Total Pageviews

Thursday, October 29, 2020

ഓൺലൈൻ പഠനത്തിന്റെ 4 ഗുണവശങ്ങൾ

"കത്തി താഴെ ഇടടാ !!"

ഒരു കുഞ്ഞിനെ കത്തി എടുത്തു ഉപയോഗിക്കാൻ നാം എന്നാണ് അനുവദിക്കുക ? ഒരു കത്തി കൊണ്ട് നമുക്ക് കറിക്ക് നുറുക്കാം അതേ കത്തി കൊണ്ട് ഒരാളെ കുത്തി കൊല്ലുകയും ആവാം. കുത്തി കൊല്ലും എന്ന് പേടിച്ച് നമ്മൾ കുട്ടികൾക്ക് ഒരിക്കലും കത്തി കൊടുക്കാതെ  ഇരിക്കുമോ? അതോ അവരെ അത് ഉപയോഗിക്കാനുള്ള ശെരിയായ വഴി പറഞ്ഞു കൊടുക്കുമോ?

ഓൺലൈൻ പഠനത്തെ "ഇരുതല മൂർച്ചയുള്ള വാൾ" എന്നാണ് വിദഗ്ധർ വിശേഷിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ പഠന രീതികളുടെ ഗുണ ദോഷങ്ങളെ പറ്റി വിശകലനം ചെയ്യാത്ത ഒരു മലയാളികുടുംബവും ഉണ്ടാകാൻ സാധ്യതയില്ല ഈയടുത്ത കാലത്ത്. കൂടുതൽ പേരും വിർച്വൽ പഠനത്തിന്റെ ദോഷ വശങ്ങൾ മാത്രം വിശകലനം ചെയ്ത് മേൽപ്പറഞ്ഞ കത്തി പോലെ വിവരിക്കുന്നത് കേട്ടു .എന്നിരുന്നാലും കുറെ  നാളത്തെ അനുഭവം വച്ച്  പല അധ്യാപകരും മാതാ പിതാക്കളും ഓൺലൈൻ വിദ്യാഭ്യാസത്തെ പ്പറ്റി ഒരേ പോലെ അംഗീകരിച്ച ചില നല്ല വശങ്ങളെ കുറിച്ചാണ് ഇൗ കുറിപ്പ്. 

വീടിന്റെ സുരക്ഷിതത്വം 

എല്ലാ കുട്ടികളും ഒരേ പോലെ ആരോഗ്യം ഉള്ളവർ ആയിരിക്കണം എന്നില്ലല്ലോ. ഒരു വിഭാഗം കുട്ടികൾക്ക് പല വിധ അസുഖങ്ങൾ കാരണം നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു ഇതിന് മുൻപ്. മാതാ പിതാക്കളുടെ രോഗമോ അസൗകര്യമോ കാരണവും സ്കൂളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ട്.എന്നാലിപ്പോൾഅവർക്ക് ഒക്കെ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ ഒരു ദിവസം പോലെ നഷ്ടമാകാതെ പഠനം നടത്താൻ കഴിയുന്നു എന്നത് വളരെ സന്തോഷം നൽകുന്ന ഒരു വിഷയമാണ്. കൂടാതെ, അന്തർ മുഖരായ പല കുട്ടികളും സഭാ കമ്പം ഇല്ലാത്തത് കൊണ്ടാവും പഴയതിലും കൂടുതൽ ക്ലാസ്സിലെ ചർച്ചകളിൽ പങ്കെടുക്കുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

ഉത്തരവാദിത്വം , അച്ചടക്കം 

കുട്ടികളിൽ ഉത്തരവാദിത്വം ഉണ്ടാക്കിയെടുക്കാൻ കിട്ടിയ അവസരമായി ഇൗ കാലത്തെ ഉപയോഗിക്കാം. മുതിർന്ന ശേഷം കൃത്യ നിഷ്ഠയോടെ ജോലി ചെയ്യാനുള്ള അച്ചടക്കം നമ്മുടെ കുട്ടികൾ ഇപ്പോഴേ ആർജിക്കട്ടെ.സമയത്ത് ക്ലാസിൽ ഹാജരാക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്ന കുട്ടിക്ക് പിന്നീട് ജോലി സ്ഥലത്തെ താരമാവൻ സാധിക്കും എന്നതിൽ തർക്കമില്ല.ഇങ്ങനെ ഉള്ള ഗുണങ്ങൾ ഇപ്പോഴേ  പ്രകടിപ്പിക്കുന്ന കുട്ടികൾ നാളത്തെ ഉത്തമ പൗരന്മാരായി വളരും.

സമയ ലാഭം 

യാത്രാ ബുദ്ധിമുട്ടുകൾ എല്ലാ കാലത്തും നമ്മെ വിഷമിപ്പിക്കുന്ന വിഷയമാണ്. ഗ്രാമ പ്രദേശങ്ങളിൽ യാത്രാ സൗകര്യം ഇല്ലാത്തത് ആണ് ബുദ്ധിമുട്ട് എങ്കിൽ മഹാ നഗരങ്ങളിൽ സൗകര്യം കൂടിയിട്ട്‌ അത് ഗതാഗത കുരുക്ക് ആയി മാറും. എങ്ങിനെ നോക്കിയാലും കുട്ടികളും മാതാ പിതാക്കളും ദിവസത്തിന്റെ വലിയ ഒരു പങ്ക് റോഡിൽ ആകും ചിലവഴിക്കുന്നത് . ഓൺലൈൻ ക്ലാസുകൾ ഇൗ സമയ നഷ്ടം പൂർണമായി ഒഴിവാക്കുന്നു . കുട്ടികൾ യാത്രാ ക്ഷീണം ഇല്ലാതെ കൂടുതൽ സമയം ഉപയോഗ പ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കുന്നുണ്ട് ഇപ്പൊൾ.

ലോകമേ തറവാട് 

ഇനിയുള്ള കാലത്ത് ലോകത്തെ മികച്ച അധ്യാപകരുടെ സേവനം ലഭിക്കാൻ അവരുടെ സ്ഥലത്തേക്ക് അന്വേഷിച്ചു പോകേണ്ട കാര്യമില്ല. ഏത് വിദഗ്ദ അധ്യാപകരുടെയും ക്ലാസുകൾ നമ്മുടെ വീട്ടിലിരുന്ന് പഠിക്കാൻ നമുക്ക് സാധിക്കും. ലോകം മുഴുവൻ ഒരൊറ്റ ബൃഹദ് സർവ്വകലാശാല ആകുന്ന കാലം ദൂരെയല്ല. 

എല്ലാവർക്കും ശെരിയായ രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നും ഇന്റർനെറ്റിൽ ധാരാളം ചതി കുഴികൾ ഒളിഞ്ഞു കിടക്കുന്നു എന്നും ഒക്കെ അംഗീകരിച്ചു കൊണ്ട് തന്നെ ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഓൺലൈൻ വിദ്യാഭ്യാസം ശെരിയായ രീതിയിൽ ഉപയോഗിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് - അല്ലാതെ ഓൺലൈൻ ആയ ഒന്നും വേണ്ടാ എന്ന നിലപാടല്ല വേണ്ടത്.

ഇന്റർനെറ്റും മൊബൈലും ഒക്കെ മോശം കാര്യങ്ങളാണ് എന്ന പൊതു ധാരണ ഒന്ന് മാറ്റി വച്ച് ഇന്നത്തെ സാഹചര്യം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് എല്ലാവരും ഒന്നിച്ചു ചിന്തിക്കേണ്ട കാലമായി കഴിഞ്ഞു.

ദോഷങ്ങൾ പറഞ്ഞു പറഞ്ഞു പഴകി കഴിഞ്ഞു.. അതിനിയും പറയണോ? ഓൺലൈൻ പഠനം കാരണം നിങ്ങൾക്ക് അല്ലേൽ  നിങ്ങളുടെ മക്കൾക്ക് എന്തൊക്കെ ഗുണം ഉണ്ടായി എന്നൊന്ന് ആലോചിച്ച് നോക്കി പറയാമോ? 

ശ്രീജ പ്രവീൺ 










Friday, October 23, 2020

തുറക്കാത്ത വാതിൽ


 തുറക്കാത്ത വാതിൽ അഥവാ ഹം തും ഏക് കമ്രെ മെയ്ൻ ബന്ധ് ഹൊ!


**********************


ഹോളിവുഡ് നടി സാന്ദ്ര ബുള്ളോക് നേ  എനിക്ക്  വലിയ ഇഷ്ടമാണ്.. നമ്മുടെ സിനിമകളിലെ  അബല നായികമാരെ  പോലെ അല്ല പുള്ളിക്കാരി . ആവശ്യം വന്നാൽ ട്രെയിനും ബസും ഒക്കെ ഓടിക്കും..ഏതു തരം മതിലും നായകനൊപ്പം തന്നെ ചാടി കടക്കും .. അത്യാവശ്യം ഗുണ്ടകളെ ഒക്കെ അടിച്ചു വീഴ്ത്തും . ഒരു മാതിരി മരാമത്ത് പണികൾ ഒക്കെ തനിയെ തന്നെ ചെയ്യും. ഏത് അപകടം വന്നാലും " ദാസാ എന്നെ രക്ഷിക്കൂ " എന്ന് കാറി വിളിക്കില്ല . അങ്ങനെ വേണം പെണ്ണുങ്ങൾ എന്ന് തോന്നാറുണ്ട് മിക്കപ്പോഴും . 


ഒരു അപകടനില വന്നാൽ നമ്മളൊക്കെ എന്താവും ചെയ്യുക എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് .. കാറി വിളിക്കുമോ അതോ സാന്ദ്ര ചേച്ചി ആകുമോ?  ദൈവം ചില നേരങ്ങളിൽ നമ്മുടെ ആഗ്രഹങ്ങൾക്ക്  "തഥാസ്തു " എന്ന് പറയാറുണ്ടല്ലോ ... അങ്ങനെ ഒരു പണി എനിക്കും ഒരിക്കൽ കിട്ടി . 


2013-14 ഖത്തർ  കാലഘട്ടം.പുതിയൊരു താമസ സ്ഥലത്തേക്ക് മാറിയിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ഒറ്റക്ക് നിൽക്കുന്ന ചെറിയൊരു  പേർഷ്യൻ  വീടാണ് രംഗം. ജോലി സ്ഥലം കുറച്ച് ദൂരെ ആയതിനാൽ നമ്മുടെ മിസ്റ്റർ അതിരാവിലെ പോയാൽ വൈകുന്നേരം ഏഴ് മണി കഴിയും വീടെത്താൻ . ചെറുത് എൽ കേ ജിയെന്ന  ഉന്നത ഡിഗ്രിക്ക് പഠിക്കുന്ന ആളായത് കൊണ്ട് ഒരു പതിനൊന്നു മണിക്ക് തിരിച്ചെത്തും.  മൂത്തവൾ വരുന്നത് 3 മണി ഒക്കെ കഴിഞ്ഞാണ്. അത് വരെ ചെറിയ കാന്താരിയുടെ കൂടെ കളിക്കുക എന്നതും നമ്മുടെ ഡ്യൂട്ടിയിൽ പെടും . 


" നാൻ ഡോത്തർ ആണെ.. അമ്മൻ എന്റെ 'ക്യാന്റി ' പാവയേം കൊണ്ട് ഓസ്പ്പിട്ടലിൽ വരണം " ഇതാണ് കളി. എന്റെ വിദ്യാഭ്യാസത്തിൽ അത്ര അഭിപ്രായം ഒന്നുമില്ലാത്ത കൊണ്ടാവും അവളാണ്  എപ്പോഴും "ദോത്തർ". ഇതിന് വേണ്ടി അവള് തന്നെ കസേര ഒക്കെ ഇട്ട് മുറിയുടെ അകത്ത് ഇരിക്കും.. ഞാൻ നേരത്തെ പറഞ്ഞ പാവയെയും കൊണ്ട് വരണം . ഇൗ പാവക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സ് കാണും അന്ന്.. കളിയിലെ അസുഖം എപ്പോളും പനി ആണേലും, കയ്യും കാലും ഒക്കെ ഒടിഞ്ഞു തൂങ്ങിയ അവസ്ഥ കണ്ടാൽ ഉടനെ ഒരു ഉഴിച്ചിലും പിഴിച്ചിലും നടത്താൻ തോന്നും .പക്ഷേ നമ്മുടെ ഡോത്തർക്ക്‌ പനി മാത്രമേ ചികിത്സിക്കാൻ അറിയൂ..അത് കൊണ്ട് " കുട്ടിക്ക് പനി മാറുന്നില്ല" എന്നാണ് അമ്മന് സ്ഥിരം തരുന്ന ഡയലോഗ്. 


