Total Pageviews

Thursday, January 7, 2021

അജ്ഞാതനായ സുഹൃത്ത്

അജ്ഞാതനായ സുഹൃത്ത്

***********************************

ഒരാള് മറ്റൊരാൾക്ക് എങ്ങനെയൊക്കെ ഉപകാരപ്പെടും എന്നറിയാൻ നാം ഒരിക്കൽ എങ്കിലും പ്രവാസി ആകണം എന്നാണ് എൻ്റെ ഒരു തോന്നൽ. നന്മയുടെ പ്രകാശം പരത്തി ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അവരെയൊക്കെ പരിചയപ്പെടാൻ പത്ത് പന്ത്രണ്ട് വർഷം കൊണ്ട് സാധിച്ചു എന്നത് തന്നെ ഒരു മഹാ ഭാഗ്യം എന്നെ കരുതിയിട്ടുള്ളു.

ദുബായ് പോലെ ഒരു മായാ നഗരത്തിലെ മായക്കാഴ്ചകൾ പോലെ കൺമുന്നിൽ നിന്ന് മാഞ്ഞു പോയ ഒരു സുമനസ്കനേ  ഓർമിച്ചു കൊണ്ടാണ് ഈ കുറിപ്പ്. 

ഞങൾ ദുബായ് നഗരത്തിലേക്ക് താമസം മാറ്റിയ കാലം. 

ആദ്യത്തെ ഒരു രണ്ട് മൂന്ന് മാസം ഞാൻ    രാജകീയ ജീവിതം ആസ്വദിച്ചു എന്ന് പറയാം . ദുബായ് മറീന എന്ന സ്വപ്ന സമാനമായ പ്രദേശത്ത് ആണ് താമസം . കൂടുതലും യൂറോപ്യൻസ് ആണ് അവിടെ. ബാൽക്കണിയിൽ നിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നാം ഏതോ പാശ്ചാത്യ രാജ്യത്ത് ആണെന്ന് തോന്നും . അങ്ങനെ ഞാനും ഒരു മനസ്സ് കൊണ്ട് പതിയെ പതിയെ ഒരു പ്രവാസി ആയി മാറുകയായിരുന്നു.

ഈ നഗരത്തിന് മകുടം ചാർത്തുന്ന ബുർജ് ഖലീഫ ഒക്കെ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് സായിദ് റോഡിൻ്റെ വശത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ്. 

നഗരത്തിൻ്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ അങ്ങോട്ടും ഇങ്ങോട്ടും ആറു വരികൾ അങ്ങനെ മൊത്തം പന്ത്രണ്ട് വരികൾ ആയി  നീണ്ടു നിവർന്നു കിടക്കുന്ന ഷെയ്ഖ് സായിദ് റോഡ് . അതിൻ്റെ ഒരു വശത്ത് റോഡിന് സമാന്തരമായി പോകുന്ന മെട്രോ ലൈൻ. അന്ന് വരെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ റോഡ് , രാജ് ഭവന്  മുന്നിലെ കവടിയാർ വെള്ളയമ്പലം റോഡ് ആയിരുന്നു. അപ്പോ പിന്നെ ഈ കാഴ്ചകൾ കണ്ടു ഞാൻ അൽഭുത പരതന്ത്ര ആയി വായും പൊളിച്ചു നിന്ന് എന്ന് പറഞാൽ അതൊരു വലിയ കാര്യം അല്ലല്ലോ...സ്വാഭാവികം !!!

ഈ പറഞ്ഞ രാജകീയ സുഖത്തിന് വലിയ ആയുസ്സ് ഉണ്ടായില്ല. നാല് മാസത്തെ പ്രവാസം കഴിഞ്ഞപ്പോ എനിക്ക് ഒരു  സ്കൂളിൽ ജോലി കിട്ടി, . പിള്ളേരും അതേ സ്കൂളിലേക്ക് മാറി. വെളു വെളുത്ത സായിപ്പ് മദാമ്മ മാരുടെ  ഇടയിൽ നിന്ന് പെട്ടന്ന് ഞാൻ ഇന്ത്യൻസി ൻ്റേ ഇടയിൽ അതും മലയാളീസിൻ്റെ ഇടയിൽ എത്തിപ്പെട്ടു. എന്ത് ചെയ്യാം ? ജോലി ചെയ്താലേ ശമ്പളം കിട്ടൂ എന്നാണത്രേ ഇവിടത്തെ രീതി.  

സ്കൂൾ സ്ഥിതി ചെയ്യുന്നത് ഗറൂദ് എന്ന സ്ഥലത്താണ്. അവിടെ നിന്ന് ഞങ്ങടെ വീടിൻ്റെ അടുത്തേക്ക് സ്കൂൾ ബസ്സിനു സർവീസ് ഇല്ല.   

രാവിലെ പുള്ളിക്കാരൻ കാറിൽ കൊണ്ട് വിടുന്ന കൊണ്ട് അത്രയും സമാധാനം. ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര ദുബായ് മെട്രോയിലാണ്. ഏകദേശം ഒരു മണിക്കൂർ എടുക്കും വീടിന് അടുത്തുള്ള സ്റ്റേഷൻ വരെ. 

