Total Pageviews

Monday, September 28, 2020

ലൂസിയ യിലെ നാരങ്ങാ വെള്ളം


"നല്ല വണ്ണം ഞെക്കി പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ"...അമ്മയുടെ വക നിർദേശം ആണ്.. രംഗം തിരുവനന്തപുരത്തെ ലൂസിയ ഹോട്ടൽ.. 80 കളിൽ നടന്ന സംഭവം ആണ്..

ഏതോ പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ അച്ഛനും അമ്മയും എന്നേം അനിയനേം കൂട്ടി ആഘോഷിക്കാൻ ഇറങ്ങിയത് ആണ്. പൊതുവേ ആഘോഷം എന്നാല് ഞങ്ങൾക്ക് ഫുഡ് ആണ്.. കുട്ടിക്കാലത്തെ നല്ല 
ഓർമകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏത് എങ്കിലും ഹോട്ടലിലെ ചിക്കൻ ഫ്രൈ യിലോ ബിരിയാണി യിലോ ആയിരിക്കും.. ഓരോ ഹോട്ടലിലും ഉള്ള സ്പെഷ്യൽ ഡിഷ് അവിടത്തെ വെയിറ്റർ നേ ക്കളും ഞങ്ങൾക്ക് അറിയാമായിരിക്കും.. പുതിയ സ്റ്റാഫ് നേ ഒക്കെ  ട്രെയിൻ ചെയ്യുന്നത് നമ്മളും കൂടെ ചേർന്നാണ് എന്ന് വേണേൽ പറയാം.. അച്ഛന്റെ പ്രൊമോഷൻ അനുസരിച്ച് ഹോട്ടലിന്റെ നിലവാരവും ഉയർന്നു വന്നു.. അങ്ങനെ പറന്ന് പറന്ന് ആണ് ലൂസിയ മോഹം തോന്നിയത്.. 
അന്ന് തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ റെസ്റ്റോറന്റ്  ആണ് ലൂസിയ.. അവിടത്തെ ബുർജ് അൽ‌ അറബ്.. .. നേരത്തെ തന്നെ അണികൾക്ക് , അതായത് എനിക്കും ബ്രോ ക്കും സ്റ്റഡി ക്ലാസ് ഒക്കെ തന്നിരുന്നു.. അവിടെ ചെന്ന് നിന്റെയോന്നും ഫ്രാഡ് കൾ പുറത്ത് ഇറക്കരുത്.. ആക്രാന്തം പാടില്ല.. വെയിറ്റർ പോയ ശേഷമേ തീറ്റ തുടങ്ങാവൂ.. കോഴി കാലിന് വേണ്ടി പിടി വലി കൂടരുത്.. അടുത്ത ടേബിളിൽ ഇരിക്കുന്ന മാമൻ കഴിക്കുന്നത് നോക്കി വെള്ളം ഇറക്കരുത് ..
എന്നിങ്ങനെ  പല വിധ നിബന്ധനകൾ എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാണ് പോക്ക്..ഏറ്റവും നല്ല ഉടുപ്പ് ഒക്കെ എടുത്ത് അണിഞ്ഞു എല്ലാവരും
..കയറ്റി വിട്ടില്ല എങ്കിലോ? ഒരുക്കം എല്ലാം കഴിഞ്ഞ് അച്ഛൻ എല്ലരേം ഒന്ന് നോക്കി.. ലാസ്റ്റ് വാണിങ്ങും തന്നു.. ഇനി തിരിച്ചും മറിച്ചും ചോദിച്ചാലും നമ്മൾ മിഡിൽ ക്ലാസ്സ് ആണെന്ന് പറയരുത് കേട്ടോ.. അങ്ങനെ നമ്മൾ ഫുൾ സെറ്റ് അപ്പിൽ ചെന്ന് കയറി..

ഉച്ച കഴിഞ്ഞ നേരത്ത് ആണ് എത്തിയത്.. മെനു വിലെ വില നിലവാരം
 അച്ഛൻ ഒന്നേ നോക്കിയുള്ളു.. ഉടൻ തന്നെ പറഞ്ഞു " നമുക്ക് ചായ കുടിക്കാം അല്ലേ.. ഊണ് കഴിഞ്ഞു ആണല്ലോ വന്നത്.. " ഞാൻ അമ്മയെ നോക്കി..  "എന്ത്? , ഞാൻ ആണേൽ ഇൗ പരിപാടി പ്രമാണിച്ച് രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും നേരെ കഴിച്ചില്ല!!!" അമ്മ അച്ഛനെ നോക്കി " ശെരിയാണ്.. എന്തെങ്കിലും ലൈറ്റ് ആയി മതി " എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി. അതിന്റെ തർജ്ജമ ഇങ്ങനെ ആണ്.. ഇനി മിണ്ടിയാൽ  അടുത്ത കലാ പരിപാടി നൈസ് ആയി ഉള്ള തല്ലി തലോടൽ അഥവാ നുള്ളി പിച്ച് ആണ് മകളെ ... ഞാൻ ഉടനെ ഡീസന്റ് ആയി.. ചായ എങ്കിൽ ചായ.. പൊന്നോട്ടെ.. സ്റ്റാർ ഹോട്ടലിലെ ചായ അല്ലേ? എന്തൊക്കെയോ സ്നാക്ക്സ് കൂടെ പറഞ്ഞു .. 
വിഭവങ്ങൾ മേശപ്പുറത്ത് എത്തി തുടങ്ങി.. ഇൗ മുന്തിയ ഹോട്ടലുകളിലെ പാചക ക്കാർ കിലുക്കത്തിലെ ഇന്നസെന്റ് നേ പോലെ അല്ലേൽ പിണങ്ങി ഇരിക്കുന്ന ഭാര്യയെ പോലെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.. ചായ ഓർഡർ ചെയ്താൽ, പാലും പഞ്ചസാരയും ചായ പൊടിയും ഒക്കെ എടുത്ത് കൊണ്ട് വന്നു മേശപ്പുറത്ത് നിരത്തി വക്കും.. വേണെങ്ങിൽ ഉണ്ടാക്കി കുടിച്ചോ എന്ന മട്ടിൽ... ശെടാ... ഇവിടെ വന്നാലും നമ്മൾ തന്നെ പാചകം.. കൊള്ളാലോ ഏർപ്പാട്? എന്തായാലും അമ്മ ഹാപ്പി ആയി.. അവർ തൊഴുത് മാറി നിൽക്കുന്ന കണ്ട് ഉടനെ ചായ ഉണ്ടാക്കി തന്റെ കഴിവ് തെളിയിച്ചു. എന്തായാലും സ്നാക്ക്സ് ഒന്നും നമ്മൾ വേവിക്കണ്ട .. സന്തോഷം.. 

വെയിറ്റർ തിരിഞ്ഞതും ഞാനും അനിയനും മിന്നൽ വേഗത്തിൽ ചാടി വീണു.. മുന്നിൽ ഇരിക്കുന്ന പ്ലേറ്റ് ഉം അച്ഛന്റെ പേഴ്സും സെക്കൻഡുകൾ കൊണ്ട് കാലി ആയി. ഇത്രയും പൈസയും കൊടുത്തിട്ട് ആന വായിൽ അമ്പഴങ്ങ ആയല്ലോ ദൈവമേ എന്ന് ആലോചിച്ച് ഇരിക്കുന്ന നേരത്ത് വീണ്ടും അതാ വെയിറ്റർ പ്രത്യക്ഷപ്പെടുന്നു..ഒരു വലിയ താലം ഉണ്ട് കയ്യിൽ. നമ്മുടെ അടുത്തേക്ക് തന്നെ ആണ് വരവ്.. അടുത്ത് എത്തിയപ്പോൾ മനസിലായി അതിൽ നാല് ചെറിയ പിഞ്ഞാനം ആണ്. എന്തെങ്കിലും മധുരം ആവും.. നമ്മൾ സാദാ സര്ക്കാര് ഉദ്യോഗം ആണെന്നും ഇനി അടുത്തൊന്നും ഇങ്ങോട്ട് കയറാൻ സാധ്യത ഇല്ലെന്നും ഇവർക്ക് മനസിലായി കാണും.. അത് കൊണ്ട് ഫ്രീ ആയി മധുരം തന്നു വിട്ടേക്കാം എന്ന പ്ലാൻ ആവും .. ഞങൾ വീണ്ടും ഡീസന്റ് മുഖം പുറത്തെടുത്തു.. വെയിറ്റർ ചിരിച്ചു കൊണ്ട് വന്നു ഓരോരുത്തർക്കും ഓരോ പിഞ്ഞാണം മുന്നിൽ വച്ചിട്ട് പോയി. 