അകത്ത് കയറി കഴിഞ്ഞാൽ ഉടനെ വാതിൽ അടക്കണം. രോഗിയുടെ പ്രൈവസി ഒക്കെ പ്രധാനമാണ്  മേഡത്തിന്. ഒന്ന് രണ്ടു തവണ പറഞ്ഞിട്ട് ഞാൻ കേൾക്കാത്തത് ആളിന് പിടിച്ചില്ല.  ഒടുവിൽ പിന്നേയും പിന്നെയും  ഞാൻ  നേരെ വരുന്നത് കണ്ട് അവള് തന്നെ എണീറ്റ് വന്നു വാതിൽ ബലമായി പിടിച്ചു അടച്ചു. എന്നിട്ട് പരിശോധന തുടർന്നു. 


അവളുടെ കളിയും കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. കുറെ നേരം കഴിഞ്ഞപ്പോൾ പുറത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ എടുക്കാനായി പുറത്തേക്ക് ഇറങ്ങാനായി ഞാൻ വാതിലിൽ ചെന്ന് പിടിച്ചതും അതിന്റെ പിടി പൊട്ടി കയ്യിൽ വന്നതും ഒന്നിച്ചായിരുന്നു. സത്യം പറഞാൽ വയറ്റിൽ നിന്നും നെഞ്ചിലേക്ക് ഒരു നികുംഭില പാഞ്ഞു പോയി. അറിയാതെ "അയ്യോ" എന്ന് വിളിച്ചു പോയി.


മേൽപ്പറഞ്ഞ മുറിക്ക് പല പ്രത്യേകതകളും ഉണ്ടെന്ന് പറയാൻ വിട്ടു പോയി. ഒരു എസി ഉണ്ടെന്നത് ഒഴിച്ചാൽ ആ മുറിക്ക് ജനലുകളില്ല. പോരെങ്കിൽ പ്രധാന വാതിലിൽ നിന്ന് ദൂരെ ആണ് ഈ മുറിയുടെ സ്ഥാനം.അതായത് ഉറക്കെ വിളിച്ചാലും ആരും കേൾക്കില്ല എന്നർത്ഥം . നമ്മുടെ വീടിന്റെ പുറക് വശത്തായി മറ്റൊരു വീടുണ്ടെങ്ങിലും അവിടെ ആൾ താമസമില്ല. ഭർത്താവ് ഓഫീസിൽ നിന്ന് എത്താൻ ശ്രമിച്ചാലും ഏകദേശം ഒന്ന് ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്.അതിനു മുൻപ് തന്നെ മൂത്ത മകൾ സ്കൂൾ ബസിൽ വീടിന്റെ നടയിലെത്തും.ഇവരൊക്കെ വന്നാൽ പോലും മെയ്ൻ ഡോറിൽ അകത്ത് താക്കോൽ വച്ചിരിക്കുന്ന കൊണ്ട് പുറത്ത് നിന്ന് കീ ഇട്ട് കയറാൻ പറ്റില്ല. അങ്ങനെ എല്ലാം കൊണ്ടും നല്ല വണ്ടർഫുൾ ആയ സിറ്റുേഷൻ. ഹോളിവുഡ് സിനിമയുടെ ഫീൽ !  


ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ആരും ചെയ്യുന്നത് തന്നെ ഞാനും മോളും ചെയ്തു. എസി യുടെ വിടവിലൂടെ ശബ്ദം പുറത്ത് പോകുന്ന രീതിയിൽ കുറെ നിലവിളിച്ചു. എവിടെ? അതൊരു ശാന്ത സുന്ദരമായ പ്രദേശം ആയത് കൊണ്ട് അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ഫോൺ റിംഗ് ചെയ്തു തുടങ്ങി. ഭർത്താവ് ആകുമെന്ന് അറിയാമായിരുന്നു. പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടും റിംഗ് വരുന്നു. വീണ്ടും വരുന്നു. അപ്പോഴേക്കും പുള്ളിക്ക് തോന്നി കാണും ഇവിടെ എന്തോ പ്രശ്നമാണെന്ന്. കുറെ നേരം കഴിഞ്ഞപ്പോൾ മുൻ വശത്തെ വാതിലിനു അടുത്തായി ആരുടെയോ ശബ്ദം കേട്ടു തുടങ്ങി. ഇവിടത്തെ കാര്യം അന്വേഷിക്കാൻ എന്റെ കെട്ടിയോൻ അടുത്തുള്ള ചെറിയ ഗ്രോസറി ക്കാരനെ പറഞ്ഞു വിട്ടതാ.ഞങൾ പിന്നേം ഇവിടെ നിന്ന് മറുപടി "കമ്പിളി പുതപ്പ് , കമ്പിളി പുതപ്പ് " വിളിക്കുന്ന ചേച്ചിയെ പോലെ. പുറത്ത് കേട്ട ശബ്ദം വിളിച്ചു വിളിച്ചു പുറകിലെ വീടിന്റെ അടുത്തേക്ക് വരുന്നത് മനസിലായി. എസിയുടെ വിടവിലൂടെ ഞാൻ എന്റെ ലോക്കേഷൻ അയാൾക്ക് സെന്റ് ചെയ്തു. ഭാഗ്യത്തിന് അയാൾ വഴി തെറ്റാതെ എസി യുടെ അപ്പുറം എത്തി.


ഇനി മതിലിന്റെ അപ്പുറം ഇപ്പുറം ആണ് ബാക്കി കഥ നടക്കുന്നത്..അപ്പോഴേക്കും ഹസ്ബന്റ് ഓഫീസിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞു  എന്ന് ഗ്രോസെറി കാരൻ വഴി അറിയിപ്പ് കിട്ടി. എങ്ങനെ ആണേലും ഞാൻ ഇവിടെ നിന്ന് പുറത്ത് കടന്നാലെ പറ്റൂ. മുൻ വാതിലും പുറത്ത് നിന്ന് തുറക്കാൻ പട്ടില്ലാലോ. 


കടക്കാരൻ എനിക്ക് മോട്ടിവേഷൻ തന്നു " വാതിൽ നിങ്ങള് വിചാരിച്ചാൽ തുറക്കാം. ഞാൻ ഇതിലൂടെ ടൂൾസ് ഇട്ടു തരാം " .എന്നിട്ട് എസി യുടെ വിടവിലൂടെ ഒരു മഞ്ഞ കളർ സ്ക്രൂ ഡ്രൈവർ കുത്തി തിരുകി ഇട്ടു. ഞാൻ ആ "ടൂൾ" കയ്യിൽ എടുത്തു. എനിക്ക് ഇത് വച്ച് പ്രഷർ കുക്കറിന്റെ യും ചായ പാത്രത്തിന്റെ യും പിടി ഉറപ്പിക്കാൻ മാത്രമല്ലേ അറിയൂ. ഞാൻ അയാളോട് ചോദിച്ചു" ഇത് വച്ച് എന്താണ് ചെയ്യേണ്ടത്?" അയാള് പെട്ടന്ന് ഒന്ന് അന്തം വിട്ടു. പിന്നെ പറഞ്ഞു "വാതിലിന്റെ പിടി അല്ലേ ഇളകി പോയത്? ഉള്ളിൽ ആ പിടി പോലെ തന്നെ ഉള്ള ഒരു തിരിയുന്ന ഭാഗം കാണും. അത് തിരിച്ചാൽ മതി .വാതിൽ തുറക്കും . " ആഹാ.. ഇത്രെ ഉള്ളൂ.. ഇത് ഞാൻ തകർക്കും.. സാന്ദ്ര ബുല്ലോക്കിനെ മനസ്സിൽ ഓർത്തു കൊണ്ട് നേരെ നടന്നു. സ്ക്രൂ ഡ്രൈവർ കൊണ്ട് ഒറ്റ കുത്ത് ആയിരുന്നു. ലോക്കിന്റെ മൊത്തം ഭാഗവും ചേർന്ന് ഇളകി മറിഞ്ഞ് പുറത്തേക്ക് വീണു. ഞാനും സ്ക്രൂ ഡ്രൈവറും ഇപ്പുറത്ത്. തിരിക്കേണ്ട ഭാഗം അപ്പുറത്ത്. അതിന്റെ ഇടക്ക്  നടു പൊളിഞ്ഞ വാതിലും .


ഏറ്റവും വലിയ മാനക്കേട് അയാളോട് എന്ത് പറയും എന്നായിരുന്നു. എന്ത് ചെയ്യാൻ .. പറഞ്ഞല്ലെ പറ്റൂ? എന്തോ ഇതൊക്കെ പ്രതീക്ഷിച്ച പോലെ ഉടനെ അയ്യാൾ പറഞ്ഞു. " സാരമില്ല. ഇനി അവിടെ ഒരു ചെറിയ ലിവർ പോലെ ഉണ്ടോ എന്ന് നോക്കൂ" . അൽഭുതം.. അവിടെ ഒരു ലിവർ ചിരിച്ചു കൊണ്ടിരിക്കുന്നു. " ഞാൻ ഒരു പ്ലേയർ ഇട്ടു തരാം . അത് വച്ച് ആ ലിവർ തിരിച്ചാൽ മതി" എന്ന്  പുറത്തെ ശുഭാപ്തി വിശ്വാസി. 


പക്ഷേ, സ്ക്രൂ ഡ്രൈവർ പോലെ അല്ലല്ലോ പ്ലയർ..അതിനു അകത്തേക്ക് എത്താനുള്ള ഗ്യാപ് ഇല്ലായിരുന്നു .ആദ്യം കൊണ്ട് വന്നത് അകത്തേക്ക് ഇടാൻ കഴിയാതെ വന്നപ്പോൾ വേറെ ഒരെണ്ണം എടുക്കാം എന്നൊക്കെ പറയുന്ന കേട്ടപ്പോൾ പുറത്ത് ഒരു മൊബൈൽ വർക്ക്ഷോപ്പ് തന്നെ പുള്ളി ഒരുക്കിയോ എന്ന് സംശയിച്ചു . ഇതിനിടെ എന്റെ കെട്ടിയോൻ ഒരു ആയിരം പ്രാവശ്യം എങ്കിലും അയാളുടെ ഫോണിൽ വിളിച്ച് കാണും . നടയിൽ ബസിൽ വന്നു ഇറങ്ങി അന്തം വിട്ടു നിന്ന മൂത്ത മോളെയും ഗ്രൊസറി യില് കൊണ്ടിരുത്തേണ്ടി വന്നു ആ പാവത്തിന്. അങ്ങനെ ആ ഒരൊറ്റ മണിക്കൂർ കൊണ്ട് ഞങൾ ഒരു ഫുൾ ഫാമിലി അയാളുടെ ഉത്തരവാദിത്തം ആയി മാറി.


അങ്ങനെ കുറെ നേരത്തെ പ്രയത്‌നത്തിന്

 ശേഷം നമ്മുടെ പ്ലേയർ എസി കൊടുത്ത ഔദാര്യത്തിൽ മുറിയിലേക്ക്  രംഗ പ്രവേശം ചെയ്തു. ഇത്തവണ പക്ഷേ എനിക്ക് യാതൊരു ധൈര്യവും ഇല്ല. നേരത്തെ കിട്ടിയ ടൂൾ കാരണം ഉള്ള ലോക്കും കൂടി ഇല്ലാതായി. ഇനി ഇതിൽ എന്താണാവോ? സ്ക്രൂ ഡ്രൈവർ അല്പമെങ്കിലും പരിചയം ഉള്ള ആളായിരുന്നു. ഇതിപ്പോ പ്ലേയർ ഒക്കെ ദൂരെ കൂടി ഉള്ള പരിചയം മാത്രേ ഉള്ളൂ.. കൂടി പോയാൽ നമ്മുടെ കാലിലെ കൊലുസിന്റെ കൊളുത്ത് മുറുക്കാൻ എടുത്തു കാണും . എന്ന് വെച്ച് റെസ്ക്യൂ ഓപ്പറേഷന്ഒക്കെ കൂടെ കൂട്ടുക എന്ന് വച്ചാൽ? വല്ലാത്ത ഒരു അവസ്ഥ തന്നെ. ഒരു ബലത്തിന് അണ്ണാൻ കുഞ്ഞ് എങ്കിൽ അത് എന്ന് വിചാരിച്ചു

നോക്കിയപ്പോൾ കണ്ടത് നമ്മുടെ കുട്ടി ഡോക്ടർ കൺസൾട്ടിംഗ് ടൈം

കഴിഞ്ഞത് കൊണ്ടാവും കട്ടിലിൽ കയറി കിടന്നു കൂര്ക്കം വലിച്ചു ഉറങ്ങുന്നു. അപ്പോ ധൈര്യം തരാൻ അണ്ണാൻ കുഞ്ഞും ഇല്ല എന്നർത്ഥം .