സ്കൂൾ സമയം രണ്ട് മണി വരെയാണ്. എല്ലാ കുട്ടികളും അധ്യാപകരും പോയി കഴിഞ്ഞേ അമ്മയും മക്കളും ഇറങ്ങൂ. വീട്ടിൽ എത്തിയിട്ട് മാത്രമേ ഉച്ചയൂണ് കഴിക്കാൻ പറ്റൂ എന്നത് കൊണ്ട് കുട്ടികൾ ചെറിയ സ്നാക്ക്സ് ഒക്കെ കഴിച്ചു യൂണിഫോം ഒക്കെ മാറ്റി കാഷ്വൽ വേഷത്തിലെ പോകൂ. ആളുകൾ നല്ല വേഷത്തിൽ കാണണ്ടേ എന്നാണ് ന്യായം. മൂത്ത മകൾ നാലിലും ചെറുതിന് നാല് വയസ്സും ആണ് അന്ന്. 

സത്യത്തിൽ  ദിവസത്തിലെ ഏറ്റവും മനോഹരമായ ഒരു മണിക്കൂർ ആയിരുന്നു അത്. ഡ്രൈവർ ഇല്ലാത്ത മെട്രോയിൽ യാത്ര ചെയ്യുമ്പോൾ അദൃശ്യനായ ആരോ ചരട് വലിക്കുന്നത് പോലെ മുന്നോട്ട് പോകുന്ന നമ്മുടെയൊക്കെ ജീവിത യാത്ര പോലെയാണെന്ന് തോന്നി പോകും. 

ഓരോ ദിവസവും ഓരോ തരം യാത്രക്കാർ ആണ് മുന്നിലൂടെ കടന്നു പോവുക. ദുബായ് കാണാൻ വരുന്ന സന്ദർശകരുടെ സംഘങ്ങൾ , പല തരം ജോലികൾക്ക് പോകുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് എത്തി ഈ നഗരത്തിൻ്റെ ഭാഗമായവർ. ഓടി മറയുന്ന കാഴ്ചകൾ കാണാൻ ഇടക്കിടെ സീറ്റുകൾ മാറി മാറി ഇരിക്കുന്നവർ,  പോകുന്ന വഴിയിലും ലാപ്ടോപ് തുറന്നു ജോലി ചെയ്യുന്നവർ, നടുവിലെ തൂണിൽ പിടിച്ചു കൊണ്ട് ആദ്യം തന്നെ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന അത്യാവശ്യക്കാർ അങ്ങനെ പലരും.അകത്ത് കയറി അല്പനേരം കഴിഞ്ഞാൽ തന്നെ എൻ്റെ പിള്ളേർ ഉറക്കം ആകും. എൻ്റെ കാര്യവും അങ്ങനെ തന്നെ.. ചുറ്റും ഉള്ള കാഴ്ചകൾ ഒക്കെ കണ്ടിരുന്ന് കുറച്ച് നേരം കഴിയുമ്പോ ഞാനും മയക്കം ആകും. ഇടക്കിടെ മടിയിൽ കെട്ടി പിടിച്ചിരിക്കുന്ന കുഞ്ഞു മകൾ താഴേക്ക് ഊർന്നു പോകാൻ തുടങ്ങുമ്പോൾ ഞെട്ടി ഉണരും. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കും..വീണ്ടും കണ്ണ് അടഞ്ഞു വരും . ഇതൊന്നും ചുറ്റുമുള്ള ആരും അറിയില്ല. എല്ലാവരും അവരവരുടെ ലോകത്താണ് 

ഒരിക്കൽ കണ്ട മുഖങ്ങൾ പിന്നീടൊരിക്കലും നമ്മൾ കാണുകയേ ഇല്ല.

ഇത്രയൊക്കെ ആസ്വദിക്കുന്ന യാത്ര ആണേലും അതിൻ്റെ അവസാന പാദം അത്ര സുഖമല്ല.സ്ഥലം എത്തി കഴിഞ്ഞാണ് കഷ്ടപ്പാട്. മെട്രോ സ്റ്റേഷനിൽ നിന്ന് ഏകദേശം പത്ത് പതിനഞ്ച് മിനുട്ട് നടപ്പ് ഉണ്ട് വീട്ടിൽ എത്താൻ. ഒരു മണിക്കൂർ ഉള്ള യാത്ര കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും ചെറിയ മോൾ കൂർക്കം വലിച്ച് ഉറക്കം ആയിക്കാണും .ഒരു തരത്തിലും അവൾക്ക് അത്രയും ദൂരം നടക്കാൻ പറ്റില്ല. ഇതൊന്നും പോരെങ്കിൽ രണ്ടു പിള്ളേരുടെയും ഓരോ കിലോ വീതം വരുന്ന സ്കൂൾ ബാഗുകൾ, എൻ്റെ ബാഗ് , ലാപ്ടോപ് ഇതെല്ലാം കൂടി താങ്ങി പിടിച്ച് നടക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല.ടാക്സി വിളിച്ചാൽ മിനിമം ചാർജ് കൊടുത്താൽ മതി. 

പിന്നെ 'ടാസ്‌ക്കി വിളിയെടാ' എന്ന അധ്യായം തുടങ്ങും. മിക്ക ടാക്സി ചേട്ടന്മാരും ചെറിയ ദൂരം ഓടില്ല. പല പ്രാവശ്യവും  ഒരു വണ്ടി കിട്ടാനായി ഞാനും മക്കളും അര മുക്കാൽ മണിക്കൂർ ഒക്കെ റോഡിൽ നിന്നിട്ടുണ്ട്. പല തവണ ഉറങ്ങുന്ന നാല് വയസ്സുകാരിയെ ഉണർത്തി ബാഗും പിടിച്ച് നടക്കാൻ നിർബന്ധിച്ചിട്ടും ഉണ്ട്.