സൂക്ഷിച്ച് നോക്കിയപ്പോൾ ഗുലാബ് ജാമുൻ ഒന്നും അല്ല.. ഒരു നാരങ്ങ കഷണം ഉണ്ട് .. പാത്രത്തിന് നേരിയ ചൂടും ഉണ്ട്.. നാരങ്ങ വെള്ളം എങ്കിൽ അത്.. കളയുന്ന പരിപാടി ഇല്ല.. ഉപ്പും പഞ്ചസാരയും ഒന്നും കൂടെ കണ്ടില്ല.. വേണ്ട .. നാരങ്ങ മുറി നന്നായി പിഴിഞ്ഞു...പൊതുവേ ഞാനും ഫുഡും തമ്മിൽ തീൻ മേശയിൽ മാത്രമേ കാണാറുള്ളൂ എന്ന് അറിയാവുന്ന എന്റെ മാതാവ് എനിക്ക് തന്ന നിർദേശങ്ങൾ ആണ് ആദ്യം പറഞ്ഞത്.." നല്ല വണ്ണം ഞെക്കി പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ".. റെഡി ആയി വന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു .. ഇതിനിടയിൽ ബാത്റൂം ലേക്ക്‌ പോയ അച്ഛൻ ഇതും കണ്ട് അന്തം വിട്ടു പാഞ്ഞു വന്നു. എന്നിട്ട് ഞങ്ങളോട്  " അത് കുടിക്കാൻ ഉള്ളത് അല്ല.. കൈ കഴുകാൻ ഉള്ള ബൗൾ വാഷ് ആണ് കൺട്രികളെ " എന്ന് ... എന്റെ അത്രയും സ്പീഡ് ഫുഡ് അടിക്കുന്നതിൽ ഇല്ലാത്ത കാരണം അമ്മയും അനിയനും ഇൗ കേസിൽ പെട്ടില്ല. ഇപ്പോഴും വലിയ ഹോട്ടലുകളിൽ ബു ഫേക്ക് പോയാൽ 
ഏതൊരു പുതിയ ആഹാരവും ഒന്ന് സ്റ്റഡി ചെയ്തിട്ടേ ഞാൻ കഴിക്കൂ.. കൂടെ ഉള്ള ആരേലും അത് കഴിക്കുന്ന വരെ വെയിറ്റ് ചെയ്യും ..എന്നാലും ഇപ്പോഴും ബൗൾ വാഷ് കാണുമ്പോൾ ഞാൻ പഴയ കൺട്രി ഗേൾ ആകും ...  

മനം പോലെ മംഗല്യം... 
പിന്നീട് വർഷങ്ങൾ കഴിഞ്ഞു..ഞാൻ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്റെ ഭാര്യ ആയി മാറി.. ദുബൈ ഇലെ സഞ്ജീവ് കപൂറിന്റെ റെസ്റ്റോറന്റ് ..
 എന്റെ മഹാനായ പ്രിയതമൻ അദ്ദേഹത്തിന്റെ കമ്പനിയിലെ ഇന്റർനാഷണൽ ഡിന്നർ മീറ്റിംഗിൽ ആണ് .. ഓരോന്ന് ഓരോന്ന് ആയി സെവൻ കോഴ്സ് ഡിന്നർ വരുന്നു. വലിയ സെറ്റ് അപ്പ്‌ സ്റ്റൈലിൽ ആക മൊത്തം ഇരുട്ടാണ് ചുറ്റും. ആഹാരം പിന്നെ വായിൽ എത്തിയാൽ മതിയല്ലോ.. 
എല്ലാ വിഭവങ്ങളും വലിയ പരിചയം ഒന്നും ഇല്ല..എങ്കിലും പുള്ളിക്കാരൻ ഒന്നും വിടാതെ കഴിച്ചു നോക്കി കൊണ്ടിരുന്നു.. അവസാനം ഒരു സ്നാക്ക്സ് പോലെ ഒരു സാധനം എത്തി.. വെളുത്ത നിറത്തിൽ 
മുറുക്ക് പോലെ വട്ടത്തിൽ ഉരുട്ടി 
ഒരു പ്ലേറ്റിൽ ആണ്കൊണ്ട് വച്ചത്..ഇത് എങ്ങനെ കഴിക്കും എന്ന് വലിയ പിടി ഇല്ല.. മധുര പ്രിയൻ അല്ല ആള്.. ഒന്ന് കടിച്ചു നോക്കാം .. ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട എന്ന് വയ്ക്കാം എന്ന് ഉറപ്പിച്ചു.. പലഹാരം പൊടിയാതെ കയ്യിൽ എടുത്തു.. രസഗുള പോലെ സോഫ്റ്റ് ആണ്.. പതിയെ ഒരു വശത്ത് ഒന്ന് കടിച്ചു. ദേവിയെ!!!! കൈ തുടക്കണ ടിഷ്യു പേപ്പർ ആയിരുന്നു . അവന്മാർ അത് കലാപരമായി കൊണ്ട് വച്ചതാ..തൊട്ട് മുന്നിൽ ഉള്ള സീറ്റിൽ ആണേൽ  ബോസ് ഇരിക്കുന്നു. വായിൽ ആണേൽ ടിഷ്യൂ പേപ്പർ.. എന്ത് ചെയ്യും? നൈസ് ആയി ടിഷ്യൂ വിന്റെ മറു വശത്ത് പിടിച്ചു പയ്യെ വലിച്ചു... എന്നിട്ട് ബോസ് നേ നോക്കി " ഇത് കൈ കൊണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല.. സോ... " എന്ന് ഒരു ഡയലോഗ് കൂടെ അടിച്ചു വിട്ടു അത്രെ..
വീട്ടിൽ എത്തി വിഷമത്തോടെ അദ്ദേഹം എന്നോട് ഇൗ കഥ പറയുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.

നമ്മളാണ് ശെരിക്കും ജോഡി.. മെയ്ഡ് ഫോർ ഈച്ച് അദർ ... 

ശുഭം 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .,





Friday, September 18, 2020

ഷോയിബ് അക്തറിന്റെ കാൽ


 ഷോയിബ് അക്തറിന്റെ കാൽ .. 

ദാമ്പത്യ ജീവിതത്തിൽ ക്രിക്കറ്റിന്റെ പ്രാധാന്യം എത്രയാണ് എന്ന് നിങ്ങൾക്ക് അറിയാമോ?

