പൊരിച്ച കോഴിയും ക്രിസ്തുമസും
****************************
ചെറുപ്പത്തിൽ കണ്ട സിനിമാ കാഴ്ചകളിൽ ഏറ്റവും മനസ്സിൽ തങ്ങി നിൽക്കുന്ന ചിലത് "ഹോം അലോൺ 2" എന്ന ഇംഗ്ലീഷ് പടത്തിലെയാണ്. ഏതൊക്കെയോ കാരണങ്ങൾ കാരണം ഒരു ക്രിസ്തുമസ് യാത്രക്ക് ഇടയിൽ വീട്ടുകാരിൽ നിന്ന് വേർപെട്ട് ഫ്ലൈറ്റ് മാറിക്കയറി ന്യൂയോർക്ക് നഗരത്തിൽ ഒറ്റപ്പെട്ട് പോകുന്ന കെവിൻ എന്ന ബാലൻ്റെ കഥ.
കഥയുടെ ഒടുവിൽ മകനെ അന്വേഷിച്ചു നടക്കുന്ന അമ്മയോട് ഒരു പോലീസുകാരൻ ചോദിക്കുന്നു. " ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ മകൻ എവിടെ ആയിരിക്കും പോകുക "എന്ന്. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അമ്മ പറയുന്നത് ഇങ്ങനെയാണ്.
"ഈ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ എവിടെയാണ്? എൻ്റെ മകൻ അവിടെ ഉണ്ടാകും , എനിക്ക് ഉറപ്പാണ് " .
പിന്നീട് നാം കാണുന്നത് ഏകദേശം അഞ്ചാൾ പൊക്കമുള്ള ഒരു ക്രിസ്തുമസ് ട്രീയുടെ മുന്നിൽ നിൽക്കുന്ന കെവിനേയാണ്. അതിനു ചുറ്റുമുള്ള വലിയൊരു പാർക്കിലെ മരങ്ങൾ മുഴുവൻ വിവിധ തരം അലങ്കാര ബൾബുകൾ കൊണ്ട് മിന്നി തിളങ്ങുന്നു. പശ്ചാത്തലത്തിൽ നേരിയ ശബ്ദത്തിൽ "ജിംഗിൾ ബെൽ" എന്ന ഗാനത്തിൻ്റെ അലയൊലികൾ, മണിയൊച്ചയുടെ താളം അകമ്പടിയായി ഉണ്ട്.
പിന്നീടങ്ങോട്ട് ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ എനിക്ക് ഇപ്പറഞ്ഞ അന്തരീക്ഷം മനസ്സിലേക്ക് ഓടി എത്തും. എൻ്റെ ഉള്ളിലും ഒരു കുഞ്ഞു കെവിൻ ഉണ്ടെന്ന് തോന്നാറുണ്ട്.അത് കൊണ്ടാവും തിരുവനന്തപുരത്തെ ഓണാഘോഷത്തിന് വർണ്ണ വിളക്കുകൾ അണിഞ്ഞു നിൽക്കുന്ന റോഡുകൾ കാണാൻ എന്നും എനിക്ക് വലിയ ഇഷ്ടം ആയിരുന്നു.
രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് ഞങൾ ഗൾഫിൽ എത്തുന്നത്. ഭർത്താവിന് സ്ഥിരം യാത്രകൾ ആവശ്യമായ ജോലിയാണ്. ഞാനും ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് കയറി. അതോട് കൂടി ജീവിതം ' സ്വപ്ന തുല്യം ' ആയെന്നു പറയാം..എന്ന് വച്ചാൽ സ്വപ്നത്തില് മാത്രമുള്ള ജീവിതം. പുള്ളിക്കാരൻ മാസത്തിൽ പകുതിയിലും കൂടുതൽ ദിവസം യാത്ര തന്നെ, ബാക്കി ഉള്ള ദിവസങ്ങൾ ആണേൽ ദുബൈയിൽ തന്നെയുള്ള കസ്റ്റമേഴ്സിനെ കാണാൻ പിന്നേയും യാത്ര . ഞാനും മക്കളും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്രയിലാണ് ദിവസത്തിലെ നല്ല ഭാഗവും. പിന്നെ ഒരു ആശ്വാസം ഇതൊന്നും ഓർക്കാൻ പോലും ഉള്ള സമയം എനിക്കില്ലായിരുന്നു എന്നതാണ്. രാവിലെ ഏഴിന് സ്കൂളിൽ കയറിയാൽ പിന്നെ വൈകുന്നേരം അഞ്ച് മണി വരെ ഭർത്താവ്, മക്കൾ എന്നത് പോട്ടെ വിശപ്പ്, ദാഹം എന്നിവ പോലും ഓർക്കാൻ ഉള്ള സമയം കാണില്ല. അതാണ് ഗൾഫിലെ അധ്യാപനം .