അന്നും അങ്ങനെ ഒരു ദിവസം ആയിരുന്നു. ഞാനും മക്കളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി ടാക്സി വിളിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നു.പുറത്തേക്ക് ഇറങ്ങിയ പാടെ ഒരു ടാക്സി വന്നു ഞങ്ങടെ മുന്നിൽ നിറുത്തി. ഡ്രൈവർ ഡോർ തുറന്നു പിടിച്ചു കൊണ്ട് ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നു. ഞാനും മക്കളും അങ്ങോട്ട് നടന്നു. അയാള് പറയുന്നു 

" കയറൂ.." എന്ന് ഹിന്ദിയിൽ. 

ഞാൻ " ഞങ്ങളുടെ വീട് ദാ റോഡിൻ്റെ അപ്പുറത്ത് ആണ്. നിങ്ങൾ പോകുമോ?"

അയാള്, " എനിക്കറിയാം. ഞാൻ ഇതിനു മുൻപും നിങ്ങളെ കൊണ്ട് ആക്കിയിട്ടുണ്ട്. നിങ്ങൾ ഈ കൊച്ചു കുഞ്ഞിനെയും കൊണ്ട് കഷ്ടപ്പെട്ട് നടന്നു പോകുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട് . അത് കൊണ്ടാണ് നിങ്ങൾക്ക് വേണ്ടി കാത്തു നിന്നത്." 

ശെരിക്കും അതിശയിച്ചു പോയി. ദുബായ് പോലെ ഒരു നഗരത്തിൽ അയാൾക്ക് ഓട്ടം കിട്ടാൻ ഒരു പ്രയാസവും ഇല്ല. എന്നേം മക്കളെയും കാത്തു നിൽക്കുന്ന നേരത്ത് അയാൾക്ക് എത്ര ദീർഘ ദൂര ഓട്ടം കിട്ടാം ? വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. ചിന്തകള് കാട് കയറി തുടങ്ങി. " അവിടെ എത്തുമ്പോൾ പൈസ കൂടുതൽ വാങ്ങുമായിരിക്കും. അല്ലെങ്കിൽ വല്ല ഗൂഢ സംഘ ത്തിൻ്റെ അംഗം ആകും. എന്തായാലും ഏതെങ്കിലും പ്രയോജനം ഇല്ലാതെ ഇങ്ങനെ സഹായം ചെയ്യുമോ?" . 

വീടെത്തും വരെ അയാള് ഒരക്ഷരം മിണ്ടിയില്ല. കൊടുത്ത കാശും വാങ്ങി പോവുകയും ചെയ്തു. എൻ്റെ സംശയ ബുദ്ധി അപ്പോഴും ഉണർന്നു തന്നെയിരുന്നു. 

അന്ന് വാട്ട്സ്ആപ് ഒന്നും ഉള്ള ഫോണുകൾ അല്ല. എൻ്റെ ഉള്ളിലെ ഭയം കാരണം ഒരിക്കലും അയാളുടെ നമ്പർ വാങ്ങാനോ എൻ്റെ നമ്പർ കൊടുക്കാനോ ഒന്നും ഞാൻ തുനിഞ്ഞില്ല. എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് ആ ഡ്രൈവർ വീണ്ടും പല തവണ വന്നു. എപ്പോൾ എവിടെ വച്ച് എന്നെയും മക്കളെയും കണ്ടാൽ വണ്ടി നിറുത്തി വിളിക്കുകയും ചെയ്യും. ഞങ്ങൾക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ വണ്ടിയുടെ നമ്പർ അല്ലാതെ. 

പല ദിവസങ്ങളിലും തളർന്നു വരുമ്പോൾ വേറെ ആര് കൈ കാണിച്ചാലും നിറുത്താതെ നേരെ നമ്മുടെ മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ടാക്സി ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു.

പിന്നീടെപ്പോഴോ ഏതോ സ്കൂൾ അവധി കഴിഞ്ഞ് യാത്ര ചെയ്ത് തുടങ്ങിയപ്പോ അയാളെ കാണാതായി. സത്യത്തിൽ അപ്പോഴാണ് ഞങ്ങൾക്ക് അയാളെ പറ്റി ഒന്നും അറിയില്ല എന്ന് ഓർമ്മിക്കുന്നത്. പുറത്തൊക്കെ പോകുമ്പോഴും മറ്റ് ടാക്സികളിൽ പോകുമ്പോഴും കുറേക്കാലം എൻ്റെ മൂത്ത മകൾ ആ വണ്ടിയുടെ നമ്പർ തിരക്കുമായിരുന്നു. പക്ഷേ ഒരിക്കലും അങ്ങനെ ഒരു കാറോ ഡ്രൈവറെയോ ഒരിക്കലും കണ്ടില്ല കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ. 

ചില സമയത്ത് തോന്നും എൻ്റെം മക്കളുടെയും വിഷമം കണ്ടു എവിടെ നിന്നോ അവതരിച്ച ഏതോ മാലാഖ ആയിരുന്നു അതെന്ന്. 

എന്നാലും ഇപ്പോഴും മഞ്ഞ നിറത്തിലുള്ള ദുബായ് ടാക്സിയിൽ എന്തെങ്കിലും ആവശ്യത്തിന് കയറേണ്ടി വരുമ്പോൾ വീണ്ടും ഒന്ന്  നോക്കും .. കണ്ണാടിയിലൂടെ ചെറിയ മോളെ നോക്കി ചിരിക്കുന്ന ആ അജ്ഞാത സുഹൃത്ത് ആണോ എന്ന് ...