വിവാഹം കഴിഞ്ഞ് എത്ര വർഷമായി ഓർമിക്കാൻ എളുപ്പ വഴി എത്ര ലോക കപ്പ് ഒന്നിച്ച് കണ്ടു് എന്ന് നോക്കിയാൽ പോരേ എന്ന് എന്നെ പഠിപ്പിച്ച ആളാണ് എന്റെ പ്രിയ ഭർത്താവ്. മൂത്ത മകളുടെ ജനന വർഷം അഡ്മിഷൻ ഫോമിൽ ഒക്കെ പൂരിപ്പികേണ്ടി വരുമ്പോൾ പുള്ളി ഓർമിച്ചെടുക്കും ഇന്ത്യ ഫൈനലിൽ  തോറ്റ് പുറത്തായ വർഷം ഏതാ? ഓ.. 2003 .. ഇളയ മോളുടെ ജനന തിയതി ആണെങ്കിലോ ഇന്ത്യ രണ്ടാമത്തെ വൺ ഡേ ലോക കപ്പ് ജയിച്ച ദിവസം ... ഏപ്രിൽ 2.. എന്റെ പിറന്നാളിന് ഇങ്ങനെ ഒന്നും സംഭവിക്കാത്ത കാരണം പാവം അത് മിക്ക വർഷവും മറക്കാറു ആണ് പതിവ്!! സ്വാഭാവികം ... കുറ്റം പറയാൻ പറ്റുമോ?

ആദ്യമൊക്കെ ഒക്കെ ചില ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ആള് നേരത്തെ എത്തും.. എന്നോട് വിളിച്ചു പറയും ഇന്ന് രാത്രി ഭക്ഷണം നമുക്ക് ഓർഡർ ചെയ്യാം. നിനക്ക് ഫ്രീ ആയി ഇരിക്കമല്ലോ എന്ന്.. ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി നടക്കും . ഞാൻ എത്ര ഭാഗ്യവതി !! 

വൈകുന്നേരം എത്തിയ ഉടനെ നമ്മുടെ നായകൻ നേരെ പോയി കൈ കാൽ ഒക്കെ കഴുകി ഡ്രസ്സ് ഒക്കെ മാറി നേരെ ടിവിയുടെ മുന്നിലേക്ക് ഒറ്റ പോക്ക്‌ ആണ്.. പോകുന്ന പോക്കിൽ വിവരണം തുടങ്ങി കാണും ,"ഇന്ന് സൗത്ത് ആഫ്രിക്ക യും ഉഗാണ്ടയും തമ്മിൽ ഉള്ള മാച്ച് ആണ്.. അവര് ഇതിന് മുൻപ് തമ്മിൽ കളിച്ചത് ആയിരത്തി തൊള്ളായിരത്തി അമ്പത്തൊന്നു മയ് മാസം മൂന്നാം തിയ്യതി അഡിസ് അബാബ യില് വച്ചാണ്.. ഹോ ഇന്ന് തകർപ്പൻ കളി ആയിരിക്കും.. നീ വാ... കാണണ്ടേ?"പിന്നേ...നമ്മൾ ഇവിടെ കുളിച്ചു ഒരുങ്ങി അര ഇഞ്ച് കനത്തിൽ പുട്ടി ഒക്കെ ഇട്ട് സിംപിൾ മെയ്ക് അപ്പിൽ നിക്കുന്നത്  ഇവന്മാരെ കാണാൻ ആണല്ലോ ..ഹും!!! ഇൗ ദേഷ്യം എല്ലാം ഞാൻ തീർക്കുന്നത് ഓർഡർ ചെയ്ത് വരുത്തുന്ന ഫുഡിൽ ആയിരിക്കും.. പകുതിയിൽ കൂടുതലും ഞാൻ തന്നെ തട്ടും. ഫുഡ് ഇല്ലാതെ നമ്മുക്ക് എന്ത് ആഘോഷം? പുള്ളിക്കാരൻ പിന്നെ കളി കാണുന്ന ആവേശത്തിൽ ഇതൊന്നും അറിയില്ല..അങ്ങനെ പയ്യെ പയ്യെ ക്രിക്കറ്റ് കാരണം എന്റെ "തടി "മിടുക്കും കൂടി കൂടി വന്നു.. 

അങ്ങനെ ഞങ്ങടെ ജീവിതം കായിക മേള പോലെ ഒഴുകി കൊണ്ടിരുന്നു...അത് കൊഴുപ്പിക്കാൻ എല്ലാ കാലത്തും ഐസിസി യുടെ വക പൂർണ സഹകരണം ആയിരുന്നു.. മൂത്ത മകളുടെ ഡെലിവറി യുടെ മുൻപുള്ള ഒരു മാസം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവളുടെ അച്ഛൻ .. റീസൺ ഹൂ? ലോക കപ്പ് ക്രിക്കറ്റ് .. എന്റെ അമ്മയും ബന്ധുക്കളും ഒക്കെ മരുമകന്റെ സ്നേഹം വാഴ്ത്തി പാടി.. അന്നൊക്കെ ശാസ്തമംഗലം റൂട്ടിലെ  പാണന്മാർ എന്റെ പ്രിയതമന്റെ ഗുണ ഗണങ്ങൾ പാടി നടന്നിരുന്നു .ഭാര്യ യുടെ ശുശ്രൂഷ ക്ക് വേണ്ടി ഒരു മാസം ലീവ് എടുക്കുന്ന കണവനെ കിട്ടാൻ എന്റെ കൂട്ടുകാരികൾ ഒക്കെ ശിവൻ കോവിൽ കേറി ഇറങ്ങി.. ഇതിനൊക്കെ നമ്മുടെ ഇന്ത്യൻടീമിന് എങ്ങനെ നന്ദി പറയും എന്ന് ഞാൻ ഇടക്ക് ഓർമ്മിക്കും .

രണ്ടായിരത്തി അഞ്ച് ഡിസംബർ മാസത്തിൽ ആണ് ഞാൻ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഏറ്റവും മഹത്തായ ആ സംഭാവന ചെയ്തത്.. ആ കാലത്ത് തിരുവനന്തപുരത്തെ ഇന്റർനാഷണൽ സ്കൂൾ ആണ് നമ്മുടെ പണി സ്ഥലം . മറ്റ് സ്കൂളിൽ ഒക്കെ ക്രിസ്തുമസ് അവധി കൂടി പോയാൽ പത്ത് ദിവസം ആണ് . ഇവിടെ ആണേൽ  മൂന്ന് ആഴ്ച ആണ്. എല്ലാവരും ഒക്ടോബർ ആവുമ്പോൾ തന്നെ ഇൗ അവധി കണക്കാക്കി പ്ലാനുകൾ ഉണ്ടാക്കി തുടങ്ങും. ഞങ്ങളും എവിടെ എങ്കിലും ട്രിപ്പ് പോകണം എന്നൊക്കെ ആലോചന തുടങ്ങി. 

സ്കൂൾ അടക്കുന്ന ദിവസം എന്റെ കണക്ക് കൂട്ടൽ ഒന്ന് തെറ്റി. ഇറങ്ങാൻ ഉള്ള പടി യുടെ കണക്ക് ആണ് എനിക്ക് തെറ്റിയത്. കൂട്ടുകാരിയും ആയിഎന്തൊക്കെയോ ബഡായി ഒക്കെ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുക ആണ് ..പടിയുടെ എണ്ണം മൂന്ന് അല്ല നാല് ആയിരുന്നു കേട്ടോ..അവസാനത്തെ പടി ഞാൻ കണ്ടില്ല.. ദാ കിടക്കുന്നു ഞാനും പ്ലാനും ധിം തരികിട തോം.. കൂട്ടുകാരി നോക്കുമ്പോ ഞാൻ തറയിൽ വളഞ്ഞു കുത്തി ബാബ രാംദേവ് യോഗ പോസ് പോലെ കിടക്കുന്നു.. ആരൊക്കെയോ ഓടി വന്നു കൈ തന്നു സഹായിച്ചു .. ഒരു കസേരയിൽ ഇരുത്തി. പാദം ഒരു വശത്തേക്ക് തിരിഞ്ഞു പോയിരിക്കുന്നു.. നീരും ഉണ്ട്.. 

