Total Pageviews

Saturday, November 20, 2021

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്. 
പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു പൊതു ധാരണ നാട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ ഉണ്ടെന്ന് എനിക്കും അറിയാവുന്ന രഹസ്യമാണ്. ഒരു പരിധി വരെ അത് സത്യമായത് കൊണ്ട് ഞാനും അത് തിരുത്താൻ പോകാറില്ല. പക്ഷേ ഇന്ത്യ അറിയാത്ത രഹസ്യം, കേരളം അറിയാത്ത രഹസ്യം ഞാൻ യാഥാർത്ഥ്യത്തിൽ ഒരു സദ്യ എക്സ്പേർട്ട് ആകുന്നു എന്നതാണ്. കണ്ടാൽ തോന്നില്ലെങ്കിലും.

ആളുകളുടെ തെറ്റിധാരണകൾ പൊളിയുന്നത് കാണാൻ നല്ല രസമാണ്. അങ്ങനെയുള്ള ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്ക്.

അതിലൊന്ന് മുംബൈ ജീവിത കാലത്താണ്. അന്ന് മക്കളൊക്കെ തീരെ കുഞ്ഞാണ്. അവരുടെ പിറകെയുള്ള ഓട്ടത്തിനിടയിൽ സാധാരണ ദിവസങ്ങളിലെ കുക്കിംഗ് ഒരുതരം ഒപ്പിച്ചു കൂട്ടലാണ്. താമസിക്കുന്ന ഫ്ലാറ്റിൻ്റെ നേരെ മുന്നിൽ താമസിക്കുന്ന കുടുംബമാണ് അന്നൊക്കെ ഏറ്റവും വലിയ സഹായം . നാൽപ്പത്തി അഞ്ചിനും അമ്പത്തിനും ഇടക്ക് പ്രായമുള്ള ദമ്പതികളും അവരുടെ രണ്ട് ടീനേജ് മക്കളും. 

എൻ്റെ മക്കൾ എന്നെങ്കിലും അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ എഴുതിയാൽ അതിൻ്റെ പേര് മിക്കവാറും '' ഒരു  ഇഡലി തട്ടിൻ്റെ രോദനം " എന്നാവും. കാരണം കാലങ്ങളോളം ഞങ്ങളുടെ വീട്ടിലെ പ്രഭാത ഭക്ഷണം ഒരേ ഐറ്റം ആയിരുന്നു. ഭർത്താവിന്ഏഴു മണിക്ക് ഓഫീസിലേക്ക് പോകാൻ  ഇറങ്ങണം. മൂത്തവൾ യുക്കേജിക്കാരിയേ ഒൻപത് മണി ആകുമ്പോൾ അവളുടെ സ്കൂളിൽ എത്തിക്കണം . ഇതിനിടയിൽ അവർക്ക് രണ്ടു പേർക്കും ഉള്ള ഉച്ച ഭക്ഷണം കൊടുത്ത് വിടണം. ഇതെല്ലാം നടക്കണമെങ്കിൽ അന്ന് നാല് മാസം പ്രായമുള്ള ഇളയവൾ കനിയണം. രാവിലെ അവളുടെ മൂഡ് ശെരിയല്ലെങ്കിൽ പിന്നെ മേലെ പറമ്പിൽ ആൺ വീട്ടിലെ അമ്മ മക്കൾക്ക് കൊടുക്കും പോലെ കഞ്ഞിയും മുളകും  മാത്രമേ കൊടുത്ത് വിടാൻ പറ്റൂ. 

ഞങ്ങൾ താമസിച്ച മുംബൈ ഫ്ലാറ്റ് ശെരിക്കും ഒരു മിനി ഇന്ത്യ തന്നെയായിരുന്നു. മഹാരാഷ്ട്രക്കാരും പഞ്ചാബികളും യുപ്പിക്കാരും പഹാടികളും തമിഴരും മലയാളികളും ഒക്കെ ചേർന്ന് വളരെ വ്യതസ്തമായ ജീവിത രീതികൾ ഉള്ളവർ. പക്ഷേ മൊത്തത്തിൽ അവർക്കെല്ലാം ഒരു കാര്യത്തിൽ നല്ല യോജിപ്പ് ആണെന്ന് തോന്നും , ആഹാര കാര്യത്തിൽ. വിവിധ നിറങ്ങളിലും രൂപങ്ങളിലും സ്വാദിലും ഉള്ള അനേകതരം ഭക്ഷണങ്ങൾ ആ കാലത്ത് പരീക്ഷിക്കാൻ പറ്റിയിട്ടുണ്ട്.

ഇതൊക്കെ വച്ച് നോക്കുമ്പോ ഞങ്ങളുടെ തൊട്ടടുത്ത വീട്ടുകാർക്ക് പൊതുവേ ഞങ്ങൾ പട്ടിണി ആണെന്നു തോന്നി കാണും. ആദ്യം ആദ്യം അവരുടെ സ്പെഷ്യൽ ആഹാരം ഉണ്ടാക്കുമ്പോൾ ഞങ്ങൾക്കും കൊണ്ട് തരും. പിന്നെ പിന്നെ മിക്കവാറും എല്ലാ ദിവസവും ഏതെങ്കിലും ഒരു വിഭവം ഞങ്ങൾക്കും കൂടെ കണക്കാക്കി ഉണ്ടാക്കും അവിടത്തെ ചേച്ചി. പോകെ പോകെ മൂത്ത മോളും ചിലപ്പോ അവളുടെ അച്ഛനും അവിടന്ന് ഉണ്ടാക്കുന്ന ആഹാരത്തിൻ്റെ മണം പിടിച്ച് കാത്തിരിപ്പായി . അമ്മാ ഇന്ന് ചോറ് മാത്രം വച്ചാൽ മതി, അപ്പുറത്ത് നിന്ന് ദാൽ ഉണ്ടാക്കുന്ന മണം വരുന്നുണ്ട് എന്നൊക്കെ അവള് പറഞ്ഞു തുടങ്ങി. അവർക്ക് എന്നും പുതിയ പാചക പരീക്ഷണങ്ങൾ ഇഷ്ടവുമായിരുന്ന്. ആ ചേട്ടൻ ആണെങ്കിൽ ചേച്ചിയെ ഭയങ്കര പുകഴ്ത്ത്ലും . ഇവൾ അപാര കുക്ക് ആണ്. ഇത്രയും തരം ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന വേറെ ആരും ഈ ഇന്ത്യാ മഹാ രാജ്യത്ത് ഇല്ല എന്ന ലെവൽ ആണ് തള്ളൽ .
ഇതിങ്ങനെ കുറെ ആവുമ്പോൾ എൻ്റെ ഉള്ളിലെ മലയാളി കുക്കർ ഇടക്കിടെ പുറത്തേക്ക് വരാൻ തുടങ്ങും , പിന്നെ സ്വാഭാവികമായ മടി കാരണം പിന്നെയും ഉള്ളിൽ തന്നെ കിടന്നുറങ്ങും. 

അങ്ങനെയിരിക്കെ ഓണം വന്നെത്തി, ചെറിയ മകളുടെ ചോറൂണും ആ സമയത്ത് നടത്തി. കേരളത്തിന് പുറത്ത് ആദ്യത്തെ ഓണമാണ്. നാടിൻ്റെ അഭിമാനം കാക്കണം. സദ്യയില്ലാതെ എന്തോണം? പിന്നെ എനിക്ക് പാചകം അറിയില്ല എന്ന് വിചാരിക്കുന്ന ഫ്ലാറ്റ് പീപ്പിളിൻ്റെ ധാരണയും മാറ്റണമല്ലോ. അങ്ങനെ ഒരാഴ്ച മുന്നേ തന്നെ എല്ലാവരുടെയും മുന്നിൽ പരസ്യ പ്രസ്താവന നടത്തി. തിരുവോണ ദിവസം ഉച്ചക്ക് ഞങ്ങളുടെ വീട്ടിലാണ് ഊണ്. എല്ലാവരും തയ്യാറായി വരിക. അയൽ വീട്ടിലെ ചേച്ചിയും ചേട്ടനും പരസ്പരം മുഖത്തോട് മുഖം നോക്കി അന്തം വിട്ട് നിന്നു. അൽപ സമയം കഴിഞ്ഞു ധൈര്യം സംഭരിച്ച് സമ്മതം അറിയിച്ചു. 
ഉത്രാട ദിവസം തന്നെ ഞങ്ങള് ഒരുക്കങ്ങൾ തുടങ്ങി. ഞാനെൻ്റെ കഴിവ് മുഴുവൻ പുറത്തെടുത്ത് ആണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. അതി രാവിലെ മുതൽ പണി തുടങ്ങിയ കാരണം ഒരു പന്ത്രണ്ട് മണിയായപ്പോ എല്ലാം തയ്യാറായി. 

ഇലയൊക്കെ ഒരുക്കി വച്ചിട്ട് എൻ്റെ ഭർത്താവ് പോയി അയൽക്കാരെ വിളിച്ചു കൊണ്ട് വന്നു. വന്ന ഉടനെ അയൽക്കാരൻ, " ഓണത്തിന് നിങൾ ഏത് ഭഗവാന് ആണ് പൂജ ചെയ്യുന്നത്?". മലയാളി ഒഴികെ മറ്റെല്ലാ നാട്ടുകാർക്കും ആഘോഷങ്ങൾ മതവുമായി ബന്ധപ്പെട്ടതാണ് . ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. നമ്മുടെ പുരാണ കഥ പറഞ്ഞാല് അതിൽ വാമനൻ്റെ എൻട്രി ഒക്കെ കയറ്റി കളർ ആക്കാം, പക്ഷെ മഹാബലി യുടെ കഥയിൽ വാമനൻ വില്ലൻ ആണല്ലോ ? ഒന്നും തമ്മിൽ പറഞ്ഞില്ല എങ്കിലും ആ കഥ ഇവിടെ ഇവിടെ പറയണ്ട എന്ന് രണ്ട് പേരും ഒരേ പോലെ തീരുമാനിച്ചു. പുള്ളിക്കാരൻ പെട്ടെന്ന് അഞ്ചാം ക്ലാസിലെ സരസ്വതി ടീച്ചറിൻ്റെ ഭാഷയിൽ കൃഷി ഉത്സവം, സമത്വം, സാഹോദര്യം എന്നൊക്കെ ഉപന്യസിക്കുന്നത് കേട്ട് കൊണ്ട് ഞാൻ അടുക്കളയിലേക്ക് രക്ഷപെട്ടു. 
കുറെ നേരത്തെ ക്ലാസ്സ് കഴിഞ്ഞ് അയൽക്കാരൻ തളർന്ന് ചോദിച്ചു പോയി, ഇനി നമുക്ക് ഘാന കഴിച്ചാലോ എന്ന്. 

