ലോക്ക് ഡൗൺ ഡ്രിൽ
അഥവാ
'തുറക്കൂലഡാ പട്ടീ'
*************************
ആദ്യമായി ലോക്ക് ഡൗൺ എന്ന് കേൾക്കുന്നത് കൊറോണക്കാലത്തല്ല, അതിനും വളരെ മുൻപാണ് ..
ദുബായിലെ സ്കൂളിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന കാലം.. ഏകദേശം പത്ത് പതിനഞ്ച് പേരുണ്ട് അധ്യാപകരും മറ്റുള്ളവരുമായി ടീമിൽ. ഇവരുടെയൊക്കെ മുന്നിൽ 'ഞാനാണിവിടെ അധികാരി എല്ലാവർക്കും മേലാവി' എന്ന സ്റ്റൈലിൽ വിലസുന്ന കാലം .
പഠന സമയം ഉച്ചക്ക് രണ്ട് വരെയാണ്. കുട്ടികൾ പോയാലും നമ്മൾക്ക് വൈകീട്ട് നാല് വരെയാണ് സമയം..
ഇടക്കിടെ കോർപറേറ്റ് ഹെഡ് ആപ്പീസ്സീന്ന് ചില സായിപ്പ് ചേട്ടന്മാർ ഞങ്ങളെ ഉൽബോധിപ്പിക്കാൻ വരും. ഉച്ചയൂണ് ഒക്കെ കഴിഞ്ഞു വന്നു എസി മുറിയിൽ ഇരുന്നു ഒരേ താളത്തിൽ പ്രസംഗം കേൾക്കാൻ എന്തിഷ്ടമാണെന്നോ ഞങ്ങൾക്കെല്ലാർക്കും ? ഈ പവർ നാപ് എന്ന് പറയുന്നതിൻ്റെ ഒരു സുഖം അനുഭവിച്ചു തന്നെ അറിയണം .
അന്നും അങ്ങനെ ഒരു ഉച്ചയുറക്കത്തിന് ഉള്ള തയ്യാറെടുപ്പിലാണ് ഹാളിലേക്ക് എത്തിയത് . പതിവ് പോലെ ഒരു സായിപ്പ് വലിയ സ്ക്രീനിൽ പ്രസൻ്റേഷനൊക്കെ തയ്യാറാക്കി വച്ച് റിമോട്ടും കയ്യിൽ പിടിച്ച് നല്ല കുട്ടപ്പനായി നിൽപ്പുണ്ട്. ഞാൻ ക്ലാസ്സിലെ ഉഴപ്പന്മാർ നോക്കുന്നത് പോലെ പെട്ടെന്ന് ചോദ്യം ചോദിക്കാൻ സാധ്യത ഇല്ലാത്ത ഒരു സീറ്റ് നോക്കി കണ്ടു പിടിച്ച് ഇരിപ്പായി. പതിവ് പോലെ സ്ഥിരം യു.ഡി.സിയുടെ ഈശ്വര പ്രാർത്ഥന, കരയോഗം പ്രസിഡൻ്റിൻ്റെ സ്വാഗത പ്രസംഗം ഒക്കെ കഴിഞ്ഞു അങ്ങേരു റിമോട്ട് ഞെക്കി ഞെക്കി പ്രസംഗം തുടങ്ങി.
ആദ്യം കാണിച്ചത് ഒരു കുഞ്ഞു വീഡിയോ ആണ്. ഏതോ യൂറോപ്യൻ രാജ്യത്തെ സ്കൂളിലേക്ക് ഒരുത്തൻ തോക്കുമായി കയറി വന്ന് അവിടെയുള്ള കുട്ടികളെയും ടീച്ചർമാരെയും ഒക്കെ തലങ്ങും വിലങ്ങും വെടി വയ്ച്ചു വീഴ്ത്തുന്നു. പുറത്ത് നടക്കുന്ന ബഹളം കേട്ട് ഓരോ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഓരോ ആളിനെയും അയാൾ കൊന്നു കൊണ്ട് മുന്നിലേക്ക് പോകുന്നു. ഓരോ മുറിയിലും കയറി ഒരു ദാക്ഷിണ്യവും ഇല്ലാതെ നിറയൊഴിക്കുന്നു. അറിയാതെ തന്നെ കസേരയിൽ ഒന്ന് നിവർന്നിരുന്നു പോയി.