അടുത്ത സീനിൽ ഞാൻ കാലിൽ പ്ലാസ്റ്റർ ഒക്കെ ഇട്ട് സുഖ ചികിത്സയിൽ ആണ്.. 3 ആഴ്ച വേണം അത്രെ പ്ലാസ്റ്റർ.. സ്കൂൾ അവധി എത്ര ആണെന്ന് ഡോക്ടറോട് ആരാണാവോ പറഞ്ഞത് ? മുട്ടു മുതൽ പാദം വരെ നല്ല വെളുത്ത പ്ലാസ്റ്റർ മനോഹരമായി ഇട്ടിരിക്കുന്നു. ക്രിസ്തുമസ് ആയ സ്ഥിതിക്ക് കുറച്ച് കൂടി ഡെക്കറേഷൻ ആകാമായിരുന്നു..അത്ര കലാ ബോധം ഉള്ള ആശുപത്രി അല്ല എന്ന് തോന്നുന്നു.. 

ആ സമയത്ത് ഇന്ത്യ പാകിസ്താൻ ഏതോ ഒരു സീരീസ് നടക്കുക ആയിരുന്നു.. കെട്ടിയോൻ ലീവ് ഒക്കെ എടുത്ത് വീട്ടിൽ ഉണ്ട് .. (വീണ്ടും നാട്ടുകാരുടെ കണ്ണിലുണ്ണി) .സ്വാഭാവികം ആയും ഇന്ത്യയുടെ എല്ലാ മാച്ചും കാണുക എന്നത് നമ്മുടെ ചുമതല ആണല്ലോ. അല്ലെങ്കിൽ തന്നെ  ഇൗ വയ്യാത്ത കാലും കൊണ്ട് എങ്ങോട്ട് ഓടാൻ? കയ്യിൽ ഒരു പുസ്തകം ഒക്കെ എടുത്തു ഞാനും കൂടെ ഇരിപ്പുണ്ട്..

കളി തകർക്കുന്നു .. ഷോയിബ് അക്തർ ബൗൾ ചെയ്യുന്നു.. ക്യാമറാ അങ്ങേരെ അടുത്ത് നിന്നും ദൂരെ നിന്നും ഒക്കെ കാണിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.. ഗ്രൗണ്ടിന്റെ മൂലക്ക് നിന്ന് ഓട്ടം തുടങ്ങുമ്പോൾ തന്നെ ക്യാമറാ കൂടെ ഓടും.. ക്രീസിൽ എത്തി ചാടി ബൗൾ ചെയ്തു കഴിഞ്ഞു പിന്നെ കാലു വന്നു നിലത്ത് ശക്തമായി കുത്തി നിവർന്നു നിൽക്കും .. ക്ലോസ് അപ്പ് .. കുറെ നേരമായി ഇത് തന്നെ കാണിച്ചു കൊണ്ടേ ഇരിക്കുന്നു.. ഓടുന്നു..എറിയുന്നു.. കാലു കുത്തി നിൽക്കുന്നു.. വീണ്ടും ഓടുന്നു.. എറിയുന്നു.. കാലിന്റെ ക്ലോസ് അപ്പ്.. 

ഇത് കുറെ ആയപ്പോ ഞാൻ എന്റെ ആത്മ ഗതം ഉറക്കെ പറഞ്ഞു "ഇവനൊക്കെ ഇൗ ചാട്ടം ചാടിയിട്ട്‌ കാലിന് ഒന്നും ഒരു കുഴപ്പവും ഇല്ല..ഇവിടെ പാവങ്ങൾ വെറുതെ നടന്നു പോവുമ്പോൾ വീണു പ്ലാസ്റ്റർ ഉമ് ഇട്ട് കിടക്കുന്നു "... അടുത്ത ബോൾ... ക്രീസിൽ എത്തി ചാടിയ അക്തറിന്റെ കാലു നിലത്തേക്ക് വരുന്നു... തറയിൽ കുത്തിയ ഉടൻ പാദം വളഞ്ഞു കുത്തി ദാ കിടക്കുന്നു രാവൽപിണ്ടി ദാ കിടക്കുന്നു വാഴ പിണ്ടി പോലെ !!!!  എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല..

പിന്നെ ഫിസിയോ വന്നു, ഡോക്ടർ വന്നു,രണ്ട്  ആളുകൾ ഓടി വന്നു , സ്‌ട്രേർച്ചേർ വന്നു, അയാളെ എടുത്ത് പൊക്കി കൊണ്ട് പോകുകയും ചെയ്തു.. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു അപകടം നടന്നത് എന്ന് കമന്റേറ്റർ മാർ തമ്മിൽ പൊരിഞ്ഞ ചർച്ച.. ഏതൊക്കെ എല്ലുകൾ ഒടിഞ്ഞു കാണും എന്ന് മറ്റൊരു ചാനെലിൽ ഡോക്ടർമാരുടെ ചർച്ച.. ഇവിടെ എന്റെ ഭർത്താവ് എന്നെ തുറിച്ച് നോക്കി ഇരിപ്പുണ്ട്.

അതിനു ശേഷം കുറെ വർഷങ്ങൾക്ക് ശേഷം ആണ് ഇൗ പരിക്കിൽ നിന്നും അഖ്തർ പുറത്ത് എത്തിയത് എന്ന് ഞാൻ ഗൂഗിളിൽ തപ്പി അറിഞ്ഞു. അധികം മാചും കളിക്കാൻ പറ്റിയിട്ടില്ല.

അന്നത്തെ ദിവസത്തിന്  ശേഷം ഞാൻ കൂടെ ഇരുന്നു കളി കാണണം എന്ന് എന്റെ ഹസ്ബണ്ട് നിർബന്ധിക്കാൻ വരാറില്ല.. എന്താണോ എന്തോ? 

നോട്ട് ദി പോയിന്റ്: തോക്കും കത്തിയും ഒന്നും ഇല്ലാതെ തന്നെ ശത്രു രാജ്യത്തെ പ്രധാന ഭടന്റെ കാൽ തല്ലി ഓടിച്ച എനിക്ക് അർജുന അവാർഡ് പറ്റില്ല എങ്കിൽ "ഭീമ"അവാർഡ് എങ്കിലും തരണം എന്നാണ് എന്റെ ഒരു ഇത്.. 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

പടത്തിനു  കടപ്പാട്... ഗൂഗിൾ 






 




Wednesday, September 9, 2020

അമ്മൂമ്മയുടെ മീൻ കറി


രണ്ടായിരത്തി രണ്ടിൽ കല്യാണം കഴിഞ്ഞ് ചെല്ലുന്ന കാലത്ത് ആ വീട്ടിലെ താരം ആയിരുന്നു അമ്മൂമ്മ. പുള്ളിയുടെ അമ്മയുടെ അമ്മ.. 

 അണൂ കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് എനിക്ക് അമ്മൂമ്മ ഒരു കൗതുക വസ്തു ആയിരുന്നു.. ഒറ്റ മുണ്ടും വലിയ ഒരു ബ്ലൗസും ഒക്കെ ഇട്ട് കുറി ഒക്കെ തൊട്ടു മുറുക്കാൻ പെട്ടിയുമായി സിറ്റൗട്ടിൽ ഒരു കുട്ട കസേരയിൽ ഇരിപ്പാണ് കൂടുതൽ നേരവും ആള്... ഞാൻ കാണുമ്പോൾ ആള് സച്ചിന്റെ സ്കോർ പോലെ 90 ഒക്കെ കഴിഞ്ഞ കൊണ്ടാവണം സ്ലോ മോഷനിൽ ആണ് നടപ്പ് ഒക്കെ.  