നിലത്ത് ഷീറ്റ് വിരിച്ചാണ് ഇല ഇട്ടിരിക്കുന്നത്. പൊതുവേ നിലത്ത് ഇരുന്നു ആഹാരം കഴിക്കുന്നവർ ആണ് അവിടെയൊക്കെ കൂടുതൽ. അത് കൊണ്ട് അവർ സന്തോഷമായി ചമ്രം പടിഞ്ഞ് ഇരിപ്പായി. ചേട്ടൻ്റെ വക ഡയലോഗ് " ഞങ്ങളുടെ പോലെ തന്നെയാണല്ലോ നിങ്ങളുടെ രീതികളും . മിക്ക ആഘോഷങ്ങൾക്കും ഞങ്ങളും എല്ലാവരും കൂടിയിരുന്നു ഇങ്ങനെയൊക്കെ തന്നെയാണ് ആഹാരം കഴിക്കാറ്. ഒരു കപ്പ് വെള്ള അരിയുടെ ചോറ്, കൂടെ ഒന്നോ രണ്ടോ ചപ്പാത്തി കൂടെ എന്തേലും ഒന്നോ രണ്ടോ പച്ചക്കറികൾ ഇതാണ് അങ്ങേരു ഉദ്ദേശിച്ച ആഹാരം. അപ്പോഴാണ് അതാ വരുന്നു പരിപ്പ്, സാമ്പാർ , പായസം മൂന്ന് തരം, രസം പിന്നെ മോര് അങ്ങനെ നിര നിരയായി ഫുഡ് കൊണ്ടൊരു ഘോഷ യാത്ര. ഓരോ വിളമ്പും കഴിയുമ്പോ ആ മനുഷ്യൻ എഴുന്നേൽക്കാൻ നോക്കും. അപ്പോ നമ്മൾ പറയും അയ്യോ സാറേ പോവല്ലേ, ഇനി കുറച്ച് ചോറെടുത്ത് സാമ്പാർ കൂട്ടി കഴിക്കണം , പിന്നെ പായസം ഇലയിൽ തന്നെ കഴിക്കണം, ഇങ്ങനെ കുറെ ആയപ്പോ പാവത്തിന് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ പോലും വയ്യാതായി. എന്നാലും ഞാൻ വിടുമോ? ഇനി മോര് എന്നും പറഞ്ഞു അങ്ങേരെ പേടിപ്പിച്ചു കൊണ്ടേയിരുന്നു. നമ്മൾക്ക് ആകെ കിട്ടിയ അവസരം അല്ലേ ? ഇനി അടുത്ത വർഷമേ ഞാൻ കുക്കിംഗ് ഉള്ളൂ എന്ന് എനിക്ക് അറിയാമല്ലോ. 
അവസാനം ബാക്കി എല്ലാവരും എഴുന്നേറ്റ് പോയ ശേഷവും ഒരു കയ്യും നിലത്ത് കുത്തി മറ്റെ കയ്യ് കൊണ്ട് വയറും തടവി കണ്ണും തുറിച്ച് അന്തം വിട്ടിരുന്ന മനുഷ്യനെ ഒന്നെഴുന്നേൾപ്പിക്കാൻ എൻ്റെ കെട്ടിയോൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ഞാൻ എൻ്റെ പാചക നൈപുണ്യത്തെ ഓർത്തു സ്വയം അഭിമാനം കൊള്ളുക ആയിരുന്നു. 

പിൽക്കാലത്ത് അവിടേക്ക് പുതിയ കേരളീയര് അല്ലാത്ത താമസക്കാർ ആരു വന്നാലും ഈ പറഞ്ഞ അയൽവാസി അവരോട് പറയും, " ഇവരുടെ വീട്ടിലെ സദ്യ ഘാവോ, ബഹുത് അച്ഛാ ഹൈ " എന്ന്. എന്നിട്ട് പുള്ളി മനസ്സിൽ പറയും, പോയി അനുഭവിക്കിനെടാ നീയൊക്കെ !

ശ്രീജ പ്രവീൺ





Wednesday, April 28, 2021

ലോക്ക് ഡൗൺ ഡ്രിൽ

ലോക്ക് ഡൗൺ ഡ്രിൽ

          അഥവാ 

 'തുറക്കൂലഡാ പട്ടീ'

*************************


ആദ്യമായി ലോക്ക് ഡൗൺ എന്ന് കേൾക്കുന്നത് കൊറോണക്കാലത്തല്ല, അതിനും വളരെ മുൻപാണ് ..

ദുബായിലെ സ്കൂളിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന കാലം.. ഏകദേശം പത്ത് പതിനഞ്ച് പേരുണ്ട് അധ്യാപകരും മറ്റുള്ളവരുമായി ടീമിൽ.  ഇവരുടെയൊക്കെ മുന്നിൽ  'ഞാനാണിവിടെ അധികാരി എല്ലാവർക്കും മേലാവി' എന്ന  സ്റ്റൈലിൽ വിലസുന്ന കാലം .

പഠന സമയം ഉച്ചക്ക് രണ്ട് വരെയാണ്. കുട്ടികൾ പോയാലും നമ്മൾക്ക് വൈകീട്ട് നാല് വരെയാണ് സമയം..

ഇടക്കിടെ കോർപറേറ്റ് ഹെഡ് ആപ്പീസ്സീന്ന് ചില സായിപ്പ് ചേട്ടന്മാർ ഞങ്ങളെ ഉൽബോധിപ്പിക്കാൻ വരും. ഉച്ചയൂണ് ഒക്കെ കഴിഞ്ഞു വന്നു എസി മുറിയിൽ ഇരുന്നു ഒരേ താളത്തിൽ പ്രസംഗം കേൾക്കാൻ എന്തിഷ്ടമാണെന്നോ ഞങ്ങൾക്കെല്ലാർക്കും ? ഈ പവർ നാപ് എന്ന് പറയുന്നതിൻ്റെ ഒരു സുഖം അനുഭവിച്ചു തന്നെ അറിയണം . 

അന്നും അങ്ങനെ ഒരു ഉച്ചയുറക്കത്തിന് ഉള്ള തയ്യാറെടുപ്പിലാണ് ഹാളിലേക്ക് എത്തിയത് . പതിവ് പോലെ ഒരു സായിപ്പ് വലിയ സ്ക്രീനിൽ പ്രസൻ്റേഷനൊക്കെ തയ്യാറാക്കി വച്ച് റിമോട്ടും കയ്യിൽ പിടിച്ച് നല്ല കുട്ടപ്പനായി നിൽപ്പുണ്ട്. ഞാൻ ക്ലാസ്സിലെ ഉഴപ്പന്മാർ നോക്കുന്നത് പോലെ പെട്ടെന്ന് ചോദ്യം ചോദിക്കാൻ സാധ്യത ഇല്ലാത്ത ഒരു സീറ്റ് നോക്കി കണ്ടു പിടിച്ച് ഇരിപ്പായി. പതിവ് പോലെ സ്ഥിരം യു.ഡി.സിയുടെ ഈശ്വര പ്രാർത്ഥന, കരയോഗം പ്രസിഡൻ്റിൻ്റെ സ്വാഗത പ്രസംഗം ഒക്കെ കഴിഞ്ഞു അങ്ങേരു റിമോട്ട് ഞെക്കി ഞെക്കി പ്രസംഗം തുടങ്ങി.

ആദ്യം കാണിച്ചത് ഒരു കുഞ്ഞു വീഡിയോ ആണ്. ഏതോ യൂറോപ്യൻ രാജ്യത്തെ സ്കൂളിലേക്ക് ഒരുത്തൻ തോക്കുമായി കയറി വന്ന്  അവിടെയുള്ള കുട്ടികളെയും ടീച്ചർമാരെയും ഒക്കെ തലങ്ങും വിലങ്ങും വെടി വയ്ച്ചു വീഴ്ത്തുന്നു. പുറത്ത് നടക്കുന്ന ബഹളം കേട്ട് ഓരോ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഓരോ ആളിനെയും അയാൾ കൊന്നു കൊണ്ട് മുന്നിലേക്ക് പോകുന്നു. ഓരോ മുറിയിലും കയറി ഒരു ദാക്ഷിണ്യവും ഇല്ലാതെ നിറയൊഴിക്കുന്നു. അറിയാതെ തന്നെ കസേരയിൽ ഒന്ന് നിവർന്നിരുന്നു പോയി.

സ്വന്തം മക്കളുടെയും പഠിപ്പിക്കുന്ന ക്ലാസ്സിലെ മക്കളുടെയും മുഖങ്ങൾ  മനസ്സിലേക്ക് ഓടി വന്നു.ചുറ്റും നോക്കിയപ്പോൾ ആ ഹാളിലെ എല്ലാവരും ഈ അവസ്ഥയിൽ  തന്നെ.

സ്ക്രീനിൽ കഥ തുടരുന്നു. ഇത്തരം കാഴ്ചകൾ ഏതോ പുറം രാജ്യത്ത് മാത്രം നടക്കുന്ന കാര്യങ്ങൾ ആണെന്നാണ് നാമൊക്കെ കാലങ്ങളായി കരുതുന്നത്. ഇതൊക്കെ നമുക്ക് വെറും പത്ര വാർത്തകൾ മാത്രമാണ്. പക്ഷേ അങ്ങനെയല്ല എന്ന് കണക്കുകൾ നിരത്തി തെളിയിക്കുന്നു അയാൾ.

ഇതൊക്കെ ലോകത്ത് എവിടെയും സംഭവിക്കാമെന്നും നാം തയ്യാറാകുന്നതിന് ഒപ്പം നമ്മുടെ കുട്ടികളെയും തയ്യാറാക്കണം എന്നതായിരുന്നു രത്നചുരുക്കം..

ഇങ്ങനെയുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ആണ് " ലോക്ക് ഡൗൺ " . 

അതായത് നാം എവിടെയാണോ അവിടെ തന്നെ ഇരുന്നു വാതിൽ അടച്ചു പൂട്ടുക. എന്നിട്ട് മിന്നാരം സിനിമയിൽ കുതിര വട്ടം പപ്പു പുറത്ത് വാളുമായി നിൽക്കുന്ന തിലകനോട് പറയും പോലെ മനസ്സിൽ പറയുക "തുറക്കൂല്ലട പട്ടീ ".

പുറത്ത് നിന്ന് ഒരു അക്രമി ഉള്ളിൽ കടന്നു എന്ന് സംശയം തോന്നിയാൽ അപ്പോ തന്നെ സ്കൂളിൻ്റെ ഓഫീസിൽ നിന്ന് പ്രത്യേക രീതിയിൽ ഒരു ബെൽ മുഴങ്ങും. അത് കേട്ട ഉടനെ ടീച്ചർമാരും കുട്ടികളും എവിടെയാണോ ആ മുറിക്കുള്ളിൽ അടച്ചിരിക്കണം.  കുട്ടികളെ കഴിവതും ജനലിലൂടെ നോക്കിയാൽ കാണാൻ പറ്റാത്ത രീതിയിൽ മേശയുടെ അടിയിലും മറ്റുമായി ഒളിച്ചിരുത്തണം. എന്നിട്ട് മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടകയും വേണം . ഒരു തരത്തിലും ആരു വന്നു വിളിച്ചാലും തുറക്കാൻ പാടില്ല. അക്രമി വാതിൽ തള്ളി തുറക്കാനുള്ള ശ്രമം നടത്താം. അറിയുന്ന ആളിൻ്റെ ശബ്ദത്തിലോ പേരോ വിളിക്കാം . ഒരു കാരണവശാലും വാതിൽ തുറക്കാതെ ഉള്ളിൽ കുട്ടികളുണ്ടെന്ന് പുറത്ത് അറിയിക്കാതെ അവരെ രക്ഷിക്കാൻ ടീച്ചർമാർക്ക് കഴിയണം. ഇതൊക്കെയായിരുന്നു അന്നത്തെ ട്രെയിനിംഗ്.. വെറും വാക്കാൽ പഠിപ്പിക്കൽ മാത്രമല്ല, അടുത്ത ആഴ്ചയിൽ ഒരു ദിവസം ഇതിൻ്റെ ഒരു മോക്ക് ഡ്രിൽ നടത്തുമെന്നും അവർ അറിയിച്ചു. അതായത് ഈ പറഞ്ഞ കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കി കാണിക്കണം .