Wednesday, January 6, 2021

ഗജ കേസരി യോഗം

ഗജ കേസരി യോഗം

പൊതുവെ മൃഗ സ്നേഹം ഇത്തിരി കുറഞ്ഞ വ്യക്തിയാണ് ഞാൻ . പണ്ട്  കടിക്കാൻ ഓടിച്ച ശുനകശ്രീ കാരണം ആണോ അതോ ജന്മനാ ഉള്ള ഭയം കാരണം ആണോ എന്നറിയില്ല, നാൽക്കാലികളോട് ഞാൻ എന്നും ഒരു സാമൂഹിക അകലം പാലിച്ചു പോന്നു. പക്ഷെ, ആടിനെയും പട്ടിയേം കിളിയേം ഒക്കെ പിടിച്ചു നിർത്തി കുശലം ചോദിക്കുന്ന ടൈപ്പ് കെട്ടിയോൻ ആണ് കൂടെയുള്ളത്.  കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ആദ്യം പുതു പെണ്ണിനെ കൊണ്ട് പോയി വീട്ടിലെ നായ കുട്ടിയെ പരിചയപ്പെടുത്തുന്ന ടൈപ്പ് മൃഗ സ്‌നേഹി. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം?

മൃഗ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി തോന്നിയത് ശ്രീലങ്കയിൽ കണ്ട ആനകളുടെ അനാഥാലയം ആണ്.പരിക്കേറ്റ ആനകളെ പരിപാലിക്കുന്ന 'പിന്നാവാല' എന്ന ആന സങ്കേതം.ഇങ്ങനെയുള്ള ലോകത്തിലെ ഒരേ ഒരു അനാഥാലയം എന്നാണ് ഗൂഗിൾ മാമൻ പറയുന്നത്. 

അവിടത്തെ പ്രധാന കാഴ്ച എന്ന് പറയുന്നത് ആനകൾ കുളിക്കാൻ പോകുന്നതാണ്.

രാവിലെ ഒരു പത്ത് പത്തര ഒക്കെ ആവുമ്പോൾ സ്കൂളിലെ പിള്ളേര് ലൈൻ ആയി അസംബ്ലിക്ക് പോകുന്ന പോലെ ആനകൾ എല്ലാം കൂടി നിര നിരയായി നടന്നു പോകും .റോഡിൻ്റെ ഒരു വശത്തെ സങ്കേതത്തിൽ നിന്നും മറു വശത്ത് ഒരു ചെറിയ വഴിയിലൂടെ നടന്ന് അങ്ങേ അറ്റത്തുളള പുഴയിൽ കുളിക്കാൻ പോകുന്നതാണ്. അവർ വരാൻ സമയം ആകുമ്പോൾ അവിടുത്തെ ജീവനക്കാർ വന്നു ഇടവഴിയുടെ ഇരു വശത്തും നിരന്ന് നിൽക്കും..കൂടെ നമ്മൾക്ക് നിർദ്ദേശവും തരും... ആന ചവിട്ടി ചമ്മന്തി ആവണ്ട എന്നുണ്ടെങ്കിൽ വഴിയുടെ അരികിലേക്ക് കയറി നിന്നോ എന്ന്. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഓടി പോയി വശത്തെ മൺ തിട്ടയിൽ കയറി നിന്നു. പിള്ളേരെ ഒക്കെ പൊക്കി കൊണ്ട് വരാൻ അവരുടെ അച്ഛൻ ഉണ്ടല്ലോ. പിറകെ അവര് മൂന്നും എത്തി. "അമ്മ ആദ്യമേ ഓടിയോ" എന്ന മൂത്തവളുടെ ചോദ്യം ഞാൻ അവഗണിച്ചു. ആന കാര്യത്തിൻ്റെ ഇടയിലാ അവളുടെ ചോദ്യോത്തരം. 

കുറച്ച് നേരം കഴിഞ്ഞപ്പോ ദൂരെ നിന്ന് വിസിൽ ശബ്ദം കേട്ട് തുടങ്ങി. കരി വീരന്മാരുടെ വരവായി. കൂട്ടം കൂട്ടമായി നൂറോളം ആനകൾ വഴി നിറഞ്ഞു വരുന്നു. ചങ്ങല ഒന്നും കൊണ്ട് ബന്ധിച്ചിട്ടില്ല അവരെ. സന്തോഷമായി തലയും ആട്ടി കുലുങ്ങി കുലുങ്ങി വരികയാണ് അവർ. കുട്ടി ആനകൾ മുതൽ തലയെടുപ്പുള്ള സീനിയർ സിറ്റിസൺസ് വരെ ഉണ്ട് കൂട്ടത്തിൽ. വഴി ചെറിയ ഇറക്കം ആയത് അവരെല്ലാം കൂടി കുളിക്കാൻ വേണ്ടി ഓടി പോകുന്ന പോലെ തോന്നും . കുറെ നേരത്തിനു ശേഷം  പുഴയിലെ കുളി കഴിഞ്ഞ് ദേഹത്ത് പൊടി ഒക്കെ കളഞ്ഞു നല്ല കറു കറുത്ത ശരീരവുമായി അവർ തിരിച്ചു പയ്യെ നടന്നു പോക്ക് തുടങ്ങും . പോകുന്നത് വളരെ പതിയെ പതിയെ വഴിയുടെ അരികിൽ നിറഞ്ഞു നിൽക്കുന്ന ആളുകളെ  ഒക്കെ നോക്കി അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടാണ്. പല ആനകളും നമ്മളെ നോക്കി ചിരിക്കുന്നു എന്ന് തോന്നും .

മൃഗ സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത എനിക്കും പോലും അവയോട് വാത്സല്യം തോന്നി ഈ കാഴ്ചകൾ കണ്ടപ്പോൾ. 