നടപ്പ് മാത്രമേ ഉള്ളൂ സ്ലോ. ആളിന്റെ ശ്രദ്ധ വീടിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട് അപ്പോഴും..പഴയ കാലത്തെ പ്രഭാവം നമ്മുക്ക് ഇപ്പോഴത്തെ ഇരിപ്പിലും മട്ടിലും നിന്ന് ഊഹിച്ച് എടുക്കാം. എന്ത് കാര്യത്തിലും പുള്ളിക്കാരി ശിവകാമി തൻ ശാസന പുറപ്പെടുവിക്കും , ആര് കേട്ടാലും ഇല്ലേലും. എനിക്ക് പക്ഷേ അമ്മൂമ്മയുടെ സഹായം വളരെ അധികം ആവശ്യം ഉണ്ടായിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ഒരു രഹസ്യ അജണ്ട ഉണ്ടായിരുന്നു അതിനു. 

പുതു പെണ്ണ് ആയ കൊണ്ട് അടുക്കള പണി അറിയാം എന്നൊരു ഭാവം നമ്മൾ ചുമ്മാ അഭിനയിച്ചു. ചായ , സാമ്പാർ തുടങ്ങിയ അതീവ പ്രാധാന്യം ഉള്ള വിഭവങ്ങൾ മാത്രേ നമ്മൾക്ക് ശെരിക്കും അറിയൂ. ഒരു ആഴ്ച ഒക്കെ കഴിഞ്ഞപ്പോൾ അവിടത്തെ അച്ഛൻ അമ്മ , എന്റെ ഭർത്താവ് ഇവരൊക്കെ ജോലിക്ക് പോയിതുടങ്ങി. പണ്ടാരം അടങ്ങാൻ എനിക്ക് ആണേൽ സ്കൂൾ അടപ്പും. അപ്പോ പകൽ ഞാൻ പെട്ടു. അടുക്കള ഭരണം നമ്മുടെ കയ്യിൽ . വല്ലതും അറിയണ്ടേ?ഇൗ അവസരത്തിൽ ആണ് അമ്മൂമ്മ കാവൽ മാലാഖ ആയത്. 

സാദാ ഐറ്റംസ് ഒക്കെ ഞാൻ ഒരുവിധം ഒപ്പിച്ചെടുക്കും. പക്ഷേ ഞാൻ തളർന്ന് പോകുന്നത് മീൻ കറി വയ്ക്കാൻ ആണ്.ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ഉള്ള ആളുകള് ആയ കൊണ്ട് അവിടെ മീൻ വറുത്തത് ഇല്ല.. കറി മാത്രമേ പാടുള്ളൂ എന്നാണ് നിയമം. എന്റെ ധർമ്മ സങ്കടം അമ്മൂമ്മ മനസിലാക്കി. അടുക്കളയിൽ വന്നു പണി എടുക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഞങൾ തമ്മിൽ ഒരു ഡീൽ ഉണ്ടാക്കി... മൂപ്പത്തി മുൻ വശത്തെ കസേരയിൽ ഇരുന്നു ആഹ്വാനം തരും. ഞാൻ തേങ്ങ ഒക്കെ അരച്ച ശേഷം മൺ ചട്ടിയിൽ എല്ലാം ഇട്ടു മിക്സ് ചെയ്യും..എന്നിട്ട് കൊണ്ട് പോയി കാണിക്കും..അമ്മൂമ്മ അരപ്പ് ചെറിയ ഒരു വിരൽ മുക്കി സ്വാദ് നോക്കും.. എന്നിട്ട് പറയും ഉപ്പ് വേണോ മുളക് വേണോ എന്നൊക്കെ.. എനിക്ക് പിന്നെ അത് അടുപ്പിൽ വച്ചു തിളപ്പിച്ചാൽ മാത്രം മതി.അച്ഛനും അമ്മയും ഒക്കെ ഉണ്ണാൻ ഇരിക്കുമ്പോൾ മീൻ കറിയുടെ പ്രശംസ ആർക്ക് കിട്ടും? പുതു പെണ്ണിന് തന്നെ .

സത്യം പറഞ്ഞാല് ആ മീൻ കറിയുടെ സ്വാദ് ഒന്ന് വേറെ തന്നെ ആയിരുന്നു.അത് തന്നെ ആണ് എന്നെ കുഴപ്പത്തിൽ ആക്കിയതും. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഊണ് കഴിഞ്ഞു പാത്രം കഴുകി വക്കാൻ നേരം മീൻ ചട്ടിയുടെ അകത്ത് അല്പം ചാറ് ഇരിക്കുന്ന കണ്ട്. അത് എങ്ങനെ കളയും? ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കറി അല്ലേ?നോക്കിയിട്ട് കോരി കുടിക്കാൻ സ്പൂൺ ഒന്നും കാണുന്നുമില്ല.നേരിട്ട് അങ്ങ് വായിലേക്ക് കമിഴ്ത്തി. അന്തസ്!  പാത്രം കഴുകലും തുടർന്നു..

വൈകുന്നേരം ആയപ്പോ മുതല് എന്തോ ഒരു അസ്വസ്ഥത. ചെറിയ തൊണ്ട വേദനയും ഉണ്ട്. ചൂട് വെള്ളം ഒക്കെ കുടിച്ചു നോക്കി.. പക്ഷേ ഒട്ടും കുറഞ്ഞില്ല. പിറ്റേന്ന് രാവിലെ ആയപ്പോൾ ഒന്നും കഴിക്കാനും പറ്റുന്നില്ല വെള്ളം പോലും കുടിക്കാൻ പാട് തന്നെ. വീട്ടിലുള്ള എല്ലാവരും ചോദിച്ചു തുടങ്ങി. എന്താ വയ്യേ? പനി ആണോ? ശർദി ഉണ്ടോ? ഓക്കാനം വരുന്നോ എന്നൊക്കെ. പുതു പെണ്ണ് അല്ലേ അസ്വസ്ഥത ഒക്കെ കാണും എന്നൊക്കെ കേൾക്കുന്നുണ്ട് ബാക്ഗ്രൗണ്ടിൽ .എന്റെ അമ്മയോട് ഒക്കെ ആരൊക്കെയോ ഫോണിൽ വിളിച്ചു പറയുന്നുണ്ട്.എനിക്കാണേൽ ദേഹം മുഴുവൻ വേദന ഉള്ള പോലെ.

എന്തായാലും സംഗതി പന്തി അല്ല എന്ന് കണ്ട്  കെട്ടിയോൻ എന്നേം കൊണ്ട് ആശുപത്രിയിൽ പോയി. അവിടെ ജനറൽ ഫിസിഷ്യൻ ഗണപതിയെ പോലെ ആണല്ലോ. എന്തിന് പോയാലും ആദ്യം അവിടെ തേങ്ങ ഉടക്കണം സാമീ എന്നല്ലേ? അകത്ത് കേറുന്ന മുന്നേ കുറെ പരിശോധന നടത്തണം .. ഒരു സംശയം ഉണ്ട്..തൊണ്ട യിൽ വേദന എന്ന് പറഞ്ഞാലും എന്തിനാ വെയിറ്റ് നോക്കുന്നത്. പൊതുവേ എനിക്ക് അത്ര ഇഷ്ടമുള്ള പരിപാടി അല്ല ഇത്. എന്നിട്ട് വലിയ വെടി ചെറിയ വെടി സ്റ്റൈലിൽ ഒന്ന് വിളിച്ചു കൂടി പറയും . സോറി, കഥ വഴി തിരിഞ്ഞു പോയി.. നമ്മുടെ ഗണപതി ഡോക്ടർ കുറെ ചോദ്യങ്ങൾ ഒക്കെ ചോദിച്ച ശേഷം ജഡ്ജ്മെന്റ് പാസാക്കി. ടോൺസിലൈറ്റിസ് ആവും.. തൊണ്ടയിലെ ഇൻഫെക്ഷൻ ആണ് ഇൗ തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് ..എന്തായാലും ഒരു എക്സ് റെ എടുക്കാം 