അടുത്ത ദിവസം തന്നെ ' ലോക്ക് ഡൗൺ ഡ്രിൽ ' നടത്തേണ്ട ദിവസം തീരുമാനം ആയി. കേട്ട പാടെ ഞങ്ങളെല്ലാവരും അവരവരുടെ ക്ലാസ്സ് മുറികൾ അടച്ചുറപ്പ് ഉള്ളതാണോ എന്ന് നോക്കാൻ തുടങ്ങി. അപ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങളറിഞ്ഞത്. പൊതുവേ സ്കൂൾ മുറി വാതിലുകളൊക്കെ  പുറത്ത് നിന്ന് പൂട്ടാവുന്നത് ആവും.അകത്ത് കുറ്റി പോലും ഉണ്ടാവില്ല. അന്വേഷിച്ചപ്പോൾ  ഉത്തരം വന്നു.വാതിലിൻ്റെ പിടി താഴേക്ക് പോകാത്ത രീതിയിൽ ഉറപ്പിച്ച് നിർത്തി ആണത്രേ വാതിലുകൾ അടക്കേണ്ടത്. അതിനു വേണ്ടി പിടിക്ക് താഴെ ഒരു ചെറിയ മേശയുടെ മുകളിൽ പുസ്തകങ്ങൾ അടുക്കി വക്കണം . അത് നന്നായി ഇറുകി ഇരുന്നാൽ പുറത്ത് നിന്ന് എത്ര ശക്തിയോടെ വലിച്ചാലും പിടി അനങ്ങില്ല എന്ന് ഞങ്ങളും പഠിച്ചു വച്ചു. 

പ്രധാന പരിശോധനക്ക് മുൻപ് സ്കൂളിന് ഉള്ളിൽ തന്നെ ഒരു റിഹേഴ്സൽ നടത്താൻ തീരുമാനമായി. എന്തൊക്കെ പാളിച്ചകൾ വരുമെന്ന് നേരത്തെ അറിയുകയും അവയ്ക്ക് പരിഹാരം കണ്ടുപിടിക്കുകയും ചെയ്യാം എന്നതായിരുന്നു ഉദ്ദേശം. ആദ്യമുള്ള ബെൽ കേൾക്കുമ്പോൾ തന്നെ എല്ലാവരും അവരവരുടെ ക്ലാസ് മുറികളിൽ കയറുക. ആ ക്ലാസിലെ എല്ലാ കുട്ടികളും അകത്ത് ഉണ്ടെന്ന് വേഗത്തിൽ ഉറപ്പിക്കുക , എന്നിട്ട് വാതിൽപിടി ബുക്കുകൾ വച്ച് ഉറപ്പിച്ച് വയ്ക്കുക. ഇനി ആണ് അടുത്ത പരീക്ഷണം. ഡ്രിൽ കഴിഞ്ഞു എന്ന് ഒരു അറിയിപ്പും വരില്ല. ടീച്ചറിൻ്റെ ശ്രദ്ധ പുറത്തെ ശബ്ദങ്ങളിൽ ആയിരിക്കണം . പുറത്ത് നിന്ന് ആരെങ്കിലും വന്ന് വാതിൽ ശക്തിയായി തള്ളുകയോ ഇടിക്കുകയോ തുറക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്തേക്കാം. അല്ലെങ്കിൽ ടീച്ചറിനെ പേരെടുത്ത് വിളിക്കുകയും ആകാം. എല്ലാ മുറിയുടെയും മുന്നിൽ ടീച്ചറിൻ്റെ പേര് എഴുതി വയ്ക്കാറുണ്ട് അവിടെയൊക്കെ. മൊത്തം സ്കൂൾ മുഴുവൻ ഇപ്പ്രകാരം  ചെക്ക് ചെയ്ത ശേഷം ഏതെങ്കിലും ഒരു വാച്ച്മാൻ ഒരു രഹസ്യ കോഡ് വാക്യവും പറഞ്ഞു കൊണ്ട് ഇടനാഴികൾ തോറും നടന്നു പോകും .. ദാസനും വിജയനും പഠിച്ച പോലെ ഞങ്ങളും കോഡ് വാക്യം കാണാതെ പറഞ്ഞു പഠിച്ചുവച്ചു. ഇതെല്ലാം കുട്ടികളെയും പറഞ്ഞു പഠിപ്പിച്ചു.

സമയം ആയി. ബെൽ മുഴങ്ങി. ആദ്യം ഒരു നിമിഷം ഞാൻ ഉൾപ്പടെ എല്ലാവരും ഒന്ന് സ്തബ്ധരായിയെങ്കിലും ഓടി പോയി ഓരോ ക്ലാസ്സ് മുറിക്കുള്ളിൽ കയറി. കുട്ടികൾ എല്ലാം കസേരകളിൽ നിന്നിറങ്ങി മേശയുടെ അടിയിലും വശത്തുമായി ആദ്യമേ ഒതുങ്ങി ഇരിപ്പുണ്ട്. അവിടത്തെ ഒന്ന് രണ്ടു ധൈര്യ ശാലികളെ ഞാൻ അടുത്തേക്ക് വിളിച്ചു. ബുക്ക് വച്ച് വാതിൽ പൂട്ടാൻ അവരെ പഠിപ്പിച്ചു. എന്നിട്ട് പോയി ഇരുന്നോളാൻ  പറഞ്ഞു. ജനലുകൾ എല്ലാം കറുത്ത ചാർട്ട് പേപ്പർ വച്ച് മറച്ചു. ഇനി പുറത്ത് നിന്ന് നോക്കിയാൽ ഇതിനുള്ളിൽ എത്ര ആളുണ്ടെന്ന് അറിയാൻ പറ്റില്ല . കുട്ടികളോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു ഞാനും ഒരിടത്ത് പോയി ഇരിപ്പായി.  പതിയെ സമയം മുന്നോട്ട് പോയി തുടങ്ങി. പുറത്ത് കാലടികൾ കേട്ടു തുടങ്ങി. ഞാൻ കുട്ടികളെ നോക്കി. ചിലരൊക്കെ ഭയത്തോടെ എന്നെ നോക്കുന്നുണ്ട്. ഞാൻ അവരെ നോക്കി ചിരിച്ചു. എന്നിട്ട് വാതിൽ തുറക്കില്ല എന്ന് ആംഗ്യം കാണിച്ചു. പുറത്ത് നിന്ന് പിടി പരിശോധന നടക്കുന്നത് ഞങ്ങൾക്ക് മനസിലായി. അൽപ നേരം കഴിഞ്ഞപ്പോൾ അത് തുറക്കില്ല എന്ന് മനസ്സിലാക്കി കുഞ്ഞുങ്ങൾക്ക് ചിരി വന്നു തുടങ്ങി. ആദ്യം പുസ്തകം വയ്ക്കാൻ സഹായിച്ച കുട്ടികൾ അഭിമാനത്തോടെ നിവർന്നിരുന്നു. ഒടുവിൽ കുറെ കഴിഞ്ഞപ്പോൾ സാധനം കയ്യിലുണ്ട്  കോഡ് കേട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി . കോഡ് നിങ്ങൾക്ക് പറഞ്ഞു തരില്ല കേട്ടോ.

ഭൂരിഭാഗം ടീച്ചർമാരും കുട്ടികളും ഇത് പോലെ തന്നെ വളരെ നന്നായി ഈ ഡ്രില്ലിൽ പങ്കെടുത്തെങ്കിലും ആദ്യത്തെ പ്രാക്ടീസ് ഡ്രില്ലിൽ ഞങ്ങൾ പരാജയപ്പെട്ടു. എന്താ കാരണമെന്നല്ലേ? പല മുറികളും സമയത്ത് അടഞ്ഞില്ല. പല മുറികളും നിശ്ശബ്ദം ആയിരുന്നില്ല. പല മുറികളിലും ആളുകൾ വാതിൽ തുറന്നു ഇടക്കിടെ പുറത്തേക്ക് നോക്കുകയായിരുന്നു. വേറെ ആരെങ്കിലും പുറത്തിറങ്ങിയോ എന്നറിയാൻ !

ഒരു ക്ലാസിൻ്റെ പുറത്ത് നിന്ന് "സുലോചനേ" എന്ന്  വിളിച്ചപ്പോൾ വാതിൽ തുറന്നു  "ഗുഡ് മോണിംഗ് മാഡം" പറഞ്ഞു വാതിലും തുറന്നു വന്ന സുലോചന ടീച്ചറെ  കണ്ടു സൂപ്പർവൈസർ ബോധം കെട്ടില്ല എന്നേ ഉള്ളൂ.  

അതായത് , കുറച്ച് പേരുടെ അനാസ്ഥ കാരണം മുഴുവൻ പേരും പരാജയം സമ്മതിക്കേണ്ടി വന്നു. 

അൽപ ദിവസങ്ങൾക്ക് ശേഷം ശെരിക്കുമുള്ള ഡ്രിൽ ദിവസമായപ്പോൾ  ഇരുന്നൂറിൽപ്പരം സ്റ്റാഫും അയ്യായിരത്തിന് മുകളിൽ കുട്ടികളും  വരുന്ന സമൂഹം ഒന്നിച്ച് വിജയിച്ചു എന്നതിൽ  ഇപ്പൊൾ അഭിമാനം തോന്നുന്നു. കാരണം അപ്പോഴേക്കും ഞങ്ങൾ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു കഴിഞ്ഞിരുന്നു..

കഴിഞ്ഞ ഒന്ന് ഒന്നര വർഷമായി നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളും ഇപ്പൊ പ്രാക്ടീസ് ഡ്രിൽ കഴിഞ്ഞ് ശെരിക്കുമുള്ള ഡ്രില്ലിൻ്റെ വക്കിൽ വന്നു നിൽക്കുക ആണ്.

അദൃശ്യനായ ശത്രു വാതിലിൻ്റെ പുറത്ത് വന്നു നിന്നു തട്ടുന്നുണ്ട്. ഇതൊന്നും എന്നെ ബാധിക്കില്ല എന്ന് വിചാരിക്കണോ, ആവശ്യമില്ലാതെ  പുറത്തേക്ക്  പോകണോ ആരൊക്കെ പുറത്തേക്ക് പോയി എന്ന് നോക്കണോ അതോ നമ്മുടെ വീടിനുള്ളിലുള്ളവർക്ക് ധൈര്യം കൊടുത്തും ചിരിച്ചും കളിച്ചും അകത്ത് ഇരിക്കണോ എന്ന് നമ്മൾ തന്നെ തീരുമാനിക്കണം .. 

അന്ന് എൻ്റെ ക്ലാസ്സിൽ ഇരുന്നു കുഞ്ഞു മക്കൾ പറഞ്ഞ വാചകം മറക്കാൻ പറ്റില്ല." എല്ലാവരും ഒരേ പോലെ സൂക്ഷിച്ചെങ്കിൽ നാം എല്ലാവരും ജയിച്ചേനേ".

പഴയ തെറ്റുകൾ ആരു തന്നെ ചെയ്തായാലും ഞാനായിട്ട് ആവർത്തിക്കില്ല എന്ന്  ഓരോരുത്തരും തീരുമാനം എടുത്താൽ  നാം എല്ലാവരും ഒന്നിച്ചു ഈ ശത്രുവിനെ വീണ്ടും ഓടിച്ചു വിടും. 

അതേ "നമ്മൾക്ക് എല്ലാവർക്കും ഉത്തരവാദിത്ത്വം ഉണ്ട് ".