അങ്ങനെയിരിക്കെ ക്രിസ്തുമസ് അവധി വന്നെത്തി. ഞാൻ പെട്ടെന്ന് സ്വപ്ന ലോകത്ത് നിന്ന് യാഥാർത്ഥ്യത്തിലേക്ക്...പ്രവാസം തുടങ്ങിയിട്ട് ഇങ്ങനെ അടുപ്പിച്ച് പത്തിലധികം ദിവസങ്ങൾ അവധി കിട്ടുന്നത് ആദ്യമായാണ്. അതിൽ തന്നെ രണ്ട് ദിവസം കഴിഞ്ഞേ ഭർത്താവ് വീടെത്തൂ . എന്നാലും സാരമില്ല, പിന്നേയും ഏകദേശം ഒരാഴ്ച കിട്ടും. പുള്ളി വന്ന ശേഷം കറങ്ങാനുള്ള പ്ലാനുകൾ ഒക്കെ തയാറാക്കി ഒരുങ്ങി ഇരുന്നു ഞാനും മക്കളും. സന്തോഷ സൂചകമായി ഫെയ്സ്ബുക്കിൽ "ഹോളിഡേ മോഡ്" എന്നൊക്കെ പോസ്റ്റും ഇട്ടു .
രണ്ടു ദിവസം മുഴുവൻ ഒരു മുറിയും അടുക്കളയും ഉള്ള സ്റ്റുഡിയോ ഫ്ലാറ്റിനുള്ളിൽ ഞങ്ങൾ മൂന്ന് പേരും ഹീറോ ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു. അങ്ങനെ രണ്ടാം ദിവസം രാത്രി പതിനൊന്ന് മണിക്ക് ആളെത്തി. വന്ന പാടെ പറഞ്ഞു, " ഒരു പ്രശ്നമുണ്ട്, എനിക്ക് നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ഒരു അത്യാവശ്യ ജോലി വന്നിരിക്കുന്നു. ബഹറിനിലെക്ക് പോകണം. അതിരാവിലെ നാല് മണിക്ക് ആണ് ഫ്ലൈറ്റ് . "
പിള്ളേർ രണ്ടു പേരും സ്തബ്ധരായി നിൽപ്പുണ്ട്. ഒരു മിനുട്ട് അന്തം വിട്ട് നിന്ന ഞാൻ നാഗവല്ലി ആയി മാറി.
"കുട്ടികൾക്ക് എത്ര നാൾ കഴിഞ്ഞ് കിട്ടിയ അവധി ആണ്? ഇപ്പൊ തന്നെ രണ്ട് ദിവസം നമ്മൾ ഇവിടെ അടച്ചു പൂട്ടി ഇരുന്നു. ഇനി ബാക്കി ഉള്ള ദിവസങ്ങൾ കൂടി ഇങ്ങനെ പോകണം എന്നാണോ പറഞ്ഞു വരുന്നത്? " തുടങ്ങിയ ഡയലോഗുകൾ എനിക്ക് ഓർമ ഉണ്ട്. പറഞ്ഞു പറഞ്ഞു ഫോം ആയി വന്നപ്പോൾ ഞാൻ നിയമസഭാ നിലവാരം ഒക്കെ എത്തി എന്നൊക്കെയാണ് പിന്നീട് കെട്ടിയോൻ പറഞ്ഞത്. എന്തായാലും അടുത്ത ഒരു ഒന്ന് ഒന്നര മണിക്കൂർ അവിടെ യുദ്ധ സമാനാന്തരീക്ഷം ആയിരുന്നു എന്ന് പറയാം.