നേരത്തെ കണ്ട സിസ്റ്റർ ഞങ്ങളെ എക്സ് റേ മുറിയിൽ എത്തിച്ചു..അവിടെ ഉള്ള യന്ത്രം ഒക്കെ പ്രവർത്തിപ്പിക്കുന്ന മഹാനെ എന്റെ കഥ ഒക്കെ എന്തൊക്കെയോ കോഡ് ഭാഷയിൽ പറഞ്ഞു കേൾപ്പിച്ചു..അതിപ്പോ ആശുപത്രിയിൽ ചെന്നാൽ നിങ്ങള് കേട്ടു കാണും.. ഡോക്ടർ മറ്റൊരു ഡോക്ടറോട് പറയും.. "എക്സാരോ തേർമരോ ഹൈപ്നിയ " ആണ് എന്ന്.. നമ്മൾ ഗ്രാമ വാസീസ് പറയും പോലെ പനി എന്ന് ഒന്നും അവര് പറയൂല്ല.. അങ്ങനെ അവര് എന്റെ എക്സ് റേ പടം എടുത്തു. ഫിലിം കിട്ടുന്ന വരെ സിസ്റ്റ്ററും ഞങ്ങടെ കൂടെ കാത്തിരുന്നു. വേദന കൊണ്ട് കഷ്ടപ്പെടുന്ന എന്നെ സിസ്റ്റ്ററും ഇടക്കിടെ സഹതാപത്തോടെ നോക്കുന്നുണ്ട്. 

സമയം ആയപ്പോൾ സിസ്റ്റർ ആണ് അകത്ത് പോയി റിസൾട്ട് വാങ്ങിയത്. പുറത്തേക്ക് വന്ന ശേഷം ആ കുട്ടി ചിരി അടക്കാൻ പാട് പെടുന്ന പോലെ തോന്നി.ഡോക്ടറിന്റെ മുഖത്തും ചിരി ഉണ്ട് അകത്ത് ചെന്നപ്പോൾ. ഇരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം ഞങ്ങളെ ഫിലിം കാണിച്ചു. സൂക്ഷിച്ച് നോക്കിയപ്പോൾ അതിൽ ഇംഗ്ലീഷിലെ വൈ എന്ന അക്ഷരം പോലെ വ്യക്തമായി ഞെളിഞ്ഞു നിൽക്കുന്നു മനോഹരമായ ഒരു മീൻ മുള്ള്. അമ്മൂമ്മയുടെ പ്രശസ്തമായ മീൻ കറി കുടിച്ച സീൻ എന്റെ ഫ്ലാഷ് ബാക്കിൽ കറങ്ങി കൊണ്ടിരുന്നു. ഡോക്ടർ പറഞ്ഞു " ഇത്രയും വലിയ മീൻ മുള്ള് എങ്ങനെ കുടുങ്ങി. മീൻ വിഴുങ്ങിയോ ? എന്തായാലുംനമുക്ക് ഒരു മിനി ഓപ്പറേഷൻ ചെയ്തു പുറത്തേക്ക് എടുക്കാം. അതിനുള്ള പൈസ നിങ്ങള് ആ കൗണ്ടറിൽ അടച്ചാൽ മതി " സ്തബ്ധനായി നിൽക്കുന്ന എന്റെ ഫർത്താവിനേ ഞാൻ ഒന്നെ നോക്കിയുള്ളൂ. അഞ്ഞൂറ് രൂപ അടച്ചു.പ്രൈവറ്റ് സ്കൂളിലെ എന്റെ അന്നത്തെ ശമ്പളം മൂവായിരം ആണ്.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഓപ്പറേഷൻ തീയറ്റർ സജ്ജമായി. ഡോക്ടർ തയ്യാറായി , നഴ്സുമാർ ആയുധങ്ങൾ എടുത്തു, പക്ഷേ ഒരേ ഒരു വ്യത്യാസം മാത്രം.. അവരൊക്കെ മാസ്കുകളുടെ ഉള്ളിൽ കൂടിചിരിക്കുക ആയിരുന്നു. ഞാൻ ആണേൽ ആകെ ചമ്മി നാറി ഉരുകിയ അവസ്ഥയിൽ. അവിടെ നിന്ന് പിന്നെ എങ്ങനെ വീടെത്തി എന്നൊന്നും ഇന്നും എനിക്ക് ഒരു പിടിയും ഇല്ല.. ആകെ ഒരു മൂളൽ മാത്രം തലയിൽ. പക്വത വന്ന അധ്യാപിക , കാര്യ വിവരം ഉള്ള മരുമകൾ തുടങ്ങി പല വിധ മുഖം മൂടികൾ അന്ന് മുതൽ തട്ടും പുറത്ത് കിടപ്പുണ്ട് .

പ്രത്യാഘാതം: ഇൗ സംഭവം കഴിഞ്ഞു എകദേശം ഇരുപത് വർഷം ആയെങ്കിലും ഇപ്പോഴും എനിക്ക് എന്റെ വീട്ടുകാർ മീൻ കറി കോരി എടുത്ത് തരും..എന്ന് മാത്രമല്ല മീൻ കറി വെയ്ക്കുന്ന ദിവസം എനിക്ക് പാത്രം കഴുകലും ചെയ്യണ്ട. ഇപ്പൊ അഞ്ഞൂറ് രൂപ ഒന്നും അല്ല അത്രെ റേറ്റ് !!!


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

പടത്തിന് കടപ്പാട് : ഗൂഗിൾ 



Tuesday, September 8, 2020

ഓൺലൈൻ ക്ലാസിലെ ഡിസ്ലക്‌സിക് കുട്ടി


നിങ്ങള് ആമിർ ഖാൻ ആണോ?

"ലോകത്തിന്റെ തല വര മാറ്റി വരച്ച പല മഹാന്മാരും പലപ്പോഴായി  ഉദയം ചെയ്തിട്ടുണ്ട്.അവർക്ക് അതിനു കഴിഞ്ഞത് ലോകത്തെ വേറിട്ട് കാഴ്ചയിലൂടെ കണ്ടത് കൊണ്ടാണ്."

ആമിർ ഖാന്റെ ഒരു പഴയ സിനിമാ താരേ സമീൻ പർ എന്ന പടത്തിൽ ഡിസ്ലെക്സിയ  എന്ന ഒരു അവസ്ഥ വിവരിക്കാൻ പറയുന്ന ഒരു ഡയലോഗ് ആണ് മുകളിൽ പറഞ്ഞത്. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകാത്ത ഇഷാൻ അവസ്‌തി എന്ന കുട്ടിയുടെ പഠന വൈകല്യം മനസിലാക്കി അവന്റെ കഴിവുകൾ കണ്ടെത്തി അത് പ്രോത്സാഹിപ്പിച്ച് മിടുക്കൻ ആക്കി എടുക്കുന്ന അധ്യാപകൻ ആണ് കഥാ നായകൻ.

 ഡിസ്ലെക്സിയ എന്നാല് പദാന്ധന്ത എന്നാണ് മലയാളം അർത്ഥം.. അങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്ക് ബുദ്ധിശക്തിയിൽ യാതൊരു കുഴപ്പവും ഉണ്ടാകില്ല. അക്ഷരങ്ങൾ വായിക്കാനും അത് ശബ്ദങ്ങൾ ആയി മനസ്സിലാക്കാനും അവർക്ക് ബുദ്ധിമുട്ട് ആണ്..ഇങ്ങനെ ഉള്ള കുട്ടികൾക്ക് പൊതുവേ അക്ഷര തെറ്റുകളും സ്വാഭാവികം ആണ്.നമ്മുടെ വിദ്യാഭ്യാസ രീതികൾ ഒക്കെ വളരെ ഏറെ പുരോഗമിച്ചു കഴിഞ്ഞു. ബഹു ഭൂരിപക്ഷം അധ്യാപകരും എല്ലാ തരം പഠന വൈകല്യങ്ങളും ക്ലാസ്സ് മുറിയിൽ കൈകാര്യം ചെയ്യാൻ ഉള്ള രീതികളെ കുറിച്ചും നല്ല അറിവ് നേടി കഴിഞ്ഞു എന്ന് തന്നെ പറയാം. പക്ഷേ ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ ഇൗ കുഞ്ഞുകൾക്ക്‌ വേണ്ടി നാം എന്ത് തരം മാറ്റങ്ങൾ വരുത്തി ??? ഇൗ കുട്ടികൾ വീട്ടിൽ ഇരുന്ന് എങ്ങിനെ ആണു പഠിക്കുന്നത്? അവരെ ഒക്കെ സഹായിക്കാൻ അവരുടെ അച്ഛനമ്മമാർക്ക് കഴിയുന്നുണ്ടോ?? 