പിന്നാവാലക്ക് ഉള്ളിലും ആനകളെ അടുത്ത് കാണാനും അവയ്ക്ക് പഴം കൊടുക്കാനും ആനപ്പുറത്ത് കയറാനും ഒക്കെ ഉള്ള അവസരം ഉണ്ട് . പഴം കൊടുക്കുന്നത് വരെ ഒക്കെ എനിക്ക് സഹിക്കാൻ പറ്റും. എന്നാലും ആന പ്പുറത്ത് കയറാൻ അത്ര ധൈര്യം പോര. പിള്ളേരും അച്ഛനും തയ്യാറായി നിൽക്കുന്നു.. ഞാൻ മാത്രം വേണ്ടെന്ന് പറഞാൽ പിന്നെ ആരും കയറേണ്ട എന്നാവും . രസം കൊല്ലി ആകാൻ താൽപര്യം ഇല്ലാത്ത കൊണ്ടും കുളി സീൻ കണ്ടപ്പോൾ ശ്രീലങ്കയിലെ ആനകൾ വെറും പാവങ്ങൾ ആണെന്ന് തോന്നിയത് കൊണ്ടും ഞാൻ ആ സാഹസത്തിന് മുതിർന്നു.

നല്ല ഗാംഭീര്യം ഉള്ള ആന. കൂടെ ഒരു കൊച്ചു ചെറുക്കൻ ആനക്കാരനും ഉണ്ട് . അവൻ മുകളിലേക്ക് കയറാനുള്ള വിദ്യ പറഞ്ഞു തരുന്നു. ആനയുടെ കാലിൽ ചവിട്ടി തോളിൽ ചവിട്ടി അങ്ങു കയറുക. സിമ്പിൾ! ആ ഭീമാകാരൻ്റെ അടുത്തേക്ക് എത്തിയതും എനിക്കാണേൽ കാലും കയ്യും വിറക്കുന്ന പോലെ. അത് ഞങ്ങളെയൊക്കെ നോക്കുന്ന പോലെ. കൂട്ടത്തിൽ കുറച്ചധികം ഭാരക്കൂടുതൽ ഉള്ള എന്നെ അൽപ്പം കൂടുതൽ നേരം നോക്കിയോ എന്നൊക്കെ ഒരു സംശയം. 

എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി എൻ്റെ ചെറിയ മകൾ. 

"ഞാൻ അമ്മയുടെ കൂടെ അല്ലേ ഇരിക്കുന്നത്?" .

അയ്യോ. ഞാൻ തന്നെ വിറച്ച് നിൽക്കുകയാണ്. കൊച്ചിനെ കൂടെ ഇരുത്തേണ്ടി വരുമോ? ഞാൻ കൂടുതൽ തളർന്നു. 

ആനക്കാരൻ രക്ഷക്ക് എത്തി. ചെറിയ മകൾ ഏറ്റവും മുന്നിൽ, പിന്നെ ഭർത്താവ്, പുള്ളിയുടെ പിറകിൽ ഞാൻ ,പിന്നെ മൂത്ത മകൾ. ഇങ്ങനെ വേണം ഇരിക്കാൻ എന്ന് അവൻ. 

നിമിഷ നേരത്തിനകം ഭർത്താവും ചെറിയ മോളും ചാടി കയറി ഇരിപ്പായി. എന്നിട്ട് എന്നോട് പറയുന്നു " കേറി വാ, എളുപ്പം ആണ് " എന്ന്. കൊച്ചിനെയും പിടിച്ച് ഇരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് എഴുന്നള്ളത്ത് സമയത്ത് വിഗ്രഹവും കൊണ്ട് ഇരിക്കുന്ന പൂജാരിയെ ഓർമ വന്നു. ചിരിച്ചില്ല, പേടി കൊണ്ട് വായ തുറക്കാൻ പോലും വയ്യല്ലോ. 

പയ്യൻ്റെ കുറെ നേരത്തെ ഡെമോ ക്ലാസും മൂത്ത മോളുടെ ഉന്തും തള്ളും ഒക്കെ കൊണ്ട് ഒരു പത്ത് മിനുട്ട് നേരത്തെ അധ്വാനം കൊണ്ട് എങ്ങനെയൊക്കെയോ ഞാൻ അതിൻ്റെ പുറത്ത് പൊത്തി പിടിച്ചു കയറി. ഒറ്റ മിനുട്ട് കൊണ്ട് മൂത്തവളും ചാടി കയറി പറ്റി. 

ഇത്രയും നേരം ഇതിൻ്റെ പുറത്ത് കയറുന്നത് ആണ് പാടെന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറുക്കൻ ആനയോട് നടക്കാൻ പറയുന്നു. അത് പയ്യെ അനങ്ങി തുടങ്ങി. ആന പതിയെ ആണ് നടക്കുന്നത് എന്ന് ഇനി മേലാൽ ഞാൻ പറയില്ല.  നടക്കാൻ വേണ്ടി അതിൻ്റെ നട്ടെല്ലിലെ എത്ര കശേരുക്കൾ അനങ്ങും എന്ന് ഞാൻ അന്ന് പഠിച്ചു. മൊത്തത്തിൽ ഉള്ള കുലുക്കത്തിൽ ഞങ്ങൾ തെറിച്ച് താഴെ വീഴും എന്നെനിക്ക് തോന്നി. 

"അയ്യോ...അവളെ മുറുകെ പിടിക്കണെ" എന്ന് ഭർത്താവിനോട് പറഞ്ഞു കരയുന്നുണ്ട്. 