കുറെ നേരത്തെ വാഗ്വാദത്തിന് ശേഷം പുള്ളി ഒരു ചോദ്യം , "എന്തായാലും എനിക്ക് പോയെ തീരൂ, എന്താ നിങ്ങൾക്ക് കൂടെ പോരാൻ താൽപര്യം ഉണ്ടോ? " .
"പിന്നെന്താ.. " ഞാനും മക്കളും കോറസ്.
അങ്ങനെ രാത്രി ഒന്നര മണിക്ക് എൻ്റെ ഭർത്താവ് ഞങ്ങടെ ആദ്യത്തെ രാജ്യാന്തര വിനോദ യാത്രാ ടിക്കറ്റ് എടുത്തു_ ദുബൈ യില് നിന്ന് ബഹറിനിലേക്ക്. അവിടെ ചെന്നാൽ ഓൺ അറൈവൽ വിസക്ക് അപേക്ഷിക്കാം എന്ന് തീരുമാനിച്ചു.
പിന്നെ നടന്നത് എല്ലാം ചരിത്രം. കുറെ തുണികൾ എല്ലാം കൂടി വാരി കെട്ടി പെട്ടിയിൽ കുത്തി നിറച്ചു . അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഞങ്ങള് നാല് പേരും കൂടി ഏതോ ഫ്ളൈറ്റിൽ കയറി വിസ പോലും ഇല്ലാതെ അന്യ നാട്ടിലേക്ക് തിരിച്ചു.
ഞാൻ മനസ്സിൽ ആലോചിച്ചു.
"പോകുന്നത് അവിടെ ഏതോ കമ്പനിയിൽ അഞ്ച് ദിവസത്തെ സെമിനാർ എടുക്കാനോ മറ്റോ ആണ്..ആളിനെ പകൽ നേരത്ത് കാണാൻ കിട്ടില്ല. താമസം എവിടെ ആണെന്ന് ഒരു പിടിയും ഇല്ല..വല്ല ചെറിയ ഹോട്ടലും ആണേലും പരാതി പറയാൻ പറ്റില്ല. നമ്മൾ ഭദ്രകാളി കളിച്ചു നേടിയ യാത്ര ആണല്ലോ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം ".
അവിടെ എത്തുമ്പോൾ വിസ കിട്ടുമോ എന്ന പുള്ളിയുടെ സംശയം അസ്ഥാനത്ത് ആയിരുന്നു.. സംഭവം പത്ത് മിനുട്ട് കൊണ്ട് വിസ റെഡി. അങ്ങനെ ആദ്യമായി ഒരു അന്യ രാജ്യം എന്നെയും മക്കളെയും ഇരു കൈകളും നീട്ടി സ്വീകരിച്ചു. അങ്ങനെ ഡിസംബർ ഇരുപത്തി രണ്ടിന് എൻ്റെ ഓർമ്മയിലെ ഏറ്റവും സുന്ദരമായ ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു.
നേരെ പോയത് ബഹറിനിലെ'ബാപ്ക്കൊ' എന്ന കമ്പനിയുടെ ഗസ്റ്റ് ഹൗസിലേക്ക് ആണ്. നഗര പരിധിയിൽ നിന്ന് അകലെ ഒരു വലിയ പ്രദേശം മുഴുവൻ ഉൾപ്പെടുന്ന ഒരു ടൗൺഷിപ്പ് . യൂറോപ്യൻ രീതിയിൽ നെരിപ്പോടും നീളൻ ഇടനാഴികളും ഒക്കെയുള്ള പഴയകാല പ്രതാപം വിളിച്ചോതുന്ന ഒരു ഒറ്റ നില കെട്ടിടം ആണ് ഗസ്റ്റ് ഹൗസ്. ആകെ മൊത്തം അഞ്ച് മുറികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ ജോലിക്കാരും.
ആദ്യം തന്നെ മാനേജർ പറഞ്ഞു, "നിങ്ങളാണ് ഈ ആഴ്ചത്തെ അതിഥികൾ. ഈ ബംഗ്ലാവിലെ എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാം ."