കഴിഞ്ഞ പത്ത് ഇരുപത് വർഷം ആയി എല്ലാ വർഷവും ഞാൻ പഠിപ്പിച്ച ക്ലാസ്സുകളിൽ ഇങ്ങനെ ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു.ഇപ്പൊ അവർ ഓൺലൈൻ ആയി വന്നു തുടങ്ങിയപ്പോൾ അവരുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ ആണ്  അവരെ കുറിച്ച് എഴുതണം എന്ന് തോന്നിയത്.ഓൺലൈൻ അധ്യാപകർക്ക് പ്രയോജനം ആവും എന്ന് കരുതുന്നു.

ഡീസ്ലക്‌സിക് ആയ കുട്ടികളെ ഓൺലൈൻ ആയി പഠിപ്പിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങളാണ് ഇനി പറയുന്നത്.

1.പഠനം എന്നാല് എഴുത്ത് മാത്രം അല്ല

പദാന്ധന്ത ഉള്ള കുട്ടികൾക്ക് ഉത്തരം എഴുതി പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട് ആകും.അവര് പടം ആയോ (ഡിജിറ്റൽ വരയും ആകാം), ഓഡിയോ /

വീഡിയോ റെക്കോർഡിംഗ് ആയോ ഒക്കെ ഉത്തരം നൽകാൻ ഉള്ള അവസരം കൊടുക്കണം.

2. ദൃശ്യ മാധ്യമങ്ങൾ 

സ്ക്രീൻ ഷെയര് ചെയ്തു ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇൗ അവസരത്തിൽ ഉർവശി ശാപം കുഞ്ഞുങ്ങൾക്ക് ഉപകാരം തന്നെ ആണ്.. അവർക്ക് വാക്കുകളേക്കാൾ ദൃശ്യങ്ങൾ ആണ് വഴങ്ങുക.

3. ആവർത്തനം

വീഡിയോ ആയാലും പടങ്ങൾ ആയാലും അവര് വീണ്ടും കണ്ട് കൊള്ളട്ടെ.എനിക്ക് ഇത്  മനസിലായില്ല എന്ന് പറയുന്നു ധൈര്യം അവർക്ക് കൊടുക്കൂ.

4. സ്വയം പരിശോധന

ക്ലാസ്സിൽ അവസാനം എന്താണ് ഇന്ന് പഠിച്ചത് എന്ന് ഒന്ന് വിവരിക്കാൻ സ്പെഷ്യൽ ആയ കുട്ടിയോട് ആവശ്യപ്പെടണം.അവരുടെ വീഡിയോ വേണം എങ്കിൽ ഹൈലൈറ്റ് ചെയ്യാം(അവരുടെ സമ്മതം ഉണ്ടെങ്കിൽ)

 തെറ്റിയാൽ സാരമില്ല എന്ന് അവനെ/ അവളെ പറഞ്ഞു മനസ്സിലാക്കണം. ചില നേരങ്ങളിൽ അവര് നമ്മളെക്കാൾ  ഭംഗി ആയി കാര്യങ്ങളെ വിശദീകരിക്കും.. ആദ്യം പറഞ്ഞ പോലെ അവര് നമ്മുടെ കണ്ണിലൂടെ അല്ലല്ലോ ലോകം കാണുന്നത്

5. ചിന്താഗതി 

ഏറ്റവും പ്രധാനം അധ്യാപകരുടെ മനസ്സ് ആണ്.ക്ലാസിൽ ആയിരുന്നപ്പോൾ ടീച്ചർ, കൗൺസിലർ തുടങ്ങി പല ആളുകളിൽ നിന്നും ഉള്ള സഹായം എടുത്തിരുന്ന കുട്ടി ആണ് ഇപ്പൊൾ വീട്ടിൽ ഒറ്റക്ക് ഇരുന്ന് പഠിക്കാൻ ശ്രമിക്കുന്നത്.

നിങ്ങള് ആണ് ഇപ്പൊൾ എല്ലാം അവന് അഥവാ അവൾക്ക്.

സിനിമയിലെ ഇഷാൻ അവസ്തി ക്ക് ആമിർ ഖാൻ ഉണ്ടായിരുന്നു.. നിങ്ങളുടെ ഓൺലൈൻ പഠന മുറിയിൽ ഒരു മൂലക്ക് ഇരിക്കുന്ന ഇഷാൻ നിങ്ങളിലെ ആമിർ ഖാനെ തേടുന്നുണ്ട്.. മറക്കരുതേ!!!

ശ്രീജ ഉണ്ണിത്താൻ

കടപ്പാട് : താരേ സമീൻ പർ മൂവി പോസ്റ്റർ 

Friday, September 4, 2020

സദ്യയും ഹിന്ദിയും


സദ്യ ഇല്ലാതെ എന്ത് ഓണം? പക്ഷേ സദ്യ എന്ന് പറയുമ്പോൾ എനിക്ക് ഹിന്ദി എന്നാണ് ഓർമ വരുന്നത്... 

ഏകദേശം പത്ത് വയസ്സ് ഉള്ളപ്പോഴാണ് ഹിന്ദി ഭാഷയുടെ മാഹാത്മ്യം എനിക്ക് 

മനസ്സിലായത്.. അതും ഒരു കല്യാണ തലേന്നത്തെ വിരുന്നിനു ഇടയിൽ...


മാമന്റെ കല്യാണം ആണ് . കല്യാണ പെണ്ണിന്റെ ബന്ധുക്കളിൽ പലരും വടക്കേ ഇന്ത്യൻ പാരമ്പര്യം ഉള്ള ക്ഷത്രിയ രക്തം ആണത്രെ... പെൺ വീട്ടിലെ ചടങ്ങ് എല്ലാം അവരുടെ രീതിയിൽ ആണ്.. പക്ഷേ നമ്മുടെ ശ്രദ്ധ സദ്യയിൽ ആണല്ലോ...ഇനി കാണില്ലേ? അവരുടെ രീതി ആകുമോ? കസിൻസ് എല്ലാം കളിച്ചു നടക്കുമ്പോഴും എന്റെ പേടി ഇതൊക്കെ ആയിരുന്നു... നമ്മുടെ കാരണവന്മാർ നടക്കുന്ന പോലെ ഒന്ന് മേൽനോട്ടം നടത്തി കളയാം ... കളിക്കാൻ എന്ന വ്യാജേന നേരത്തെ അടുക്കള വശം വഴി അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഇലയിലെ ഊണ്

തന്നെ.. സന്തോഷമായി... മൂന്ന് തരം പായസവും ഉണ്ട്... ഞാൻ ആണേൽ സദ്യക്ക് പോകുന്നത് തന്നെ പായസം ഇലയിൽ കഴിക്കാൻ ആണ്..  മുറി മലയാളം പറയുന്ന ഒരു ഹിന്ദി ക്കാരൻ

അപ്പൂപ്പൻ ഓടി നടന്നു സാമ്പാർ ഒന്ന് കൂടി ഇളക്കൂ, പപ്പടം ഒന്ന് കൂടി മൂക്കണം എന്നൊക്കെ നിർദേശങ്ങളും കൊടുക്കുന്നുണ്ട്.. ഭാഷ ഏതായാലും 

കാർണോന്മർ എല്ലായിടത്തും ഒരു പോലെ തന്നെ .. ആശ്വാസമായി.. ഇനി പുള്ളി നോക്കി കൊള്ളും .. ഞാൻ കളിക്കാൻ പോയി..