എന്തായാലും മുന്നോട്ട് വച്ച കാലു മുന്നോട്ട് തന്നെ വച്ചു നടന്നു. വാതിലിനു അടുത്ത് പോയി തറയിൽ ഇരിപ്പുറപ്പിച്ചു. ആദ്യം പ്ലേയർ അകത്തേക്ക് പോയി പോലുമില്ല. പയ്യെ പയ്യെ അത് ഉപയോഗിക്കാൻ പഠിച്ചു. എന്നിട്ട് ലിവറിൽ പഠിപ്പിക്കാൻ ഉള്ള കഠിന ശ്രമം. അത് കഴിഞ്ഞ് വേണം അത് തിരിക്കാൻ. പിടി ശേരിയാവുമ്പോൾ കറക്കം ശെരി ആവില്ല.  കറക്കം ശെരി ആവുമ്പോൾ പിടുത്തം ശെരി ആവില്ല  . അതിനിടെ പൊളിഞ്ഞ വാതിലിന്റെ വക്കിൽ ഒക്കെ കൊണ്ട് കയ്യോക്കെ മുറിഞ്ഞു . ഇതിനിടെ പുറത്ത് നിന്ന് ശബ്ദ രേഖയുണ്ട്."തുറന്നോ? തിരിഞ്ഞോ? തകർന്നോ " എന്നൊക്കെ . എല്ലാത്തിനും ഒന്നും മറുപടി പറഞ്ഞില്ല. ഇവിടെ ബോംബിന്റെ പച്ച വയർ അല്ലേൽ ചുവന്ന വയർ മുറിക്കുന്ന ശ്രദ്ധയാണ് ഇത് തിരിക്കാൻ .അപ്പോഴാണ് അയാളുടെ കമന്ററി ! 


ഒരു അര മുക്കാൽ മണിക്കൂറെങ്കിലും ഞാൻ ആ പ്ലയറും വച്ച് അധ്വാനിച്ച് കാണും . പറ്റില്ല എന്ന് വിചാരിച്ചു തളർന്ന് ഉപേക്ഷിക്കാൻ പോയതാണ്. ഒരിക്കൽ കൂടി ഒന്ന് കൂടി ശ്രമിക്കാം എന്ന് തോന്നി പോയി തിരിച്ചു. "ടിക്" ... എന്തോ അകത്ത് തിരിഞ്ഞു വീണു. വാതിൽ ഒന്ന് അനങ്ങി തുറന്നു. "എന്ത്" .. സന്തോഷം കൊണ്ട് പെട്ടന്ന് എനിക്ക് മിണ്ടാൻ വയ്യാതായി. പെട്ടന്ന് ഉറങ്ങി കിടന്ന കൊച്ചിനേം എടുത്ത് ശരം വിട്ട പോലെ പോയി മുൻ വാതിൽ തുറന്ന് ഇട്ടു.എന്നിട്ടാണ് ശ്വാസം നേരെ വീണത്.  


മുട്ടുവിൻ തുറക്കപ്പെടും : എല്ലാ വാതിലും മുട്ടിയാൽ തുറക്കില്ല. എല്ലാവരും ഇപ്പോഴും കയ്യിൽ ഒരു ചെറിയേ സ്ക്രൂ ഡ്രൈവർ , ഒരു ചെറിയേ പ്ലേയർ ഒക്കെ കരുതുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ...


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ

Friday, October 16, 2020

അമ്മേടെ മുംബൈ ദർശൻ

 അമ്മേടെ  മുംബൈ ദർശൻ 



മുംബൈ എന്ന പഴയബോംബെയെ  പണ്ട് മുതലേ നല്ല  ഭയ ഭക്തി ബഹുമാനത്തോടെ ആണ് നോക്കി കണ്ടിരുന്ന ആളാണ് ഞാൻ .അത് നമ്മുടെ ലാലേട്ടൻ ഒക്കെ മുംബൈയിൽ പോയി ഗുണ്ടാ സംഘങ്ങളെ നേരിടുന്ന സിനിമാ കഥകൾ ഒക്കെ  കണ്ടു വളർന്നത് കൊണ്ടാവും. മുംബൈ തെരുവുകളിൽ വെടിയുണ്ടകൾ ചീറി പാഞ്ഞു കൊണ്ടിരിക്കും എന്നും അവിടെ

എല്ലാവരും ഗുണ്ടാ പിരിവായ "ഹഫ്ത" കൊടുക്കണം എന്നുമൊക്കെ ആയിരുന്നു നമ്മൾ പഠിച്ചു വച്ചിരുന്നത് . എന്നാല്

കുറച്ച് കാലത്തെ മുംബൈ ജീവിതം അതല്ല കാണിച്ചതും പഠിപ്പിച്ചതും . ഒരു തരം പ്രത്യേക ആകർഷണീയത ഉള്ള നഗരമാണ് "ആംചി"  മുംബൈ .


ഭർത്താവിന്റെ ജോലി സംബന്ധമായി ആണ് ഞങ്ങളെ നാട്ടിൽ നിന്ന് അങ്ങോട്ട് പറിച്ച് നട്ടത്. അദ്ദേഹത്തിന്റെ ഓഫീസ് അന്ധേരിയിൽ ആയിരുന്നെങ്കിലും താമസം നഗര പരിധിയിൽ നിന്ന് മാറി താനെ യിലായിരുന്നു. ഞങ്ങളെ സഹായിക്കാനായി ആദ്യത്തെ കുറച്ചു ദിവസങ്ങൾ എന്റെ അമ്മയും കൂടെ വന്നു. ഒരു പത്ത് ദിവസത്തേക്ക് നിന്നിട്ട് അമ്മക്ക് മടങ്ങണം .


കുട്ടികൾ ചെറുതായിരുന്നു എന്നത്  കൊണ്ട് വീടൊക്കെ അടുക്കി ഒതുക്കി വക്കാൻ

തന്നെ ഒരു അഞ്ചാറു ദിവസം പോയിക്കിട്ടി. ഇനി അമ്മക്ക് തിരിച്ചു പോകാൻ ബാക്കി കുറച്ച്  ദിവസങ്ങൾ മാത്രമേയുള്ളൂ .ഞങ്ങൾക്ക്  ആണെങ്കിൽ അമ്മയെ സ്ഥലം ഒന്നും കാണിക്കാതെ മടക്കി അയക്കാനും മടി. അന്വേഷിച്ചപ്പോൾ ഒരു അയൽക്കാരി  പറഞ്ഞു" മുംബൈ ദർശൻ" എന്നൊരു പരിപാടി ഉണ്ട്. ഒരു മുഴുവൻ ദിവസം കൊണ്ട് മുംബൈയിലെ ഒരുവിധം എല്ലാ പ്രധാന കാഴ്ചകളും കാണിച്ചു തന്നു വൈകീട്ട് തിരിച്ചു കൊണ്ടാക്കും . അടിപൊളി ! അപ്പോ പിന്നെ ടാസ്കി വിളി എന്ന് ഞാനും !


ഭർത്താവ് നേരെ പോയി ടാക്സി ബുക്ക് ചെയ്തു. എട്ടു മണിക്കൂർ അല്ലെങ്കിൽ എൺപത് കിലോമീറ്റർ ഇതാണ് റേറ്റിൽ ഉള്ളത്. ഇതിൽ കൂടുതൽ ഓടിയാൽ നമ്മൾ എക്സ്ട്രാ പണം കൊടുക്കണം . എന്റെ ഹസ് ഖുശി ഖുശി സമ്മതിച്ചു. എട്ടു മണിക്കൂർ ഒക്കെ ധാരാളം . അമ്മ പോകുന്നതിന്റെ തലേന്ന് ആണ് പോകാൻതീരുമാനിച്ചത്.പുള്ളിക്കാരൻ വീട്ടിൽ വന്നു കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഒക്കെ തയ്യാറാക്കി തുടങ്ങി . പിന്നെ ഹൈ ലെവൽ പ്ലാനിംഗ് ആയിരുന്നു.. വണ്ടി ഓരോ നേരത്ത് എവിടെ എത്തും എന്ന് മരുമകൻ മാപ് ഒക്കെ നോക്കി

പറയുന്നു, അമ്മായി അമ്മ വണ്ടി നിർത്തുമ്പോൾ കഴിക്കാൻ കണക്കാക്കി ആഹാരം സെറ്റ് ചെയ്യുന്നു ..ഞാനും പിള്ളേരും വായും നോക്കി ഇരിക്കുന്നു. 


പിറ്റേന്ന് അതിരാവിലെ മുതൽ നല്ല മഴ പെയ്യുന്നുണ്ട്.. ജൂൺ മാസമാണ്. എല്ലാവരും തയ്യാറായി ഫ്ലാറ്റിന്റെ താഴെ എത്തി വണ്ടിയിൽ കയറി. അപ്പോഴേക്കും മഴ നല്ല ശക്തിയായി പെയ്തു തുടങ്ങിയിരുന്നു . ഞാനും അമ്മയും മക്കളും പുറകിലെ സീറ്റിൽ ആണ് കയറിയത്. ഇദ്ദേഹം മുന്നിലെ സീറ്റിലേക്ക് കയറി സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടിരുന്നു. ഡ്രൈവർ ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി ഹിന്ദിയിൽ ഒന്ന് കൂടി ഉറപ്പിച്ചു" മുംബൈ  ദർശൻ ഹീ ജാന ഹെ നാ? " ഇനി വേറെ എവിടെയെങ്കിലും പോണോ എന്ന് ചോദിക്കാൻ ഇവനാര് ? ഞങൾ എല്ലാവരും ഒരേ സ്വരത്തിൽ " ഹാം ജീ, ഒന്ന് ചലോ " എന്ന് പറഞ്ഞു . പിന്നല്ല.


അങ്ങനെ ഞങ്ങളെയും വഹിച്ചു കൊണ്ട് ആ വാഹനം മുംബൈയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. മഴ തുടരുന്നു. നാട്ടിലെ മഴ കണ്ടു വളർന്ന നമ്മളെ ശെരിക്കും പേടിപ്പിക്കുന്ന ഒരു ഇനമാണ് മുംബൈയിലെ മഴ.അമരീഷ് പുരിയുടെ  എൻട്രി പോലെ കൂടെ പല വിധ ശബ്ദ ഘോഷത്തോട് കൂടിയാണ് വരവ്, ബോളിവുഡ് ആണല്ലോ അതാവും . കാർ താനെ പരിധി ഒക്കെ കടന്നു മുന്നോട്ട് ഓടിക്കൊണ്ടിരിക്കെ പതിയെ  ഞങൾ ആ സത്യം മനസ്സിലാക്കി . വണ്ടിയുടെ വൈപ്പർ പ്രവർത്തിക്കുന്നില്ല ! മുന്നിലെ ഗ്ലാസ്സ് മുഴുവൻ വെള്ളം നിറഞ്ഞു നിൽക്കുന്ന കാരണം മുന്നിൽ ഏതാണ് വണ്ടിയെന്ന് പോലും കാണാൻ പറ്റുന്നില്ല. പക്ഷേ നമ്മുടെ ഡ്രൈവർ അതേ സ്പീഡിൽ കത്തിച്ച് പോകുകയാണ്. എങ്ങിനെ എന്നൊരു പിടിയുമില്ല . 


കാഞ്ചുർമാർഗ് എന്ന സ്ഥലത്ത് വലത്തേക്ക് റോഡിന്റെ പണി നടക്കുന്നത് കണ്ട് നമ്മൾ ഇടത്തേക്ക് തിരിഞ്ഞ് വീണ്ടും മുന്നിലേക്ക് പോയി . അധിക നേരം വേണ്ടി വന്നില്ല നേരെ പോയി ഒരു ട്രാഫിക് ബ്ലോക്കിൽ പെടാൻ . മൊത്തം അഞ്ചു വരിയുള്ള റോഡ് എല്ലാവരും  കൂടി പത്ത് വരി ആക്കി മാറ്റിയിട്ടുണ്ട്. തലങ്ങും വിലങ്ങും ഒക്കെ കാറുകളും ബസുകളും ട്രക്കുകളും എല്ലാം കൂടി ഹോൺ അടിയും ബഹളവും തന്നെ. വണ്ടി ആ തിരക്കിലൂടെ നിരങ്ങി നിരങ്ങി വളരെ പതിയെ പോയിക്കൊണ്ടിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ അര മണിക്കൂർ കൊണ്ട് കഞ്ചുർമാർഗിൽ നിന്ന് ദാദർ എത്താം. അന്ന് ഞങൾ അത്രയും ദൂരം കടക്കാൻ ഏകദേശം ഒന്നര രണ്ട് മണിക്കൂർ എടുത്തു. സംഗതി പന്തിയല്ല എന്ന് തോന്നി എന്റെ കെട്ടിയോൻ ഡ്രൈവറോട്

 " ലിസ്റ്റിലെ ആദ്യത്തെ സ്ഥലത്തേക്ക് ഇനി എത്ര ദൂരമുണ്ട്" "എന്ന് ചോദിച്ചു. ഡ്രൈവർ കൂളായി സാധാരണ ഇവിടെ നിന്ന് അര മണിക്കൂർ ഉണ്ട്  എന്നും പറഞ്ഞു കുത്തി ഒലിക്കുന്ന മഴ വെള്ളം നോക്കി ഇരിപ്പായി.സാധാരണ ദിവസത്തെ അര  മണിക്കൂർ എന്ന് പറഞാൽ അന്നത്തെ ബ്ലോക്കിൽ മൂന്ന് മണിക്കൂറെങ്കിലും ആവും എന്നർത്ഥം . ആദ്യത്തെ സ്ഥലം മാത്രം കാണാം എന്ന് വിചാരിച്ചാൽ പോലും അവിടെ എത്തിയിട്ട് വേണം തിരിച്ചു താനെ യിലേക്ക് യാത്ര തുടങ്ങാൻ. ഇൗ കണക്കിന്  ആണെങ്കിൽ അടുത്ത ദിവസം അമ്മയുടെ ട്രെയിനിന്റെ സമയത്ത് പോലും വീടെത്തില്ല. 