ശ്രീജ 




 









Wednesday, March 31, 2021

കിങ്ങിണി

ഞങ്ങൾ കണ്ടതിൽ വച്ചേറ്റവും വലിയ പോരാളി അവളുടെ ടീനേജിലേക്ക് പ്രവേശിക്കുന്നു...   ഏപ്രിൽ മാസം രണ്ടാം തിയതി 💞💞💞

രണ്ടു വയസ്സിനകം മൂന്ന് തവണ ഓപ്പറേഷൻ തീയറ്റർ കണ്ടവൾ, പത്ത് വയസ് വരെ ഓടി ചാടി നടന്നിട്ട് പെട്ടെന്നൊരു ദിവസം രോഗം വീൽ ചെയറിൽ ഇരുത്താൻ നോക്കിയിട്ടും പതറാത്തവൾ, ഓരോ ദിവസവും അസുഖം തരുന്ന പുതിയ പരീക്ഷണങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നവൾ , ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ തമാശകൾ പറയുന്നവൾ, ഇതൊക്കെയാണ് ഞങ്ങടെ കിങ്ങിണി.. 'അൽഭുതംം' എന്നർത്ഥം വരുന്ന മയൂഖയെന്ന സ്വന്തം പേര് അന്വർത്ഥമാക്കുന്നവൾ !

അവളെ കുറിച്ചും സ്പൈന ബൈഫിഡ എന്ന രോഗത്തെക്കുറിച്ചും ഞങ്ങളൊന്നിച്ച് കടന്നു വന്ന വഴികളെക്കുറിച്ചും എന്നെങ്കിലും വിശദമായി എഴുതണം ... 

രോഗം പല തവണ തളർത്താൻ നോക്കുമ്പോഴും ഓരോ തവണയും നട്ടെല്ല് നിവർത്തി ഉയിർത്തെഴുന്നേറ്റ് വരുന്ന ഞങ്ങളുടെ കുഞ്ഞു യൂട്യുബർക്ക് ടീനേജ് ആശംസകൾ . പ്രാർത്ഥനകൾ വേണം   




Friday, March 19, 2021

മണ്ണാംങ്കട്ടയും കരിയിലയും


***********************************

പത്തൊമ്പതാം ആണ്ട് ... ഒരു റിവ്യൂ

ജീവിതത്തിൽ എന്തും വരുന്നിടത്ത് വച്ച് കാണാം എന്ന് വിചാരിക്കുന്ന ഒരുത്തിയും എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു അതേ പോലെ നടത്തിയെടുക്കുന്ന ഒരുവനും .

ഒരാൾ കിഷോർ കുമാർ ഫാൻ  ആണെങ്കിൽ മറ്റെയാൾ ജയചന്ദ്രൻ ആരാധകൻ. 

ഒരാൾക്ക് വാ തോരാതെ സംസാരിക്കുന്ന സ്വഭാവമാണെൽ മറ്റെ ആൾ വാക്കുകൾ അളന്നു തൂക്കി സംസാരിക്കുന്ന പ്രകൃതം. 

ഒരാൾ കട്ട ധോണി ആരാധിക ആയപ്പോൾ മറ്റെയാൾ കോഹ്ലിയോടുള്ള ബഹുമാന സൂചകമായി ടാറ്റൂ വരച്ചു മസിൽമാനായി വിലസും. 

ഒരാൾക്ക് മധുര പലഹാരങ്ങൾ ഒരു മാനസിക രോഗം പോലെയാണെങ്കിൽ മറ്റെയാൾ ബേക്കറിയുടെ ഉള്ളിൽ പോലും കയറാത്ത വ്യക്തി.

ക്ലാസ്സിക് സിനിമകൾ കാണാൻ ഇഷ്ടമുള്ള ഒരാളും തട്ട് പൊളിപ്പൻ കോമഡി പടങ്ങൾ മാത്രം കാണുന്ന മറ്റൊരാളും. 

ഒരാൾക്ക് സ്പോർട്സ് എന്നത് ടിവിയിൽ വരുമ്പോൾ കപ്പലണ്ടിയും കൊറിച്ച്  കണ്ടു രസിക്കാനുള്ളതാണെങ്കിൽ മറ്റെയാൾ നാൽപ്പത്തി നാലാം വയസ്സിലും കയ്യിലും കാലിലും ബാൻഡും കെട്ടി ബാഡ്മിൻ്റൺ കളിക്കാൻ ഇറങ്ങും.

സദാ നേരവും ആരോഗ്യവും ഫിറ്റ്നസും എങ്ങനെ വർദ്ധിപ്പിക്കാം എന്ന ആലോചനയിൽ അവനും വണ്ണം ഇനിയും കൂട്ടാതെ ഇന്ന് എന്തൊക്കെ തട്ടാം എന്നാലോചിച്ച് നടക്കുന്ന അവളും.

പ്രധാന ദിവസങ്ങളിൽ കാണ്ഡം കാണ്ഡം ആയി കഥകൾ എഴുതുന്ന ഞാനും പിറന്നാളിനും വാർഷികത്തിനും ഗൂഗിളിൽ പോയി ആശംസകൾ തപ്പിയെടുത്ത് "വെൽകം ടു ഊട്ടി.. ഗ്ലാഡ് ടു മീറ്റ് യു" മട്ടിൽ ചുരുക്കത്തിൽ പോസ്റ്റ് ഇടുന്ന അദ്ദേഹവും.  

ചുരുക്കത്തിൽ അലുവയും മത്തിക്കറിയും പോലെ, മോരും മുതിരയും പോലെ, ലോറലും ഹാർഡിയും പോലെ, പ്രേം നസീറും അടൂർ ഭാസിയും പോലെ, ബിജു മേനോനും കുഞ്ചാക്കോ ബോബനും പോലെ ഈ മണ്ണാംങ്കട്ടയും കരിയിലയും കഴിഞ്ഞ പത്തൊൻപത് സംവത്സരങ്ങളായി മഴയത്തും കാറ്റത്തും കാറ്റും മഴയും  ഒന്നിച്ചു വന്നപ്പോഴും ഒരു സംയുക്ത സഖ്യമായി ഒന്നിച്ചു മുന്നേറി രണ്ടാം പതിറ്റാണ്ടിലേക്ക്  വലത് കാൽ വച്ചു പ്രവേശിക്കുന്നു എന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. 

നിങ്ങളുടെ ആശംസകൾ സ്റ്റിക്കറുകൾ ആയും പൂച്ചെണ്ടുകൾ ആയും എത്തിച്ചു അനുഗ്രഹങ്ങൾ വർഷിക്കൂ... 


  
















Monday, March 15, 2021

ഇൻ്റർനാഷണൽ കൂട് മാറ്റം

ഇൻ്റർനാഷണൽ കൂട് മാറ്റം 

*************************

വർഷങ്ങൾക്ക് ശേഷം വീണ്ടും  കൂട് വിട്ടു കൂട് മാറാനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ മനസ്സ്. ഇത് വരെയുള്ള വീട് മാറ്റങ്ങൾ എല്ലാം ഒന്നൊന്നായി ഫ്ലാഷ് ബാക്കിൽ തെളിഞ്ഞു വരുന്നു.. 

സ്വന്തമായി വീട് ഉണ്ടായിരുന്നുവെങ്കിലും അച്ഛൻ്റെയും അമ്മയുടെയും ജോലി സ്ഥലത്തിന് അടുത്തായി പല വാടക വീടുകളിൽ ആയിരുന്നു കുട്ടിക്കാലം മുഴുവനും. തിരുവനന്തപുരത്തിൻ്റെ പ്രൗഢ ഗംഭീരമായ പ്രദേശത്ത് ധാരാളം വീടുകളിൽ താമസിക്കാനുള്ള യോഗമുണ്ടായിട്ടുണ്ട്. ചെറിയ ചെറിയ ഓടിട്ട വീടുകൾ മുതൽ ഒരു വലിയ നാലുകെട്ട് വരെ ഞങ്ങൾക്ക് താവളം ഒരുക്കിയിട്ടുണ്ട്.

ചില വീടുകൾ മഴക്കാലം ആകുന്ന വരെ അതി ഗംഭീരം എന്ന് നമുക്ക് തോന്നും. നല്ല ടെറസ്സ് ഇട്ട വലിയ വീട്ടിൽ താമസിച്ചിട്ടുണ്ട് ഞങ്ങൾ. വലിയ മുറികൾ, വിശാലമായ മുറ്റം ഒക്കെയുണ്ട്.. പക്ഷേ മഴ തുടങ്ങിയാൽ പിന്നെ മഴ, കട്ടൻ ചായ , ജോൺസൺ മാസ്റ്റർ കോംബിനേഷന് വേണ്ടി വരാന്തയിൽ ഒന്നും പോകണ്ട ആവശ്യമില്ല, റേഡിയോ ഓൺ ആക്കി ബെഡ് റൂമിൽ തന്നെ ഇരുന്നാൽ മതി. നല്ല ഭംഗിയായി ചോരുന്ന കോൺക്രീറ്റ് മേൽക്കൂര ആയിരുന്നു ആ വീടിൻ്റെ പ്രത്യേകത.. ഹൗസോണർക്ക് പക്ഷേ ,അത് വീടിൻ്റെ ഒരു ആകർഷണമാണെന്ന് തോന്നിയത് കൊണ്ട് നമ്മൾക്ക് വീട് മാറേണ്ടി വന്നുവെങ്കിലും നല്ല രസമുള്ള ഓർമ്മകൾ ആയിരുന്നു അതൊക്കെ. 

പിന്നീട് തൻ്റേതല്ലാത്ത കാരണങ്ങളാൽ ഞാനും അനിയനും വളർന്നു പടർന്നു പന്തലിച്ച കാരണം വീടിന് വലിപ്പം കൂടുതൽ വേണമെന്ന് അച്ഛനും അമ്മയ്ക്കും തോന്നുകയും കൂടുതൽ മുറികൾ ഉള്ള വീടുകളിലേക്ക് മാറുകയും ചെയ്തു വന്നു..

ഈ വീട് മാറ്റങ്ങൾ കല്യാണം കഴിഞ്ഞതോടെ അവസാനിക്കും എന്ന് വിചാരിചിരുന്ന ഞാൻ പിന്നീങ്ങോട്ടുള്ള വർഷങ്ങളിൽ നിലത്ത് നിന്നിട്ടില്ല... 

അന്ന് മുതൽ വീട് മാത്രമല്ല, നാടാണ് മാറുന്നത്! 

ഓരോ അഞ്ചു വർഷം കഴിയുമ്പോഴും കേരളത്തിൽ നിന്ന് മുബൈ, മുംബൈയിൽ നിന്ന് ദുബായ് , ദുബൈയിൽ നിന്ന് ഖത്തർ, അവിടെ നിന്ന് തിരിച്ചു ദുബായ് എന്നിങ്ങനെ പലതും ചാടി കടന്നവർ ആണീ ഞാനും കെട്ടിയോനും പിള്ളേരും ...

കുറ്റം പറയരുതല്ലോ, എല്ലാം പഞ്ചവത്സര പദ്ധതികൾ ആയിരുന്നു ... അഞ്ചു വർഷത്തിൽ ലൊക്കേഷൻ ചേഞ്ച് വേണം.

രാജ്യം വിട്ടുള്ള പലായനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടിയത് ഖത്തറിൽ നിന്ന് ദുബായ് യിലേക്കുള്ള രണ്ടാം വരവിൽ ആയിരുന്നു. കാരണം ആ യാത്ര ഞാൻ ഒറ്റക്കാണ് നടത്തിയത്.

കെട്ടിയോന് ദുബൈയിൽ നിന്ന് ഒരു ജോലിയുടെ ഓഫർ വരുന്നു. അപ്രതീക്ഷിതമായി എനിക്കും ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന സ്കൂളിൽ ജോലി കിട്ടുന്നു.. നല്ല ബെസ്റ്റ് ടൈം എന്ന് പറയാൻ വരട്ടെ.. സമയം ആകെ കുഴഞ്ഞു കിടക്കുകയായിരുന്നു.

