Total Pageviews

Thursday, October 29, 2020

ഓൺലൈൻ പഠനത്തിന്റെ 4 ഗുണവശങ്ങൾ

"കത്തി താഴെ ഇടടാ !!"

ഒരു കുഞ്ഞിനെ കത്തി എടുത്തു ഉപയോഗിക്കാൻ നാം എന്നാണ് അനുവദിക്കുക ? ഒരു കത്തി കൊണ്ട് നമുക്ക് കറിക്ക് നുറുക്കാം അതേ കത്തി കൊണ്ട് ഒരാളെ കുത്തി കൊല്ലുകയും ആവാം. കുത്തി കൊല്ലും എന്ന് പേടിച്ച് നമ്മൾ കുട്ടികൾക്ക് ഒരിക്കലും കത്തി കൊടുക്കാതെ  ഇരിക്കുമോ? അതോ അവരെ അത് ഉപയോഗിക്കാനുള്ള ശെരിയായ വഴി പറഞ്ഞു കൊടുക്കുമോ?

ഓൺലൈൻ പഠനത്തെ "ഇരുതല മൂർച്ചയുള്ള വാൾ" എന്നാണ് വിദഗ്ധർ വിശേഷിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ പഠന രീതികളുടെ ഗുണ ദോഷങ്ങളെ പറ്റി വിശകലനം ചെയ്യാത്ത ഒരു മലയാളികുടുംബവും ഉണ്ടാകാൻ സാധ്യതയില്ല ഈയടുത്ത കാലത്ത്. കൂടുതൽ പേരും വിർച്വൽ പഠനത്തിന്റെ ദോഷ വശങ്ങൾ മാത്രം വിശകലനം ചെയ്ത് മേൽപ്പറഞ്ഞ കത്തി പോലെ വിവരിക്കുന്നത് കേട്ടു .എന്നിരുന്നാലും കുറെ  നാളത്തെ അനുഭവം വച്ച്  പല അധ്യാപകരും മാതാ പിതാക്കളും ഓൺലൈൻ വിദ്യാഭ്യാസത്തെ പ്പറ്റി ഒരേ പോലെ അംഗീകരിച്ച ചില നല്ല വശങ്ങളെ കുറിച്ചാണ് ഇൗ കുറിപ്പ്. 

വീടിന്റെ സുരക്ഷിതത്വം 

എല്ലാ കുട്ടികളും ഒരേ പോലെ ആരോഗ്യം ഉള്ളവർ ആയിരിക്കണം എന്നില്ലല്ലോ. ഒരു വിഭാഗം കുട്ടികൾക്ക് പല വിധ അസുഖങ്ങൾ കാരണം നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു ഇതിന് മുൻപ്. മാതാ പിതാക്കളുടെ രോഗമോ അസൗകര്യമോ കാരണവും സ്കൂളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ട്.എന്നാലിപ്പോൾഅവർക്ക് ഒക്കെ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ ഒരു ദിവസം പോലെ നഷ്ടമാകാതെ പഠനം നടത്താൻ കഴിയുന്നു എന്നത് വളരെ സന്തോഷം നൽകുന്ന ഒരു വിഷയമാണ്. കൂടാതെ, അന്തർ മുഖരായ പല കുട്ടികളും സഭാ കമ്പം ഇല്ലാത്തത് കൊണ്ടാവും പഴയതിലും കൂടുതൽ ക്ലാസ്സിലെ ചർച്ചകളിൽ പങ്കെടുക്കുന്നു എന്നതും വളരെ ശ്രദ്ധേയമാണ്.

ഉത്തരവാദിത്വം , അച്ചടക്കം 

കുട്ടികളിൽ ഉത്തരവാദിത്വം ഉണ്ടാക്കിയെടുക്കാൻ കിട്ടിയ അവസരമായി ഇൗ കാലത്തെ ഉപയോഗിക്കാം. മുതിർന്ന ശേഷം കൃത്യ നിഷ്ഠയോടെ ജോലി ചെയ്യാനുള്ള അച്ചടക്കം നമ്മുടെ കുട്ടികൾ ഇപ്പോഴേ ആർജിക്കട്ടെ.സമയത്ത് ക്ലാസിൽ ഹാജരാക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്ന കുട്ടിക്ക് പിന്നീട് ജോലി സ്ഥലത്തെ താരമാവൻ സാധിക്കും എന്നതിൽ തർക്കമില്ല.ഇങ്ങനെ ഉള്ള ഗുണങ്ങൾ ഇപ്പോഴേ  പ്രകടിപ്പിക്കുന്ന കുട്ടികൾ നാളത്തെ ഉത്തമ പൗരന്മാരായി വളരും.