ദാദർ എത്തിയതും വണ്ടി ഒതുക്കാൻ പറഞ്ഞു.അപ്പോഴേക്കും മഴ നല്ല ശക്തിയായി പെയ്തു തുടങ്ങി. ഡ്രൈവർ വീണ്ടും വണ്ടി ഓടിച്ച് ഹീറോ ആകാൻ റെഡി ആയിരുന്നെങ്കിലും ഞങൾ വണ്ടി നിറുത്തി ഇടാൻ തീരുമാനിച്ചു. ഭക്ഷണം വീട്ടീന്ന് വന്നത് കൊണ്ട് പട്ടിണി ആയില്ല. ബുക്കിംഗ് 

ചെയ്ത എട്ടു മണിക്കൂറിൽ ഏകദേശം അഞ്ചാറു മണിക്കൂർ അപ്പോഴേക്കും കഴിഞ്ഞിരുന്നു . തിരിച്ചു വീടെത്താൻ വീണ്ടും ഒന്നര മണിക്കൂർ വേണം . പിന്നെ വേറെ മാർഗമൊന്നും ഇല്ലാതെ നമ്മൾ വണ്ടി തിരിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങളുടെ മുംബൈ വില്ലനായി അവതരിപ്പിച്ചത് വെടി യുണ്ടകളും ഗുണ്ടകളും ഒന്നുമല്ലായിരുന്നു_  മഴയും ട്രാഫിക് ബ്ലോക്കും ആയിരുന്നു. ഇന്നും ഇൗ രണ്ട് വില്ലന്മാരെ ആണ് ഏറ്റവും അധികം സൂക്ഷിക്കേണ്ടത് അവിടെ.


 ഇതിനിടെ ഡ്രൈവർ "ജൂൺ മേ കോൻ മുംബൈ ദർശൻ കർത്താ ഹെ ? " എന്നും കൂടി ആത്മഗതം നടത്തിയതോടെ ഞങൾ അതീവ  സന്തുഷ്ടരായി. 


സ്റ്റാടിയുടറി വാണിങ്: നിങ്ങള് ഇത്രയും ബുദ്ധി ഇല്ലാത്തവരായി പോയല്ലോ ? ജൂണിൽ ആരെങ്കിലും മുംബൈ ദർശന് പോകുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു.


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ

Thursday, October 15, 2020

ജനിതക കത്രിക


 


ജനിതക കത്രിക 

രസതന്ത്രത്തിലെ ഈ വർഷത്തെ നൊബേൽ പുരസ്കാരം ഫ്രാൻസിൽ നിന്ന് ഉള്ള  ഇമ്മാനുവൽ ഷാപെന്റിയർ , അമേരിക്കൻ ആയ ജെന്നിഫർ ഡോഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർക്ക് ആണ് ലഭിച്ചത് . മനുഷ്യ രാശിയുടെ  തല വര തന്നെ മാറ്റി മറിക്കും എന്ന് വിശ്വസിക്കപ്പെടുന്ന  ജീനോം എഡിറ്റിങ്ങിലെ, ക്രിസ്പർ കാസ് 9 സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് ഇവരുടെ സംഭാവന.

ജനിതക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കണ്ടു പിടിത്തമായ ഇൗ മൂർച്ചയേറിയ ആയുധം - ജനിതക കത്രിക, ജീനുകൾ നവീകരിക്കാൻ വളരെ ലളിതമായ മാർഗം തെളിക്കുന്നത് വഴി നൂതന പ്രായോഗിക  ആരോഗ്യ മേഖലയിൽ  പാരമ്പര്യ രോഗങ്ങൾ തുടച്ചു നീക്കുക എന്ന ചിര കാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

ക്രിസ്പർ (CRISPR) എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ ദോഷകരമായ ജീനുകളെ അല്ലെങ്കിൽ ജനിതക ശ്രേണിയിലെ നിശ്ചിത ഭാഗങ്ങളെ ഭ്രൂണം ആയിരിക്കുന്ന സമയത്ത് തന്നെ കോശങ്ങളുടെ ജനിതകത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ  മാതാപിതാക്കളിലൂടെ  കുഞ്ഞുങ്ങളിൽ എത്തുന്ന പല പാരമ്പര്യ രോഗങ്ങൾക്കും തടയിടാൻ ആകുമെന്ന് ഉറപ്പാണ്.

"ഇതെന്റെ തലവര" യെന്നു പറഞ്ഞു നാം മനസ്സിൽ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാറുള്ളതാണ് നമ്മുടെ പൈതൃകം. എല്ലാ ജീവജാലങ്ങളുടെയും  വളർച്ചയും ഘടനയും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ജനിതക വിവരങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിക് അമ്ലമാണ് ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ്, അതായത് ഡിഎൻഎ.( ജനിതക ഘടന ).



പാരമ്പര്യ സ്വഭാവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് ജീവന്റെ ചുരുളുകൾ എന്നറിയപ്പെടുന്ന ഡി. എൻ. എ ജീനുകൾ മുഖേന ആണ്.

സ്വഭാവസവിശേഷതകൾ രൂപപ്പെടുത്തുന്നതും ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും എല്ലാം ഡി എൻ എയിൽ കൊരുത്തിരിക്കുന്ന ആയിരക്കണക്കിന് ജീനുകളുടെ പ്രവർത്തനമാണ്. ജീവന്റെ അടിസ്ഥാന കണികകൾ ആയ പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഎൻഎ.യിലെ ജീനുകളാണ്. ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.  മറിച്ച് ഡിഎൻഎ സ്വന്തം ഇഴകളിൽ നിന്ന് ആർഎൻഎ നിർമ്മിക്കുന്നു. ആർഎൻഎ റൈബോസോമുകളിലെത്തി അമിനോആസിഡുമായി കൂട്ടിച്ചേർത്ത് പ്രോട്ടീൻ നിർമ്മിക്കുന്നു. ഓരോ ജീനിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു വ്യക്തിയിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടാകും എന്ന തീരുമാനം എടുക്കുന്നത് ഇൗ തരത്തിൽ ഉള്ള പ്രവർത്തനം മൂലമാണ്.


ഡി.എൻ. എ ഘടനയിൽ മാറ്റങ്ങൾ വരുത്തി പരീക്ഷണങ്ങൾ തുടങ്ങിയത് 1970 കളിൽ ആണ്. ജീവികളിൽ ജനിതക മാറ്റം വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതകസാങ്കേതികവിദ്യ അഥവാ ജനിതക എൻജിനീയറിങ്ങ്. ഒരു സാങ്കേതിക വിദ്യയായി നാം അറിഞ്ഞു തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ ചെടികൾ ഗ്രാഫ്റ്റിങ് ചെയ്യുന്നതും മൃഗങ്ങളിൽ സങ്കര ഇന പ്രജനനം നടത്തുന്നതും ഒക്കെ ഇതിന്റെ പല വക ഭേദങ്ങൾ തന്നെ ആണെന്ന് പറയാം.

ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ് (1978-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ഈ മുന്നേറ്റത്തിന് ഇരുവരും പങ്കുവെച്ചു).

ഡി.എൻ. എ യിൽ അടങ്ങിയിരിക്കുന്ന ന്യുക്ലിക് ആസിഡുകളുടെ ക്രമം വിശദീകരിക്കുന്ന കോഡിന് സീക്വൻസിങ് എന്ന് പറയുന്നു. അടിസ്ഥാന ജീവശാസ്ത്ര ഗവേഷണത്തിന് ഡിഎൻ‌എ സീക്വൻസുകളെക്കുറിച്ചുള്ള അറിവ് ഒഴിച്ചുകൂടാനാവാത്തതാണ്. 

ജനിതക രോഗങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ  രോഗികളിൽ നിന്നുള്ള ജീനുകൾ (അല്ലെങ്കിൽ, സൈദ്ധാന്തികമായി, പൂർണ്ണ ജീനോമുകൾ) ക്രമീകരിക്കാം. കൂടാതെ, ഒരു നിർദ്ദിഷ്ട ബാക്ടീരിയയെ നിർണ്ണയിക്കുന്നതിനും കൂടുതൽ കൃത്യമായ ആൻറിബയോട്ടിക്കുകൾ ചികിത്സിക്കുന്നതിനും ഡിഎൻഎ സീക്വൻസിംഗ് ഉപയോഗപ്രദമാകും.

മനുഷ്യന്റെ സവിശേഷതകളും രോഗങ്ങളും വഹിക്കുന്ന  ജീനുകളുടെ ക്രമം കണ്ടെത്തിയതോടെ കൃത്യമായി ഒരു ഭാഗത്ത് മാറ്റങ്ങൾ വരുത്തുന്നത് എങ്ങനെ സാധിക്കും എന്നുള്ള പഠനങ്ങൾ ആരംഭിച്ചു. 


വൈറസുകളെ ചെറുക്കാൻ ബാക്ടീരിയകൾ അവലംബിക്കുന്ന ഒരു സൂത്രവിദ്യയാണ്  പുതിയ പഠനങ്ങൾക്ക്  അടിസ്ഥാനം. അതിക്രമിച്ച് കയറുന്ന വൈറസുകളുടെ ഡി.എൻ.എ.ഭാഗം കവർന്നെടുത്ത് 'കാസ്' (Cas) രാസാഗ്നിയുടെ സഹായത്തോടെ സ്വന്തം ഡി.എൻ.എ.യിൽ വെച്ചുപിടിപ്പിക്കുകയാണ് ബാക്ടീരിയ ചെയ്യുക. പിന്നീട് എപ്പോഴെങ്കിലും ഇതേ വൈറസുകൾ വീണ്ടും ആക്രമിച്ചാൽ നേരത്തെ സൂക്ഷിച്ച് വച്ചിരിക്കുന്ന ഭാഗം ഉപയോഗിച്ച് അവയെ നശിപ്പിക്കുവാൻ ഇൗ ബാക്ടീരിയ ക്ക് കഴിയും. ഇതേ മാർഗം അവലംബിച്ച് വികസിപ്പിച്ചെടുത്ത അതി നൂതന ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് CRISPR (Clustered regularly interspaced palindromic repeats) .

ജീവജാലങ്ങളുടെ ജീനോമുകളിൽ മാറ്റം വരുത്താൻ ഇൗ സാങ്കേതിക വിദ്യയിലൂടെ  സാധിക്കും. CRISPR - Cas9 ആൻറിവൈറൽ പ്രതിരോധ സംവിധാനത്തിന്റെ  ലളിതമായ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൗ പുതിയ സംവിധാനം .

സിന്തറ്റിക് ഗൈഡ് ആർ‌എൻ‌എ (ജി‌ആർ‌എൻ‌എ) ഉപയോഗിച്ച് സങ്കീർണ്ണമാക്കിയ കാസ് 9 ന്യൂക്ലിയസ് ഒരു സെല്ലിലേക്ക് എത്തിക്കുന്നതിലൂടെ, സെല്ലിന്റെ ജീനോം ആവശ്യമുള്ള സ്ഥലത്ത് മുറിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിഷയം .

CRISPR-Cas9 ബാക്ടീരിയയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ജീനോം എഡിറ്റിംഗ് സിസ്റ്റത്തിൽ നിന്ന് രൂപാന്തരപ്പെടുത്തി. ആക്രമണകാരികളായ വൈറസുകളിൽ നിന്ന് ബാക്ടീരിയകൾ ഡിഎൻ‌എയുടെ സ്‌നിപ്പെറ്റുകൾ പിടിച്ചെടുക്കുകയും CRISPR അറേകൾ(ശൃംഘലകൾ ) എന്നറിയപ്പെടുന്ന ഡി‌എൻ‌എ ഭാഗങ്ങൾ  സൃഷ്ടിക്കുകയും ചെയ്യുന്നു. CRISPR അറേകൾ‌ ആക്രമിച്ച വൈറസുകളുടെ അഥവാ സമാന അന്യ വസ്തുക്കളുടെ  ഘടന ഓർമിച്ചു സൂക്ഷിക്കുന്നു. വൈറസുകൾ‌ വീണ്ടും ആക്രമിക്കുകയാണെങ്കിൽ‌, വൈറസുകളുടെ ഡി‌എൻ‌എ ലക്ഷ്യമിടുന്നതിനായി ബാക്ടീരിയകൾ‌ CRISPR അറേകളിൽ‌ നിന്നും ആർ‌എൻ‌എ സെഗ്‌മെന്റുകൾ‌ ഉൽ‌പാദിപ്പിക്കുന്നു. ബാക്ടീരിയ പിന്നീട് കാസ് 9 അല്ലെങ്കിൽ സമാനമായ രാസാഗ്നി ഉപയോഗിച്ച് ഡിഎൻഎയെ വേർതിരിക്കുന്നു, ഇത് വൈറസിനെ പ്രവർത്തനരഹിതമാക്കുന്നു.