ഇവിടെ സ്കൂൾ തുറക്കുന്നത് കാരണം എനിക്ക് ഏപ്രിലിൽ എത്തണം. പക്ഷേ പുള്ളിക്കാരൻ്റെ വിസ ശെരിയാകാൻ സമയം എടുക്കും.. ചിലപ്പോ ഒന്നോ രണ്ടോ മാസം. എനിക്കാണേൽ അത്രയും കാത്തിരിക്കാനും പറ്റില്ല. എന്നെയും മക്കളെയും സ്വന്തം വിസ തന്നു തിരിച്ചു കൊണ്ട് വരികയാണ് സ്കൂൾ അധികൃതർ.അവർക്ക് ക്ഷമ നശിച്ചു തുടങ്ങി.ക്ലാസ്സിൽ ടീച്ചർ ഇല്ലാതെ പ്യൂണിനെ വരെ ക്ലാസ്സിൽ കയറ്റെണ്ടി വരുമെന്ന് സൂപ്പർവൈസർ . 

മക്കളെയും കൊണ്ട് വന്ന് ജോയിൻ ചെയ്യാം എന്ന് വെച്ചാൽ അവരുടെ പാസ്പോർട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ . അവർക്കും ഏപ്രിലിൽ യാത്ര പാട് തന്നെ...

അങ്ങനെ ഞാൻ ഒറ്റക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വീട് മാറി. ഒരു ഇൻ്റർനാഷണൽ വീട് മാറ്റം

 ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ എന്നെ വിളിക്കാൻ ആരാണ് വരുന്നത് എന്നോ ഞാൻ അവരെ എങ്ങനെ തിരിച്ചറിയും എന്നോ ഒന്നും എനിക്കറിയില്ല. 

വന്നിറങ്ങി പെട്ടികളും കൊണ്ട് പുറത്തേക്ക് ഇറങ്ങി ഞാൻ ഒരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ട് നടക്കവേ ഒരു കാഴ്ച കണ്ടു. ഒരു വെളുത്ത ബോർഡിൽ എൻ്റെ പേര് 'തങ്ക ലിപികളിൽ ' കൊത്തി വച്ച പോലെ ദൂരെ കാണുന്നു. കൂടെ നടന്നു വന്ന മറ്റു സാദാ പാസഞ്ചേഴ്സ് കേൾക്കാൻ  കാണാൻ വേണ്ടി ഞാൻ കൈ ഉയർത്തി കാണിച്ചു, എന്നിട്ട് ഒരു കാര്യവും ഇല്ലാതെ ഉറക്കെ പറഞ്ഞു, "ആ, എൻ്റെ പേര് കണ്ടല്ലോ". കൂടെയുള്ള ഒരുത്തരും അത് കേട്ട ഭാവം വച്ചില്ല. അത് പിന്നെ നമ്മുടെ നാട്ടിലെ സായിപ്പിനെ പോലെ ആനയിച്ച് കൊണ്ട് പോകാനുള്ള ഭാഗ്യം അവർക്കൊന്നും കിട്ടി ഇല്ലല്ലോ, അപ്പോ കണ്ണ് കടി കാണില്ലേ? 

സെലിബ്രിറ്റി ഫീലിംഗിൽ ബോർഡിന് അടുത്തേക്ക് നടന്നു തുടങ്ങിയതും അതും പിടിച്ചു നിന്നയാൾ തിരിഞ്ഞു നടന്നു തുടങ്ങി . ഞാൻ അടുത്ത് എത്തിയതും എനിക്ക് ആളെ മനസിലായി.ഓഫീസ് സ്റ്റാഫിലെ പയ്യനാണ്. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട പരിചയമുണ്ട് . " വാൻ കുറെ ദൂരെയാണ് കിടക്കുന്നത് ടീച്ചറെ " എന്ന് അവൻ. വാൻ എന്ന് പറഞ്ഞത് നിരാശപ്പെടുത്തി എങ്കിലും പുറത്ത് കാണിച്ചില്ല. 

ഒരു അര മുക്കാൽ മണിക്കൂറിനകം എനിക്ക് വേണ്ടി സ്കൂൾ ഒരുക്കി തരുന്ന ഫ്ലാറ്റിനു മുന്നിൽ വണ്ടി എത്തി. പയ്യനും ഡ്രൈവറും കൂടി എൻ്റെ പെട്ടികൾ എല്ലാം മുകളിൽ എത്തിച്ചു . ജോലി ദുബായിൽ ആണേലും താമസം ഷാർജയിൽ ആണ് ഏർപ്പാട് ആക്കിയിരുന്നത്. ഞാൻ ആണെങ്കിൽ ആദ്യമായി ആണ് ഷാർജയിൽ.പാർക്കിംഗ് ഉൾപ്പടെ പത്ത് മുപ്പത് നിലയുള്ള  ഒരു ഭീമാകരനായ കെട്ടിടം . അതിലെ പന്ത്രണ്ടാം നിലയിൽ ആണ് എനിക്കുള്ള ഫ്ലാറ്റ്. 

ഫ്ലാറ്റിനു ഉള്ളിൽ കയറിയ ഉടനെ പയ്യനും ഡ്രൈവറും നേരെ എന്നെ അടുക്കളയിലേക്ക് വിളിച്ചു. 

" ടീച്ചറെ, ചായപ്പൊടി, പഞ്ചസാര, തൽക്കാലത്തേക്ക് ഉള്ള കപ്പുകൾ ഗ്ലാസുകൾ ഒക്കെ ഇവിടെ ഇരിപ്പുണ്ട് . താമസം തുടങ്ങാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. ഇന്നലെ ഞാനും ഇവനും കൂടെ വന്നു മൊത്തം തൂത്ത് തുടച്ചു വൃത്തിയാക്കി ഇട്ടതാണ്. "

പയ്യൻ ഉത്തമ കുടുംബിനി ആയി എന്നെ വീട് ഏൽപ്പിച്ചു. ഏതൊക്കെ സാധനങ്ങൾ എവിടെയൊക്കെ ഇരിപ്പുണ്ട് , താഴെ ഏതൊക്കെ കടകൾ ഉണ്ട് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ , ഞാൻ അതൊന്നും മുഴുവനായി കേട്ടില്ല. 

പുറത്തേക്ക് ഇറങ്ങിയ ശേഷം ഡ്രൈവർ പറഞ്ഞു  "നാളെ രാവിലെ സ്കൂളിലേക്ക് പോകേണ്ട ബസ് ഡ്രൈവറുടെ നമ്പർ അവിടെ എഴുതി വച്ചിട്ടുണ്ട്. രാവിലെ അഞ്ചേ മുക്കാലിന് ആണ് വണ്ടി താഴെ വരുന്നത്".

ഗൾഫ് നാടുകളിൽ പൊതുവേ രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സ്കൂൾ സമയം . സ്കൂളിലേക്ക് ദൂരം കുറവാണെങ്കിലും ഷാർജയിലെ ട്രാഫിക് ഒഴിവാക്കാൻ ബസ്സുകൾ വളരെ നേരത്തെ പുറപ്പെടും. അതായത് ഗായത്രി മന്ത്രം ഒക്കെ പറഞ്ഞു സൂര്യനുദിക്കും മുന്നേ ബസ്സിൽ കയറിപ്പറ്റണം എന്നർത്ഥം. അഥവാ ബസ്സ് മിസ്സ് ആയാൽ ടാക്സിക്ക് പോകാമെന്ന് വച്ചാൽ അത് നീങ്ങി നിരങ്ങി അങ്ങു എത്തുമ്പോൾ പിന്നെ ഒരു ചായയും വാങ്ങി കുടിച്ചു ഉച്ചക്കുള്ള ബസ്സിനു തിരിക്കാം. പോരെങ്കിൽ നല്ല റേറ്റും.. 

 പിന്നെ അന്ന് ലീവ് ആകുകയെ നിവൃത്തിയുള്ളൂ. 

അവർ പോയ ഉടനെ പുറത്തേക്കുള്ള വാതിൽ അടച്ചു പൂട്ടി. ഞാൻ പതിയെ ആ വീടിൻ്റെ ഓരോ കോണും നടന്നു കണ്ടു. അത്യാവശ്യം വലിയ ഒരു ഹാൾ, ഒരു ഇടത്തരം കിടപ്പ് മുറി, ഒരു കുഞ്ഞു അടുക്കള , പേരിനു ഒരു ബാൽക്കണി ഇതൊക്കെ ഉള്ള എല്ലാ സൗകര്യവും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവർ ഒരുക്കിയത്.

വല്ലാത്ത ഒരു നിശബ്ദത ആയിരുന്നു അന്ന് ആ വീടിനുള്ളിൽ. എയർപോർട്ടിൽ നിന്ന് വാങ്ങിയ പുതിയ ഫോൺ കണക്ഷൻ ഉണ്ടായത് കൊണ്ട് ഹസ്ബന്റിനേയും മക്കളെയും വിളിച്ചു എത്തിയ വിവരങ്ങൾ പറഞ്ഞു. പിന്നെയും ഒന്നും ചെയ്യാനില്ല. 

കൊണ്ട് വന്ന തുണികൾ ഒക്കെ എടുത്തു അലമാര യുടെ ഉള്ളിലേക്ക് വച്ചു. ഫ്രിഡ്ജിൽ ഇരുന്ന മുട്ട ഓംലറ്റ് ആക്കി ബ്രഡിൻ്റെ കൂടെ കഴിച്ചു. സമയം ഒന്നും അറിയാൻ വയ്യ. ഫോൺ എടുത്ത് നോക്കിയപ്പോ ഒമ്പതര ആയിരിക്കുന്നു. 

ബാത്ത്റൂമിൽ ഗീസർ ഒക്കെയുണ്ട് . രാവിലെ ഒരു നാല് നാലരക്ക് ഉണരണം. കുളിച്ച് ഒരുങ്ങാൻ ഒരു  മണിക്കൂർ വേണ്ടി വരും. ആദ്യ ദിവസം ആയ കൊണ്ട് ടീച്ചറിൻ്റെ ഗമയിൽ സാരി ഉടുത്തു തന്നെ പോകണം. മൂന്ന് വർഷം മുൻപ് ജോലി ചെയ്ത സ്ഥലം ആണെങ്കിലും ഇപ്പൊ നല്ല സ്റ്റൈൽ ആയല്ലോയെന്ന് പഴയ കൂട്ടുകാരെ കൊണ്ടൊക്കെ പറയിപ്പിക്കണം... പണ്ടെ നമുക്ക് ഡ്രസ്സിംഗ്സെൻസില്ല എന്ന് പറയുന്ന കണ്ട്രീസ് ആണ് അതുങ്ങൾ.

കൊണ്ട് വന്ന സാരി, ബ്ലൗസ് ഒക്കെ എടുത്തു കട്ടിലിൻ്റെ ഒരു വശത്ത് വച്ചു. മാച്ചിംഗ് ആയി കൊണ്ട് വന്ന കമ്മൽ മാല ഇതൊക്കെ എടുത്ത് അടുത്ത് തന്നെ നിരത്തി വച്ചു. രാവിലെ തപ്പി നടക്കണ്ടല്ലോ..

പത്ത് മണി കഴിഞ്ഞപ്പോൾ കെട്ടിയോൻ്റെ കാൾ വന്നു. "പേടി ഉണ്ടോ" . ഹും! ഈ വീര ശൂര പരാക്രമിയായ എന്നോടോ ബാലാ എന്ന് ഞാൻ . കാൾ കട്ട് ആയ ശേഷം വാതിൽ അടച്ചിട്ട് ഓടി പോയി കിടന്നു. ഫോണിൽ അലാറം വച്ചിട്ടുണ്ട് . പുതപ്പ് തല വഴി മൂടി ഉറക്കമായി. 

താഴെയുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.. ആദ്യം ഫോണിലേക്ക് നോക്കി. സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിനുട്ട് ആയിരിക്കുന്നു. എന്ത് കൊണ്ടോ അലാറം അടിച്ചില്ല. വയറ്റിൽ നിന്ന് ഒരു ആന്തൽ നെഞ്ചിലേക്ക് പാഞ്ഞു. ഇനി ആകെ ഇരുപത് മിനിട്ട് കൊണ്ട് തയ്യാറായി താഴെയുള്ള സ്റ്റോപ്പിൽ എത്തണം . 

പിന്നെ അവിടെ നടന്നത് ചരിത്രമായിരുന്നു. പല്ല് തേച്ചു എന്ന് വരുത്തി മുഖം കഴുകി ചാടി ഇറങ്ങി. മടക്കി വച്ചിരുന്ന ഏതോ ചുരിദാർ എടുത്ത് ഇട്ടു. മടക്കി വച്ച വരകൾ ഒക്കെ കൊണ്ട് അതൊരു കളം കളം ഉള്ള ബെഡ് ഷീറ്റ് പോലെ തോന്നിച്ചു. മുടി വാരി കെട്ടി ഒരു ക്ലിപ് വച്ചു. കണ്ണാടിയിൽ കണ്ട എന്നെ കണ്ട് ഞാൻ പോലും മുഖം തിരിച്ചു. തലേന്ന് എടുത്ത് വച്ചിരുന്ന ഫയലുകൾ എടുത്ത് ബാഗും എടുത്ത് പുറത്ത് ഇറങ്ങി വീടും പൂട്ടി ലിഫ്റ്റിൽ കയറി താഴെ എത്തിയതും ബസ്സ് വന്നു നിന്നതും ഒപ്പം .

മൂന്ന് വർഷങ്ങൾക്ക് ശേഷം കൂട്ടുകാരികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വന്ന എന്നെ കണ്ടു പഴയ കൂട്ടുകാരികൾ പറഞ്ഞു " അയ്യോടി, നീ ഇപ്പോഴും പഴയ പോലെ തന്നെയുണ്ട് . ഒരു മാറ്റവും ഇല്ല " . തൃപ്തിയായി.. കാത്തിരുന്ന നിമിഷം .എൻ്റെ തേച്ചു മിനുക്കിയ സാരി ഓർമ്മിച്ചു കൊണ്ട് വളിച്ച ചിരിയോടെ നിന്നു. 

അന്നു രാവിലെ ആ ബാങ്ക് വിളി ശബ്ദം കേട്ടില്ലായിരുന്നുവെങ്കിൽ എത്ര വലിയ മാനക്കേട് ആയേനെ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിസ കൊടുത്ത് ആനയിച്ച് കൊണ്ട് വന്ന ടീച്ചർ ആദ്യ ദിവസം അലാറം കേൾക്കാതെ വീട്ടിൽ കിടന്നുറങ്ങിയ കഥ അവിടത്തെ ഇരുന്നൂറ് പേര് വരുന്ന സ്റ്റാഫ് മൊത്തം അറിഞ്ഞേനേ. എന്തിന് കുട്ടികൾ പോലും അറിഞ്ഞെനെ. 

ഓരോ വീടിനും ജീവനുണ്ട് എന്ന് തോന്നാറുണ്ട് മിക്കപ്പോഴും. ആദ്യം നാം കാണുമ്പോൾ ഒഴിഞ്ഞ മുറികൾ മാത്രമായി കിടക്കുന്ന കെട്ടിടം പിന്നീട് ഒരുപാട് ഓർമ്മകൾ തരുന്ന വീടായി മാറും.

ഇനി പതിയെ ഈ വീടിനെ വിട്ടു പുതിയ ഇടത്തേക്ക് പോകുമ്പോൾ ഇവിടത്തെ ഓർമ്മകളിൽ ഇവിടത്തെ ആദ്യ ദിവസവും പള്ളിയിൽ നിന്ന് എനിക്ക് വേണ്ടി വന്ന  അലാറം ശബ്ദവും ഉറപ്പായും ഉണ്ടാകും . 






Thursday, January 7, 2021

അജ്ഞാതനായ സുഹൃത്ത്

അജ്ഞാതനായ സുഹൃത്ത്

***********************************

ഒരാള് മറ്റൊരാൾക്ക് എങ്ങനെയൊക്കെ ഉപകാരപ്പെടും എന്നറിയാൻ നാം ഒരിക്കൽ എങ്കിലും പ്രവാസി ആകണം എന്നാണ് എൻ്റെ ഒരു തോന്നൽ. നന്മയുടെ പ്രകാശം പരത്തി ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അവരെയൊക്കെ പരിചയപ്പെടാൻ പത്ത് പന്ത്രണ്ട് വർഷം കൊണ്ട് സാധിച്ചു എന്നത് തന്നെ ഒരു മഹാ ഭാഗ്യം എന്നെ കരുതിയിട്ടുള്ളു.

ദുബായ് പോലെ ഒരു മായാ നഗരത്തിലെ മായക്കാഴ്ചകൾ പോലെ കൺമുന്നിൽ നിന്ന് മാഞ്ഞു പോയ ഒരു സുമനസ്കനേ  ഓർമിച്ചു കൊണ്ടാണ് ഈ കുറിപ്പ്. 

ഞങൾ ദുബായ് നഗരത്തിലേക്ക് താമസം മാറ്റിയ കാലം. 

ആദ്യത്തെ ഒരു രണ്ട് മൂന്ന് മാസം ഞാൻ    രാജകീയ ജീവിതം ആസ്വദിച്ചു എന്ന് പറയാം . ദുബായ് മറീന എന്ന സ്വപ്ന സമാനമായ പ്രദേശത്ത് ആണ് താമസം . കൂടുതലും യൂറോപ്യൻസ് ആണ് അവിടെ. ബാൽക്കണിയിൽ നിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നാം ഏതോ പാശ്ചാത്യ രാജ്യത്ത് ആണെന്ന് തോന്നും . അങ്ങനെ ഞാനും ഒരു മനസ്സ് കൊണ്ട് പതിയെ പതിയെ ഒരു പ്രവാസി ആയി മാറുകയായിരുന്നു.

ഈ നഗരത്തിന് മകുടം ചാർത്തുന്ന ബുർജ് ഖലീഫ ഒക്കെ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് സായിദ് റോഡിൻ്റെ വശത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ്. 

നഗരത്തിൻ്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ അങ്ങോട്ടും ഇങ്ങോട്ടും ആറു വരികൾ അങ്ങനെ മൊത്തം പന്ത്രണ്ട് വരികൾ ആയി  നീണ്ടു നിവർന്നു കിടക്കുന്ന ഷെയ്ഖ് സായിദ് റോഡ് . അതിൻ്റെ ഒരു വശത്ത് റോഡിന് സമാന്തരമായി പോകുന്ന മെട്രോ ലൈൻ. അന്ന് വരെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ റോഡ് , രാജ് ഭവന്  മുന്നിലെ കവടിയാർ വെള്ളയമ്പലം റോഡ് ആയിരുന്നു. അപ്പോ പിന്നെ ഈ കാഴ്ചകൾ കണ്ടു ഞാൻ അൽഭുത പരതന്ത്ര ആയി വായും പൊളിച്ചു നിന്ന് എന്ന് പറഞാൽ അതൊരു വലിയ കാര്യം അല്ലല്ലോ...സ്വാഭാവികം !!!

ഈ പറഞ്ഞ രാജകീയ സുഖത്തിന് വലിയ ആയുസ്സ് ഉണ്ടായില്ല. നാല് മാസത്തെ പ്രവാസം കഴിഞ്ഞപ്പോ എനിക്ക് ഒരു  സ്കൂളിൽ ജോലി കിട്ടി, . പിള്ളേരും അതേ സ്കൂളിലേക്ക് മാറി. വെളു വെളുത്ത സായിപ്പ് മദാമ്മ മാരുടെ  ഇടയിൽ നിന്ന് പെട്ടന്ന് ഞാൻ ഇന്ത്യൻസി ൻ്റേ ഇടയിൽ അതും മലയാളീസിൻ്റെ ഇടയിൽ എത്തിപ്പെട്ടു. എന്ത് ചെയ്യാം ? ജോലി ചെയ്താലേ ശമ്പളം കിട്ടൂ എന്നാണത്രേ ഇവിടത്തെ രീതി.  

സ്കൂൾ സ്ഥിതി ചെയ്യുന്നത് ഗറൂദ് എന്ന സ്ഥലത്താണ്. അവിടെ നിന്ന് ഞങ്ങടെ വീടിൻ്റെ അടുത്തേക്ക് സ്കൂൾ ബസ്സിനു സർവീസ് ഇല്ല.   

രാവിലെ പുള്ളിക്കാരൻ കാറിൽ കൊണ്ട് വിടുന്ന കൊണ്ട് അത്രയും സമാധാനം. ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര ദുബായ് മെട്രോയിലാണ്. ഏകദേശം ഒരു മണിക്കൂർ എടുക്കും വീടിന് അടുത്തുള്ള സ്റ്റേഷൻ വരെ. 

സ്കൂൾ സമയം രണ്ട് മണി വരെയാണ്. എല്ലാ കുട്ടികളും അധ്യാപകരും പോയി കഴിഞ്ഞേ അമ്മയും മക്കളും ഇറങ്ങൂ. വീട്ടിൽ എത്തിയിട്ട് മാത്രമേ ഉച്ചയൂണ് കഴിക്കാൻ പറ്റൂ എന്നത് കൊണ്ട് കുട്ടികൾ ചെറിയ സ്നാക്ക്സ് ഒക്കെ കഴിച്ചു യൂണിഫോം ഒക്കെ മാറ്റി കാഷ്വൽ വേഷത്തിലെ പോകൂ. ആളുകൾ നല്ല വേഷത്തിൽ കാണണ്ടേ എന്നാണ് ന്യായം. മൂത്ത മകൾ നാലിലും ചെറുതിന് നാല് വയസ്സും ആണ് അന്ന്. 

സത്യത്തിൽ  ദിവസത്തിലെ ഏറ്റവും മനോഹരമായ ഒരു മണിക്കൂർ ആയിരുന്നു അത്. ഡ്രൈവർ ഇല്ലാത്ത മെട്രോയിൽ യാത്ര ചെയ്യുമ്പോൾ അദൃശ്യനായ ആരോ ചരട് വലിക്കുന്നത് പോലെ മുന്നോട്ട് പോകുന്ന നമ്മുടെയൊക്കെ ജീവിത യാത്ര പോലെയാണെന്ന് തോന്നി പോകും. 

ഓരോ ദിവസവും ഓരോ തരം യാത്രക്കാർ ആണ് മുന്നിലൂടെ കടന്നു പോവുക. ദുബായ് കാണാൻ വരുന്ന സന്ദർശകരുടെ സംഘങ്ങൾ , പല തരം ജോലികൾക്ക് പോകുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് എത്തി ഈ നഗരത്തിൻ്റെ ഭാഗമായവർ. ഓടി മറയുന്ന കാഴ്ചകൾ കാണാൻ ഇടക്കിടെ സീറ്റുകൾ മാറി മാറി ഇരിക്കുന്നവർ,  പോകുന്ന വഴിയിലും ലാപ്ടോപ് തുറന്നു ജോലി ചെയ്യുന്നവർ, നടുവിലെ തൂണിൽ പിടിച്ചു കൊണ്ട് ആദ്യം തന്നെ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന അത്യാവശ്യക്കാർ അങ്ങനെ പലരും.അകത്ത് കയറി അല്പനേരം കഴിഞ്ഞാൽ തന്നെ എൻ്റെ പിള്ളേർ ഉറക്കം ആകും. എൻ്റെ കാര്യവും അങ്ങനെ തന്നെ.. ചുറ്റും ഉള്ള കാഴ്ചകൾ ഒക്കെ കണ്ടിരുന്ന് കുറച്ച് നേരം കഴിയുമ്പോ ഞാനും മയക്കം ആകും. ഇടക്കിടെ മടിയിൽ കെട്ടി പിടിച്ചിരിക്കുന്ന കുഞ്ഞു മകൾ താഴേക്ക് ഊർന്നു പോകാൻ തുടങ്ങുമ്പോൾ ഞെട്ടി ഉണരും. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കും..വീണ്ടും കണ്ണ് അടഞ്ഞു വരും . ഇതൊന്നും ചുറ്റുമുള്ള ആരും അറിയില്ല. എല്ലാവരും അവരവരുടെ ലോകത്താണ് 

ഒരിക്കൽ കണ്ട മുഖങ്ങൾ പിന്നീടൊരിക്കലും നമ്മൾ കാണുകയേ ഇല്ല.

