Total Pageviews

Thursday, October 15, 2020

ഐലൻഡ് എക്സ്പ്രസ്- ക്ലോസ് അപ്പിൽ


 ഐലൻഡ്  എക്സ്പ്രസ്- ക്ലോസ് അപ്പിൽ 


കുഞ്ഞു നാള് മുതലേ സാരി ഉടുക്കാൻ വലിയ ഇഷ്ടമുള്ള ആളായിരുന്നു ഞാൻ. ബിഎഡ് ന് ചേർന്നപ്പോൾ സാരി ആണ് യൂണിഫോം എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. യൂണിഫോം സാരി കയ്യിൽ കിട്ടിയതോടെ എല്ലാ സന്തോഷവും തീർന്നു കിട്ടി. ഒരു മാതിരി പ്ലാസ്റ്റിക് പോലെ ഉള്ള തുണി കൊണ്ടുള്ള  നരച്ച പിങ്ക് നിറമുള്ള  സാരി . ഞാൻ എങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്തു ഉടുത്ത് വന്നാലും കഥകളിക്ക് വേഷം കെട്ടിയ പോലെ ഇരിക്കും . അതും ഒക്കെ ചുറ്റി പിടിച്ചു കുറച്ച് നേരം നിൽക്കുക തന്നെ പാടാണ്.അങ്ങനെ ഉള്ള ഞാനാണ് കോളജിൽ നിന്ന് ട്രെയിനിൽ കയറി പഠിക്കാൻ പോകുന്നത് .. ഇതൊക്കെ കൊണ്ട് തന്നെ  ജീവിതത്തിൽ സാഹസികത നിറഞ്ഞു നിന്ന ഒരു വർഷമായിരുന്നു അത് . 

നഗരത്തിന്റെ നടുക്ക് ജനിച്ചു വളർന്നത് കൊണ്ട് യാത്രാ ബുദ്ധിമുട്ടുകൾ ഒന്നും ഞാൻ ഒരിക്കലും അറിഞ്ഞിട്ടെ ഇല്ല എന്ന് പറയാം . സ്കൂളുകളും കോളജുകളും ആയി കുറെ കൊല്ലം തിരുവനന്തപുരത്ത് പഠിച്ചെങ്കിലും ഒന്നും   വീട്ടിൽ നിന്ന്  അത്ര ദൂരത്ത് ആയിരുന്നില്ല . അവിടേക്ക് പോകാനും വരാനും ഒക്കെ ആളൊഴിഞ്ഞ ബസ്സ് വരുന്ന വരെ കാത്തു നിൽക്കും .  ഇല്ലെങ്കിൽ അച്ഛനോ അമ്മയോ കൊണ്ട് ചെന്നാക്കും.  അല്ലെങ്കിൽ ഒരു ഓട്ടോ ക്ക് കൈ കാണിക്കും അത്രെ ഉള്ളൂ നമ്മുടെ യാത്രാ വൈഭവം ....മൊത്തത്തിൽ ഒരു റിച്ച് ഫീൽ ! 

ബി എഡ് ആയപ്പോൾ മാർക്ക് അത്ര  "റിച്ച്"  അല്ലാത്തതിനാൽ അഡ്മിഷൻ കിട്ടിയത് സിറ്റിയിൽ നിന്ന് കുറച്ച് ദൂരെ ഉള്ള കോളജിൽ ആണ് . കൂടെ പഠിക്കുന്ന എല്ലാ കുട്ടികളും ആ പരിസരത്ത് ഒക്കെ തന്നെയാണ് താമസം . എന്റെ സ്ഥലത്ത് നിന്ന് വേറെ ആരും തന്നെയില്ല . ബസ്സിൽ പോകാം എന്ന് വച്ചാൽ ഫാസ്റ്റ് ഉം സൂപ്പർ ഫാസ്റ്റ് ഉം ഒന്നും അവിടെ നിർത്തില്ല അത് കൊണ്ട് സാദാ ലോക്കല് ബസ് മാത്രമേ വഴി ഉള്ളൂ.ഏകദേശം ഒന്നര മണിക്കൂർ വേണം സിറ്റിയിൽ എത്താൻ . ഏറ്റവും വിഷമം ഇതൊന്നും അല്ല .. ഇൗ പറയുന്ന ബസ് സ്റ്റാൻഡിൽ എത്താൻ കുറെ ദൂരം നടക്കണം . കോളജിൽ നിന്ന് ഒരു പത്ത് മിനിട്ടിന്റെ നടപ്പ് കഴിയുമ്പോൾ ആദ്യം ഒരു ചെറിയ  റെയ്ൽവേ ഗേറ്റ് വരും . അതും കടന്നു വീണ്ടും ഒരു പത്ത് പതിനഞ്ച് മിനുട്ട് നടന്നാലേ ബസ്സിന്റെ പൊടി പോലും കാണാനാവൂ. നമുക്ക് പണ്ടെ ഇൗ വിയർപ്പിന്റെ അസുഖം  ഉള്ളത് കൊണ്ടാവും ഇൗ സെറ്റ് അപ്പ്  മൊത്തത്തിൽ ഒട്ടും പിടിച്ചില്ല. ബുദ്ധിമുട്ട് ഒക്കെ പറഞാൽ അടുത്ത വർഷം അഡ്മിഷൻ നോക്കാം എന്നാവും വീട്ടുകാർ . അതിന് എനിക്ക് ഒട്ടും താൽപര്യവും ഇല്ല .