പേര് പോലെ തന്നെ ഇൗ സാങ്കേതിക വിദ്യ ശെരിക്കും ക്രിസ്പ്പി തന്നെയാണ്. കാസ്-9 എന്ന എൻസൈം  കൃത്യതയോടെ ഡി എൻ എ യെ വെട്ടി മുറിക്കാൻ ശേഷിയുള്ളതാണ്. കൃത്യമായ ആർ എൻ എ കൊടുത്താൽ നിശ്ചിതമായ ഭാഗത്ത് തന്നെ പോയി മാറ്റങ്ങൾ വരുത്താൻ ഇതിന് കഴിവുണ്ട്. നാം നിർദേശിക്കുന്ന അതേ ഭാഗം മാത്രം മുറിച്ചു മാറ്റാൻ അതിനു കഴിവുണ്ട്. 

അത് കൊണ്ട് തന്നെ ഒരു കത്രിക യുടെ ജോലി അത് നന്നായി നിർവഹിക്കും.

ഇമ്മാനുവൽ ചാർപന്റിയറും ജെന്നിഫർ എ. ഡൗനയും നടത്തിയ 

നിരവധി വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതിയ ഒരു ജീൻ എഡിറ്റിംഗ് ഉപകരണം അവതരിപ്പിച്ചു _ "CRISPR / Cas9 ജനിതക കത്രിക.". ഇവ ഉപയോഗിച്ച്, ഗവേഷകർക്ക് മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ഡിഎൻ‌എ വളരെ ഉയർന്ന കൃത്യതയോടെ  മാറ്റാൻ കഴിയും. 


ഈ സാങ്കേതികവിദ്യ ലൈഫ് സയൻസിൽ  വിപ്ലവകരമായ സ്വാധീനം ചെലുത്തി, പുതിയ ക്യാൻസർ ചികിത്സകളിലേക്ക് സംഭാവന നൽകുന്നു. 

കൂടാതെ പാരമ്പര്യ രോഗങ്ങൾ, ജനിതക തകരാറുകൾ ഇവയൊക്കെ ഭേദമാക്കാൻ ഉള്ള ഒരു വലിയ സാദ്ധ്യത കൂടി നമ്മുടെ മുന്നിലേക്ക് തുറന്ന് തരികയാണ് ഇൗ ശാസ്ത്രജ്ഞർ.

കൃസ്പ്പർ സംവിധാനം  പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടർ പോലെ കൃത്യമായ എഡിറ്റിംഗ് നിർവഹിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. അവയുടെ കൃത്യതയും സൂക്ഷ്മതയും നമ്മുക്ക് സംശയ ലേശ മന്യെ അംഗീകരിക്കാം എങ്കിലും ഇതിന്റെ അപാര സാധ്യതകൾ കാരണം ദുരുപയോഗം ചെയ്യപ്പെടാൻ ഉള്ള സാധ്യതയും തള്ളി കളയാൻ പറ്റില്ല.

തന്റെ കുട്ടിക്ക് നീല നിറത്തിലെ  കണ്ണുകൾ കിട്ടാനും കൂടുതൽ ഉയരം കൂട്ടാനും ഒക്കെ ഉപയോഗിക്കുന്ന രീതിയിലേക്ക് ഇൗ സംവിധാനം മാറാൻ പാടില്ല എന്ന് നൊബേൽ  ജേതാവ് ഡൗന തന്നെ ഓർമിപ്പിക്കുന്നു.


പ്രശസ്ത സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ഐസക് അസിമോവ് വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. "ജനിതക എഞ്ചിനീയറിംഗിന്റെ മുന്നേറ്റം നമ്മുടെ സ്വന്തം പരിണാമ പുരോഗതി രൂപകൽപ്പന ചെയ്യാൻ തുടങ്ങും". 

ഇൗ ഓർമയോട് കൂടി വർദ്ധിച്ച ഉത്തരവാദിത്വത്തോടെ ശാസ്ത്ര ലോകം ഇൗ പുതിയ മേഖലയിൽ മുന്നോട്ട്  കുതിക്കും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.












ഐലൻഡ് എക്സ്പ്രസ്- ക്ലോസ് അപ്പിൽ


 ഐലൻഡ്  എക്സ്പ്രസ്- ക്ലോസ് അപ്പിൽ 


കുഞ്ഞു നാള് മുതലേ സാരി ഉടുക്കാൻ വലിയ ഇഷ്ടമുള്ള ആളായിരുന്നു ഞാൻ. ബിഎഡ് ന് ചേർന്നപ്പോൾ സാരി ആണ് യൂണിഫോം എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. യൂണിഫോം സാരി കയ്യിൽ കിട്ടിയതോടെ എല്ലാ സന്തോഷവും തീർന്നു കിട്ടി. ഒരു മാതിരി പ്ലാസ്റ്റിക് പോലെ ഉള്ള തുണി കൊണ്ടുള്ള  നരച്ച പിങ്ക് നിറമുള്ള  സാരി . ഞാൻ എങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്തു ഉടുത്ത് വന്നാലും കഥകളിക്ക് വേഷം കെട്ടിയ പോലെ ഇരിക്കും . അതും ഒക്കെ ചുറ്റി പിടിച്ചു കുറച്ച് നേരം നിൽക്കുക തന്നെ പാടാണ്.അങ്ങനെ ഉള്ള ഞാനാണ് കോളജിൽ നിന്ന് ട്രെയിനിൽ കയറി പഠിക്കാൻ പോകുന്നത് .. ഇതൊക്കെ കൊണ്ട് തന്നെ  ജീവിതത്തിൽ സാഹസികത നിറഞ്ഞു നിന്ന ഒരു വർഷമായിരുന്നു അത് . 

നഗരത്തിന്റെ നടുക്ക് ജനിച്ചു വളർന്നത് കൊണ്ട് യാത്രാ ബുദ്ധിമുട്ടുകൾ ഒന്നും ഞാൻ ഒരിക്കലും അറിഞ്ഞിട്ടെ ഇല്ല എന്ന് പറയാം . സ്കൂളുകളും കോളജുകളും ആയി കുറെ കൊല്ലം തിരുവനന്തപുരത്ത് പഠിച്ചെങ്കിലും ഒന്നും   വീട്ടിൽ നിന്ന്  അത്ര ദൂരത്ത് ആയിരുന്നില്ല . അവിടേക്ക് പോകാനും വരാനും ഒക്കെ ആളൊഴിഞ്ഞ ബസ്സ് വരുന്ന വരെ കാത്തു നിൽക്കും .  ഇല്ലെങ്കിൽ അച്ഛനോ അമ്മയോ കൊണ്ട് ചെന്നാക്കും.  അല്ലെങ്കിൽ ഒരു ഓട്ടോ ക്ക് കൈ കാണിക്കും അത്രെ ഉള്ളൂ നമ്മുടെ യാത്രാ വൈഭവം ....മൊത്തത്തിൽ ഒരു റിച്ച് ഫീൽ ! 

ബി എഡ് ആയപ്പോൾ മാർക്ക് അത്ര  "റിച്ച്"  അല്ലാത്തതിനാൽ അഡ്മിഷൻ കിട്ടിയത് സിറ്റിയിൽ നിന്ന് കുറച്ച് ദൂരെ ഉള്ള കോളജിൽ ആണ് . കൂടെ പഠിക്കുന്ന എല്ലാ കുട്ടികളും ആ പരിസരത്ത് ഒക്കെ തന്നെയാണ് താമസം . എന്റെ സ്ഥലത്ത് നിന്ന് വേറെ ആരും തന്നെയില്ല . ബസ്സിൽ പോകാം എന്ന് വച്ചാൽ ഫാസ്റ്റ് ഉം സൂപ്പർ ഫാസ്റ്റ് ഉം ഒന്നും അവിടെ നിർത്തില്ല അത് കൊണ്ട് സാദാ ലോക്കല് ബസ് മാത്രമേ വഴി ഉള്ളൂ.ഏകദേശം ഒന്നര മണിക്കൂർ വേണം സിറ്റിയിൽ എത്താൻ . ഏറ്റവും വിഷമം ഇതൊന്നും അല്ല .. ഇൗ പറയുന്ന ബസ് സ്റ്റാൻഡിൽ എത്താൻ കുറെ ദൂരം നടക്കണം . കോളജിൽ നിന്ന് ഒരു പത്ത് മിനിട്ടിന്റെ നടപ്പ് കഴിയുമ്പോൾ ആദ്യം ഒരു ചെറിയ  റെയ്ൽവേ ഗേറ്റ് വരും . അതും കടന്നു വീണ്ടും ഒരു പത്ത് പതിനഞ്ച് മിനുട്ട് നടന്നാലേ ബസ്സിന്റെ പൊടി പോലും കാണാനാവൂ. നമുക്ക് പണ്ടെ ഇൗ വിയർപ്പിന്റെ അസുഖം  ഉള്ളത് കൊണ്ടാവും ഇൗ സെറ്റ് അപ്പ്  മൊത്തത്തിൽ ഒട്ടും പിടിച്ചില്ല. ബുദ്ധിമുട്ട് ഒക്കെ പറഞാൽ അടുത്ത വർഷം അഡ്മിഷൻ നോക്കാം എന്നാവും വീട്ടുകാർ . അതിന് എനിക്ക് ഒട്ടും താൽപര്യവും ഇല്ല .

അപ്പോ പിന്നെ വേറെ എന്ത് വഴി എന്ന് ആലോചിച്ചപ്പോൾ ആണ് ഇന്ത്യൻ റെയിൽവേ നീണ്ട ചൂള മടിച്ച്   കൊണ്ട്  

ഓടി വന്നത്. കോളേജ് വിടുന്ന നേരത്ത് ഒരു ഷട്ടിൽ ട്രെയിൻ ഉണ്ടെന്ന് ആരോ പറഞ്ഞു തന്നു. അര മണിക്കൂറോ മറ്റോ കാത്തിരിക്കണം .. പിന്നെ നമ്മുടെ സ്വന്തം റെയ്ൽവേ ആയ കാരണം ചിലപ്പോ അത് രണ്ടര മണിക്കൂർ ഒക്കെ അങ്ങ് താമസിക്കും .. അതൊന്നും നമുക്ക് പ്രശ്നം അല്ലായിരുന്നു.. പകുതി ദൂരം നടന്നാൽ മതിയല്ലോ .പോരെങ്കിൽ ബസിന്റെ പോലെ ഇടിയും തള്ളും ഇല്ല ..ലേഡീസ് കോച്ചിൽ സൈഡ് സീറ്റിൽ ഇരുന്നു " പിന്നേയും പിന്നേയും "എന്ന  പാട്ടൊക്കെ പാടി, കാഴ്ചകളും കണ്ട് പോകാം . 

ദിവസം രണ്ടോ മൂന്നോ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന ഒരു ആളൊഴിഞ്ഞ ഭംഗിയുള്ള ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അത്. രണ്ട് വശത്തും വലിയ മരങ്ങൾ വളർന്നു പടർന്നു കിടന്നിരുന്നു. ഒരു ചെറിയ കെട്ടിടത്തിൽ ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ ആകെ മൊത്തം വല്ലാത്ത ഒരു ശാന്തത ആയിരുന്നു. റെയിൽവേ ഗേറ്റ് കടന്നു കുറച്ച് മുന്നോട്ട് നടന്നിട്ട് വലത്തേക്ക് തിരിഞ്ഞ് വേണം ആ കെട്ടിടം വഴി പ്ലാറ്റ്ഫോമിൽ എത്താൻ . സ്വതവേ വളഞ്ഞ വഴി ഇഷ്ടമില്ലാത്ത ഞാൻ അങ്ങനെ കറങ്ങി പോകാൻ ഒന്നും മെനക്കെടാറില്ല.  റെയിൽ പാളത്തിന്റെ സൈഡിൽ കൂടി നേരെ അങ്ങു നടക്കും . പ്ലാറ്റ്ഫോം എത്തുമ്പോൾ അതിന്റെ വശത്ത് ചവിട്ടി അങ്ങു മേളിൽ കയറും . ഇത്ര എളുപ്പമുള്ള വഴിയുള്ളപ്പോൾ എന്തിനാ  ചുറ്റി വളച്ച് വഴി ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന ഭാവത്തിൽ . ഇതിന് ഒരേ  ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിൽ ഒരു കാവൽക്കാരൻ ഉണ്ട്. ഒരു നാൽപ്പത് നാൽപ്പത്തി അഞ്ച് വയസുള്ള അന്നത്തെ കണക്കിലെ ഒരു  മധ്യ വയസ്ക്കൻ. ഞാൻ നടപ്പ് തുടങ്ങുമ്പോൾ തന്നെ  അയാള് ബഹളം തുടങ്ങും . "ഇത് നടക്കാനുള്ള വഴി അല്ല" എന്നും പറഞ്ഞാണ് തുടക്കം .ബാക്കി ഒന്നും ഞാൻ കേൾക്കാറില്ല . പയ്യെ  പയ്യെ  പാളത്തിലെ കല്ലുകളിൽ ചവിട്ടി ചവിട്ടി അന്ന നട നടന്നു പ്ലാറ്റ്ഫോമിൽ കയറി അങ്ങു പോകും . 