"നീ എന്തിലെങ്കിലും മുറുകെ പിടിക്കു" മൂത്ത മോളോട് ആണ്. പുറകിൽ ഇരിക്കുന്ന അവള് അറ്റത്ത് നിന്ന് ഊർന്നിറങ്ങി പോകുമോ എന്നാണ് മാതൃ ഹൃദയത്തിൻ്റെ ഭയം.

അവള് ചിരിച്ചു കൊണ്ട് " ഇതിൻ്റെ പുറത്ത് എന്തിൽ പിടിക്കാൻ ആണ് അമ്മേ? ഒന്ന് പേടിക്കാതെ ഇരിക്കൂ" . പന്ത്രണ്ട് വയസ്സിൽ എന്നെ ഉപദേശിക്കുന്ന സന്താനത്തിനോട് എന്ത് പറയാനാ ?

ഞാൻ കണ്ണ് മുറുക്കെ അടച്ചു പിടിച്ച് ഇരിപ്പായി. നിന്ന ഇടത്ത് നിന്ന് ഒരു പത്ത് അടി ദൂരെ ഉള്ള മരം വരെയാണ് യാത്രയെന്ന് ഏകദേശം പിടി കിട്ടി. മരത്തിൻ്റെ അടുത്ത് എത്തിയോ എന്ന് ഞാൻ ഇടക്കിടെ ഒളിഞ്ഞു നോക്കും. 

അങ്ങനെ ഒരു അഞ്ചാറ് മിനുട്ട് നീണ്ടു നിന്ന എൻ്റെ എഴുന്നള്ളത്ത് അവസാനിക്കാറായി. അപ്പോഴാണ് ചെറുക്കൻ അവൻ്റെ ഭാഷയിൽ എന്തോ പറഞ്ഞതും ഉടനെ നമ്മുടെ ഗജ രാജൻ തുമ്പി ക്കയ്യും മുൻ കാലുകളും ഉയർത്തി ഉറക്കെ ഒന്ന് ചിന്നം വിളിച്ചതും ഒപ്പം കഴിഞ്ഞു. ഞാനും കൂടെ ഉറക്കെ നിലവിളിച്ചു. എൻ്റെ ശബ്ദം ആവണം അവിടെ മൊത്തം മുഴങ്ങി കേട്ടത്. 

എല്ലാവരും വരി വരിയായി പിറകിലേക്ക് വീഴും എന്നാണ് എനിക്ക് തോന്നിയത്. 

ഒന്നും സംഭവിക്കാത്ത പോലെ ആന സാദാ സ്ഥിതിയിലേക്ക് തിരിച്ചെത്തി. ഞാൻ ഒറ്റ ചാട്ടത്തിൽ താഴെ ഇറങ്ങി എന്നാണ് തോന്നുന്നത്. ഇറങ്ങിയത് എങ്ങനെ ആണെന്ന് ഒരു ഓർമ്മയും ഇല്ല. 

എൻ്റെ ഈ ബഹളവും വെപ്രാളവും ഒക്കെ കണ്ട് ആനക്കാരൻ പയ്യന് കുറെ നേരത്തേക്ക് ചിരി നിർത്താൻ വയ്യായിരുന്നു. എൻ്റെ വീട്ടുകാരൻ്റേം പിള്ളേരുടെയും കാര്യം പിന്നെ പറയേണ്ടല്ലോ. 

"വാൽ" കഷ്ണം :

തിരിഞ്ഞ് നടക്കാൻ നേരം ഞാൻ ആനയുടെ മുഖത്തേക്ക് നോക്കി. അത് എന്നോട് ആന വാൽ എങ്ങാനും വേണോ ചേച്ചീ എന്ന് ചോദിക്കുന്ന പോലെ തോന്നി. എന്നോട് അത്രയും സ്നേഹം ആ ഗജ കേസരിക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ


 

 








Monday, January 4, 2021

അമിതാബ് ബച്ചൻ്റെ ഒപ്പമുള്ള ന്യൂ ഇയർ

അമിതാബ് ബച്ചൻ്റെ ഒപ്പമുള്ള ന്യൂ ഇയർ 

ജീവിതത്തിൻ്റെ ആദ്യകാല പുതു വർഷങ്ങൾ എങ്ങനെയായിരുന്നു എന്ന് ഓർമ്മയില്ല. ആറിലോ എഴിലോ ആയ കാലം മുതലാണ് ക്രിസ്മസും ന്യൂ ഇയറും  ഒരമ്മ പെറ്റ അളിയമ്മാരെ പോലെ ഒന്നിച്ച് വരുന്നത് ആണെന്നും ഇതൊക്ക ആഘോഷിക്കാൻ ചില അംഗീകരിക്കപ്പെട്ട രീതികൾ ഉണ്ടെന്നും  മനസ്സിലായത്. സത്യത്തിൽ അതിനു നമ്മുടെ ദൂരദർശൻ വഹിച്ച പങ്ക് ചെറുതല്ല. 

ഞാൻ രണ്ടിൽ പഠിക്കുന്ന വർഷമാണ് വീട്ടിൽ ടി വി എത്തിയത് . പതിയെ പതിയെ അതിൽ പറയുന്ന ഭാഷ യൊക്കെ പിടി കിട്ടി വന്നപ്പോൾ കുറെ വർഷങ്ങൾ കഴിഞ്ഞ് പോയി.  ഡിസംബർ പകുതി ആകുമ്പോ തന്നെ പരസ്യങ്ങൾ തുടങ്ങും. ന്യൂ ഇയർ ഇതാ എത്തുകയായി, ഇനി പത്ത് ദിവസങ്ങൾ മാത്രം .. ഞങ്ങള് ഒരുക്കുന്ന വിസ്മയിപ്പിക്കുന്ന ദൃശ്യ വിരുന്ന് ഇതാ എത്തുന്നു എന്നൊക്കെയാണ് ബഹളം.. അന്ന് പരസ്യം വരുമ്പോൾ ചാനൽ മാറ്റൽ ഇല്ല. ബട്ട് വൈ? മാറ്റാൻ വേറെ ചാനൽ ഇല്ല, അത്ര തന്നെ. 