സ്വന്തം മക്കളുടെയും പഠിപ്പിക്കുന്ന ക്ലാസ്സിലെ മക്കളുടെയും മുഖങ്ങൾ മനസ്സിലേക്ക് ഓടി വന്നു.ചുറ്റും നോക്കിയപ്പോൾ ആ ഹാളിലെ എല്ലാവരും ഈ അവസ്ഥയിൽ തന്നെ.
സ്ക്രീനിൽ കഥ തുടരുന്നു. ഇത്തരം കാഴ്ചകൾ ഏതോ പുറം രാജ്യത്ത് മാത്രം നടക്കുന്ന കാര്യങ്ങൾ ആണെന്നാണ് നാമൊക്കെ കാലങ്ങളായി കരുതുന്നത്. ഇതൊക്കെ നമുക്ക് വെറും പത്ര വാർത്തകൾ മാത്രമാണ്. പക്ഷേ അങ്ങനെയല്ല എന്ന് കണക്കുകൾ നിരത്തി തെളിയിക്കുന്നു അയാൾ.
ഇതൊക്കെ ലോകത്ത് എവിടെയും സംഭവിക്കാമെന്നും നാം തയ്യാറാകുന്നതിന് ഒപ്പം നമ്മുടെ കുട്ടികളെയും തയ്യാറാക്കണം എന്നതായിരുന്നു രത്നചുരുക്കം..
ഇങ്ങനെയുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ആണ് " ലോക്ക് ഡൗൺ " .
അതായത് നാം എവിടെയാണോ അവിടെ തന്നെ ഇരുന്നു വാതിൽ അടച്ചു പൂട്ടുക. എന്നിട്ട് മിന്നാരം സിനിമയിൽ കുതിര വട്ടം പപ്പു പുറത്ത് വാളുമായി നിൽക്കുന്ന തിലകനോട് പറയും പോലെ മനസ്സിൽ പറയുക "തുറക്കൂല്ലട പട്ടീ ".
പുറത്ത് നിന്ന് ഒരു അക്രമി ഉള്ളിൽ കടന്നു എന്ന് സംശയം തോന്നിയാൽ അപ്പോ തന്നെ സ്കൂളിൻ്റെ ഓഫീസിൽ നിന്ന് പ്രത്യേക രീതിയിൽ ഒരു ബെൽ മുഴങ്ങും. അത് കേട്ട ഉടനെ ടീച്ചർമാരും കുട്ടികളും എവിടെയാണോ ആ മുറിക്കുള്ളിൽ അടച്ചിരിക്കണം. കുട്ടികളെ കഴിവതും ജനലിലൂടെ നോക്കിയാൽ കാണാൻ പറ്റാത്ത രീതിയിൽ മേശയുടെ അടിയിലും മറ്റുമായി ഒളിച്ചിരുത്തണം. എന്നിട്ട് മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടകയും വേണം . ഒരു തരത്തിലും ആരു വന്നു വിളിച്ചാലും തുറക്കാൻ പാടില്ല. അക്രമി വാതിൽ തള്ളി തുറക്കാനുള്ള ശ്രമം നടത്താം. അറിയുന്ന ആളിൻ്റെ ശബ്ദത്തിലോ പേരോ വിളിക്കാം . ഒരു കാരണവശാലും വാതിൽ തുറക്കാതെ ഉള്ളിൽ കുട്ടികളുണ്ടെന്ന് പുറത്ത് അറിയിക്കാതെ അവരെ രക്ഷിക്കാൻ ടീച്ചർമാർക്ക് കഴിയണം. ഇതൊക്കെയായിരുന്നു അന്നത്തെ ട്രെയിനിംഗ്.. വെറും വാക്കാൽ പഠിപ്പിക്കൽ മാത്രമല്ല, അടുത്ത ആഴ്ചയിൽ ഒരു ദിവസം ഇതിൻ്റെ ഒരു മോക്ക് ഡ്രിൽ നടത്തുമെന്നും അവർ അറിയിച്ചു. അതായത് ഈ പറഞ്ഞ കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കി കാണിക്കണം .