അപ്പോ പിന്നെ വേറെ എന്ത് വഴി എന്ന് ആലോചിച്ചപ്പോൾ ആണ് ഇന്ത്യൻ റെയിൽവേ നീണ്ട ചൂള മടിച്ച്   കൊണ്ട്  

ഓടി വന്നത്. കോളേജ് വിടുന്ന നേരത്ത് ഒരു ഷട്ടിൽ ട്രെയിൻ ഉണ്ടെന്ന് ആരോ പറഞ്ഞു തന്നു. അര മണിക്കൂറോ മറ്റോ കാത്തിരിക്കണം .. പിന്നെ നമ്മുടെ സ്വന്തം റെയ്ൽവേ ആയ കാരണം ചിലപ്പോ അത് രണ്ടര മണിക്കൂർ ഒക്കെ അങ്ങ് താമസിക്കും .. അതൊന്നും നമുക്ക് പ്രശ്നം അല്ലായിരുന്നു.. പകുതി ദൂരം നടന്നാൽ മതിയല്ലോ .പോരെങ്കിൽ ബസിന്റെ പോലെ ഇടിയും തള്ളും ഇല്ല ..ലേഡീസ് കോച്ചിൽ സൈഡ് സീറ്റിൽ ഇരുന്നു " പിന്നേയും പിന്നേയും "എന്ന  പാട്ടൊക്കെ പാടി, കാഴ്ചകളും കണ്ട് പോകാം . 

ദിവസം രണ്ടോ മൂന്നോ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന ഒരു ആളൊഴിഞ്ഞ ഭംഗിയുള്ള ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അത്. രണ്ട് വശത്തും വലിയ മരങ്ങൾ വളർന്നു പടർന്നു കിടന്നിരുന്നു. ഒരു ചെറിയ കെട്ടിടത്തിൽ ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ ആകെ മൊത്തം വല്ലാത്ത ഒരു ശാന്തത ആയിരുന്നു. റെയിൽവേ ഗേറ്റ് കടന്നു കുറച്ച് മുന്നോട്ട് നടന്നിട്ട് വലത്തേക്ക് തിരിഞ്ഞ് വേണം ആ കെട്ടിടം വഴി പ്ലാറ്റ്ഫോമിൽ എത്താൻ . സ്വതവേ വളഞ്ഞ വഴി ഇഷ്ടമില്ലാത്ത ഞാൻ അങ്ങനെ കറങ്ങി പോകാൻ ഒന്നും മെനക്കെടാറില്ല.  റെയിൽ പാളത്തിന്റെ സൈഡിൽ കൂടി നേരെ അങ്ങു നടക്കും . പ്ലാറ്റ്ഫോം എത്തുമ്പോൾ അതിന്റെ വശത്ത് ചവിട്ടി അങ്ങു മേളിൽ കയറും . ഇത്ര എളുപ്പമുള്ള വഴിയുള്ളപ്പോൾ എന്തിനാ  ചുറ്റി വളച്ച് വഴി ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന ഭാവത്തിൽ . ഇതിന് ഒരേ  ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗേറ്റിൽ ഒരു കാവൽക്കാരൻ ഉണ്ട്. ഒരു നാൽപ്പത് നാൽപ്പത്തി അഞ്ച് വയസുള്ള അന്നത്തെ കണക്കിലെ ഒരു  മധ്യ വയസ്ക്കൻ. ഞാൻ നടപ്പ് തുടങ്ങുമ്പോൾ തന്നെ  അയാള് ബഹളം തുടങ്ങും . "ഇത് നടക്കാനുള്ള വഴി അല്ല" എന്നും പറഞ്ഞാണ് തുടക്കം .ബാക്കി ഒന്നും ഞാൻ കേൾക്കാറില്ല . പയ്യെ  പയ്യെ  പാളത്തിലെ കല്ലുകളിൽ ചവിട്ടി ചവിട്ടി അന്ന നട നടന്നു പ്ലാറ്റ്ഫോമിൽ കയറി അങ്ങു പോകും . 