ഇങ്ങനെ ഒരു സാദാ ദിവസം ആയിരുന്നു അന്നും. കോളേജ് എന്തോ കാരണം കൊണ്ട് കുറച്ച് നേരത്തെ വിട്ടു. കൂട്ടുകാരിയുംഞാനും കാര്യങ്ങൾ ഒക്കെ പറഞ്ഞു നടന്നു റെയ്ൽവേ ഗേറ്റിനു അടുത്തെത്തി. ഞങൾ കടന്നു പോയ ഉടനെ പിന്നിൽ ഗേറ്റ് അടഞ്ഞു. അൽപ നേരം കൂടി വാചകം അടിച്ച ശേഷം ഞാൻ അന്നത്തെ "റോക്ക്" സ്റ്റാർ നടത്തം  ആരംഭിച്ചു. എന്നും ഉള്ളത് പോലെ നമ്മുടെ ഗേറ്റ് മാമൻ പശ്ചാത്തല സംഗീതം ഓൺ ആക്കി . അതൊരു സ്ഥിരം പരിപാടി ആണല്ലോ എന്ന മട്ടിൽ ഞാൻ മുന്നോട്ട് തന്നെ . ഒന്ന് രണ്ടടി പോയപ്പോൾ തന്നെ  കല്ലുകൾ അന്ന്കുറച്ച് കൂടുതൽ അനങ്ങുന്നത് പോലെ എനിക്ക് തോന്നി . കൂടാതെ പാളത്തിനും ചെറിയ കുലുക്കം ഉള്ളത് പോലെ . പുറകിലെ ഗേറ്റ് കാരന്റെ ശബ്ദം ഉറക്കെ കേട്ടു 

 " ഐലൻഡ് , ഐലൻഡ് ". ശാസ്ത്രം പഠിച്ച ഞാൻ മനസ്സിൽ  പുച്ഛിച്ചു " ഐലൻഡ് എന്ന് വച്ചാൽ ചുറ്റും വെള്ളമാണ് മാമാ.. ഇവിടം ഐലൻഡ് ഒന്നുമല്ല ." അയാള് വിടുന്ന ലക്ഷണമില്ല. ഇപ്പൊൾ ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് . പെട്ടന്ന് പിന്നിൽ നിന്ന് ഒരു ഇരമ്പം പോലെ കേട്ട പോലെ. അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയ ഞാൻ കണ്ട കാഴ്ച ഇന്നും മറന്നിട്ടില്ല  .... വളഞ്ഞു പുളഞ്ഞു പോകുന്ന പാളത്തിലൂടെ അതാ  തിരിഞ്ഞു എന്റെ നേർക്ക് തന്നെ  പാഞ്ഞു വരുന്നു ഒരു  ഘടാ ഘടിയൻ ട്രെയിൻ !!! അത്രയും ക്ലോസ് അപ്പിൽ അതിനു മുൻപും പിൻപും ഞാൻ ട്രെയിൻ കണ്ടിട്ടില്ല.  ഐലൻഡ് എന്ന് വെച്ചാൽ ഐലൻഡ് എക്സ്പ്രസ് ആണെന്ന്  എന്റെ ബ്രെയിൻ ഒറ്റ സെക്കൻഡ് കൊണ്ട്  സേർച്ച് ചെയ്തു പറഞ്ഞു തന്നു.

നടത്തത്തിന്റെ ഇടയിൽ തിരഞ്ഞു നോക്കിയ കൊണ്ടാണോ അതോ ആ ട്രെയിനിന്റെ ഗാംഭീര്യം കണ്ട് ഉണ്ടായ ബഹുമാനം കൊണ്ടാണോ  എന്തോ എന്നറിയില്ല ഞാൻ അവിടെ അപ്പോ തന്നെ അവിടെ നമസ്കരിച്ചു വീണു . വീണു എന്ന് പറഞ്ഞാല് മുട്ടും കുത്തി വീണു എന്ന് പറയുന്നതാണ് ശെരി . ആ നിൽപ്പിൽ ഞാൻ ട്രെയിനിന്റെ സൗന്ദര്യം ഒന്ന് കൂടി കണ്ടാസ്വദിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചാൽ പോലും ആ സാരി കാരണം വീണ്ടും വീഴാനെ സാധ്യതയുള്ളൂ . ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ട് .. " എഴുന്നേറ്റ് മാറു " എന്ന്.. എന്ന് വച്ചാൽ ഇതൊക്കെ പറഞാൽ കയ്യും കാലും കേൾക്കണ്ടേ ? 

 ആകെ മരവിച്ച നില .

ഞാൻ ട്രാക്കിലേക്ക് വീഴുന്നത് കണ്ടപ്പോഴേ ഗേറ്റ് വാച്ച്മാൻ അയാളുടെ ക്യാബിനിൽ നിന്ന് ചാടി ഇറങ്ങി എന്റെ അടുത്തേക്ക്  ഓടി കാണും .  അയാള് അടുത്തെത്തിയപ്പോൾ ഞാൻ ഇവിടെ മുട്ടും കുത്തി പ്രാർത്ഥന .എങ്ങനെയൊക്കെയോ ആ പാവം  എന്നെ അവിടെ നിന്ന് പിടിച്ചു വലിച്ചു പുറത്തേക്കിട്ടു . മിനുറ്റുകൾക്കകം ഭീമാകാരനായ രാക്ഷസനെ പോലെ ഐലൻഡ് എക്സ്പ്രസ് എന്റെ മുന്നിലൂടെ പാഞ്ഞു പോയി. സത്യത്തിൽ അപ്പോഴാണ് എനിക്ക് ബോധം വന്നത് എന്ന് വേണേൽ പറയാം . 

അപ്പോഴേക്കും നടന്നു പോയ കൂട്ടുകാരിൽ ചിലർ എന്റെ അടുത്തേക്ക് ഓടി എത്തി. ഞാൻ ആണെങ്കിൽ മുട്ടിന്റെ ഭാഗത്ത്  സാരി ഒക്കെ കീറി  കയ്യും കാലും ഒക്കെ മുറിഞ്ഞു ആകെ കോലം കെട്ട് നിൽപ്പാണ്. സാരി മുട്ടു മുതൽ കീറി തൂങ്ങി ചാക്ക് പോലെ ആയിട്ടുണ്ട്.ഇപ്പൊ ആ സ്റ്റേഷനിലേക്ക് കയറി ഒന്ന്കൈ നീട്ടിയാൽ എന്തായാലും കുറച്ച് ചില്ലറ കിട്ടും.. അതാണ് അവസ്ഥ .

കൂട്ടുകാരെ കണ്ടതോടെ ഗേറ്റ് മാമൻ സ്വന്തം കാര്യം നോക്കി തിരിഞ്ഞു നടപ്പായി . പോകുന്ന പോക്കിൽ പുള്ളി പറഞ്ഞ കാര്യം ഇത്തവണ ഞാൻ നല്ല വ്യക്തമായി കേട്ടു "ഓരോന്ന് ഇറങ്ങി വരും കെട്ടും പൊട്ടിച്ചു കൊണ്ട് . പറഞ്ഞാലും കേക്കൂല്ല.. എന്നിട്ട് പാളത്തിൽ നിന്ന്  പ്രാർത്ഥന .. ഇപ്പൊ എല്ലാം കൂടെ വടിച്ചു എടുക്കാമായിരുന്നു ...ഹും " . എന്നിട്ട് തിരിച്ചു പോയി സ്വന്തം സ്ഥലത്ത് പോയി വീണ്ടും  നിർവികാരതയോടെ ഇരിപ്പായി . ഞാൻ തലയും താഴ്ത്തി നടന്നു.

ഇൗ സംഭവത്തിന് ശേഷം ഞാൻ വെറും കട്ട "ലോക്കല് " ആയി ബസ് സ്റ്റാൻഡിലേക്ക് നല്ല നടപ്പ് തുടങ്ങി . റെയിൽ ക്രോസ്സിന് അടുത്തെത്തുമ്പോൾ അറിയാതെ എന്റെ നടപ്പിന്റെ  വേഗത കൂടും . 

പൊതു ജന ശ്രദ്ധക്ക് - ദയവായി ഇൗ കഥയിൽ പറഞ്ഞിരിക്കുന്ന സ്റ്റണ്ട് നിങ്ങളിൽ ആരും അനുകരിക്കാൻ ശ്രമിക്കരുത് എന്ന് അപേക്ഷ . എന്തെന്നാൽ  നിങ്ങളൊക്കെ എന്നെ പോലെ എക്സ്പ്പർടുകൾ അല്ലല്ലോ !!!!

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

Wednesday, October 7, 2020

"നെറ്റ് " വർക്കിന്റെ ഗുണം


"നെറ്റ് " വർക്കിന്റെ ഗുണം 

പണ്ട് നമ്മുടെ യൗവ്വന കാലത്ത് ഇന്ത്യയിൽ ഗ്ലാമർ ഉള്ള ഫുട്ബോൾ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണോ അതോ സ്കൂളിൽ പഠിക്കുമ്പോ എന്നെ  കൂട്ടുകാർ ഫുട്ബോൾ  എന്ന ഓമന പേരിൽ വിളിച്ചിരുന്നത് കൊണ്ടാണോ എന്തോ എനിക്ക് പൊതുവേ ഫുട്ബോൾ കളിയോട് വലിയ താൽപര്യം ഒന്നും ഇല്ലായിരുന്നു . എന്ന് മാത്രമല്ല, ഫുട്ബോൾ കളി നടക്കുന്നത് കണ്ടാലും അത് പൂർണമായി അവഗണിക്കുക ആയിരുന്നു പതിവ് . ഇൗ പതിവ് തിരുത്തി എഴുതിയത് മുംബൈ നഗരത്തിലെ ഒരു പറ്റം കുട്ടികൾ ആണ് .

മുംബൈ നഗരത്തിൽ ഞങ്ങളുടെ ജീവിതം സ്വസ്ഥമായി ഒഴുകി കൊണ്ടിരുന്ന കാലം. അവിടെ മിക്ക ഹൗസിംഗ് കോംപ്ലക്സ് കളിലും  സാമാന്യം വലിയ ഒരു കളി സ്ഥലം ഒക്കെ കാണും . അവിടെ തന്നെ ചെറിയ കുട്ടികൾക്ക് കളിക്കാൻ പറ്റിയ ഊഞ്ഞാൽ, സ്ലൈഡ് ഒക്കെ ഉള്ള ചെറിയ പ്ലേ ഏരിയയും. ഒഴിവുള്ള സമയങ്ങളിൽ ഞങ്ങളും കുട്ടികളെയും കൊണ്ട് അവിടേക്ക് പോകും . അന്നും അങ്ങനെ പോയതാണ്. ഒരു വശത്ത് ഫുട്ബോൾ കളി തകർക്കുന്നു. ഞാൻ അങ്ങോട്ട് ഒന്നും നോക്കാതെ കുഞ്ഞി പിള്ളേരെ നോക്കി ഇരുന്നു. കുറെ കഴിഞ്ഞു നമ്മൾ എല്ലാവരും തിരിച്ചു പോകാനായി ഇറങ്ങി. മൂത്ത മകൾ ആദ്യം നടക്കുന്നു.ഇളയ മകളെയും എടുത്ത് ഭർത്താവ്. തൊട്ട് അടുത്ത് വലത് വശത്തായി ഞാനും. പെട്ടന്നാണ് അത് സംഭവിച്ചത്. എന്റെ വലത്തേ ചെവിയിൽ ആരോ കൈ വീശി അടിച്ച പോലെ ഒരു ഫീൽ. തല പെരുത്തു വന്നു. വലത്തേ കണ്ണിൽ കൂടി പൊന്നീച്ച പറന്നു . ഞാൻ നിന്നിടത്ത് തന്നെ ഉറച്ച് നിക്കുക ആണ്. ഭർത്താവ് കയ്യിൽ ഒരു ഫുട്ബോളും പിടിച്ച് അവിടെ കളിക്കുന്ന പയ്യൻ മാരോട് ദേഷ്യപ്പെടുന്നു. ഞാൻ അപ്പോഴും "ശിവനെ ഇത് ഏത് ജില്ല" എന്നും പറഞ്ഞു നിക്കുവാണ്. കുറച്ച് സമയം കഴിഞ്ഞാണ് എനിക്ക് സ്ഥല കാല ബോധം വന്നത് . ഇതിനിടയിൽ ഞാൻ സുരാജ് പറയും പോലെ "കുപ്പി തകരം പാട്ട" എന്നൊക്കെ പറഞ്ഞു അവിടെ ഒക്കെ നടന്നു എന്നൊക്കെ മൂത്ത മകൾ പറയുന്നത് ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല. എന്നാലും അന്ന് മുതൽ ചുറ്റും "നെറ്റ് വർക് "  ഇല്ലാത്ത സ്ഥലത്ത് ഫുട്ബാൾ കളി കണ്ടാൽ എനിക്ക് ഇപ്പോഴും വലത്തേ ചെവി പുകയും ...