മുപ്പത്തി ഒന്നിന് രാത്രി പത്തര മുതൽ പന്ത്രണ്ട് വരെ ഞാനും അനിയനും (മിക്കവാറും അമ്മയും) കണ്ണും മിഴിച്ച് ഇതിൻ്റെ മുന്നിൽ കുത്തി ഇരിക്കും. അർദ്ധ രാത്രി വർഷം പിറക്കാനുള്ള കൗണ്ട് ഡൗൺ കാത്ത്. ഹൊ , അന്നേരം കറൻ്റ് എങ്ങാനും പോയാൽ പിന്നെ ആ വർഷം എങ്ങനെ പിറക്കും? അഥവാ പിറന്നാൽ തന്നെ മോശം ആയിരിക്കും. ഇതൊക്കെ ആയിരുന്നു അന്നത്തെ വിശ്വാസ പ്രമാണങ്ങൾ. ആ കുഞ്ഞു സ്ക്രീനിൽ നിന്ന് എത്രയോ തവണ  അമിതാബ് ബച്ചനും ഹേമ മാലിനിയും ഒക്കെ ഞങ്ങളുടെ കൂടെ പുതു വർഷം ആഘോഷിച്ചു. അവരൊക്കെ സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച് പുതു വർഷത്തെ വരവേൽക്കാൻ ഞങ്ങടെ വീട്ടിൽ വരുന്നത്  ആലോചിച്ച് ഞാൻ പുളകിതയാകും പലപ്പോഴും.

വളർന്നു വന്നപ്പോൾ പുതു വർഷം ആശംസ കാർഡുകളുേടേത് കൂടി ആയി. കാർഡ് കൊടുക്കുന്നതും കിട്ടുന്നതും പുതു വർഷ സന്തോഷങ്ങൾ ആയി.ഏകദേശം ഒരു മാസം മുൻപ് തന്നെ വീട്ടിൽ ബജറ്റ് അവതരിപ്പിക്കും. സെപ്റ്റംബർ മുതൽ നമ്മുടെ ഗുഡ് ബുക്കിൽ ഉള്ള കൂട്ടുകാരെ മാത്രമേ ഈ കാർഡ് ദാന പരിപാടിയിൽ ചേർക്കൂ. സെപ്റ്റംബറിൽ നടക്കുന്ന എൻ്റെ പിറന്നാള് മുട്ടായി വിതരണത്തിൽ നല്ല ആശംസകൾ നേരുന്നവർക്ക് പ്രത്യേക പോയിൻ്റ്സ് ഉണ്ട്. ഇതൊക്കെ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇവരെ ഒക്കെ കൂടാതെ കേരളത്തിന് പുറത്തുള്ള ബന്ധുക്കൾക്കും കാർഡുകൾ അയക്കും.

പൈസ ഒപ്പിച്ച ശേഷം വീടിന് അടുത്തുള്ള ഗ്രീറ്റിങ് കാർഡ് കടയിലേക്ക് യാത്രയാകും . കൂടെ അനിയനും കാണും അന്നൊക്കെ . നിര നിരയായി പല നിറത്തിലും തരത്തിലും ഉള്ള കാർഡുകൾ അടുക്കി വച്ചിരിക്കുന്ന ഒരു കുഞ്ഞു കട. ഓരോ കൂട്ടുകാർക്കും ഓരോ തരം കാർഡ് എടുക്കും. എഴുത്ത്കൂടുതൽ ഉള്ളത്, കുറവ് ഉള്ളത്, പടം ഉള്ളത് , സംഗീതം പൊഴിക്കുന്നത്, ത്രീ ഡി എഫക്റ്റ് ഉള്ളത് അങ്ങനെ അങ്ങനെ എത്രയോ തരം കാർഡുകൾ . സെൽഫ് സർവീസ് എന്ന പരിപാടി തുടങ്ങിയത് തന്നെ ഇങ്ങനെ ഉള്ള ആശംസ കാർഡുകൾ വിൽക്കുന്ന കടകളിൽ ആയിരിക്കും നമ്മുടെ നാട്ടിലൊക്കെ. 

കൂട്ടുകാർക്ക് കാർഡ് അയച്ചു കഴിഞ്ഞാൽ പിന്നെ പോസ്റ്റ്മാനെയും കാത്തുള്ള ഇരിപ്പാണ്. ഡിസംബർ പാതി ആവുമ്പോൾ തന്നെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നിന്നും എല്ലാ വർഷവും കൃത്യമായി എത്തുന്ന എയർ ഫോഴ്സ് ലെ ചിറ്റപ്പൻ്റെ  കാർഡ് മുതൽ ജനുവരി പത്താം തിയതി എവിടെയെങ്കിലും ഒക്കെ കറങ്ങി തിരിഞ്ഞ് നമ്മളെ തേടി എത്തുന്ന ഏതെങ്കിലും ഊരുതെണ്ടി കാർഡും ഒക്കെ പുതുവർഷത്തിൻ്റെ കുഞ്ഞു സന്തോഷങ്ങൾ ആയിരുന്നു. 