ഇത്രയൊക്കെ ആസ്വദിക്കുന്ന യാത്ര ആണേലും അതിൻ്റെ അവസാന പാദം അത്ര സുഖമല്ല.സ്ഥലം എത്തി കഴിഞ്ഞാണ് കഷ്ടപ്പാട്. മെട്രോ സ്റ്റേഷനിൽ നിന്ന് ഏകദേശം പത്ത് പതിനഞ്ച് മിനുട്ട് നടപ്പ് ഉണ്ട് വീട്ടിൽ എത്താൻ. ഒരു മണിക്കൂർ ഉള്ള യാത്ര കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും ചെറിയ മോൾ കൂർക്കം വലിച്ച് ഉറക്കം ആയിക്കാണും .ഒരു തരത്തിലും അവൾക്ക് അത്രയും ദൂരം നടക്കാൻ പറ്റില്ല. ഇതൊന്നും പോരെങ്കിൽ രണ്ടു പിള്ളേരുടെയും ഓരോ കിലോ വീതം വരുന്ന സ്കൂൾ ബാഗുകൾ, എൻ്റെ ബാഗ് , ലാപ്ടോപ് ഇതെല്ലാം കൂടി താങ്ങി പിടിച്ച് നടക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല.ടാക്സി വിളിച്ചാൽ മിനിമം ചാർജ് കൊടുത്താൽ മതി. 

പിന്നെ 'ടാസ്‌ക്കി വിളിയെടാ' എന്ന അധ്യായം തുടങ്ങും. മിക്ക ടാക്സി ചേട്ടന്മാരും ചെറിയ ദൂരം ഓടില്ല. പല പ്രാവശ്യവും  ഒരു വണ്ടി കിട്ടാനായി ഞാനും മക്കളും അര മുക്കാൽ മണിക്കൂർ ഒക്കെ റോഡിൽ നിന്നിട്ടുണ്ട്. പല തവണ ഉറങ്ങുന്ന നാല് വയസ്സുകാരിയെ ഉണർത്തി ബാഗും പിടിച്ച് നടക്കാൻ നിർബന്ധിച്ചിട്ടും ഉണ്ട്.

അന്നും അങ്ങനെ ഒരു ദിവസം ആയിരുന്നു. ഞാനും മക്കളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി ടാക്സി വിളിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നു.പുറത്തേക്ക് ഇറങ്ങിയ പാടെ ഒരു ടാക്സി വന്നു ഞങ്ങടെ മുന്നിൽ നിറുത്തി. ഡ്രൈവർ ഡോർ തുറന്നു പിടിച്ചു കൊണ്ട് ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നു. ഞാനും മക്കളും അങ്ങോട്ട് നടന്നു. അയാള് പറയുന്നു 

" കയറൂ.." എന്ന് ഹിന്ദിയിൽ. 

ഞാൻ " ഞങ്ങളുടെ വീട് ദാ റോഡിൻ്റെ അപ്പുറത്ത് ആണ്. നിങ്ങൾ പോകുമോ?"

അയാള്, " എനിക്കറിയാം. ഞാൻ ഇതിനു മുൻപും നിങ്ങളെ കൊണ്ട് ആക്കിയിട്ടുണ്ട്. നിങ്ങൾ ഈ കൊച്ചു കുഞ്ഞിനെയും കൊണ്ട് കഷ്ടപ്പെട്ട് നടന്നു പോകുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട് . അത് കൊണ്ടാണ് നിങ്ങൾക്ക് വേണ്ടി കാത്തു നിന്നത്." 

ശെരിക്കും അതിശയിച്ചു പോയി. ദുബായ് പോലെ ഒരു നഗരത്തിൽ അയാൾക്ക് ഓട്ടം കിട്ടാൻ ഒരു പ്രയാസവും ഇല്ല. എന്നേം മക്കളെയും കാത്തു നിൽക്കുന്ന നേരത്ത് അയാൾക്ക് എത്ര ദീർഘ ദൂര ഓട്ടം കിട്ടാം ? വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. ചിന്തകള് കാട് കയറി തുടങ്ങി. " അവിടെ എത്തുമ്പോൾ പൈസ കൂടുതൽ വാങ്ങുമായിരിക്കും. അല്ലെങ്കിൽ വല്ല ഗൂഢ സംഘ ത്തിൻ്റെ അംഗം ആകും. എന്തായാലും ഏതെങ്കിലും പ്രയോജനം ഇല്ലാതെ ഇങ്ങനെ സഹായം ചെയ്യുമോ?" . 

വീടെത്തും വരെ അയാള് ഒരക്ഷരം മിണ്ടിയില്ല. കൊടുത്ത കാശും വാങ്ങി പോവുകയും ചെയ്തു. എൻ്റെ സംശയ ബുദ്ധി അപ്പോഴും ഉണർന്നു തന്നെയിരുന്നു. 

അന്ന് വാട്ട്സ്ആപ് ഒന്നും ഉള്ള ഫോണുകൾ അല്ല. എൻ്റെ ഉള്ളിലെ ഭയം കാരണം ഒരിക്കലും അയാളുടെ നമ്പർ വാങ്ങാനോ എൻ്റെ നമ്പർ കൊടുക്കാനോ ഒന്നും ഞാൻ തുനിഞ്ഞില്ല. എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് ആ ഡ്രൈവർ വീണ്ടും പല തവണ വന്നു. എപ്പോൾ എവിടെ വച്ച് എന്നെയും മക്കളെയും കണ്ടാൽ വണ്ടി നിറുത്തി വിളിക്കുകയും ചെയ്യും. ഞങ്ങൾക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ വണ്ടിയുടെ നമ്പർ അല്ലാതെ. 

പല ദിവസങ്ങളിലും തളർന്നു വരുമ്പോൾ വേറെ ആര് കൈ കാണിച്ചാലും നിറുത്താതെ നേരെ നമ്മുടെ മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ടാക്സി ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു.

പിന്നീടെപ്പോഴോ ഏതോ സ്കൂൾ അവധി കഴിഞ്ഞ് യാത്ര ചെയ്ത് തുടങ്ങിയപ്പോ അയാളെ കാണാതായി. സത്യത്തിൽ അപ്പോഴാണ് ഞങ്ങൾക്ക് അയാളെ പറ്റി ഒന്നും അറിയില്ല എന്ന് ഓർമ്മിക്കുന്നത്. പുറത്തൊക്കെ പോകുമ്പോഴും മറ്റ് ടാക്സികളിൽ പോകുമ്പോഴും കുറേക്കാലം എൻ്റെ മൂത്ത മകൾ ആ വണ്ടിയുടെ നമ്പർ തിരക്കുമായിരുന്നു. പക്ഷേ ഒരിക്കലും അങ്ങനെ ഒരു കാറോ ഡ്രൈവറെയോ ഒരിക്കലും കണ്ടില്ല കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ. 

ചില സമയത്ത് തോന്നും എൻ്റെം മക്കളുടെയും വിഷമം കണ്ടു എവിടെ നിന്നോ അവതരിച്ച ഏതോ മാലാഖ ആയിരുന്നു അതെന്ന്. 

എന്നാലും ഇപ്പോഴും മഞ്ഞ നിറത്തിലുള്ള ദുബായ് ടാക്സിയിൽ എന്തെങ്കിലും ആവശ്യത്തിന് കയറേണ്ടി വരുമ്പോൾ വീണ്ടും ഒന്ന്  നോക്കും .. കണ്ണാടിയിലൂടെ ചെറിയ മോളെ നോക്കി ചിരിക്കുന്ന ആ അജ്ഞാത സുഹൃത്ത് ആണോ എന്ന് ...













Wednesday, January 6, 2021

ഗജ കേസരി യോഗം

ഗജ കേസരി യോഗം

പൊതുവെ മൃഗ സ്നേഹം ഇത്തിരി കുറഞ്ഞ വ്യക്തിയാണ് ഞാൻ . പണ്ട്  കടിക്കാൻ ഓടിച്ച ശുനകശ്രീ കാരണം ആണോ അതോ ജന്മനാ ഉള്ള ഭയം കാരണം ആണോ എന്നറിയില്ല, നാൽക്കാലികളോട് ഞാൻ എന്നും ഒരു സാമൂഹിക അകലം പാലിച്ചു പോന്നു. പക്ഷെ, ആടിനെയും പട്ടിയേം കിളിയേം ഒക്കെ പിടിച്ചു നിർത്തി കുശലം ചോദിക്കുന്ന ടൈപ്പ് കെട്ടിയോൻ ആണ് കൂടെയുള്ളത്.  കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ആദ്യം പുതു പെണ്ണിനെ കൊണ്ട് പോയി വീട്ടിലെ നായ കുട്ടിയെ പരിചയപ്പെടുത്തുന്ന ടൈപ്പ് മൃഗ സ്‌നേഹി. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം?

മൃഗ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി തോന്നിയത് ശ്രീലങ്കയിൽ കണ്ട ആനകളുടെ അനാഥാലയം ആണ്.പരിക്കേറ്റ ആനകളെ പരിപാലിക്കുന്ന 'പിന്നാവാല' എന്ന ആന സങ്കേതം.ഇങ്ങനെയുള്ള ലോകത്തിലെ ഒരേ ഒരു അനാഥാലയം എന്നാണ് ഗൂഗിൾ മാമൻ പറയുന്നത്. 

അവിടത്തെ പ്രധാന കാഴ്ച എന്ന് പറയുന്നത് ആനകൾ കുളിക്കാൻ പോകുന്നതാണ്.

രാവിലെ ഒരു പത്ത് പത്തര ഒക്കെ ആവുമ്പോൾ സ്കൂളിലെ പിള്ളേര് ലൈൻ ആയി അസംബ്ലിക്ക് പോകുന്ന പോലെ ആനകൾ എല്ലാം കൂടി നിര നിരയായി നടന്നു പോകും .റോഡിൻ്റെ ഒരു വശത്തെ സങ്കേതത്തിൽ നിന്നും മറു വശത്ത് ഒരു ചെറിയ വഴിയിലൂടെ നടന്ന് അങ്ങേ അറ്റത്തുളള പുഴയിൽ കുളിക്കാൻ പോകുന്നതാണ്. അവർ വരാൻ സമയം ആകുമ്പോൾ അവിടുത്തെ ജീവനക്കാർ വന്നു ഇടവഴിയുടെ ഇരു വശത്തും നിരന്ന് നിൽക്കും..കൂടെ നമ്മൾക്ക് നിർദ്ദേശവും തരും... ആന ചവിട്ടി ചമ്മന്തി ആവണ്ട എന്നുണ്ടെങ്കിൽ വഴിയുടെ അരികിലേക്ക് കയറി നിന്നോ എന്ന്. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഓടി പോയി വശത്തെ മൺ തിട്ടയിൽ കയറി നിന്നു. പിള്ളേരെ ഒക്കെ പൊക്കി കൊണ്ട് വരാൻ അവരുടെ അച്ഛൻ ഉണ്ടല്ലോ. പിറകെ അവര് മൂന്നും എത്തി. "അമ്മ ആദ്യമേ ഓടിയോ" എന്ന മൂത്തവളുടെ ചോദ്യം ഞാൻ അവഗണിച്ചു. ആന കാര്യത്തിൻ്റെ ഇടയിലാ അവളുടെ ചോദ്യോത്തരം. 