അടുത്ത ദിവസം തന്നെ ' ലോക്ക് ഡൗൺ ഡ്രിൽ ' നടത്തേണ്ട ദിവസം തീരുമാനം ആയി. കേട്ട പാടെ ഞങ്ങളെല്ലാവരും അവരവരുടെ ക്ലാസ്സ് മുറികൾ അടച്ചുറപ്പ് ഉള്ളതാണോ എന്ന് നോക്കാൻ തുടങ്ങി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞങ്ങളറിഞ്ഞത്. പൊതുവേ സ്കൂൾ മുറി വാതിലുകളൊക്കെ പുറത്ത് നിന്ന് പൂട്ടാവുന്നത് ആവും.അകത്ത് കുറ്റി പോലും ഉണ്ടാവില്ല. അന്വേഷിച്ചപ്പോൾ ഉത്തരം വന്നു.വാതിലിൻ്റെ പിടി താഴേക്ക് പോകാത്ത രീതിയിൽ ഉറപ്പിച്ച് നിർത്തി ആണത്രേ വാതിലുകൾ അടക്കേണ്ടത്. അതിനു വേണ്ടി പിടിക്ക് താഴെ ഒരു ചെറിയ മേശയുടെ മുകളിൽ പുസ്തകങ്ങൾ അടുക്കി വക്കണം . അത് നന്നായി ഇറുകി ഇരുന്നാൽ പുറത്ത് നിന്ന് എത്ര ശക്തിയോടെ വലിച്ചാലും പിടി അനങ്ങില്ല എന്ന് ഞങ്ങളും പഠിച്ചു വച്ചു.
പ്രധാന പരിശോധനക്ക് മുൻപ് സ്കൂളിന് ഉള്ളിൽ തന്നെ ഒരു റിഹേഴ്സൽ നടത്താൻ തീരുമാനമായി. എന്തൊക്കെ പാളിച്ചകൾ വരുമെന്ന് നേരത്തെ അറിയുകയും അവയ്ക്ക് പരിഹാരം കണ്ടുപിടിക്കുകയും ചെയ്യാം എന്നതായിരുന്നു ഉദ്ദേശം. ആദ്യമുള്ള ബെൽ കേൾക്കുമ്പോൾ തന്നെ എല്ലാവരും അവരവരുടെ ക്ലാസ് മുറികളിൽ കയറുക. ആ ക്ലാസിലെ എല്ലാ കുട്ടികളും അകത്ത് ഉണ്ടെന്ന് വേഗത്തിൽ ഉറപ്പിക്കുക , എന്നിട്ട് വാതിൽപിടി ബുക്കുകൾ വച്ച് ഉറപ്പിച്ച് വയ്ക്കുക. ഇനി ആണ് അടുത്ത പരീക്ഷണം. ഡ്രിൽ കഴിഞ്ഞു എന്ന് ഒരു അറിയിപ്പും വരില്ല. ടീച്ചറിൻ്റെ ശ്രദ്ധ പുറത്തെ ശബ്ദങ്ങളിൽ ആയിരിക്കണം . പുറത്ത് നിന്ന് ആരെങ്കിലും വന്ന് വാതിൽ ശക്തിയായി തള്ളുകയോ ഇടിക്കുകയോ തുറക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്തേക്കാം. അല്ലെങ്കിൽ ടീച്ചറിനെ പേരെടുത്ത് വിളിക്കുകയും ആകാം. എല്ലാ മുറിയുടെയും മുന്നിൽ ടീച്ചറിൻ്റെ പേര് എഴുതി വയ്ക്കാറുണ്ട് അവിടെയൊക്കെ. മൊത്തം സ്കൂൾ മുഴുവൻ ഇപ്പ്രകാരം ചെക്ക് ചെയ്ത ശേഷം ഏതെങ്കിലും ഒരു വാച്ച്മാൻ ഒരു രഹസ്യ കോഡ് വാക്യവും പറഞ്ഞു കൊണ്ട് ഇടനാഴികൾ തോറും നടന്നു പോകും .. ദാസനും വിജയനും പഠിച്ച പോലെ ഞങ്ങളും കോഡ് വാക്യം കാണാതെ പറഞ്ഞു പഠിച്ചുവച്ചു. ഇതെല്ലാം കുട്ടികളെയും പറഞ്ഞു പഠിപ്പിച്ചു.