സമയ ലാഭം 

യാത്രാ ബുദ്ധിമുട്ടുകൾ എല്ലാ കാലത്തും നമ്മെ വിഷമിപ്പിക്കുന്ന വിഷയമാണ്. ഗ്രാമ പ്രദേശങ്ങളിൽ യാത്രാ സൗകര്യം ഇല്ലാത്തത് ആണ് ബുദ്ധിമുട്ട് എങ്കിൽ മഹാ നഗരങ്ങളിൽ സൗകര്യം കൂടിയിട്ട്‌ അത് ഗതാഗത കുരുക്ക് ആയി മാറും. എങ്ങിനെ നോക്കിയാലും കുട്ടികളും മാതാ പിതാക്കളും ദിവസത്തിന്റെ വലിയ ഒരു പങ്ക് റോഡിൽ ആകും ചിലവഴിക്കുന്നത് . ഓൺലൈൻ ക്ലാസുകൾ ഇൗ സമയ നഷ്ടം പൂർണമായി ഒഴിവാക്കുന്നു . കുട്ടികൾ യാത്രാ ക്ഷീണം ഇല്ലാതെ കൂടുതൽ സമയം ഉപയോഗ പ്രദമായ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കുന്നുണ്ട് ഇപ്പൊൾ.

ലോകമേ തറവാട് 

ഇനിയുള്ള കാലത്ത് ലോകത്തെ മികച്ച അധ്യാപകരുടെ സേവനം ലഭിക്കാൻ അവരുടെ സ്ഥലത്തേക്ക് അന്വേഷിച്ചു പോകേണ്ട കാര്യമില്ല. ഏത് വിദഗ്ദ അധ്യാപകരുടെയും ക്ലാസുകൾ നമ്മുടെ വീട്ടിലിരുന്ന് പഠിക്കാൻ നമുക്ക് സാധിക്കും. ലോകം മുഴുവൻ ഒരൊറ്റ ബൃഹദ് സർവ്വകലാശാല ആകുന്ന കാലം ദൂരെയല്ല. 

എല്ലാവർക്കും ശെരിയായ രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നും ഇന്റർനെറ്റിൽ ധാരാളം ചതി കുഴികൾ ഒളിഞ്ഞു കിടക്കുന്നു എന്നും ഒക്കെ അംഗീകരിച്ചു കൊണ്ട് തന്നെ ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഓൺലൈൻ വിദ്യാഭ്യാസം ശെരിയായ രീതിയിൽ ഉപയോഗിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് - അല്ലാതെ ഓൺലൈൻ ആയ ഒന്നും വേണ്ടാ എന്ന നിലപാടല്ല വേണ്ടത്.

ഇന്റർനെറ്റും മൊബൈലും ഒക്കെ മോശം കാര്യങ്ങളാണ് എന്ന പൊതു ധാരണ ഒന്ന് മാറ്റി വച്ച് ഇന്നത്തെ സാഹചര്യം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന് എല്ലാവരും ഒന്നിച്ചു ചിന്തിക്കേണ്ട കാലമായി കഴിഞ്ഞു.

ദോഷങ്ങൾ പറഞ്ഞു പറഞ്ഞു പഴകി കഴിഞ്ഞു.. അതിനിയും പറയണോ? ഓൺലൈൻ പഠനം കാരണം നിങ്ങൾക്ക് അല്ലേൽ  നിങ്ങളുടെ മക്കൾക്ക് എന്തൊക്കെ ഗുണം ഉണ്ടായി എന്നൊന്ന് ആലോചിച്ച് നോക്കി പറയാമോ? 

ശ്രീജ പ്രവീൺ 










No comments:

Post a Comment

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...