ആ ഒരാഴ്ച സത്യത്തിൽ ഏതോ യൂറോപ്യൻ നഗരത്തിൽ എത്തിയ പ്രതീതി ആയിരുന്നു എനിക്ക്. രാവിലെ ഉണർന്ന് പുറത്തേക്ക് നോക്കിയാൽ മുൻ വശത്തെ ഗാർഡൻ മഞ്ഞ് മൂടി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. കാപ്പി കുടി ഒക്കെ കഴിഞ്ഞാൽ ആ വലിയ ബംഗ്ലാവ് മുഴുവൻ കറങ്ങി നടക്കും. അപ്പോഴുള്ള എൻ്റെ ഭാവങ്ങൾ കുബേരൻ പടത്തിൽ ഒരു ദിവസത്തേക്ക് ബംഗ്ലാവിൽ പോയി താമസിച്ചു വിലസുന്ന ദിലീപിനെ ഓർമിപ്പിക്കും എന്ന് മക്കൾ പറയാറുണ്ട് , ഞാൻ അതൊന്നും അത്ര വിശ്വസിക്കാറില്ല.
കെട്ടിടത്തിൻ്റെ നേരെ മുന്നിൽ കമ്പനിയുടെ വക ക്ലബ്ബാണ്. അവിടെ ക്രിസ്തുമസ് തലേന്നത്തേക്ക് വലിയ പാർട്ടി ഒരുക്കിയിട്ടുണ്ട്. മാനേജർ ഞങ്ങളെയും അറിയിച്ചു, സ്പെഷ്യൽ ഗസ്റ്റ് ആണല്ലോ . നിങ്ങളും പങ്കെടുക്കണം. കേട്ട പാതി കേൾക്കാത്ത പാതി നമ്മൾ സമ്മതിച്ചു. പിന്നീടാണ് അറിഞ്ഞത് "ചെറിയ " ഒരു തുക കൊടുക്കണ മത്രെ. ഏകദേശം അയ്യായിരം ഇന്ത്യൻ രൂപയാണ്. അന്നൊക്കെ നാല് പേര് പുറത്ത് പോയി കഴിക്കാൻ ആയിരം രൂപ പോലും ആവില്ല. ഭർത്താവ് ഒന്ന് സംശയിച്ചു. പിന്നീട് പുള്ളിക്കാരൻ "മരത്തിലെ ലൈറ്റുകളും ക്രിസ്തുമസ് പാർട്ടിയും " വീക്നെസ് ആയ എന്നെയും എൻ്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നാഗവല്ലിയെയും ഓർമിച്ചത് കാരണം ഞങ്ങളും ആ ഡിന്നർ ടിക്കറ്റ് എടുത്തു.
അന്നേ ദിവസം വൈകുന്നേരം..
ക്ലബും പരിസരത്തുള്ള മരങ്ങളും എല്ലാം വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. ക്ലബ്ബിന് ഉള്ളിൽ നിന്ന് കരോൾ ഗാനങ്ങൾ കേൾക്കാം . ഞങ്ങളും കൂട്ടത്തിലെ ഉഗ്രൻ വേഷങ്ങൾ ഒക്കെ എടുത്തിട്ട് ഡിന്നെറിന് ഇറങ്ങി.സാമാന്യം വലിപ്പമുള്ള ഒരു റെസ്റ്റോറൻ്റ് ആണ് ക്ലബ്ബിന് ഉള്ളിൽ. .കെട്ടിടം മുഴുവൻ ചുവപ്പും വെള്ളയും നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. കേറിയ പാടെ നമ്മളെ അവരു ആനയിച്ചു കൊണ്ട് പോയി ഒരു ടേബിളിൽ കൊണ്ട് പോയി ഇരുത്തി.ഓർഡർ എടുക്കാൻ നിൽക്കുന്ന ഫിലിപ്പിനോ സുന്ദരി വന്ന് എന്തൊക്കെയോ ചോദിച്ചു. മെനു കാർഡ് ഒന്നുമില്ല .അത് വേണോ,ഇത് വേണോ എന്നൊക്കെ അവള് ചോദിക്കുന്നുണ്ട്. കേട്ടിട്ട് പരിചയം ഉള്ള ഐറ്റങ്ങൾ ഒന്നും അല്ല. നമ്മൾ പറഞ്ഞു , ഇവിടെ എങ്ങനെ ആണോ അങ്ങനെ മതി, എന്ന്. സുന്ദരി ചിരിച്ചു കൊണ്ട് പോയി.