ഇങ്ങനെ ഒരു സാദാ ദിവസം ആയിരുന്നു അന്നും. കോളേജ് എന്തോ കാരണം കൊണ്ട് കുറച്ച് നേരത്തെ വിട്ടു. കൂട്ടുകാരിയുംഞാനും കാര്യങ്ങൾ ഒക്കെ പറഞ്ഞു നടന്നു റെയ്ൽവേ ഗേറ്റിനു അടുത്തെത്തി. ഞങൾ കടന്നു പോയ ഉടനെ പിന്നിൽ ഗേറ്റ് അടഞ്ഞു. അൽപ നേരം കൂടി വാചകം അടിച്ച ശേഷം ഞാൻ അന്നത്തെ "റോക്ക്" സ്റ്റാർ നടത്തം  ആരംഭിച്ചു. എന്നും ഉള്ളത് പോലെ നമ്മുടെ ഗേറ്റ് മാമൻ പശ്ചാത്തല സംഗീതം ഓൺ ആക്കി . അതൊരു സ്ഥിരം പരിപാടി ആണല്ലോ എന്ന മട്ടിൽ ഞാൻ മുന്നോട്ട് തന്നെ . ഒന്ന് രണ്ടടി പോയപ്പോൾ തന്നെ  കല്ലുകൾ അന്ന്കുറച്ച് കൂടുതൽ അനങ്ങുന്നത് പോലെ എനിക്ക് തോന്നി . കൂടാതെ പാളത്തിനും ചെറിയ കുലുക്കം ഉള്ളത് പോലെ . പുറകിലെ ഗേറ്റ് കാരന്റെ ശബ്ദം ഉറക്കെ കേട്ടു 

 " ഐലൻഡ് , ഐലൻഡ് ". ശാസ്ത്രം പഠിച്ച ഞാൻ മനസ്സിൽ  പുച്ഛിച്ചു " ഐലൻഡ് എന്ന് വച്ചാൽ ചുറ്റും വെള്ളമാണ് മാമാ.. ഇവിടം ഐലൻഡ് ഒന്നുമല്ല ." അയാള് വിടുന്ന ലക്ഷണമില്ല. ഇപ്പൊൾ ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് . പെട്ടന്ന് പിന്നിൽ നിന്ന് ഒരു ഇരമ്പം പോലെ കേട്ട പോലെ. അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയ ഞാൻ കണ്ട കാഴ്ച ഇന്നും മറന്നിട്ടില്ല  .... വളഞ്ഞു പുളഞ്ഞു പോകുന്ന പാളത്തിലൂടെ അതാ  തിരിഞ്ഞു എന്റെ നേർക്ക് തന്നെ  പാഞ്ഞു വരുന്നു ഒരു  ഘടാ ഘടിയൻ ട്രെയിൻ !!! അത്രയും ക്ലോസ് അപ്പിൽ അതിനു മുൻപും പിൻപും ഞാൻ ട്രെയിൻ കണ്ടിട്ടില്ല.  ഐലൻഡ് എന്ന് വെച്ചാൽ ഐലൻഡ് എക്സ്പ്രസ് ആണെന്ന്  എന്റെ ബ്രെയിൻ ഒറ്റ സെക്കൻഡ് കൊണ്ട്  സേർച്ച് ചെയ്തു പറഞ്ഞു തന്നു.

നടത്തത്തിന്റെ ഇടയിൽ തിരഞ്ഞു നോക്കിയ കൊണ്ടാണോ അതോ ആ ട്രെയിനിന്റെ ഗാംഭീര്യം കണ്ട് ഉണ്ടായ ബഹുമാനം കൊണ്ടാണോ  എന്തോ എന്നറിയില്ല ഞാൻ അവിടെ അപ്പോ തന്നെ അവിടെ നമസ്കരിച്ചു വീണു . വീണു എന്ന് പറഞ്ഞാല് മുട്ടും കുത്തി വീണു എന്ന് പറയുന്നതാണ് ശെരി . ആ നിൽപ്പിൽ ഞാൻ ട്രെയിനിന്റെ സൗന്ദര്യം ഒന്ന് കൂടി കണ്ടാസ്വദിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ചാൽ പോലും ആ സാരി കാരണം വീണ്ടും വീഴാനെ സാധ്യതയുള്ളൂ . ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ട് .. " എഴുന്നേറ്റ് മാറു " എന്ന്.. എന്ന് വച്ചാൽ ഇതൊക്കെ പറഞാൽ കയ്യും കാലും കേൾക്കണ്ടേ ? 

