Total Pageviews

Thursday, November 5, 2020

"ഹിലി ഷിലി ഹൊല"


 "ഹിലി ഷിലി ഹൊല"

പേരിടൽ രംഗത്ത് ഞാൻ തുടക്കം കുറിച്ചത് ഈ പേരുകളിലൂടെ ആണ്. മൂന്ന് നാല് വയസുള്ളപ്പോൾ എനിക്ക് ഒരേ തരത്തിലുള്ള മൂന്ന് പാവകൾ ഉണ്ടായിരുന്നു ,രണ്ട്  പെണ്ണും ഒരാണും.അവയ്ക്ക് ഞാൻ കണ്ടുപിടിച്ച പേരുകൾ ആണ് മുകളിൽ പറഞ്ഞത്. 

കുട്ടികൾക്ക് റൈമിങ് ആയ പേരുകൾ ഇടാൻ ഇന്ത്യക്കാർക്ക് ഉള്ളത്രയും കഴിവ് മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പ്രതേകിച്ചു മലയാളീസ് ആയ നമ്മക്ക്. ഒരു മൂന്ന് വയസുള്ള കുട്ടിക്ക് പോലും മക്കൾടെ പേരുകൾ ഈണത്തിൽ ഇടണം എന്ന് തോന്നുന്ന അത്രയും ആഴത്തിൽ വേരോടിയ കഴിവ്. 

എന്ത് കൊണ്ടോ ഇങ്ങനെ പേരുകളിൽ ഉള്ള കൗതുകം ഞാൻ വളരുന്നതിന് ഒപ്പം വളർന്നു. സ്കൂളിൽ എത്തിയപ്പോൾ മനസിലായി കൂട്ടുകാരിയുടെ പേര് സിന്ധു എന്നാണെങ്കിൽ പിന്നെ സന്ധ്യ എന്നൊരു സഹോദരി മസ്റ്റ് ആണ്. ദിവ്യ ഉണ്ടോ വീട്ടിൽ ദീപ ഉറപ്പായും കാണും . സുരേഷ്, രമേഷ്, ഹരീഷ് അങ്ങനെ വീട് നിറയെ   "ഇഷ്" "ഇഷ്" എന്ന ശബ്ദം കേൾക്കുന്ന രീതിയിൽ ഒരുപാട് കുട്ടികൾ ഒരേ വീട്ടിൽ വളർന്നു കൊണ്ടിരുന്നു. മിക്ക വീടുകളിലും ചെന്നാൽ , കുട്ടികൾ വരിയായി വന്നു നിന്നു സുമതി , സുഷമ, സുനന്ദ , സുമേഷ് എന്ന്  പ്രാസം ഒപ്പിച്ചു പേര് പറയുന്നത് നല്ല രസമാണ്.

പേരുകളുടെ റൈമിംഗ് ൻ്റെ സ്റ്റോക്ക് തീർന്നു വന്നപ്പോൾ നമ്മൾ പുതിയ ട്രെൻഡ് കണ്ടുപിടിച്ചു. അച്ഛൻ്റെയും അമ്മയുടെയും പേരിൻ്റെ ആദ്യാക്ഷരങ്ങൾ  തമ്മിൽ ക്രോസ്സ് ചെയ്തു  പേരുകൾ ഉണ്ടാക്കാൻ തുടങ്ങി. അതായത് , മോളിയും സൈമൺ ഉം തമ്മിൽ കല്യാണം കഴിക്കുമ്പോൾ ഓർക്കുക മക്കളുടെ പേര് ഒന്നുകിൽ  മോസി അല്ലെങ്കിൽ ഈശോ അയ്യോ സോറി സോളി  .. ഫിക്സ്, ഫിക്സ്.അങ്ങനെ പല പല  ലിബാഷ് മാരും ബിബീഷ് മാരും നമ്മുടെ സ്കൂൾ മുറ്റങ്ങളിൽ ഓടി കളിച്ചു കൊണ്ടിരുന്നു. 

ഇൻ്റർനാഷണൽ സ്കൂളിൽ ജോലി കിട്ടി പോയപ്പോഴാണ് നമ്മൾ ചുമ്മാ കൊണ്ട് നടക്കുന്ന പേരിൻ്റെ വാലിന് ഇത്രയും വിലയുണ്ട് എന്ന് എനിക്ക് പിടി കിട്ടിയത്. അവിടെ വിലാസിനി സുകുമാരൻ എന്ന പേരിലെ വിലാസിനി ക്ക് ഒരു വിലയുമില്ല.. മിസ്സ് സുകുമാരൻ എന്ന പേരിലാണ് പുള്ളിക്കാരി വിലസുന്നത് . സായിപ്പിന് ശെരിക്കും ജാതി സ്പിരിറ്റ് ഉണ്ട്  എന്ന് മനസ്സിലായ കാലം. പുരോഗമനവാദികളായി പേരിലെ വാലു മുറിച്ചു ഇനിഷ്യൽ മാത്രം കൊണ്ട് നടക്കുന്ന പല അധ്യാപകരോടും " യു ഡോണ്ട് ഹാവ് എ സർ നൈം" എന്ന് ചോദിച്ചു ചോദിച്ചു പലരും അച്ഛൻ, അമ്മ തുടങ്ങിയവരുടെ പേരുകളും കുടുംബ പേരുകളും ഇതൊന്നും പറ്റാതെ വന്നാൽ സ്ഥലപ്പേരു വരെ വാലാക്കി ഫിറ്റ് ചെയ്തു തുടങ്ങി. 