കുട്ടികളുടെ സദ്യക്ക് ഉള്ള ഊഴം ആയി...എല്ലാവരും സദ്യ  കഴിക്കാൻ നിരന്ന് ഇരിപ്പായി.. വിളമ്പാൻ വന്നത് കല്യാണ പെണ്ണിന്റെ ഏതൊക്കെയോ ഹിന്ദി ബന്ധുക്കൾ ആണ്... കുട്ടികൾ ആയത് കൊണ്ട് ആദ്യം തന്നെ ചോറ് ഒക്കെ കുറച്ചേ ഇടുന്നുള്ളു .. അത് എനിക്ക് അത്ര പിടിച്ചില്ല ... അനിയനും വലിയമ്മയുടെ മകളും ഒന്നും പരാതി പറയുന്നില്ല.. അത് പിന്നെ അവർക്ക് ഇൗ വിശപ്പിന്റെ അസുഖം ഇല്ലല്ലോ.. സാരമില്ല... അടുത്ത റൗണ്ട് കൊണ്ട് വരട്ടെ...


വിളമ്പുന്ന ആളുകൾക്ക്  സദ്യ വിളമ്പി ശീലം ഇല്ലാത്ത കൊണ്ട് ആവും ഐറ്റംസ് ഒന്നും ശരിയായ ഓർഡറിൽ അല്ല വരുന്നത്.. വിഭവങ്ങളുടെ പേര് ഒക്കെ എന്തൊക്കെയോ പറയുന്നു.. ഇത് വേണോ? അത് വേണോ? എന്നൊക്കെ ചോദിച്ചിട്ട് ആണ് ഇടുന്നത്...

" ഇതൊക്കെ ചോദിക്കുന്നത് എന്തിന്? നമ്മൾ എല്ലാം കഴിക്കും".. ഞാൻ മനസ്സിൽ പറഞ്ഞു.

ആദ്യം തന്നെ സാമ്പാർ വന്നു.. "പരിപ്പ് കറിയും നെയ്യും ഇല്ലാതെ എന്ത് സദ്യ ആണിത്?" ഞാൻ മനസ്സിൽ പറഞ്ഞു... 

പരിചയം ഉള്ള കറികൾ മാത്രം വേണം വേണം എന്ന് ഞാൻ പറഞ്ഞു കൊണ്ട് ഇരുന്നു.. അല്ലാതെ മലയാളിത്തം ഇല്ലാത്ത കറി ഒന്നും നമുക്ക് പറ്റില്ല.. 

അനിയച്ചാർക്കും കസിനും ഒരു ഭാവ മാറ്റവും ഇല്ല.. കിട്ടുന്നത് കിട്ടുന്ന കണക്കിൽ തട്ടി വിടുന്നു.

ആചാരങ്ങൾ പാലിക്കാത്ത പിള്ളേർ !!! ദൈവകോപം കിട്ടുമ്പോൾ പഠിക്കും..ഹും!! .. ഇത് വരെ ഉള്ള കുറ്റവും കുറവും പായസങ്ങൾ തീർത്ത് കൊള്ളും എന്ന് വയറിനെ പറഞ്ഞ് ആശ്വസിപ്പിച്ചു.. കാണിച്ചു തരാം മലയാളി ആരാണെന്ന് ...


അങ്ങനെ സദ്യ  പുരോഗമിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നമ്മുടെ ഹിന്ദി അപ്പൂപ്പൻ വന്നു കരെല വേണോ ബേട്ടി...എന്ന് ചോദിച്ചു.. വേണ്ട എന്ന് പറഞ്ഞാല് പുള്ളിക്ക് വിഷമം ആകണ്ടല്ലോ.. ഞാൻ ഒകെ എന്ന് പറഞ്ഞു.. വായിൽ വച്ചതും 

ശർദ്ധിച്ചില്ല എന്നെ ഉള്ളൂ.. പാവക്ക ആയിരുന്നു.. ഇനി അബദ്ധം പറ്റാൻ പാടില്ല... സൂക്ഷിക്കണം..


കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു.. വീണ്ടും പാവക്ക അപ്പൂപ്പൻ.. ഇത്തവണ ഞാൻ മനസ്സിൽ കരുതി... നന്നായി കേട്ട ശേഷം മാത്രം ഒകെ പറഞ്ഞാൽ

 മതി. അടുത്ത് എത്തിയതും " ഖീർ വേണോ" എന്ന് ചോദിച്ചു .. ഖീര്‍ പോലും... പേര് കേട്ടാൽ തന്നെ അറിഞ്ഞൂടെ? വല്ല കോവക്കയും ആകും.. നമുക്ക് ഇതൊന്നും വേണ്ട .... ..ഞാൻ ഉടനെ പറഞ്ഞു..." നഹി..." പുള്ളി വീണ്ടും ചോദിച്ചു.. "വേണ്ടെ? " ഞാൻ വിടുമോ? " 

നേഹീന്ന് പറഞ്ഞാ നഹീ" ..എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം മുന്നോട്ട് നടന്നു.. ഇത് കേട്ട് അടുത്ത് ഇരുന്ന എന്റെ വലിയമ്മയുടെ മകൾ ഉടനെ ഇവിടെ ഒകെ എന്ന് പറഞ്ഞു... "മണ്ടി, ഇപ്പൊ കോവക്ക കിട്ടും".. ഞാൻ കളിയാക്കാൻ റെഡി ആയി ഇരുന്നു.. 


പിന്നെ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും ഞെട്ടൽ ഉണ്ടാക്കുന്ന ഒന്ന് ആയിരുന്നു... അവളുടെ ഇലയിലേക്ക്‌ നല്ല പാലട പ്രഥമൻ കോരി ഒഴിക്കുന്നു ആ മനുഷ്യൻ... ഇടി വെട്ടിയ പോലെ ഞാൻ കസേരയിൽ ഇരുന്നു... ആ ഇല എന്നെ നോക്കി പുച്ഛിച്ചു...പോരെങ്കിൽ കസിന്റെ വക എന്താടീ നിനക്ക് പായസം വേണ്ടെ എന്നൊരു ചോദ്യവും... സത്യം പറഞ്ഞാല് മാനം പോവുല്ലേ?? മിണ്ടിയില്ല.. 

 പിന്നീട്  നിര നിരയായി വന്ന എല്ലാ പായസത്തിനും ആ ദുഷ്ടനായ മനുഷ്യൻ അവിടെ നിന്നും നിർദേശം കൊടുത്തു.. ആ ഇരിക്കുന്ന  ബേട്ടിക്ക്‌  ഖീറ് വേണ്ടാ കേട്ടോ... എന്ന്.. ഈശ്വരാ..ഭഗവാനെ. .. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ... 


ഞാൻ ആരോട് പറയും... " നമ്മൾ ചോർ ആണ് തിന്നുന്നത്.. അത് കൊണ്ട് ഖീർ, ഖീർ എന്ന് പറഞ്ഞപ്പോൾ മനസിലായില്ല" എന്ന്...


എന്തായാലും ആ സംഭവത്തിന് ശേഷം ഹിന്ദി ഹമാരി രാഷ്ട്ര ഭാഷ ആണെന്നും അത് പഠിച്ചില്ലേൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ഞാൻ  വ്യക്തമായി മനസിലാക്കി എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.. 


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ ...

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...