 ആകെ മരവിച്ച നില .

ഞാൻ ട്രാക്കിലേക്ക് വീഴുന്നത് കണ്ടപ്പോഴേ ഗേറ്റ് വാച്ച്മാൻ അയാളുടെ ക്യാബിനിൽ നിന്ന് ചാടി ഇറങ്ങി എന്റെ അടുത്തേക്ക്  ഓടി കാണും .  അയാള് അടുത്തെത്തിയപ്പോൾ ഞാൻ ഇവിടെ മുട്ടും കുത്തി പ്രാർത്ഥന .എങ്ങനെയൊക്കെയോ ആ പാവം  എന്നെ അവിടെ നിന്ന് പിടിച്ചു വലിച്ചു പുറത്തേക്കിട്ടു . മിനുറ്റുകൾക്കകം ഭീമാകാരനായ രാക്ഷസനെ പോലെ ഐലൻഡ് എക്സ്പ്രസ് എന്റെ മുന്നിലൂടെ പാഞ്ഞു പോയി. സത്യത്തിൽ അപ്പോഴാണ് എനിക്ക് ബോധം വന്നത് എന്ന് വേണേൽ പറയാം . 

അപ്പോഴേക്കും നടന്നു പോയ കൂട്ടുകാരിൽ ചിലർ എന്റെ അടുത്തേക്ക് ഓടി എത്തി. ഞാൻ ആണെങ്കിൽ മുട്ടിന്റെ ഭാഗത്ത്  സാരി ഒക്കെ കീറി  കയ്യും കാലും ഒക്കെ മുറിഞ്ഞു ആകെ കോലം കെട്ട് നിൽപ്പാണ്. സാരി മുട്ടു മുതൽ കീറി തൂങ്ങി ചാക്ക് പോലെ ആയിട്ടുണ്ട്.ഇപ്പൊ ആ സ്റ്റേഷനിലേക്ക് കയറി ഒന്ന്കൈ നീട്ടിയാൽ എന്തായാലും കുറച്ച് ചില്ലറ കിട്ടും.. അതാണ് അവസ്ഥ .

കൂട്ടുകാരെ കണ്ടതോടെ ഗേറ്റ് മാമൻ സ്വന്തം കാര്യം നോക്കി തിരിഞ്ഞു നടപ്പായി . പോകുന്ന പോക്കിൽ പുള്ളി പറഞ്ഞ കാര്യം ഇത്തവണ ഞാൻ നല്ല വ്യക്തമായി കേട്ടു "ഓരോന്ന് ഇറങ്ങി വരും കെട്ടും പൊട്ടിച്ചു കൊണ്ട് . പറഞ്ഞാലും കേക്കൂല്ല.. എന്നിട്ട് പാളത്തിൽ നിന്ന്  പ്രാർത്ഥന .. ഇപ്പൊ എല്ലാം കൂടെ വടിച്ചു എടുക്കാമായിരുന്നു ...ഹും " . എന്നിട്ട് തിരിച്ചു പോയി സ്വന്തം സ്ഥലത്ത് പോയി വീണ്ടും  നിർവികാരതയോടെ ഇരിപ്പായി . ഞാൻ തലയും താഴ്ത്തി നടന്നു.

ഇൗ സംഭവത്തിന് ശേഷം ഞാൻ വെറും കട്ട "ലോക്കല് " ആയി ബസ് സ്റ്റാൻഡിലേക്ക് നല്ല നടപ്പ് തുടങ്ങി . റെയിൽ ക്രോസ്സിന് അടുത്തെത്തുമ്പോൾ അറിയാതെ എന്റെ നടപ്പിന്റെ  വേഗത കൂടും . 

പൊതു ജന ശ്രദ്ധക്ക് - ദയവായി ഇൗ കഥയിൽ പറഞ്ഞിരിക്കുന്ന സ്റ്റണ്ട് നിങ്ങളിൽ ആരും അനുകരിക്കാൻ ശ്രമിക്കരുത് എന്ന് അപേക്ഷ . എന്തെന്നാൽ  നിങ്ങളൊക്കെ എന്നെ പോലെ എക്സ്പ്പർടുകൾ അല്ലല്ലോ !!!!

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

No comments:

Post a Comment

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...