അമ്മയുടെ ഗാർഡൻ സാരികൾ
നാൽപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ പതിമൂന്നിനായിരുന്നു അച്ഛൻ ഞങ്ങളുടെ അമ്മയെ കല്യാണം കഴിച്ചത്..
അച്ഛൻ ഉണ്ടായിരുന്ന കാലം വരെയുള്ള അവരുടെ എല്ലാ വാർഷികങ്ങളും ഞങ്ങളുടെ വീട്ടിൽ ആഘോഷങ്ങൾ ആയിരുന്നു. എന്ത് വിശേഷം വന്നാലും , അതിപ്പോ പിറന്നാള് ആയാലും ആനിവേഴ്സറി ആയാലും എല്ലാവർക്കും പുതിയ ഉടുപ്പ് കിട്ടും. അതായിരുന്നു അച്ഛൻ്റെ രീതി.
അത് കൊണ്ടെന്താ, ഞങ്ങൾ കുട്ടികളും എല്ലാ വിശേഷ ദിവസങ്ങളും ഓർത്തു വയ്ക്കാൻ ചെറുപ്പത്തിലേ പഠിച്ചിരുന്നു.
അച്ഛന് കൂടുതലും കേരളത്തിന് പുറത്ത് ആയിരുന്നു ജോലിയെങ്കിലും ഈ ദിവസം കൃത്യമായി ലീവ് എടുത്ത് വീടെത്തും. വന്നു കേറിയ ഉടൻ പെട്ടി എടുത്ത് കട്ടിലിൽ വച്ചിട്ട് എല്ലാവരെയും വിളിക്കും അച്ഛൻ. പുത്തൻ ഉടുപ്പും മധുര പലഹാരങ്ങളും കിട്ടും എന്നറിയാവുന്നത് കൊണ്ട് ഞാനും അനിയനും അവിടെയൊക്കെ തന്നെ കറങ്ങി നിൽപ്പുണ്ടാവും,ബോബനും മോളിയും കഥയിലെ പട്ടിയെ പോലെ. എടുത്ത് തരുന്ന മുന്നേ ഞങ്ങൾ സമ്മാനങ്ങൾ ചാടി പിടിക്കും . ഇതൊക്കെ കഴിഞ്ഞാണ് അമ്മയുടെ സാരി പുറത്ത് വരിക. അന്നൊക്കെ സാധാരണ സാരികൾക്ക് ഇരുനൂറു രൂപയോ മറ്റോ വില ഉള്ളപ്പോൾ അമ്മക്ക് വേണ്ടി അഞ്ഞൂറ് രൂപയ്ക്ക് ഒക്കെ സാരികൾ വാങ്ങിയിരുന്നു അച്ഛൻ, അതും അന്നത്തെ ടോപ് ഫാഷൻ ' ഗാർഡൻ വരേലി' സാരികൾ. അടുത്ത ദിവസം തന്നെ പുതിയ ഇവിടെ എങ്കിലും പുറത്തേക്ക് പോകുക എന്നതും നമ്മുടെ കുടുംബ രീതിയായിരുന്നു. ഓരോ തവണയും പുതുതായി വരുന്ന സാരികൾ പഴയതിനേക്കാൾ മികച്ചത് ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല ഭംഗിയുള്ള സാരികൾ.. പല പല നിറങ്ങളിൽ.. പല പല ഡിസൈനുകളിൽ ... അച്ഛൻ ഇങ്ങനെ മുന്നറിയിപ്പ് ഇല്ലാതെ കൊണ്ട് വരുന്ന സാരികൾ അടുത്ത ദിവസം തന്നെ ഉടുക്കാൻ അമ്മക്ക് സ്ഥിരമായി ഒരു കറുത്ത ബ്ലൗസ് പോലും ഉണ്ടായിരുന്നു. അതീവ സൗന്ദര്യമുള്ള സാരിയുടെ കൂടെ ഈ കറുപ്പ് അണിഞ്ഞു അതിൻ്റെ ഭംഗി കളയും എന്ന് കുറച്ച് വളർന്ന ശേഷം ഞാൻ പലപ്പോഴും കളിയാക്കിയിരുന്നു .
അതൊക്കെ കേട്ട് എന്നെ നിസ്സാരമായി ചിരിച്ചു കാണിച്ചിട്ട് ആ സാരിയും ഉടുത്ത് വന്നു നിൽക്കുമ്പോൾ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന തിളക്കം ഒന്ന് വേറെ തന്നെ ആയിരുന്നു.
വളർന്നു തുടങ്ങിയപ്പോൾ ഞങ്ങൾക്കുള്ള തുണിയെടുപ്പ് കടയിലേക്ക് മാറിയെങ്കിലും അമ്മയ്ക്കുള്ള സാരികൾ അച്ഛൻ്റെ പെട്ടിയിൽ കയറി വീട്ടിലേക്ക് വന്നു കൊണ്ടേയിരുന്നു.എല്ലാ വിശേഷ ദിവസങ്ങളിലും.
രണ്ടായിരത്തി രണ്ടിന് ശേഷവും ഡിസംബറുകൾ വന്നുവെങ്കിലും അച്ഛനും അച്ഛൻ്റെ പെട്ടിയും അതിലെ സാരികളും വന്നില്ല. അച്ഛൻ പോയ ശേഷം അമ്മ ഒരിക്കലും ഗാർഡൻ സാരികൾ വാങ്ങിയില്ല . ഞങ്ങൾ മക്കളും മരുമക്കളും വഴി പല തരം സാരികൾ അമ്മയുടെ കയ്യിൽ എത്തിക്കാണുമെങ്കിലും അമ്മയ്ക്ക് ചേരുന്നത് വാങ്ങാൻ അച്ഛന് ഉണ്ടായിരുന്ന കഴിവ് ഞങ്ങൾക്ക് ഇപ്പോഴും ഉള്ളതായി എനിക്ക് തോന്നാറില്ല. അതോ, അവയ്ക്കൊന്നും അമ്മയുടെ മുഖത്തെ ആ തിളക്കം തിരികെ തരാൻ കഴിയാത്തതാണോ? അറിയില്ല...
വീണ്ടും ഒരു ഡിസംബർ പതിമൂന്ന്.. അച്ഛൻ കൂടെയില്ലാത്ത പതിനെട്ടാമത്തെ വർഷം... സമ്മാനവും കൊണ്ട് ചിരിച്ചു കൊണ്ട് കയറി വരാനും പുതിയ ഉടുപ്പുകൾ ഒക്കെ ഇടീച്ച് കൂടെ കൊണ്ട് നടക്കാനും കഴിയുന്നില്ല എങ്കിലും അച്ഛൻ്റെ കരുതലിൻ്റെ പുതപ്പ് ഞങ്ങളെ എല്ലാവരെയും പൊതിയുന്നുണ്ടാവാം. പുതു മണമുള്ള നനുത്ത ഗാർഡൻ സാരികൾ പോലെ...
ശ്രീജ പ്രവീൺ
No comments:
Post a Comment