ഇൗ കഥ ഇപ്പൊൾ എഴുതാൻ കാരണം കഴിഞ്ഞ ദിവസം കണ്ട ഒരു കാഴ്ചയാണ്.

 മകളുടെ ക്രിക്കറ്റ് പ്രാക്ടീസ് നടക്കുന്ന ഗ്രൗണ്ടിൽ കാഴ്ച കാണാൻ പോയതായിരുന്നു ഞാൻ . വലിയ ഒരു ഗ്രൗണ്ടിന്റെ ചെറിയ ഒരു ഭാഗത്ത് മാത്രമേ ക്രിക്കറ്റ് നടക്കുന്നുള്ളൂ. ബാക്കി മുഴുവൻ ഫുട്ബാൾ കളി ആണ് . എന്റെ ശ്രദ്ധ പഴയ അനുഭവം കാരണം അങ്ങോട്ടേക്ക് ആണ് പോയത്. കുറെ ആൺകുട്ടികളും, ചെറുപ്പക്കാരും  പല പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തേരാ പാരാ ഓടുന്നു. ഒരു നിമിഷം ഇവരെ വല്ല പട്ടിയും  ഓടിക്കുന്നത് ആണോ എന്ന സംശയം തോന്നും. അത്രക്കും ആവേശകരമായ ഓട്ടം ആണ് എല്ലാവരും. 

പെട്ടെന്ന് സീൻ ഒന്ന് മാറി. അത് വരെ മാന്യമായി ഓടികൊണ്ടിരുന്ന കളിക്കാർ ഒക്കെ ഒരു വശത്തേക്ക് ഓടി മാറുന്നു.ഗോളിയും ബോളും ഉൾപ്പടെ . അപ്പോ അതാ വരുന്നു.. ദൂരെ നിന്നും നല്ല വേഗത്തിൽ ശരം വിട്ട പോലെ ഒരു ചേട്ടൻ. കണ്ടാൽ ഒരു ചെറിയ ആന ക്കുട്ടിയെ പോലെ  ഉണ്ട്. ഉരുണ്ട ദേഹത്ത് പാകമാകാത്ത യൂണിഫോം ഒക്കെ ഇട്ട് ആകെ വിയർത്തു കുളിച്ചു കിതച്ച് ആണ് ഓട്ടം. ഗ്രൗണ്ടിന്റെ ഒരു വശത്ത് നിന്ന് ബോളിനെ ഉന്നം വച്ച് തുടങ്ങിയ പാച്ചിൽ ആണ് . ഇടക്ക് വച്ച് പാവത്തിന്റെ ബ്രേക്ക് പോയി.ഇതിനിടയിൽ ബോൾ വേറെ ആള് തട്ടി മാറ്റി കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന് ആണേൽ നിർത്താനും വയ്യ . അതേ ദിശയിലേക്ക് ഓട്ടം തുടരുകയാണ്. ഓട്ടത്തിനിടെ പുള്ളിക്കാരൻ തന്നെ " ആ നിലവിളി ശബ്ദം ഇടോ " എന്ന രീതിയിൽ അറബിയിൽ ആണെന്ന് തോന്നുന്നു, എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടാണ് വരുന്നത്..അതാണ് എല്ലാവരും മാറിയത് . ആ മനുഷ്യൻ നേരെ ഓടി വന്നു നേരെ ഗ്രൗണ്ടിന് ചുറ്റും ഇട്ടിരിക്കുന്ന നെറ്റിൽ വന്നു ഒരൊറ്റ ഇടി. നെറ്റ് മൊത്തത്തിൽ നല്ല "കിൽ കില് " എന്ന ശബ്ദത്തിൽ ശക്തിയായി കുലുങ്ങി . ചേട്ടൻ പിന്നിലേക്ക് മറിഞ്ഞ് തല ഇടിച്ചു മലർന്ന് വീണു. ചുറ്റും പൊടി പടലം. പുള്ളി നിലത്ത് എത്തി എന്ന് കണ്ടപ്പോൾ തന്നെ മറ്റ് കളിക്കാരു കളി തുടർന്നു. 

അവിടെ ക്രിക്കറ്റ് കണ്ട് നിന്നിരുന്ന എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി. കാര്യം മനസ്സിലാവാതെ ചിലർ നെറ്റ് പൊളിഞ്ഞു വീണോ എന്നൊക്കെ നോക്കുന്ന കണ്ടു. വീഴ്ച കഴിഞ്ഞ്  ഓട്ട കാരൻ ചേട്ടൻ കുറച്ച് നേരം പോസ്റ്റിൽ ഒക്കെ പിടിച്ചു നിന്ന ശേഷം വീണ്ടും കളിക്കാൻ കൂടി.പക്ഷേ പിന്നീട് അദ്ദേഹം ഗോളി ആയാണ് കളിച്ചത്. മറ്റുള്ളവരുടെ അപേക്ഷ മാനിച്ച് ആവണം . 

ശക്തമായ നെറ്റ് വർക്കിന്റെ പ്രാധാന്യം ഇപ്പൊ നിങ്ങൾക്കും മനസിലായി കാണും എന്ന് വിശ്വസിക്കുന്നു .

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

















Monday, October 5, 2020

ലങ്കയിലെ ഭാർഗവി നിലയം



ലങ്കയിലെ ഭാർഗവി നിലയം 

ഇത്തവണ ഒരു പേടിപ്പിക്കുന്ന കഥയുമായി ആണ് വന്നിരിക്കുന്നത്.. ജസ്റ്റ് ഫോർ ഹൊറർ !

പൊതുവേ ഏതൊരു ശരാശരി മലയാളി കുടുംബത്തിന്റെയും ഒരു സ്വകാര്യ സ്വപ്നം ആണല്ലോ ഇന്റർനാഷണൽ ടൂർ എന്നത്. ഞങ്ങളും ആരും അറിയാതെ അങ്ങനെ ഒരു മോഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയിരുന്നു.കല്യാണം കഴിഞ്ഞ കാലത്ത് ഉള്ള സ്വപ്നങ്ങളിൽ പിങ്ക്‌ സാരി ഉടുത്ത് മഞ്ഞിൽ ഡാൻസ് കളിക്കുന്ന ഭാര്യയും ഫുൾ കോട്ട് സൂട്ട് ഒക്കെ ഇട്ട് ഷാരുഖ് ഖാനെ പോലെ കൈ വിരിച്ചു നിൽക്കുന്ന ഭർത്താവും ഒക്കെ ആയിരുന്നു . അത് നടക്കാതെ ആയപ്പോൾ നമ്മൾ സ്വപ്നം ഒന്ന് പരിഷ്കരിച്ചു.ഭാര്യ , ഭർത്താവ് ,  കുട്ടികൾ  എന്ന രീതിയിൽ അടിച്ചു പൊളിക്കുന്ന ജയറാം പാട്ടുകൾ ഒക്കെ സ്വപ്നത്തില് ഫിറ്റ് ചെയ്ത് കാത്തിരിപ്പ് ആയി.

പക്ഷേ എത്ര കണക്കുകൾ കൂട്ടിയിട്ടും യാത്ര യാഥാർഥ്യം ആയത് പതിനാലാം കല്യാണ വാർഷികത്തിന് അടുപ്പിച്ച്  ആണ് . അപ്പോഴേക്കും  രണ്ടിന് പകരം ടിക്കറ്റ് നാലെണ്ണം വേണം എന്ന സ്ഥിതി ആയി. സ്വാഭാവികം !!! 

എന്റെ പ്രിയനും "മെയ്ക് മൈ ട്രിപ്പ് " എന്ന ബുക്കിംഗ് സൈറ്റും തമ്മിൽ ഉള്ള ഗഹനമായ കണക്ക് കൂട്ടൽ കുറയ്ക്കൽ ഒക്കെ കഴിഞ്ഞ് വന്നപ്പോ ഞങ്ങളെ സ്വീകരിക്കാൻ ഉള്ള നറുക്ക് വീണത് ശ്രീലങ്ക എന്ന നമ്മുടെ അയൽവാസി ക്ക് ആണ്.ഞാനും മക്കളും യൂറോപ്പ് സ്വപ്നം തകർന്നതിൽ ഒന്ന് വിഷമിച്ചെങ്ങിലും മൊത്തം പരിപാടി തന്നെ "ഖുദാ ഗവ" ആവുന്നതിലും നല്ലത് ആണല്ലോ എന്ന് ഓർത്ത് കയ്യടിച്ച് പാസ്സാക്കി. അങ്ങനെ ഒടുവിൽ ഷാരുഖ് ഖാൻ തോറ്റു.എക്കണോമിക്സ് ജയിച്ചു.

2016 ജനുവരിയിൽ ആണ് രാവണന്റെ എയർപോർട്ടിൽ ചെന്ന്ഇറങ്ങിയത്.ഫ്ലൈറ്റിൽ നിന്ന് കണ്ട കാഴ്ചകൾ എല്ലാ വിഷമങ്ങളും മാറ്റി.. അതീവ സുന്ദരമായ കാഴ്ചകൾ ആണ് കാത്തിരിക്കുന്നത് .നേരത്തെ തന്നെ കൺട്രി ക്ലബ് പാക്കേജ് വഴി ഹോട്ടൽ ബുക്കിംഗ് ഒക്കെ റെഡി ആക്കി വച്ചിരുന്നു. കുട്ടിയും പെട്ടിയും ഒക്കെ ആയി പുറത്ത് എത്തിയപ്പോൾ ഒരു ലങ്കൻ സഹോദരൻ കാത്തു നിൽപ്പുണ്ട് . ആളിനെ  കണ്ടാൽ നമ്മുടെ തമിഴ് നടൻ വിജയകാന്തിനെ ഒക്കെ പോലെ ഉണ്ട്.പ്രായം അത്ര ഇല്ല കേട്ടോ. പക്ഷേ ലൂക്ക് അതാണ്.ഞങ്ങളെ കണ്ട ഉടനെ " വാങ്ക അണ്ണാ, അക്കാ " എന്നൊക്കെ പറഞ്ഞു ഉള്ളതിൽ ഒരു ചെറിയ പെട്ടിയും വാങ്ങി നടപ്പായി.ഒരു തമിഴ് മലയാളം ഭാഷ സഹായി കൂടെ എടുക്കാമായിരുന്നു എന്ന് മൂത്ത മകൾ എന്നോട്. " നീ പേടിക്കണ്ട , അച്ഛനും അമ്മക്കും തമിഴ് ഒക്കെ നന്നായി തെരിയും " എന്ന് ഞാൻ.അവള് എന്നെ നോക്കി അഭിമാനത്തോടെ പുഞ്ചിരിച്ചു. ഞാൻ " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ വണ്ടിയെ ലക്ഷ്യമാക്കി നടന്നു.

വണ്ടി കണ്ടപ്പോൾ തന്നെ ഞാനും എന്റെ പ്രിയനും ഒന്ന് പരസ്പരം നോക്കി.നമ്മുടെ പഴയ പടങ്ങളിലെ തട്ടി കൊണ്ട് പോകൽ സ്പെഷലിസ്റ്റ് ആയ മാരുതി ഓമ്നി.അതും  അവിടെ അവിടെ പെയ്ൻറ് ഒക്കെപോയ ഒരു പഴഞ്ചൻ വണ്ടി. വിജയകാന്ത് അണ്ണൻ അഭിമാനത്തോടെ ഡോർ ഒക്കെ തുറന്ന് പിടിച്ചിട്ടുണ്ട്. പുള്ളി ഓടിക്കുന്ന ഏറ്റവും ഹൈ ക്ലാസ്സ് വാഹനം ഇതായിരിക്കണം .ഭർത്താവ് " ഞങ്ങൾക്ക് പോകേണ്ട അഡ്രസ്സ് ഇതാണ് " എന്ന് ഒന്ന് കൂടി ഉറപ്പിച്ച ശേഷം ആണ് വണ്ടിയിൽ കയറിയത്.