സമയം ആയി. ബെൽ മുഴങ്ങി. ആദ്യം ഒരു നിമിഷം ഞാൻ ഉൾപ്പടെ എല്ലാവരും ഒന്ന് സ്തബ്ധരായിയെങ്കിലും ഓടി പോയി ഓരോ ക്ലാസ്സ് മുറിക്കുള്ളിൽ കയറി. കുട്ടികൾ എല്ലാം കസേരകളിൽ നിന്നിറങ്ങി മേശയുടെ അടിയിലും വശത്തുമായി ആദ്യമേ ഒതുങ്ങി ഇരിപ്പുണ്ട്. അവിടത്തെ ഒന്ന് രണ്ടു ധൈര്യ ശാലികളെ ഞാൻ അടുത്തേക്ക് വിളിച്ചു. ബുക്ക് വച്ച് വാതിൽ പൂട്ടാൻ അവരെ പഠിപ്പിച്ചു. എന്നിട്ട് പോയി ഇരുന്നോളാൻ പറഞ്ഞു. ജനലുകൾ എല്ലാം കറുത്ത ചാർട്ട് പേപ്പർ വച്ച് മറച്ചു. ഇനി പുറത്ത് നിന്ന് നോക്കിയാൽ ഇതിനുള്ളിൽ എത്ര ആളുണ്ടെന്ന് അറിയാൻ പറ്റില്ല . കുട്ടികളോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു ഞാനും ഒരിടത്ത് പോയി ഇരിപ്പായി. പതിയെ സമയം മുന്നോട്ട് പോയി തുടങ്ങി. പുറത്ത് കാലടികൾ കേട്ടു തുടങ്ങി. ഞാൻ കുട്ടികളെ നോക്കി. ചിലരൊക്കെ ഭയത്തോടെ എന്നെ നോക്കുന്നുണ്ട്. ഞാൻ അവരെ നോക്കി ചിരിച്ചു. എന്നിട്ട് വാതിൽ തുറക്കില്ല എന്ന് ആംഗ്യം കാണിച്ചു. പുറത്ത് നിന്ന് പിടി പരിശോധന നടക്കുന്നത് ഞങ്ങൾക്ക് മനസിലായി. അൽപ നേരം കഴിഞ്ഞപ്പോൾ അത് തുറക്കില്ല എന്ന് മനസ്സിലാക്കി കുഞ്ഞുങ്ങൾക്ക് ചിരി വന്നു തുടങ്ങി. ആദ്യം പുസ്തകം വയ്ക്കാൻ സഹായിച്ച കുട്ടികൾ അഭിമാനത്തോടെ നിവർന്നിരുന്നു. ഒടുവിൽ കുറെ കഴിഞ്ഞപ്പോൾ സാധനം കയ്യിലുണ്ട് കോഡ് കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി . കോഡ് നിങ്ങൾക്ക് പറഞ്ഞു തരില്ല കേട്ടോ.