കുറച്ച് നേരം കഴിഞ്ഞപ്പോ ദൂരെ നിന്ന് വിസിൽ ശബ്ദം കേട്ട് തുടങ്ങി. കരി വീരന്മാരുടെ വരവായി. കൂട്ടം കൂട്ടമായി നൂറോളം ആനകൾ വഴി നിറഞ്ഞു വരുന്നു. ചങ്ങല ഒന്നും കൊണ്ട് ബന്ധിച്ചിട്ടില്ല അവരെ. സന്തോഷമായി തലയും ആട്ടി കുലുങ്ങി കുലുങ്ങി വരികയാണ് അവർ. കുട്ടി ആനകൾ മുതൽ തലയെടുപ്പുള്ള സീനിയർ സിറ്റിസൺസ് വരെ ഉണ്ട് കൂട്ടത്തിൽ. വഴി ചെറിയ ഇറക്കം ആയത് അവരെല്ലാം കൂടി കുളിക്കാൻ വേണ്ടി ഓടി പോകുന്ന പോലെ തോന്നും . കുറെ നേരത്തിനു ശേഷം  പുഴയിലെ കുളി കഴിഞ്ഞ് ദേഹത്ത് പൊടി ഒക്കെ കളഞ്ഞു നല്ല കറു കറുത്ത ശരീരവുമായി അവർ തിരിച്ചു പയ്യെ നടന്നു പോക്ക് തുടങ്ങും . പോകുന്നത് വളരെ പതിയെ പതിയെ വഴിയുടെ അരികിൽ നിറഞ്ഞു നിൽക്കുന്ന ആളുകളെ  ഒക്കെ നോക്കി അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടാണ്. പല ആനകളും നമ്മളെ നോക്കി ചിരിക്കുന്നു എന്ന് തോന്നും .

മൃഗ സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത എനിക്കും പോലും അവയോട് വാത്സല്യം തോന്നി ഈ കാഴ്ചകൾ കണ്ടപ്പോൾ. 

പിന്നാവാലക്ക് ഉള്ളിലും ആനകളെ അടുത്ത് കാണാനും അവയ്ക്ക് പഴം കൊടുക്കാനും ആനപ്പുറത്ത് കയറാനും ഒക്കെ ഉള്ള അവസരം ഉണ്ട് . പഴം കൊടുക്കുന്നത് വരെ ഒക്കെ എനിക്ക് സഹിക്കാൻ പറ്റും. എന്നാലും ആന പ്പുറത്ത് കയറാൻ അത്ര ധൈര്യം പോര. പിള്ളേരും അച്ഛനും തയ്യാറായി നിൽക്കുന്നു.. ഞാൻ മാത്രം വേണ്ടെന്ന് പറഞാൽ പിന്നെ ആരും കയറേണ്ട എന്നാവും . രസം കൊല്ലി ആകാൻ താൽപര്യം ഇല്ലാത്ത കൊണ്ടും കുളി സീൻ കണ്ടപ്പോൾ ശ്രീലങ്കയിലെ ആനകൾ വെറും പാവങ്ങൾ ആണെന്ന് തോന്നിയത് കൊണ്ടും ഞാൻ ആ സാഹസത്തിന് മുതിർന്നു.

നല്ല ഗാംഭീര്യം ഉള്ള ആന. കൂടെ ഒരു കൊച്ചു ചെറുക്കൻ ആനക്കാരനും ഉണ്ട് . അവൻ മുകളിലേക്ക് കയറാനുള്ള വിദ്യ പറഞ്ഞു തരുന്നു. ആനയുടെ കാലിൽ ചവിട്ടി തോളിൽ ചവിട്ടി അങ്ങു കയറുക. സിമ്പിൾ! ആ ഭീമാകാരൻ്റെ അടുത്തേക്ക് എത്തിയതും എനിക്കാണേൽ കാലും കയ്യും വിറക്കുന്ന പോലെ. അത് ഞങ്ങളെയൊക്കെ നോക്കുന്ന പോലെ. കൂട്ടത്തിൽ കുറച്ചധികം ഭാരക്കൂടുതൽ ഉള്ള എന്നെ അൽപ്പം കൂടുതൽ നേരം നോക്കിയോ എന്നൊക്കെ ഒരു സംശയം. 

എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി എൻ്റെ ചെറിയ മകൾ. 

"ഞാൻ അമ്മയുടെ കൂടെ അല്ലേ ഇരിക്കുന്നത്?" .

അയ്യോ. ഞാൻ തന്നെ വിറച്ച് നിൽക്കുകയാണ്. കൊച്ചിനെ കൂടെ ഇരുത്തേണ്ടി വരുമോ? ഞാൻ കൂടുതൽ തളർന്നു. 

ആനക്കാരൻ രക്ഷക്ക് എത്തി. ചെറിയ മകൾ ഏറ്റവും മുന്നിൽ, പിന്നെ ഭർത്താവ്, പുള്ളിയുടെ പിറകിൽ ഞാൻ ,പിന്നെ മൂത്ത മകൾ. ഇങ്ങനെ വേണം ഇരിക്കാൻ എന്ന് അവൻ. 

നിമിഷ നേരത്തിനകം ഭർത്താവും ചെറിയ മോളും ചാടി കയറി ഇരിപ്പായി. എന്നിട്ട് എന്നോട് പറയുന്നു " കേറി വാ, എളുപ്പം ആണ് " എന്ന്. കൊച്ചിനെയും പിടിച്ച് ഇരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് എഴുന്നള്ളത്ത് സമയത്ത് വിഗ്രഹവും കൊണ്ട് ഇരിക്കുന്ന പൂജാരിയെ ഓർമ വന്നു. ചിരിച്ചില്ല, പേടി കൊണ്ട് വായ തുറക്കാൻ പോലും വയ്യല്ലോ. 

പയ്യൻ്റെ കുറെ നേരത്തെ ഡെമോ ക്ലാസും മൂത്ത മോളുടെ ഉന്തും തള്ളും ഒക്കെ കൊണ്ട് ഒരു പത്ത് മിനുട്ട് നേരത്തെ അധ്വാനം കൊണ്ട് എങ്ങനെയൊക്കെയോ ഞാൻ അതിൻ്റെ പുറത്ത് പൊത്തി പിടിച്ചു കയറി. ഒറ്റ മിനുട്ട് കൊണ്ട് മൂത്തവളും ചാടി കയറി പറ്റി. 

ഇത്രയും നേരം ഇതിൻ്റെ പുറത്ത് കയറുന്നത് ആണ് പാടെന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറുക്കൻ ആനയോട് നടക്കാൻ പറയുന്നു. അത് പയ്യെ അനങ്ങി തുടങ്ങി. ആന പതിയെ ആണ് നടക്കുന്നത് എന്ന് ഇനി മേലാൽ ഞാൻ പറയില്ല.  നടക്കാൻ വേണ്ടി അതിൻ്റെ നട്ടെല്ലിലെ എത്ര കശേരുക്കൾ അനങ്ങും എന്ന് ഞാൻ അന്ന് പഠിച്ചു. മൊത്തത്തിൽ ഉള്ള കുലുക്കത്തിൽ ഞങ്ങൾ തെറിച്ച് താഴെ വീഴും എന്നെനിക്ക് തോന്നി. 

"അയ്യോ...അവളെ മുറുകെ പിടിക്കണെ" എന്ന് ഭർത്താവിനോട് പറഞ്ഞു കരയുന്നുണ്ട്. 

"നീ എന്തിലെങ്കിലും മുറുകെ പിടിക്കു" മൂത്ത മോളോട് ആണ്. പുറകിൽ ഇരിക്കുന്ന അവള് അറ്റത്ത് നിന്ന് ഊർന്നിറങ്ങി പോകുമോ എന്നാണ് മാതൃ ഹൃദയത്തിൻ്റെ ഭയം.

അവള് ചിരിച്ചു കൊണ്ട് " ഇതിൻ്റെ പുറത്ത് എന്തിൽ പിടിക്കാൻ ആണ് അമ്മേ? ഒന്ന് പേടിക്കാതെ ഇരിക്കൂ" . പന്ത്രണ്ട് വയസ്സിൽ എന്നെ ഉപദേശിക്കുന്ന സന്താനത്തിനോട് എന്ത് പറയാനാ ?

ഞാൻ കണ്ണ് മുറുക്കെ അടച്ചു പിടിച്ച് ഇരിപ്പായി. നിന്ന ഇടത്ത് നിന്ന് ഒരു പത്ത് അടി ദൂരെ ഉള്ള മരം വരെയാണ് യാത്രയെന്ന് ഏകദേശം പിടി കിട്ടി. മരത്തിൻ്റെ അടുത്ത് എത്തിയോ എന്ന് ഞാൻ ഇടക്കിടെ ഒളിഞ്ഞു നോക്കും. 

അങ്ങനെ ഒരു അഞ്ചാറ് മിനുട്ട് നീണ്ടു നിന്ന എൻ്റെ എഴുന്നള്ളത്ത് അവസാനിക്കാറായി. അപ്പോഴാണ് ചെറുക്കൻ അവൻ്റെ ഭാഷയിൽ എന്തോ പറഞ്ഞതും ഉടനെ നമ്മുടെ ഗജ രാജൻ തുമ്പി ക്കയ്യും മുൻ കാലുകളും ഉയർത്തി ഉറക്കെ ഒന്ന് ചിന്നം വിളിച്ചതും ഒപ്പം കഴിഞ്ഞു. ഞാനും കൂടെ ഉറക്കെ നിലവിളിച്ചു. എൻ്റെ ശബ്ദം ആവണം അവിടെ മൊത്തം മുഴങ്ങി കേട്ടത്. 

എല്ലാവരും വരി വരിയായി പിറകിലേക്ക് വീഴും എന്നാണ് എനിക്ക് തോന്നിയത്. 

ഒന്നും സംഭവിക്കാത്ത പോലെ ആന സാദാ സ്ഥിതിയിലേക്ക് തിരിച്ചെത്തി. ഞാൻ ഒറ്റ ചാട്ടത്തിൽ താഴെ ഇറങ്ങി എന്നാണ് തോന്നുന്നത്. ഇറങ്ങിയത് എങ്ങനെ ആണെന്ന് ഒരു ഓർമ്മയും ഇല്ല. 

എൻ്റെ ഈ ബഹളവും വെപ്രാളവും ഒക്കെ കണ്ട് ആനക്കാരൻ പയ്യന് കുറെ നേരത്തേക്ക് ചിരി നിർത്താൻ വയ്യായിരുന്നു. എൻ്റെ വീട്ടുകാരൻ്റേം പിള്ളേരുടെയും കാര്യം പിന്നെ പറയേണ്ടല്ലോ. 

"വാൽ" കഷ്ണം :

തിരിഞ്ഞ് നടക്കാൻ നേരം ഞാൻ ആനയുടെ മുഖത്തേക്ക് നോക്കി. അത് എന്നോട് ആന വാൽ എങ്ങാനും വേണോ ചേച്ചീ എന്ന് ചോദിക്കുന്ന പോലെ തോന്നി. എന്നോട് അത്രയും സ്നേഹം ആ ഗജ കേസരിക്ക് ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ


 

 








സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...