യാത്ര തുടങ്ങി .നമ്മുടെ ഡ്രൈവർ പെട്ടന്ന് ഒഫീഷ്യൽ ടൂർ പ്രമോട്ടർ ആയി മാറി.. ആ നാട്, അവിടത്തെ കാഴ്ചകൾ, ആളുകളുടെ രീതികൾ ഒക്കെ കുറിച്ച് പുള്ളി ഒരു പ്രഭാഷണം നടത്തി. എല്ലാം കേട്ട് കഴിഞ്ഞപ്പോ ഇതൊക്കെ എങ്ങനെ കറങ്ങി തീർക്കും എന്നായി നമ്മുടെ ചിന്ത.ഓരോ ഇടത്തിനെക്കുറിച്ചും അത്ര നല്ല വിവരണം .കേരളത്തെ കുറിച്ചൊക്കെ ഭയങ്കര അഭിപ്രായം അയാൾക്ക്. ഇതൊക്കെ കേട്ട് കോരിത്തരിച്ച എന്റെ ഭർത്താവ് അയാളോട് " ഇന്ത്യയിലേക്ക് വന്നിട്ടുണ്ടോ? ഏത് എയർപോർട്ട് ആണ് ഇവിടെ നിന്ന് അടുത്ത്? "

ഉടനെ നമ്മുടെ വിജയകാന്ത് " എന്ന അണ്ണാ നീങ്ക ? അതോ അങ്ക പാരുംഗ..." എന്ന് പറഞ്ഞു കൈ ദൂരേക്ക് ചൂണ്ടി.. ഞങ്ങളൊക്കെ അവിടെ നിന്ന് ചാടി അങ്ങു നീന്തും . പന്ത്രണ്ട് കിലോമീറ്റർ അല്ലേ ഉള്ളൂ.എന്തിനാ എയർപോർട്ട് ??.. ഇവിടെ എത്താൻ വേണ്ടി ഫ്ലൈറ്റ് ഇന്റെ ടിക്കറ്റ് കാശും കളഞ്ഞു ഓൺ അറൈവൽ വീസായും ഒക്കെ എടുത്ത് എത്തിയ  ഞങ്ങളെ അയാള് ഒന്ന്  കളിയാക്കിയില്ലെ എന്നൊരു സംശയം .എന്തായാലും ഞങൾ പിന്നെ അയാളോട് കൂടുതൽ ക്വിസ് ഒന്നും നടത്തിയില്ല.വെറുതെ എന്തിനാ ഓരോ...

ഇതിനൊക്കെ ഇടയിൽ നമ്മുടെ കിഡ്നാപിങ് വാഹനം രാവണൻ, കുംഭകർണൻ , ശൂർപ്പണഖ തുടങ്ങിയവരുടെ ഒക്കെ വീടുകൾ കടന്നു ഓടി കൊണ്ടിരുന്നു.നഗര പരിധി ഒക്കെ അവസാനിച്ചു തുടങ്ങി. അശോക വനം എത്താറായി എന്നൊക്കെ എനിക്ക് തോന്നൽ . ഹസ്ബന്റ് പയ്യെ ചോദിച്ചു " ഇനിയും എത്ര ദൂരമുണ്ട്?" ഡ്രൈവർ " 5 നിമിഷം സാർ " സമാധാനം.ഇതിൽ ഇരുന്ന് ചാടി ചാടി വന്ന ക്ഷീണം ഒന്ന് തീർക്കണം.നന്നായി ഉറങ്ങണം.ഇന്ന് ഫുൾ റെസ്റ്റ് .. 

നഗര പരിധി ഒക്കെ വിട്ടു ഇപ്പൊ നമ്മൾ ഒരു ഒഴിഞ്ഞ സ്ഥലത്ത് കൂടി ആണ് പോകുന്നത്.ഒരു കുത്തനെ ഉള്ള കയറ്റം കയറി കൊണ്ടിരിക്കുന്നു. ആകെ പൊട്ടി പൊളിഞ്ഞ റോഡ്.ഇയ്യാൾ നമ്മളെ തന്നെ വിളിക്കാൻ വന്നത് ആണോ? വല്ല തീവ്രവാദി ബാച്ച് നും പകരം നമ്മൾ വന്നു കയറിയത് ആണോ? ഞാൻ തലയിൽ കെട്ടിയിരിക്കുന്ന ഹെയർ ബാൻഡ് കണ്ട് ഫൂലൻ ദേവി ആണെന്ന് വിജാരിച്ച് കാണുമോ? ഗൂഗിൾ മാപ് ഒന്നും അത്ര പ്രചാരത്തിൽ ഉള്ള കാലമല്ല.ഇപ്പൊൾ ആണേൽ നമുക്ക് അങ്ങനെ ഒക്കെ നോക്കാം.എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാൻ മനസ്സിൽ ഓർത്തു. 

കുറച്ച് മുന്നോട്ട് പോയപ്പോൾ ഹോട്ടലിന്റെ ബോർഡ് കണ്ട് തുടങ്ങി. കയറ്റം കയറി മുകളിൽ എത്തിയപ്പോ ഹോട്ടലും കാണാം. അതി വിശാലമായ ഒരു വലിയ മുറ്റം അതിന്റെ ഒത്ത നടുക്ക് ഒരു ഇളം പച്ച നിറമുള്ള പഴയ ഇരുനില കെട്ടിടം.പത്തിരുപത് മുറികൾ ഉണ്ടെന്ന് തോന്നും പുറത്ത് നിന്ന് നോക്കുമ്പോൾ. മേൽക്കൂരയും തൂണുകളും ഒക്കെ നല്ല ചിത്ര പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എല്ലാം മാറാല പിടിച്ചു കിടക്കുന്നത് കൊണ്ട് സൂക്ഷിച്ച് നോക്കണം . അവിടെ എത്തിയ ഉടനെ ബാഗും പെട്ടികളും എല്ലാം ഇറക്കി വച്ച് പൈസയും വാങ്ങി ഡ്രൈവർ സ്ഥലം വിട്ടു. ഒരു രാജകീയ റിസപ്ഷൻ പ്രതീക്ഷിച്ച് അകത്തേക്ക് കയറിയ ഞങ്ങളെ അവിടെ ഒരു വൃദ്ധൻ ആണ് സ്വീകരിച്ചത്. നരച്ച മുടിയും താടിയും ഉള്ള ഒരു ചെറിയ മനുഷ്യൻ. " വരൂ.. റൂം കാണിച്ചു തരാം.. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ സ്റ്റാഫ് ആയി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി " എന്നും പറഞ്ഞു ഒറ്റ നടത്തം. മൊത്തത്തിൽ ഒരു മയമല്ലാത്ത രീതി. അപ്പോഴേക്കും സമയം സന്ധ്യ ആയി കഴിഞ്ഞു . നേരം ഇരുട്ടി തുടങ്ങി.

മുറിയിൽ എത്തിയപ്പോ അതിന്റെ വലിപ്പം കണ്ട് ഞങൾ ഒന്ന് അന്തം വിട്ടു.കിടക്കാൻ വലിയ കിംഗ് സൈസിൽ കട്ടിൽ മാത്രമല്ല , ഡ്രസ്സിംഗ് റൂം, വലിയ ഒരു ബാൽക്കണി ഒക്കെ ഉള്ള ഒരു റോയൽ സ്യൂട്ട് തന്നെ ആയിരുന്നു അത്. മൊത്തത്തിൽ ഒരു പൊടി മണം ഉണ്ടെന്ന് മാത്രം .മുറിയുടെ രണ്ട് വശങ്ങളിലും ഫ്രഞ്ച് വിൻഡോകൾ ആണ്. അതിലൂടെനോക്കിയാൽ കാണുന്നത്  ഇൗ കെട്ടിടത്തിന്റെ ചുറ്റിലും വളർന്നു പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ മാത്രം.. ഒരു വീടോ കെട്ടിടമോ ഒന്നും കാഴ്ചയിൽ വന്നില്ല.. ഇത് ഒരു ലങ്കൻ ഭാർഗവി നിലയം ആണെന്ന് എനിക്ക് തോന്നി തുടങ്ങി.

വിജയ കാന്തിന്റെ ഓമ്നി  ഒരു ത്രെഡ് മില്ലിന്റെ ജോലി നന്നായി ചെയ്ത കാരണം നല്ല വിശപ്പ് എല്ലാവർക്കും. റെസ്റ്റോറന്റ് ഒന്നും ഉള്ള ലക്ഷണം ഇല്ല. എന്തായാലും അയാളോട് ചോദിക്കുക തന്നെ.ഭക്ഷണ കാര്യം പറഞ്ഞപ്പോ നമ്മുടെ ഓൾഡ് മാൻ പെട്ടന്ന് ആക്റ്റീവ് ആയി. "എന്താണ് വേണ്ടത് എന്ന് പറഞ്ഞാല് മതി സർ. ഇന്ന് ഇവിടെ നിങ്ങള് മാത്രമേ ഉള്ളൂ ഗസ്‌റ്റുകൾ .അത് കൊണ്ട് നിങൾ പറയുന്നത് ഇനി വേണം ഉണ്ടാക്കാൻ " അയാള് പിന്നേം എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു.. എന്റെ കാതിൽ ഒരു ഡയലോഗ് മാത്രം മുഴങ്ങി കേട്ടു " ഇന്ന് ഇവിടെ നിങൾ മാത്രം ആണ് ഗസ്റ്റുകൾ .."  അപ്പോ ഇൗ മൊത്തം ഭീകര ബംഗ്ലാവിൽ ഞാൻ മണിച്ചിത്രത്താഴിലെ ശോഭന ആണെന്നോ?? ഓകെ.. രണ്ട് പിള്ളേർ എക്സ്ട്രാ ഉണ്ട് ..അത് പിന്നെ എക്സ്ട്രാ ആർട്ടിസ്റ്റുകളു ആണല്ലോ .. 

ചിന്തയിൽ നിന്ന് ഉണർന്നപ്പോൾ ഭർത്താവ് " ഞാൻ അയാളോട് ഓരോ ഡബിൾ ഓംലെറ്റ് ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. ബ്രെഡും ഉണ്ടത്രെ . ഇവിടത്തെ ലോക്കൽ ഫുഡ് ഒന്നും എന്തായാലും ഇവിടെ നിന്ന് കഴിക്കണ്ട.ഇൗ രാത്രി ഇപ്പൊ എന്തായാലും ഒരുപാട് ഇരുട്ടി.നമുക്ക് അതിരാവിലെ വേറെ എങ്ങോട്ടെങ്കിലും മാറാം" എന്നിട്ട് പുള്ളി ലാപ്ടോപ് എടുത്ത് വേറെ സ്ഥലം അന്വേഷിച്ചു തുടങ്ങി .

ഞാൻ പോയി കട്ടിലിന്റെ അറ്റത്ത് പോയി ഇരുന്നു . പുറത്ത് നല്ല കുറ്റാ കൂരിരുട്ട്. ജനലിന്റെറെഅടുത്ത് പോയി നിൽക്കാൻ പോലും പേടി തോന്നുന്നു.. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാം പുറത്ത് നിന്ന് . ലങ്കയിലെ ചീവീടിന് പോലും ഒരു അസുര ഭാവം ആണോ? ഫുൾ റെസ്റ്റ് എടുക്കണം എന്നും പറഞ്ഞു വന്ന ഞാൻ ജനലിൽ കൂടി വരാൻ പോകുന്ന നാഗ വല്ലിയെയും വെയിറ്റ് ചെയ്ത് ഇരുന്നു നേരം വെളുപ്പിച്ചു എന്ന് പറഞ്ഞാല് എല്ലാം കഴിഞ്ഞു.

പറഞ്ഞ പോലെ പിറ്റേന്ന് അതിരാവിലെ ഞങൾ അവിടെ നിന്ന് മറ്റൊരു സുന്ദരമായ ഒരു ഹോട്ടലിലേക്ക് താമസം മാറ്റി. സത്യം പറഞ്ഞാല് രാവിലെ ആയപ്പോൾ ആണ് അവിടെ ഉള്ള ഓൾഡ് മാൻ ഒരു യഥാർത്ഥ മനുഷ്യൻ ആണെന്ന് ഞാൻ വിശ്വസിച്ചത്. 

ഗുണ പാഠം _ പിന്നീട് ഇത് വരെ ഹോട്ടലിന്റെ പടങ്ങൾ പല സൈറ്റുകളിലും തപ്പി ഉറപ്പിച്ച ശേഷം മാത്രമേ ഞങൾ ഹോട്ടൽ ബുക്കിംഗ് ചെയ്തിട്ടുള്ളൂ ... പറ്റിയാൽ പോയി നോക്കും .. അതല്ലേ നല്ലത്?

തുടക്കം ഹൊറർ സ്റ്റോറി ആയിരുന്നെങ്കിലും ഞങ്ങടെ ആദ്യത്തെ ഇന്റർനാഷണൽ ഫാമിലി ടൂർ പിന്നീട് പ്രിയ ദർശൻ സിനിമ പോലെ കളർ ഫുൾ ആയിരുന്നു കേട്ടോ...

ശുഭം ..

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ ..


 






സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...