അൽപ നേരം കഴിഞ്ഞ് ഒരു സായിപ്പ് സാമാന്യം വലിയ ഒരു തളിക മൂടി കൊണ്ട് അടച്ചു പിടിച്ച് കൊണ്ട് നടന്നു വരുന്നു. നമ്മൾ സന്തോഷം പുറത്ത് കാണിച്ചില്ല. പൈസ കുറച്ച് പോയലെന്താ.. വയറു നിറയെ കഴിക്കാം. തളിക മേശപ്പുറത്ത് എത്തി. തുറന്നതും ഞങ്ങൾ പരസ്പരം നോക്കി. ഒരു വലിയ ടർക്കി കോഴി കിടത്തി പൊരിച്ചു കൊണ്ട് വച്ചിരിക്കുന്നു, അതോ നിറുത്തി ആണോ പൊരിക്കുന്നത്?
നാല് വയസ്സുള്ള ചെറുത് അപ്പോ തന്നെ പറഞ്ഞു ." എനിക്ക് വേണ്ട". സബാഷ്.. മൂത്തത് ആദ്യത്തെ കഷണം കടിച്ചതും മുഖം ഒക്കെ ചുളിക്കുന്നു. പ്രിയതമൻ്റെ ഭാഗത്തേക്ക് നോക്കാതെ ഞാൻ പയ്യെ ഒരു ചെറിയ പീസ് എടുത്ത് വായിൽ വച്ചു. എരിവും പുളിയും ഒന്നും കിട്ടിയില്ല. അദ്ദേഹത്തെ നോക്കാൻ വയ്യ. എന്തായാലും കുറെ നേരത്തെ അധ്വാനം കൊണ്ട് ഞാനും ഭർത്താവും കൂടി ആ പാവപ്പെട്ട കോഴിയുടെ ശസ്ത്രക്രിയ നടത്തി. വെട്ടി കീറി ഇട്ടതായേ ഓർമ ഉള്ളൂ.. കഴിച്ചതായി ഓർമ ഇല്ല. എങ്ങനെയെങ്കിലും കുറെ നേരം അവിടെ ഇരുന്ന ശേഷം ഞങ്ങള് പുറത്തേക്ക് ഇറങ്ങുമ്പോഴും കോഴിയുടെ ഡെഡ് ബോഡി ആ ഓപേറേഷൻ ടേബിളിൽ മുഴുവനായി കിടപ്പുണ്ടായിരുന്നു.
പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതിലിൻ്റെ അടുക്കൽ വീണ്ടും ഫിലിപ്പിനോ സുന്ദരി. അവള് ചോദിച്ചു. " ഞങ്ങളുടെ സ്പെഷൽ ഡിഷ് എങ്ങനെ ഉണ്ടായിരുന്നു ? ഞങ്ങൾ രണ്ടു പേരും ഒരേ സ്വരത്തിൽ " സൂപ്പർ".
സംശയ ദൃഷ്ടി -
മുറിയിൽ തിരിച്ചെത്തി അവിടെ ഉണ്ടായിരുന്ന ബ്രെഡും പഴവും കഴിച്ച് വെള്ളവും കുടിച്ചു കിടക്കാൻ നേരം കെട്ടിയോൻ വക ആത്മഗതം. "ഹും..ഇതാണ് വഴിയേ കിടന്ന വയ്യാവേലി എന്ന് പറയുന്നത്. "
പുള്ളിക്കാരൻ വയ്യാവേലി എന്ന് പറഞ്ഞത് ടർക്കി കോഴിയെ ആണോ എന്നേ ആണോ എന്ന് എനിക്കും ഇന്നും അറിഞ്ഞൂടാ. ഞാൻ ചോദിച്ചിട്ടും ഇല്ല.. വെറുതെ എന്തിനാ അല്ലേ?
ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