ഭൂരിഭാഗം ടീച്ചർമാരും കുട്ടികളും ഇത് പോലെ തന്നെ വളരെ നന്നായി ഈ ഡ്രില്ലിൽ പങ്കെടുത്തെങ്കിലും ആദ്യത്തെ പ്രാക്ടീസ് ഡ്രില്ലിൽ ഞങ്ങൾ പരാജയപ്പെട്ടു. എന്താ കാരണമെന്നല്ലേ? പല മുറികളും സമയത്ത് അടഞ്ഞില്ല. പല മുറികളും നിശ്ശബ്ദം ആയിരുന്നില്ല. പല മുറികളിലും ആളുകൾ വാതിൽ തുറന്നു ഇടക്കിടെ പുറത്തേക്ക് നോക്കുകയായിരുന്നു. വേറെ ആരെങ്കിലും പുറത്തിറങ്ങിയോ എന്നറിയാൻ !
ഒരു ക്ലാസിൻ്റെ പുറത്ത് നിന്ന് "സുലോചനേ" എന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നു "ഗുഡ് മോണിംഗ് മാഡം" പറഞ്ഞു വാതിലും തുറന്നു വന്ന സുലോചന ടീച്ചറെ കണ്ടു സൂപ്പർവൈസർ ബോധം കെട്ടില്ല എന്നേ ഉള്ളൂ.
അതായത് , കുറച്ച് പേരുടെ അനാസ്ഥ കാരണം മുഴുവൻ പേരും പരാജയം സമ്മതിക്കേണ്ടി വന്നു.
അൽപ ദിവസങ്ങൾക്ക് ശേഷം ശെരിക്കുമുള്ള ഡ്രിൽ ദിവസമായപ്പോൾ ഇരുന്നൂറിൽപ്പരം സ്റ്റാഫും അയ്യായിരത്തിന് മുകളിൽ കുട്ടികളും വരുന്ന സമൂഹം ഒന്നിച്ച് വിജയിച്ചു എന്നതിൽ ഇപ്പൊൾ അഭിമാനം തോന്നുന്നു. കാരണം അപ്പോഴേക്കും ഞങ്ങൾ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു കഴിഞ്ഞിരുന്നു..
കഴിഞ്ഞ ഒന്ന് ഒന്നര വർഷമായി നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളും ഇപ്പൊ പ്രാക്ടീസ് ഡ്രിൽ കഴിഞ്ഞ് ശെരിക്കുമുള്ള ഡ്രില്ലിൻ്റെ വക്കിൽ വന്നു നിൽക്കുക ആണ്.
അദൃശ്യനായ ശത്രു വാതിലിൻ്റെ പുറത്ത് വന്നു നിന്നു തട്ടുന്നുണ്ട്. ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് വിചാരിക്കണോ, ആവശ്യമില്ലാതെ പുറത്തേക്ക് പോകണോ ആരൊക്കെ പുറത്തേക്ക് പോയി എന്ന് നോക്കണോ അതോ നമ്മുടെ വീടിനുള്ളിലുള്ളവർക്ക് ധൈര്യം കൊടുത്തും ചിരിച്ചും കളിച്ചും അകത്ത് ഇരിക്കണോ എന്ന് നമ്മൾ തന്നെ തീരുമാനിക്കണം ..
അന്ന് എൻ്റെ ക്ലാസ്സിൽ ഇരുന്നു കുഞ്ഞു മക്കൾ പറഞ്ഞ വാചകം മറക്കാൻ പറ്റില്ല." എല്ലാവരും ഒരേ പോലെ സൂക്ഷിച്ചെങ്കിൽ നാം എല്ലാവരും ജയിച്ചേനേ".
പഴയ തെറ്റുകൾ ആരു തന്നെ ചെയ്തായാലും ഞാനായിട്ട് ആവർത്തിക്കില്ല എന്ന് ഓരോരുത്തരും തീരുമാനം എടുത്താൽ നാം എല്ലാവരും ഒന്നിച്ചു ഈ ശത്രുവിനെ വീണ്ടും ഓടിച്ചു വിടും.
അതേ "നമ്മൾക്ക് എല്ലാവർക്കും ഉത്തരവാദിത്ത്വം ഉണ്ട് ".
ശ്രീജ