്പോൾ നടക്കുന്ന പോലെ അവൻ നടക്കുന്നു...  ഞങ്ങളുടെ സ്വന്തം ബംഗാളി ബാബു .... 

എപ്പോഴും ചിരിയോടെ നടക്കുന്ന അവൻ ഒരു ദിവസം വന്നപ്പോൾ ആകെ ഒരു വാടിയ ഭാവം .. ഞാൻ ചോദിച്ചു, " എന്താ പ്രശ്നം?" 

"അർബാബ് പാസ്പോർട്ട് നഹി ദേ രഹാ ഹൈ" .. മുതലാളി അവന്റെ പാസ്പോർട്ട് പിടിച്ചു വച്ചിരിക്കുന്നു. പാവം പോകാനുള്ള എല്ലാ തയ്യാറെടുപ്പും ചെയ്തിരുന്നു. അപ്പോഴാണ് ഇൗ ചതി. പാവത്തിനോട് എനിക്ക് വല്ലാത്ത സങ്കടം തോന്നി. അന്ന് മുഴുവൻ ജോലിക്കിടയിൽ പോലും ഇടക്കിടെ അവനെ  ഓർമ വന്നു. മൂന്ന് വർഷമായി കാണാത്ത മകനെയും കാത്ത് വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന ഒരു അമ്മ മനസ്സിലേക്ക് ഓടി വരും. പക്ഷേ അവൻ പിറ്റേന്ന് വന്നപ്പോഴേക്കും പഴേ പോലെ ചിരി ഉണ്ട് മുഖത്ത്. " എന്താടാ, നീ ഹാപ്പി ആയല്ലോ " ഞാൻ ചോദിച്ചു. " ഔർ ക്യാ കർ സക്തെ ഹൈ ആപ്പാ? " എന്ന മറു ചോദ്യം തിരിച്ചു ചോദിച്ച് അവൻ വെളുക്കെ ചിരിച്ചു. ഇതിൽ സങ്കടം വന്നിട്ട് എന്ത് കാര്യം ? എന്ന് അവൻ എന്നോട് പറയാതെ പറഞ്ഞ പോലെ. പ്രശ്നങ്ങൾ വരുമ്പോൾ കരഞ്ഞും വിളിച്ചും മനസുഖം കളഞ്ഞു പല ജീവിതത്തിലെ നല്ല ദിവസങ്ങൾ വെറുതെ നശിപ്പിക്കുന്ന എന്നെ പോലെ ഉള്ളവരെ പലതും പഠിപ്പിക്കുന്ന ചിരി.

പിന്നീട് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം അവന്റെ അർബാബ്‌ പാസ്പോർട്ട് തിരിച്ചു കൊടുത്ത് നാട്ടിലേക്ക് പോകാൻ അനുവദിച്ചപ്പോഴും അവന്റെ മുഖത്ത് അതേ ചിരി ഉണ്ടായിരുന്നു.. 

അല്ലേലും പ്രവാസിയുടെ കൂട‌പ്പിറപ്പാണല്ലോ ഇത്തരം മോഹ ഭംഗങ്ങൾ .. ഇത്തവണ കൊറോണ കാരണം നാട്ടിലേക്കുള്ള യാത്ര മുടങ്ങി പോയപ്പോൾ ഞാൻ ഓർമ്മിക്കുന്നത് കാലങ്ങളായുള്ള യാത്രാ മോഹം നടക്കുന്നത് വരെ ചിരി മായാതെ കാത്തിരുന്ന ബംഗാളി ബാബുവിനെ ആണ്.. 

ഞാനും പറയുന്നു നാടിനോട് " മേം ആയെഗ" .

 ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 









സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...