കൂടുതൽ പുതു വർഷങ്ങൾ ആഘോഷിച്ച കാരണം ഞാനും അനിയനും വളർന്നു വലുതായി. ദൂരദർശനും ആശംസ കാർഡുകളും അല്ലാതെ പുറത്തും പുതു വർഷം ആഘോഷിക്കാം എന്ന് പത്താം ക്ലാസ്സ് ഒക്കെ കഴിഞ്ഞതോടെ അനിയൻ എന്നെ പഠിപ്പിച്ചു. ടിവിയില് ഷാരുഖ് ഖാൻ വന്നാലും ശില്പ ഷെട്ടി വന്നാലും അവന് മൈൻഡ് ഇല്ലാതായി. അപ്പോഴും അർത്ഥ രാത്രി വരെ കൗണ്ട് ഡൗൺ കാത്തിരിക്കുന്ന എന്നെ അവന് പരമ പുച്ഛവും.

കല്യാണം കഴിഞ്ഞപ്പോൾ എൻ്റെ മനസിലെ പുതു വർഷത്തിന് പുതുമാനങ്ങൾ വന്നു. രണ്ടു പേരും കൂടി ഏതെങ്കിലും മലയുടെ മുകളിൽ കയറി ഇരുന്നു ദൂരത്ത് പുതു വർഷം പൊട്ടി വിടരുന്നത് കാണാം എന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്നെ പുള്ളിക്കാരൻ ഞെട്ടിച്ചു കളഞ്ഞു. അദേഹത്തിന് സ്ഥിരം പുതു വർഷ പരിപാടി എന്നാല് കൂട്ടുകാരുടെ ഒപ്പമുള്ള യാത്ര ആണത്രേ. അതിനു ഭംഗം വരുത്തിയാൽ എന്തോ ദൈവ കോപം വരും എന്ന് എന്നെ പറഞ്ഞു മനസിലാക്കി ആദ്യത്തെ വർഷം അദ്ദേഹവും കൂട്ടുകാരും ബോണക്കാട് എന്ന ഒരു പ്രദേശത്ത് ന്യൂ ഇയർ പൊട്ടി വിടരുന്നത് കാണാൻ പോയി. ഞാൻ  ആ വാശിക്ക് ന്യൂ ഇയർ മമ്മൂട്ടിയുടെയൊ മോഹൻ ലാലിൻ്റെ യൊ കൂടെയാണ് ആഘോഷിച്ചത്.. അപ്പോഴേക്കും മലയാള ചാനലുകൾ എത്തി കഴിഞ്ഞിരുന്നു. 

കാലം കടന്നു പോയി. നാട് വിട്ട് പ്രവാസി ആയി മാറി. മക്കൾ വളർന്നു തുടങ്ങി. കൂട്ടുകാർ കുടുംബമായി മാറി . ഈയടുത്ത കുറെ വർഷങ്ങളായി എല്ലാ പുതുവർഷവും കൂട്ടുകാരുടെയും അവരുടെ കുടുംബങ്ങളുടെയും കൂടെയാണ്. ഞങ്ങളുടെ വീടാണ് എല്ലാവർക്കും ഉള്ള താവളം. ഒരു വർഷത്തെ മുഴുവൻ ടെൻഷനും വിഷമങ്ങൾക്കും അവധി കൊടുക്കുന്ന രണ്ടു ദിവസങ്ങൾ ആണ് . ഇപ്പൊൾ വീട്ടിൽ ഇരുന്നു തന്നെ ഇവിടത്തെ ന്യൂ ഇയർ ആഘോഷങ്ങൾ എല്ലാം കാണാം . എല്ലാ വിധ പരിപാടികളിലും പങ്കെടുക്കാം. പക്ഷേ കൂടെ കൂടാൻ യാത്രാ വിലക്കുകൾ കാരണം കൂട്ടുകാർക്ക് എത്താൻ പറ്റില്ല.

ഒരു ബുദ്ധിമുട്ടേറിയ വർഷം കഴിഞ്ഞ് പുതിയ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസിലാകുന്നു. ടിവിയോ ആശംസാ കാർഡോ യാത്രകളോ ഒന്നുമല്ല പുതുവർഷത്തെ സന്തോഷകരം ആക്കുന്നത്. കുടുംബത്തിൻ്റെയും കൂട്ടുകാരുടെയും കൂട്ടാണ്. അവരുടെ കൂടെ ചിലവഴിക്കാൻ സാധിക്കുന്ന സമയമാണ്.

എല്ലാ മുഖം മൂടികളും അഴിച്ചു വച്ച് നിറഞ്ഞ സന്തോഷത്തോടെ  നമുക്കെല്ലാം പ്രിയപ്പെട്ടവരെ വീണ്ടും കണ്ടു മുട്ടാൻ ഉള്ള അവസരം ഈ പുതു വർഷത്തിൽ കിട്ടട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇത്തവണ. അവരുടെയൊക്കെ ആരോഗ്യമാണ് ഏറ്റവും വില കൂടിയ സമ്മാനം.

നന്ദി പ്രകാശനം - 

കെട്ടിയോൻ  പിന്നീടുള്ള എല്ലാ പുതു വർഷങ്ങളും എൻ്റെം പിള്ളേരുടെയും കൂടെയാണ് ആഘോഷിച്ചത്. അതിനു ഞാൻ ബോണക്കാട് ഉള്ള "അട്ട"കൾക്ക് പ്രത്യേക  നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. പാവപ്പെട്ട മനുഷ്യൻ്റെ കാലു മൊത്തം കടിച്ചു ചൊറിഞ്ഞു വന്നു ആ യാത്രക്ക് ശേഷം. അത് കാരണം സാഹസിക യാത്രകൾ നിറുത്താൻ തീരുമാനിച്ചു പുള്ളിക്കാരൻ. 



 







സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...