ഇങ്ങനെ ഉള്ള  പരിഷ്കാരിയാണ് എൻ്റെ കെട്ടിയോനും.സ്കൂളിലും കോളജിലും ഒക്കെ പേരിൻ്റെ കൂടെ അച്ഛൻ്റെ യും അമ്മയുടെയും പേരുകളുടെ ആദ്യാക്ഷരം കൂടെ കൊണ്ട് നടന്ന ഒരു സ്മാർട്ട് ബോയ് .. ഉയർന്ന് ഉയർന്ന് അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തിലേക്ക് ജോലി സംബന്ധമായി പോയ കാലത്താണ് പുള്ളിക്ക് ഒരു വാൽ (പേരിൽ) ഇല്ലാത്തത് കൊണ്ട് പുതിയ പേര് കിട്ടിയത്. ഒരു ദിവസം തൻ്റെ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരുന്ന നേരത്ത് അവിടേക്ക് ലാബിൻ്റെ ഹെഡ് കയറി വരുന്നു  വന്ന പാടെ പുള്ളി എല്ലാവരോടുമായി " ഐ വാണ്ട് ടു മീറ്റ്  സരോജം " എന്ന്. എല്ലാവരും തമ്മിൽ തമ്മിൽ ഒന്ന് നോക്കി. സ്വന്തം പണികൾ തുടർന്നു. ഇദേഹവും . വന്നയാൾ വിടുന്നില്ല" ഹി  ഹാസ് കം ഫ്രം മുംബൈ ബ്രാഞ്ച്" . ഇത്തവണ നമ്മുടെ ആൾ ഒന്ന് ഉണർന്നു.. ആഹാ.. നമ്മുടെ ബ്രാഞ്ചിൽ നിന്നുള്ള ആളിനെ ആണല്ലോ അന്വേഷിക്കുന്നത്.. പതിയെ നടന്നു അയാളുടെ അടുത്തേക്ക് നടന്നു ." മിസ്റ്റർ വെള്ള ക്കാരാ അവിടെ നിന്ന് വന്നേക്കുന്നത് ഞാനും വേറെ ഒരുത്തനും ആണ് ,പെണ്ണുങ്ങൾ ഒന്നും വന്നിട്ടില്ല " എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. ആള് അടുത്ത് എത്തിയതും ലാബ് ഹെഡ് ഹാപ്പിയായി. നേരെ വന്നു കൈ കൊടുത്തിട്ട് പറയുന്നു." വരണം വരണം മിസ്റ്റർ സരോജം.. ഞാൻ നിങ്ങളെ കാണാൻ ആണ് വന്നത്" എന്ന്. 

പാസ്പോർട്ടിലെ പേരു വിസ്തരിച്ച് എഴുതിയപ്പോൾ ആർ എസ് എന്ന ഇനിഷ്യൽ ആർ എന്നത് മിഡിൽ നൈമും എസ് എന്നത് ലാസ്റ്റ് നൈമും ആയി മാറി . അങ്ങനെ നിർദോഷമായ ഇനിഷ്യലിന് പിന്നിൽ ഒളിച്ചിരുന്ന പുള്ളിക്കാരൻ്റെ അമ്മയുടെ  സരോജം എന്ന പേര് പെട്ടെന്ന് കുടുംബ പേരായി രൂപാന്തരം പ്രാപിച്ചു.

 പിന്നീടങ്ങോട്ട് പുതിയ താരോദയം ആയിരുന്നു. എല്ലാ ഔദ്യോഗിക രേഖകളിലും വലിച്ചു നീട്ടി എഴുതി എഴുതി ഞങൾ മൊത്തമായും ചില്ലറയായും സരോജം കുടുംബം ആയി മാറി. ചിലപ്പോ തീരെ സമയം ഇല്ലാതെ ജോലികൾ തീർത്തു പുറത്തേക്ക് ഇറങ്ങാൻ ധൃതിയിൽ നിൽക്കുമ്പോൾ ഫോൺ റിംഗ് ചെയ്യും. പോയി എടുക്കുമ്പോൾ "സരോജം  ഉണ്ടോ ?. ഇന്ന ബാങ്കിൽ നിന്നാണ്" എന്ന കിളി നാദം കേൾക്കാം . നാട്ടിൽ ഇരിക്കുന്ന അമ്മായി അമ്മക്ക് ലോൺ കൊടുക്കാം എന്ന് പറയുന്ന ഫിലിപ്പിനോ സുന്ദരിയാണ്. പിന്നീടാണ് ഓർക്കുന്നത് "ഓ..നമ്മുടെ "മിസ്റ്റർ" സരോജം .. വിളിക്കാം വിളിക്കാം".

അക്ഷരാർത്ഥത്തിൽ അമ്മയുടെ പേരിൻ്റെ യശസ്സ് വളർത്തുന്ന സന്തോഷം ഞാൻ കാണാറുണ്ട് പുള്ളിയുടെ ഓരോ വിജയത്തിലും.പേരിലൂടെ സ്ത്രീ ശാക്തീകരണം എന്നതാണ് ഞങ്ങടെ കുടുംബ മുദ്രാവാക്യം... 

കൃതജ്ഞത - ഭർത്താവ് ഇടക്കിടെ പറയും,  അമ്മയുടെ മുഴുവൻ പേരായ സരോജിനി അമ്മ ചുരുക്കി സരോജം എന്ന് എഴുതിയത് നന്നായി അല്ലെങ്കിൽ മിസ്റ്റർ "അമ്മ" എന്ന് അറിയപ്പെട്ടേനേ എന്ന്!!! 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 







No comments:

Post a Comment

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...